കലാമണ്ഡലം സത്യഭാമ RLV രാമകൃഷ്ണനെക്കുറിച്ച് നടത്തിയ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ? സൗന്ദര്യസങ്കല്പത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്?

-കലാമണ്ഡലം സത്യഭാമയുടെത് തികച്ചും വിവേചനം ധ്വനിപ്പിക്കുന്ന പ്രതികരണമാണ്. മോഹിനി എന്ന സങ്കല്പത്തില്‍ മാത്രം നിലനിര്‍ത്തിക്കൊണ്ടാണ് അവരുടെ പ്രതികരണം. പുതിയകാലത്ത്  'കല' എന്നതുതന്നെ എല്ലാവരെയും ഉള്‍ക്കൊള്ളുകയും കൂട്ടിയോജിപ്പിക്കേണ്ടതാണ്.  നമ്മുടെ പാരമ്പര്യവും സംസ്‌കാരവുമെല്ലാം ആസ്വാദകരെ കൂട്ടിയോജിപ്പിക്കാനാണ് ഉപയോഗിക്കേണ്ടത്. ഉത്തരാധുനിക കാലത്ത് പറയുന്നതെല്ലാം നീരീക്ഷണവിധേയമായിക്കൊണ്ടിരിക്കുന്ന കാലത്താണ് ഇത്തരം പ്രതികരണം അവരില്‍നിന്നും ഉണ്ടാവുന്നത്. അജ്ഞതമൂലമാണോ അതോ മനപൂര്‍വമാണോ ഇത്തരം പ്രതികരണം വരുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എനിക്ക് തോന്നുന്നത് ഏറ്റവും മോശപ്പെട്ട രീതിയിലിലാണ് അവര്‍ സംസാരിച്ചത്. അതൊരു വിമര്‍ശനമായി കാണാനാവില്ല. ഒരാളെ താഴ്ത്തിക്കെട്ടാന്‍ മാത്രം ഉപയോഗിക്കുന്ന പദമായേ ഞാന്‍ അതിനെ കണക്കാക്കുന്നുള്ളൂ. പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കാന്‍ പാടില്ലെന്നും അതേപോലെ തന്നെ പോസ്റ്ററിനെക്കുറിച്ചുമെല്ലാമുള്ള മോശമായ പ്രതികരണമാണ് സത്യഭാമയില്‍നിന്നും ഉണ്ടായത്. പിന്നെ ആ കലാകാരന്റ രൂപഭംഗിയെക്കുറിച്ചുമെല്ലാമുള്ള പ്രതികരണം അങ്ങേയറ്റം ഹീനമാണ്.

സൗന്ദര്യം എന്ന സങ്കല്പം പോലും എന്തൊരുതരം മനോഭാവത്തില്‍നിന്നായിരിക്കും അവരില്‍ നിന്ന് ഉരുത്തിരിഞ്ഞതെന്ന് ഞാന്‍ അതിയശയിക്കുന്നു. ഒരു മാധ്യമത്തിനോട് പറയുമ്പോള്‍ തന്നെ ഇങ്ങനെയാണെങ്കില്‍ അല്ലാത്തപ്പോള്‍ എന്തായിരിക്കും അവരുടെ മനോഭാവമെന്നും ഓര്‍ക്കേണ്ടിയിരിക്കുന്നു. പല വേദികളിലും വിധികര്‍ത്താവായി ഇടംപിടിക്കുന്ന കലാകാരിയില്‍നിന്നും ഇത്തരം പരാമര്‍ശം ഉണ്ടാകാന്‍ പാടുള്ളതേയല്ല.

മോഹിനിയാട്ടം സ്ത്രീയ്ക്ക് മാത്രമേ പാടുള്ളൂവെന്നുണ്ടോ? പുരുഷ നര്‍ത്തകര്‍ക്ക് അത് അപ്രാപ്യമാണോ? 

അടിസ്ഥാനരഹിതമായ ഒരുവാദം മാത്രമാണത്. എന്താണ് മോഹിനിയെന്ന് നാം കണ്ടിട്ടുണ്ടോ? ആരാണ് മോഹിനി, അത് മനുഷ്യന്മാര്‍ തന്നെയല്ലേ. നൃത്തം സ്ത്രീക്ക് മാത്രമേ കളിക്കാന്‍ പാടുള്ളൂവെന്നൊന്നും പറഞ്ഞിട്ടില്ല. ജെന്‍ഡര്‍ എന്നൊക്കെ ആരാണ് നിര്‍വചനം നല്‍കിയിട്ടുള്ളത്. ജെന്‍ഡര്‍ അടിസ്ഥാനപ്പെടുത്തി പഠനങ്ങള്‍ ഒരുപാട് വന്നികൊണ്ടിരിക്കുന്ന കാലമാണിത്. അതൊക്കെ പഠിച്ചുകഴിഞ്ഞു മറ്റുള്ള കാര്യങ്ങളിലേക്ക് നമ്മള്‍ കടന്നുകഴിഞ്ഞു. കലാരൂപങ്ങളില്‍ ദേശീയവും അന്തര്‍ദേശീയവുമായ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതൊന്നും കാണുകയും മനസ്സിലാക്കുകയും ചെയ്തിട്ടില്ലാത്ത ഒരു വ്യക്തിയില്‍നിന്നുണ്ടായ പ്രതികരണം മാത്രമായേ ഞാന്‍ ഇതിനെ കാണുന്നുള്ളൂ. കലയോട് മാനുഷികമൂല്യം ഉള്ള വ്യക്തി ആണെങ്കില്‍ ഇങ്ങനെയൊരു പ്രതികരണം വരുമെന്ന് തോന്നുന്നില്ല.

നാട്യശാസ്ത്രത്തിലെ സൗന്ദര്യസങ്കല്പം എന്താണ്? കറുപ്പ്-വെളുപ്പ് എന്ന ദ്വന്ദപരികല്പന നാട്യശാസ്ത്രത്തില്‍ പറയുന്നുണ്ടോ?

പുതിയ കാലത്ത് ശാസ്ത്രം പഠിപ്പിക്കുമ്പോള്‍ അതിനുള്ളില്‍ അടങ്ങിയിരിക്കുന്ന ഹൈറാര്‍ക്കിയും പാട്രിയാര്‍ക്കിയും ലിംഗവിവേചനവുമെല്ലാം മാറ്റിവെച്ചിട്ടേ നാം പഠിപ്പിക്കുന്നുള്ളൂ. എന്താണ് നര്‍ത്തകീ-നര്‍ത്തകര്‍, എന്താണ് ലക്ഷണം. അതിനൊറ്റ ഒത്തരമേയുള്ളൂ നന്നായി കളിക്കുക എന്നുമാത്രം.  ശാസ്ത്രമാണെങ്കിലും അതില്‍ കാലാനുസൃതമായ മാറ്റം വരുത്താം. അതത് കാലഘട്ടത്തില്‍ ഉണ്ടാകുന്ന കാര്യങ്ങള്‍ ക്രോഡീകരിച്ചും സ്വാംശീകരിച്ചുമാണ് ശാസ്ത്രപരികല്‍പനകള്‍ എഴുതിയിട്ടുള്ളത്. പക്ഷേ, ദേശകാലങ്ങള്‍ അനുസരിച്ചും സാഹചര്യങ്ങളും യുക്തിക്കും അനുസരിച്ച് കലകളില്‍ മാറ്റം വരുത്താമെന്ന് ശാസ്ത്രങ്ങളില്‍ പറയുന്നു.  

കലാരൂപങ്ങളില്‍ നവോത്ഥാനം കടന്നുവരേണ്ടേ, പ്രത്യേകിച്ച് നൃത്തരൂപങ്ങളില്‍?

തീര്‍ച്ചയായും. നവോത്ഥാനം വരുന്നുമുണ്ട്. നമ്മുടെ വിദ്യാര്‍ഥികളിലും ആസ്വാദകരുമെല്ലാം കേരളത്തിലെ ഒരു പ്രത്യേക ജാതിമത വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമല്ല, ഇന്ന് നൃത്തം പഠിക്കുന്നവരിലും ആസ്വദിക്കുന്നവരിലുമെല്ലാം ഒരുഭാഗം കേരളത്തില്‍നിന്നും ഇന്ത്യയ്ക്ക് പുറത്തുനിന്നുമുള്ള ആളുകളാണ്. കല സോഷ്യോളജിയുമായും ഹ്യൂമാനിറ്റിസുമായും എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നുവെന്നും പഠനങ്ങള്‍ നടക്കുന്ന കാലമാണിന്ന്. 
നല്ല ഒരു നര്‍ത്തകി ലക്ഷണമെന്ന് പറയുമ്പോള്‍പോലും നല്ലൊരു ഗുരുവാകുകയെന്നുകൂടി അര്‍ഥമുണ്ട്. എന്റെ കീഴില്‍ തന്നെ നിരവധി നര്‍ത്തകര്‍ മോഹിനിയാട്ടം അഭ്യസിക്കുന്നുണ്ട്. നൃത്തത്തോടുള്ള അഭിനിവേശവും ഊര്‍ജ്ജ്യവുമാണ് നാം നോക്കേണ്ടത്. ഒരു കലാകാരന്‍ എത്രത്തോളം അത് ഉള്‍ക്കൊള്ളുന്നുവെന്ന് മാത്രമാണ് കലാകാരിയെന്ന് നിലയില്‍ അവര് ചിന്തിക്കേണ്ടത്.