ഇന്‍സ്റ്റഗ്രാമിന്റെ ഗോള്‍ഡന്‍ റിങ്‌സ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്ററും നടിയുമാണ് ഡോളി സിങ്. താങ്ക് യൂ ഫോർ കമിങ്’ 'ഡബിൾ എക്സ്എൽ' തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തും ‍ഡോളി രംഗപ്രവേശം ചെയ്തു. എന്നാൽ കരിയറിന്റെ തുടക്കത്തിൽ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നുപറയുകയാണ് താരമിപ്പോൾ.

ഡൽഹിയിൽ വെച്ച് ഒരു കാസ്റ്റിങ് ഡയറക്ടർ തന്നെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൊണ്ടുപോയി അതിരുവിട്ട് പെരുമാറിയ സംഭവം ഡോളി സിങ് വെളിപ്പെടുത്തി. ഈ സംഭവം തന്നെ ഭയപ്പെടുത്തിയെങ്കിലും, തൻ്റെ കരിയർ തുടരാൻ, അത് കൂടുതൽ കരുത്തുള്ളവളാക്കിയെന്നും അവർ പറഞ്ഞു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലായിരുന്നു ഡോളിയുടെ വെളിപ്പെടുത്തൽ.

"അഭിനയരംഗത്തേക്ക് കടക്കാൻ ശ്രമിക്കുന്ന സമയത്ത്, ഒരിക്കൽ, ഡൽഹിയിൽ വെച്ച് ഒരു കാസ്റ്റിങ് ഡയറക്ടറെ കാണാൻ പോയി. അദ്ദേഹം ആദ്യം എന്നോട് ഫോണിൽ ഒരുപാട് സംസാരിച്ചു, ഒരു സ്ത്രീ എന്ന നിലയിൽ, ഒരു പുരുഷൻ നിങ്ങൾക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്യുമ്പോൾ അത് ആശയക്കുഴപ്പമുണ്ടാക്കും. നിങ്ങളുടെ കഴിവിനെ മാനിച്ചാണോ അതോ അയാൾക്ക് മറ്റെന്തിനെങ്കിലും വേണ്ടിയാണോ അയാൾ അത് വാഗ്ദാനം ചെയ്യുന്നതെന്ന് നിങ്ങൾക്ക് അറിയില്ല. ‘നാളെ ഹോട്ടലിലേക്ക് വരൂ, ഞാൻ നിങ്ങളെ ഒരു നിർമ്മാതാവിന് പരിചയപ്പെടുത്താമെന്നു’ പറഞ്ഞു.

അയാൾ എന്നെ ഒരു വലിയ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. ഞങ്ങൾ റെസ്റ്റോറന്റിൽ ഇരുന്നു , അദ്ദേഹം വന്നു. സംസാരിച്ചു. അവര്‍ മദ്യപിച്ചു. തിരികെ പോകാൻ നേരം നിർമ്മാതാവിനെയും കാത്ത് കാറിലിരിക്കുമ്പോൾ, അപ്രതീക്ഷിതമായി അയാൾ എൻ്റെ ചുണ്ടുകളിൽ ചുംബിക്കുകയും എൻ്റെ ഷർട്ടിനടിയിലൂടെ കയ്യിടാൻ ശ്രമിക്കുകയും ചെയ്തു. ഞാൻ ആകെ മരവിച്ചുപോയി,

എന്തുചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. ഞാൻ അയാളെ തള്ളിമാറ്റി, പക്ഷേ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. സംസാരിക്കാനോ രക്ഷപ്പെടാനോ കഴിഞ്ഞില്ല; ഞാൻ അവിടെത്തന്നെയിരുന്ന്, മെട്രോ സ്റ്റേഷനിൽ ഇറക്കിവിടാൻ മാത്രം ആവശ്യപ്പെട്ടു, മറ്റൊന്നും സംഭവിക്കരുതേ എന്ന് പ്രാർഥിച്ചു. ഭാഗ്യവശാൽ, കൂടുതൽ ഒന്നും സംഭവിച്ചില്ല.”

സംഭവം നടക്കുമ്പോള്‍ തനിക്ക് പത്തൊമ്പതോ ഇരുപതോ വയസ്സുമാത്രമോ പ്രായമുണ്ടായിരുന്നുള്ളൂവെന്നും അയാൾക്ക് 40 വയസ്സ് പ്രായമുണ്ടായിരുന്നതായും ഡോളി വ്യക്തമാക്കി. ഇതുപോലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജോലി ചെയ്യുമ്പോൾ സ്ത്രീകളുടെ സുരക്ഷിതത്വം എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്നും അവർ വ്യക്തമാക്കി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi