ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ പീരിയഡ് ഡ്രാമയായ 'കാന്ത'യുടെ റിലീസിനായി തയ്യാറെടുക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ വിജയങ്ങള്‍ക്കിടയിലും അഭിനയശേഷിയെ സംശയിക്കുന്ന ചില പ്രേക്ഷകരില്‍ നിന്ന് ഇപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ടെന്ന് അടുത്തിടെ ഒരു സംഭാഷണത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.

''എന്റെ കഥാപാത്രത്തിന്റെ പേര് 'നടിതു ചക്രവര്‍ത്തി' എന്നാണ്. ഞാനൊരു മികച്ച നടനാണെന്ന് വിശ്വസിക്കുന്നില്ല. എനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് പറയുന്ന ഒരു വിഭാഗം പ്രേക്ഷകര്‍ എപ്പോഴുമുണ്ട്. ചില സമയങ്ങളില്‍ ആ കമന്റുകള്‍ വായിക്കുമ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്, ഞാന്‍ അത്രക്ക് മികച്ചതല്ലേ? ആ ഭയം എപ്പോഴും കൂടെയുണ്ട്.'' എന്നാല്‍, ഈ ഭയം തന്നെയാണ് ആഗ്രഹങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതെന്നും അദ്ദേഹം പങ്കുവെച്ചു.

''അത് എന്നെ കൂടുതല്‍ കഠിനാധ്വാനം ചെയ്യാനും, കൂടുതല്‍ വെല്ലുവിളി നിറഞ്ഞ വേഷങ്ങള്‍ ഏറ്റെടുക്കാനും പ്രേരിപ്പിക്കുന്നു. അസാമാന്യ നടന്‍ എന്നറിയപ്പെടുന്ന ഒരു വലിയ നടന്റെ വേഷം ഞാന്‍ ചെയ്യുമ്പോൾ, ആ വേഷം എനിക്ക് അര്‍ഹതപ്പെട്ടതാണെന്നും, മറ്റാര്‍ക്കും അതിലും നന്നായി ചെയ്യാന്‍ കഴിയില്ലെന്നും ആളുകള്‍ വിശ്വസിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'' അദ്ദേഹം പറഞ്ഞു.

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാന്‍, 'സെക്കന്‍ഡ് ഷോ' (2012) എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് വളരെപ്പെട്ടെന്നുതന്നെ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന നടന്മാരില്‍ ഒരാളായി അദ്ദേഹം മാറി. തന്റെ ആകര്‍ഷകത്വത്തിനും സൂക്ഷ്മമായ അഭിനയത്തിനും പേരുകേട്ട അദ്ദേഹം, 'ചാര്‍ലി', 'മഹാനടി', 'കുറുപ്പ്', 'സീതാ രാമം' തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു. ശ്രദ്ധയോടെയുള്ള തിരഞ്ഞെടുപ്പുകളിലൂടെയും സ്‌ക്രീന്‍ സാന്നിധ്യത്തിലൂടെയും പാന്‍-ഇന്ത്യന്‍ തലത്തില്‍ അദ്ദേഹം അംഗീകാരം നേടി.

അതേസമയം, ഇതിഹാസ നടനും സംഗീതജ്ഞനുമായ ത്യാഗരാജ ഭാഗവതരുടെ ചെറുമകന്‍ ബി. ത്യാഗരാജന്‍, ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ 'കാന്ത' നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. ചിത്രം ഭാഗവതരെ സദാചാര ബോധമില്ലാത്ത ഒരു വ്യക്തിയായി തെറ്റായി ചിത്രീകരിക്കുന്നുവെന്നും, ഇത് അദ്ദേഹത്തിന്റെ പാരമ്പര്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും അനാദരിക്കുന്നതുമാണെന്നും ത്യാഗരാജന്‍ ആരോപിച്ചു.

സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'കാന്ത'യില്‍ ദുല്‍ഖറിനൊപ്പം സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബാട്ടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സ്പിരിറ്റ് മീഡിയ, വേഫേറര്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ റാണ ദഗ്ഗുബാട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പ്രശാന്ത് പോട്ലൂരി, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi