വളരെ ചുരുങ്ങി കാലമേ നടി ദിവ്യ ഭാരതി സിനിമയിൽ അഭിനയിച്ചുള്ളൂ. പതിനാറാം വയസ്സിൽ സിനിമയിലെത്തിയ അവർ, ജൂനിയർ ശ്രീദേവി എന്നാണ് അറിയപ്പെട്ടിരുന്നത്. നടി ശ്രീദേവിയുടേതുപോലുള്ള നക്ഷത്രക്കണ്ണുകളാണ് 'ജൂനിയർ ശ്രീദേവി' എന്ന പേര് വരാൻ കാരണം.

ഷാരൂഖ് ഖാന്റെ അരങ്ങേറ്റചിത്രമായ 'ദീവാന'യിൽ ദിവ്യ ഭാരതിയായിരുന്നു നായിക. 19-ാം വയസ്സിൽ ആത്മഹത്യയിലൂടെയാണ് ദിവ്യ തന്റെ ജീവിതം അവസാനിപ്പിച്ചത്. അവരുടെ മരണശേഷമാണ് ദിവ്യ അഭിനയിച്ച മൂന്നുചിത്രങ്ങൾ റിലീസായത്. താൻ നായികയാവുന്ന 10 ചിത്രങ്ങളുടെ ഷൂട്ടിങ് പകുതിയായപ്പോഴാണ്, അവർ ആത്മഹത്യ ചെയ്യുന്നത്. അതിനുശേഷം വേറെ നായികമാരെ വെച്ച് സിനിമ വീണ്ടും ഷൂട്ട് ചെയ്യുകയായിരുന്നു. ലാഡ്‌ല, മൊഹ്‌റ, ദിൽവാലെ, വിജയ്പഥ്, ആന്ദോളൻ, ഹൽചൽ തുടങ്ങിയവയാണ് ആ സിനിമകൾ.

ദിവ്യയുടെ മരണത്തെ ചുറ്റിപ്പറ്റി കുറേ ദുരൂഹതകൾ ആ സമയത്തുണ്ടായിരുന്നു. ദിവ്യ ആത്മഹത്യ ചെയ്തതല്ലെന്നും അവരെ കൊന്നതാണെന്നുമൊക്കെ പറയപ്പെട്ടു. നിർമാതാവ് സാജിദ് നദിയാദ് വാലയുമായുള്ള വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞേയുള്ളൂവെന്നത് ദുരൂഹതകൾ വർധിപ്പിച്ചു. എന്നാൽ, ആത്മഹത്യ തന്നെയെന്ന് പറഞ്ഞ് പോലീസ് കേസവസാനിപ്പിച്ചു.

ദിവ്യ ഭാരതിയുമായുള്ള അടുപ്പത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടൻ രാജേഷ് ശ്രേഷ്ഠ. ''ദിവ്യയോടൊപ്പം ഞാൻ ധാരാളം സമയം ചെലവഴിച്ചിരുന്നു. ഞങ്ങൾ ഒരുമിച്ച് പലതവണ ഡിസ്‌കോകളിലും ബാറുകളിലും പോയിട്ടുണ്ട്. ഞങ്ങൾ മണിക്കൂറുകളോളം സംസാരിച്ചു. ശ്രീദേവിയുടെ പകരക്കാരി, യുവ ശ്രീദേവി എന്നൊക്കെയാണ് ആളുകൾ അവരെ വിളിച്ചത്. ദിവ്യയ്ക്ക് വളരെ പ്രതീക്ഷ നൽകുന്ന ഒരു കരിയർ ഉണ്ടായിരുന്നു. അവർക്ക് സംഭവിച്ചത് വളരെ നിർഭാഗ്യകരമാണ്. ഇപ്പോൾ ഞാൻ പറയാൻ ആഗ്രഹിക്കാത്ത നിരവധി കാര്യങ്ങളുണ്ട്, പ്രത്യേകിച്ച് അവർ ഇപ്പോൾ നമ്മോടൊപ്പമില്ലാത്തതിനാൽ''. സിദ്ധാർഥ് കണ്ണന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു രാജേഷ് ശ്രേഷ്ഠ.

''അവൾ എന്നോട് പല കാര്യങ്ങളും പറഞ്ഞു. പല ആളുകളെക്കുറിച്ചും പറഞ്ഞു. അവൾ ജീവിതത്തിൽ വളരെയേറെ ഏകാന്തത അനുഭവിക്കുന്നുണ്ടായിരുന്നു, ദുഃഖിതയുമായിരുന്നു. പക്ഷേ ഇന്നിപ്പോൾ ഞാൻ പേരെടുത്ത് പറഞ്ഞ് വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ അർത്ഥമില്ല. അവൾ തന്റെ കരിയറിൽ വളരെ സന്തുഷ്ടയായിരുന്നു, പക്ഷേ അവളുടെ വ്യക്തിപരമായ ബന്ധങ്ങളിൽ അങ്ങനെയായിരുന്നില്ല. വ്യക്തിബന്ധത്തിൽ താൻ യൂസ് ചെയ്യപ്പെട്ടതായിട്ടാണ് ദിവ്യയ്ക്ക് തോന്നിയത്. അവൾ സമ്പാദിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നതിനാൽ, ആളുകൾ തന്റെ പണം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് അവൾക്ക് തോന്നി. അത് അവളെ അസന്തുഷ്ടയാക്കി. അവളുടെ ജീവിതത്തിലെ പുരുഷനെക്കുറിച്ച് അവൾ വളരെ പോസിറ്റീവായിരുന്നു. അവൾ സംതൃപ്തയും പ്രതീക്ഷയും ഉള്ളവളായിരുന്നു, അവനോടൊപ്പം ഒരു നല്ല ഭാവി പ്രതീക്ഷിക്കുകയും ചെയ്തിരുന്നു''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi