വലിയ ജനക്കൂട്ടത്തെ കാണുമ്പോൾ നെഞ്ചിടിപ്പ് കൂടാറുണ്ടോ? അകാരണമായ ഭയം തോന്നാറുണ്ടോ? ഇത്തരത്തിൽ വലിയ ആൾക്കൂട്ടത്തോടെയോ തിരക്കുള്ള സ്ഥലങ്ങളെയോ ഭയപ്പെടുന്നതിനെയാണ് എനോക്ലോഫോബിയ എന്നു പറയുന്നത്. ഒരു വലിയ ജനക്കൂട്ടത്തെ കാണുന്നതോ എന്തിന് അതിനെക്കുറിച്ച് ചിന്തിക്കുന്നതോ പോലും ഇത്തരക്കാർക്ക് ഉത്കണ്ഠയും തലകറക്കവും ഉണ്ടാക്കും. ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ ഒരു പ്രത്യേക വസ്തുവിനോടോ സാഹചര്യത്തോടോ ഉള്ള ഭയം പോലെയാണ് എനോക്ലോഫോബിയയും. 

To advertise here,

ധാരാളം ആളുകൾക്ക് വലിയ ജനക്കൂട്ടങ്ങളിൽ അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. എന്നാൽ അത് സ്വഭാവികമായ ഒന്നാണ്. അത്തരക്കാർക്കെല്ലാം എനോക്ലോഫോബിയ ആണെന്ന്  പറയാനുമാകില്ല. എനോക്ലോഫോബിയ ഉള്ള ആളുകൾ തിരക്കേറിയ സാഹചര്യങ്ങൾ കാരണം ട്രെയിനിലോ ബസിലോ വിമാനത്തിലോ യാത്ര ചെയ്യുന്നത് ഒഴിവാക്കിയേക്കാം. സംഗീതകച്ചേരികൾ,പാർക്കുകൾ തുടങ്ങി ആളുകൾ തിങ്ങിനിറഞ്ഞ പരിപാടികളും അല്ലെങ്കിൽ ഒരു റെസ്റ്റോറന്റിലേക്കോ സിനിമാ തിയേറ്ററിലേക്കോ മാളിലേക്കോ പോകുന്നത് പോലും അത്തരക്കാർ ഒഴിവാക്കാൻ സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യത്തിലാണ് അതൊരു പ്രശ്നമായി മാറുന്നത്. മറ്റ് ഭയങ്ങൾക്ക് സമാനമായ ശാരീരിക ലക്ഷണങ്ങൾ ഇതിനും കാണപ്പെടുന്നു.

ലക്ഷണങ്ങൾ

  • ആൾക്കൂട്ടത്തെക്കാണുമ്പോൾ അമിതമായ വിയർപ്പ്
  • വിറയ്ക്കുക
  • ഓക്കാനം
  • നെഞ്ചുവേദന
  • ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്
  • ഹൃദയമിടിപ്പ് കൂടുക/ശക്തമാകുക
  • ശരീരത്തിൽ ചൂട് അനുഭവപ്പെടുകയോ തണുക്കുകയോ ചെയ്യുക
  • തലകറക്കം
  • എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ
  • ബോധക്ഷയം

എനോക്ലോഫോബിയയുടെ കൃത്യമായ കാരണം അറിയില്ല, പക്ഷേ പൊതുവെ ഫോബിയകൾ തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ രാസപരമായ വ്യതിയാനങ്ങൾ കൊണ്ടുണ്ടാകാം. നിങ്ങളുടെ സ്വന്തം ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങളിൽ നിന്നോ മറ്റുള്ളവരുടെ മോശം അനുഭവങ്ങളെക്കുറിച്ച് കേൾക്കുന്നതിൽ നിന്നോ ഇത്തരം ഫോബിയകൾ ഉണ്ടാകാം. സൈക്കോതെറാപ്പി, റിലാക്സേഷൻ മൈൻഡ്‌ഫുൾനസ്, മരുന്നുകൾ എന്നിവയുൾപ്പെടെ എനോക്ലോഫോബിയയ്ക്ക് പലതരം ചികിത്സകൾ ലഭ്യമാണ്.

എനോക്ലോഫോബിയയുമായി ബന്ധപ്പെട്ട ഉത്കണ്ഠയും പരിഭ്രാന്തിയും ഒരു വ്യക്തിക്ക് തുടർച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരു രജിസ്റ്റർ ചെയ്ത ആരോഗ്യ സംരക്ഷണ വിദഗ്ദ്ധന്റെ ഉപദേശം തേടേണ്ടത് വളരെ പ്രധാനമാണ്. കൂടാതെ, മനസ്സിനെ ബാധിക്കുന്ന മറ്റ് ഭയങ്ങളുടെ ലക്ഷണങ്ങൾ കണ്ടാലും ഉടൻ തന്നെ ഒരു തെറാപ്പിസ്റ്റിനെ സമീപിക്കേണ്ടതാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi