ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ്റെ പിരീഡ് ഡ്രാമയായ ‘കാന്ത’ നാളെ തിയറ്റേറുകളിലെത്തും. ചിത്രത്തിന്റെ പ്രെമോഷൻ പരിപാടികളുടെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ സിനിമാ കുടുംബത്തിൽ നിന്നുള്ള വരവിനെക്കുറിച്ച് താരം സംസാരിക്കുകയുണ്ടായി. ഒപ്പം നടൻ അജിത്കുമാറാണ് സിനിമയിലെ തന്റെ പ്രചോദനമെന്നും.

ഒരു സിനിമാ കുടുംബത്തിൽ നിന്ന് വരുന്നത് ഗുണകരമാണോ ദോഷകരമാണോ എന്ന ചോദ്യത്തിന് ദുൽഖറിന്റെ മറുപടി ഇങ്ങനെയായിരുന്നു: “അതൊരു നേട്ടം തന്നെയാണ്. അതൊരിക്കലും ഒരു കോട്ടമാണെന്ന് പറയുന്നത് ശരിയല്ല."

പ്രശസ്തനാകുന്നതിന്റെ മറുവശത്തെക്കുറിച്ചും താരം ചര്‍ച്ചചെയ്തു. “ചിലപ്പോൾ, നമ്മൾ അല്പം ടാർഗറ്റ് ചെയ്യപ്പെട്ടതായി തോന്നിയേക്കാം. പക്ഷെ പ്രശസ്തിയുടെയോ വിജയത്തിൻ്റെയോ തലത്തിലെത്തുന്ന ഏതൊരാളും ടാർഗറ്റ് ചെയ്യപ്പെടുമെന്നാണ്‌ ഞാൻ കരുതുന്നത്. അതിനാൽ, അതൊരു പോരാട്ടമോ പോരായ്മയോ ആണെന്ന് പറയേണ്ടതില്ല.”

നടൻ അജിത് കുമാറിൻ്റെ പ്രവർത്തനങ്ങൾ തനിക്ക് പ്രചോദനമാണെന്ന് ദുൽഖർ കൂട്ടിച്ചേർത്തു.
“അജിത് സർ ട്രാക്കുകളിൽ റേസ് ചെയ്യുന്നതിൻ്റെ ഒരുപാട് ക്ലിപ്പുകൾ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം എനിക്കൊരു പ്രചോദനമാണ്. അദ്ദേഹത്തിന് എപ്പോഴും റേസിങ്ങിനോട് ഒരു ചായ്‌വുണ്ടായിരുന്നു. അദ്ദേഹം F3, F4 എന്നിവയിലുണ്ടായിരുന്ന ദിവസങ്ങൾ ഞാൻ ഓർക്കുന്നു. ലോകം മുഴുവൻ യാത്ര ചെയ്യാൻ അദ്ദേഹം തൻ്റെ ബൈക്ക് എടുത്തിട്ടുണ്ട്. അദ്ദേഹം സ്വന്തം ഇഷ്ടങ്ങൾ പിന്തുടരുന്നു. അത് എനിക്ക് ഇഷടമാണ്.” 

ദുൽഖർ സൽമാനും സമുദ്രക്കനിയുമാണ് ‘കാന്ത’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1950-കളിലെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘കാന്ത’യുടെ കഥ, തമിഴ് സിനിമയിലെ ആദ്യകാല നടൻ എംകെ ത്യാഗരാജ ഭാഗവതരുടെ ജീവിതകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ് റിപ്പോർട്ടുകൾ.

2022-ലെ 'ഹേ സിനാമിക'യ്ക്ക് ശേഷം ദുൽഖർ സൽമാൻ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘കാന്ത’. സെൽവമണി സെൽവരാജ് സംവിധാനം ചിത്രത്തിൽ, ദുൽഖറിന്റെ നായികയായി എത്തുന്നത് ഭാഗ്യശ്രീ ബോർസെയാണ്.

രവീന്ദ്ര വിജയ്, നിഴൽകൾ രവി, ഭഗവതി പെരുമാൾ, ബിജേഷ് നാഗേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. റാണ ദഗ്ഗുപതിയുടെ സ്പിരിറ്റ് മീഡിയ, ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi