നിരവധി ആരാധകരുള്ള റൊമാന്റിക് നായകനാണ് ഇമ്രാൻ ഹാഷ്മി. ഇമ്രാൻ ഹാഷ്മിയും യാമി ഗൗതമും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ‘ഹഖ്’. മുസ്ലീം സ്ത്രീകളുടെ വിവാഹമോചന അവകാശങ്ങളുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾക്ക് വഴിയൊരുക്കിയ ചരിത്രപ്രധാനമായ ഷാ ബാനോ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ലീഗൽ ഡ്രാമ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങിയതിന് ശേഷം പ്രശംസകൾക്കൊപ്പം, ഇത് മുസ്ലീങ്ങളെ അപകീർത്തിപ്പെടുത്തുവെന്നാരോപിച്ച് പല വിമർശനങ്ങളും ഉയർന്നുവന്നു. എന്നാൽ ഇതിനെതിരെ പ്രതികരിക്കുകയാണ് ഇമ്രാൻ ഹാഷ്മി. ‘ഹഖ്’ സെൻസിറ്റീവ് വിഷയമാണെന്നും അത് ഒരു സമുദായത്തെയും വിരൽ ചൂണ്ടുന്നില്ലെന്നും എഎൻഐയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

“ഞാൻ ഈ സിനിമയുടെ തിരക്കഥ വായിച്ചു, ഒരു നടൻ്റെ കാഴ്ചപ്പാടിലാണ് ഞാൻ അതിനെ കണ്ടത്. എന്നാൽ എൻ്റെ കരിയറിൽ ആദ്യമായി, ഒരു സമുദായവുമായി, പ്രത്യേകിച്ച് എൻ്റെ സമുദായവുമായി ബന്ധപ്പെട്ട ഒരു സെൻസിറ്റീവ് വിഷയമുണ്ടെന്ന് എനിക്ക് മനസ്സിലാക്കേണ്ടി വന്നു. വളരെ സന്തുലിതമായ ഒരു കാഴ്ചപ്പാടാണ് സിനിമയിലുള്ളത്. അതിനാൽ ഞങ്ങൾ ഒരു സമുദായത്തിന് നേരെ വിരൽ ചൂണ്ടുകയോ വിധി പറയുകയോ ചെയ്യുന്നില്ല.”

സിനിമ ഒരു സമുദായത്തെയും അപകീർത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടുകൂടിയുള്ളതല്ലെന്നും  ഇമ്രാൻ കൂട്ടിച്ചേർത്തു.

"ആളുകൾ എന്ത് പറയുമെന്ന് എനിക്കറിയില്ല, പക്ഷേ ഒരു ലിബറൽ മുസ്ലീം എന്ന നിലയിൽ, സിനിമയുടെ കാഴ്ചപ്പാടിൽ എനിക്ക് ഒരു പ്രശ്‌നവും തോന്നിയിട്ടില്ലെന്ന് പറയാൻ കഴിയും. കാരണം ഞങ്ങൾ ഏതെങ്കിലും സമുദായത്തെ അപകീർത്തിപ്പെടുത്തുന്നില്ല, അങ്ങനെയായിരുന്നെങ്കിൽ ഞാൻ ഈ സിനിമ ചെയ്യില്ലായിരുന്നു. ഞാൻ ഏത് തരത്തിലുള്ള മുസ്ലീം ആണെന്നതിനെക്കുറിച്ച് ഒരു കാഴ്ചപ്പാട് നൽകാനായി പറയട്ടെ, ഞാൻ വിവാഹം കഴിച്ചത് ഹിന്ദുവായ പർവീണിനെയാണ്. എൻ്റെ കുടുംബത്തിൽ എൻ്റെ മകൻ പൂജയും ചെയ്യാറുണ്ട്, നിസ്കരിക്കാറുമുണ്ട്. അതിനാൽ എൻ്റെ കാഴ്ചപ്പാടിൽ നിന്നാണ് ഞാൻ ഈ സിനിമ കാണുന്നത്. ഓരോരുത്തരും അവരുടെ സാഹചര്യങ്ങൾ, മതപരമായ തത്വങ്ങൾ, വളർന്നുവന്ന രീതി, ചുറ്റുപാടുകൾ, കാഴ്ചപ്പാടുകൾ എന്നിവ അനുസരിച്ചാണ് ഒരു സിനിമ കാണുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു. 

എന്താണ് ഷാ ബാനോ കേസ്?

മുഹമ്മദ് അഹമ്മദ് ഖാൻ വേഴ്സസ് ഷാ ബാനോ ബീഗം, അഥവാ ഷാ ബാനോ ജീവനാംശ കേസ്, ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തിലെ ഒരു നിയമപരമായ നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. 1978-ൽ, 62 വയസ്സുള്ള ഷാ ബാനോ, വിവാഹമോചനം നേടിയ തൻ്റെ ഭർത്താവും സമ്പന്നനും അഭിഭാഷകനുമായ മുഹമ്മദ് അഹമ്മദ് ഖാനിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് ഇൻഡോർ കോടതിയിൽ ഹർജി നൽകി.

1932-ൽ വിവാഹിതരായ ഇവർക്ക് അഞ്ച് മക്കളുണ്ടായിരുന്നു. 1985-ൽ, സെക്ഷൻ 125 പ്രകാരം ഷാ ബാനോക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. എന്നാൽ, ഒരു വർഷത്തിന് ശേഷം രാജീവ് ഗാന്ധി സർക്കാർ കോടതി വിധി റദ്ദാക്കാൻ നിയമം കൊണ്ടുവന്നു. 

സുപർൺ എസ് വർമ്മ സംവിധാനം ചെയ്യുന്ന 'ഹഖ്’ൽ വർത്തിക സിങ്, ഡാനിഷ് ഹുസൈൻ, ഷീബ ചദ്ദ, അസീം ഹട്ടങ്ങാടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. വിനീത് ജെയിൻ, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത, ഹർമൻ ബവേജ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

ജീവനാംശത്തിനുള്ള തൻ്റെ അവകാശത്തിനായി ഷാ ബാനോ നീണ്ട നിയമയുദ്ധം നടത്തി. സെഷൻസ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവിടങ്ങളിലൂടെയുള്ള അവരുടെ പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.

സിനിമയുടെ റിലീസിനെത്തുടർന്ന് ഷാ ബാനുവിന്റെ മകൾ സിദ്ദിഖ ബീഗം സിനിമയുടെ അണിയറപ്രവര്‍ത്തകർക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. നോട്ടീസ് പ്രകാരം, ഷാ ബാനുവിൻ്റെ നിയമപരമായ അവകാശികളുടെ സമ്മതമില്ലാതെയാണ് സിനിമയിൽ അവരുടെ വ്യക്തിപരമായ കഥ ഉപയോഗിച്ചിരിക്കുന്നതെന്നും സിനിമയിൽ ഷാ ബാനുവിൻ്റെ ജീവിതം എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് കുടുംബത്തിന് അറിയില്ലെന്നുമായിരുന്നു പരമാർശം. ചിത്രം നവംബർ 7-ന് റിലീസിനൊരുങ്ങുകയാണ്. എന്നാൽ 

റിലീസിന് മുമ്പ് നിർമ്മാതാക്കൾ ഷാ ബാനോവിൻ്റെ പെൺമക്കളിൽ നിന്ന് രേഖാമൂലം സമ്മതം വാങ്ങണം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi