തഴുകിത്തലോടുന്ന ഇളംകാറ്റില്‍ അഴകോടെ പറക്കുന്ന മുടിച്ചുരുളുകള്‍. ചുരുണ്ട മുടിയിഴകള്‍ ഒരു സ്റ്റേറ്റ്മെന്റാണ്. അഴകിന്റെ മറുവാക്ക്. പുകച്ചുരുള്‍പോലെയും പുഴപോലെയും ഒഴുകുന്ന കേളി-വേവി ഹെയര്‍ സ്‌റ്റൈലുകളാണ് ഇപ്പോള്‍ ട്രെന്‍ഡ്.

To advertise here,

കാഴ്ചയില്‍ അതിമനോഹരമെങ്കിലും സ്വഭാവത്തില്‍ അല്പം പ്രശ്നക്കാരനാണ് കേളി ഹെയറുകള്‍. എപ്പോഴും മുടി കെട്ടുകുടുങ്ങുക, മുടിയുടെ അറ്റം പിളരുക, ഫ്രിസി ഹെയര്‍ ആയി പറന്നുകിടക്കുക... വികൃതികള്‍ ഒരുപാടുണ്ട്. ചുരുണ്ട മുടിയെ ആരോഗ്യത്തോടെ ആകര്‍ഷകമാക്കാനുള്ള വഴികളറിയാം. 

അംബികാ പിള്ള (ഹെയര്‍ സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ്)

വര്‍ഷങ്ങളായി പിന്തുടരുന്ന ഹെയര്‍ കെയറിങ് രീതിയാണ് എന്റെത്. കാന്‍സര്‍ ചികിത്സേയാടെ മുടികൊഴിഞ്ഞുതുടങ്ങിയപ്പോഴാണ് ഞാന്‍ ഈ രീതിയില്‍ ഹെയര്‍ കെയറിങ് തുടങ്ങിയത്. ആഴ്ചയില്‍ ഒരിക്കല്‍ എണ്ണതേച്ച് തലകഴുകും. ആഴ്ചയില്‍ രണ്ടുതവണ ഷാംപൂ, കണ്ടീഷണര്‍ ഉപയോഗിക്കും. ഡബിള്‍ ഷാംപൂ മെത്തേഡാണ് ചെയ്യാറ്. ആദ്യം ചെറിയ അളവില്‍ ഷാംപൂവെടുത്ത് മുടിയില്‍ പുരട്ടി മസാജ് ചെയ്ത് കഴുകിക്കളയും. പിന്നീട് അല്പം ഷാംപൂകൂടിയെടുത്ത് ഒരുപിടി വെള്ളത്തില്‍ കലക്കി മുടിയില്‍ പുരട്ടി കഴുകും. കണ്ടീഷണര്‍ പുരട്ടും. ആന്റി ഫ്രിസ് ഷാംപൂ, ഇന്റന്‍സ് ഹെയര്‍ കണ്ടീഷണര്‍, വൈല്‍ഡ് റോസ് ഷാംപൂ, കണ്ടീഷണര്‍ എന്നിവയാണ് ഉപയോഗിക്കുക. തല കഴുകി, ടവ്വല്‍കൊണ്ട് മുടി ഉണക്കി ഹെയര്‍ റിപ്പയര്‍ സീറം പുരട്ടും. ശേഷം ഫ്‌ളാക്‌സ് സീഡ് കേള്‍ ക്രീമും കേള്‍ഫോമും പുരട്ടും. കേള്‍സിന്റെ രൂപം നിലനിലനിര്‍ത്താനും ഫ്രിസിനെസ് കുറയ്ക്കാനുമാണവ. മുടി വളരാന്‍ രാത്രിയില്‍ സ്‌കാല്‍പ് റിവൈവല്‍ സീറം പുരട്ടാറുണ്ട്.

placeholder
അംബികാ പിള്ള

ചുരുണ്ടമുടിയുള്ളവര്‍ ആഴ്ചയില്‍ രണ്ടുതവണ മുടിയിഴകളിലും ശിരോചര്‍മ്മത്തിലും എണ്ണ പുരട്ടുന്നതും, മുടിയുടെ അറ്റം പിളരാതിരിക്കാന്‍ രണ്ടു മാസം കൂടുമ്പോള്‍ വെട്ടിക്കൊടുക്കുന്നതും നല്ലതാണ്. ശിരോചര്‍മത്തില്‍ എണ്ണ പുരട്ടുന്നതിലൂടെ മുടിവേരുകളുടെ ആരോഗ്യം കൂടും. താരന്‍, മുടിയുടെ അറ്റം പിളരുക, മുടിപൊട്ടുക എന്നീ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ഷാംപൂ വാഷ് ചെയ്തശേഷം കണ്ടീഷണര്‍ ഉപയോഗിക്കണം. മുടിയെ മൃദുലമാക്കാനും ഫ്രിസ്സിനെസ്സ് കുറയ്ക്കാനും കണ്ടീഷണര്‍ സഹായിക്കും. ശിരോചര്‍മത്തിലും മുടിയിഴകളിലും ഷാംപൂ ചെയ്യാം. ശിരോ ചര്‍മത്തിലല്ല, മുടിയിഴകളിലാണ് കണ്ടീഷണര്‍ പുരട്ടേണ്ടത്.

 

placeholder
മെറീനാ മൈക്കിള്‍ കുരിശിങ്കല്‍

മെറീനാ മൈക്കിള്‍ കുരിശിങ്കല്‍ (അഭിനേത്രി)

ഹെയര്‍ കെയറിങ്ങില്‍ ആദ്യം ചെയ്യുക ഓയ്‌ലിങ് ആണ്. അമ്മ തയ്യാറാക്കിയ റോസ്‌മേരി എണ്ണയാണ് മുടിയില്‍ പുരട്ടുക. ഒന്നിടവിട്ട ദിവസങ്ങളില്‍ എണ്ണ തേച്ച് 15 മുതല്‍ 20 മിനിറ്റുവരെവെച്ച് തലകഴുകും. ഹെയര്‍ കണ്ടീഷണറിന് പകരം കേളി ഹെയര്‍ സ്പാ ക്രീം പുരട്ടും. രാത്രി ഉറങ്ങുന്നതിന് മുന്‍പ് മുടി ഇരുവശത്തേക്കും രണ്ടായി പകുത്ത് കെട്ടുകള്‍ മാറ്റും. ഹെയര്‍ സീറം പുരട്ടി പിന്നിയിടും. രാവിലെ എഴുന്നേറ്റശേഷം എണ്ണ പുരട്ടി കുറച്ചുസമയത്തിനുശേഷം തലകഴുകും. ശേഷം മുടിയിലെ വെള്ളം ടവ്വല്‍കൊണ്ട് ഒപ്പിയെടുത്ത് ലീവ് ഇന്‍ കണ്ടീഷണര്‍ പുരട്ടും. പിന്നീട് മുടി ഉണങ്ങുമ്പോള്‍ കേള്‍സ് ഭംഗിയായിരിക്കും. നാച്ചുറല്‍ കേള്‍സാണ് എന്റേത്. അതിനാല്‍ മുടി സെറ്റ് ചെയ്യാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടിവരാറില്ല.

നൂറിന്‍ ഷെരീഫ് (അഭിനേത്രി)

സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്ക് എന്റെ മുടി ഇഷ്ടമല്ലായിരുന്നു. ചുരുണ്ട മുടി എങ്ങനെ ഭംഗിയായിവെക്കുമെന്നും മാനേജ് ചെയ്യണമെന്നും അറിയില്ല. സാധാരണ ഷാംപൂ തേച്ച് തല കഴുകി മുടി ചീകികെട്ടിവെക്കാറായിരുന്നു അന്ന്. അതല്ല എന്റെ മുടിക്ക് വേണ്ടതെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. ഇപ്പോള്‍ ഹെയര്‍കെയറിങ്ങിന് കുറച്ചധികം സമയം ചെലവഴിക്കാറുണ്ട് ഞാന്‍. കേള്‍സ് ഭംഗിയായിരിക്കാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും വെളിച്ചെണ്ണയോ കാച്ചിയഎണ്ണയോ തേക്കാനാണ് എനിക്ക് ഇഷ്ടം. ആഴ്ചയിലൊരിക്കല്‍ കാച്ചിയഎണ്ണ ആറോ ഏഴോ മണിക്കൂര്‍ തലയില്‍ തേച്ചുപിടിപ്പിക്കും. പാരബന്‍ അടങ്ങാത്ത മോയ്‌സ്ചറൈസിങ് ഷാംപൂ പ്ലസ് കണ്ടീഷണര്‍ ഇട്ട് തല കഴുകും. നനഞ്ഞ മുടി കൈകൊണ്ട് കെട്ടറുത്ത് ഇടും. മെഡിക്കേറ്റഡ് ഷാംപൂകളാണ് ഉപയോഗിക്കാറ്. കേളിഹെയര്‍ ആയതിനാല്‍ പെട്ടെന്ന് മുടിയില്‍ കെട്ടുവീഴുന്ന പ്രശ്‌നമുണ്ട്.

placeholder
നൂറിന്‍ ഷെരീഫ്

രാത്രി, എണ്ണ തേച്ച്, ഷാംപൂ ചെയ്ത് ഹെയര്‍ സ്‌റ്റൈലിങ് ഉത്പന്നങ്ങള്‍ ഉപയോഗിക്കും. ഉറങ്ങുന്നതിനുമുന്‍പ് മുടിയിലെ കെട്ടുകളഞ്ഞ് ലൂസ് ബണ്‍ കെട്ടിവെക്കും. പിറ്റേദിവസത്തേക്ക് മുടി സോഫ്റ്റും ഡിഫൈന്‍ഡുമായിരിക്കും. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ മുടിയില്‍ കെട്ടുകുടുങ്ങാതിരിക്കാന്‍ സില്‍ക്കിയും സോഫ്റ്റുമായ മെറ്റീരിയലിലുള്ള തലയിണയാണ് ഉപയോഗിക്കാറ്. മുടിയിലെ കെട്ടുകള്‍ കളയാനല്ലാതെ ചീപ്പ് ഉപയോഗിക്കാറില്ല. കൈകൊണ്ടാണ് മുടി സെറ്റ് ചെയ്യുക. പ്രോഗ്രാമുകള്‍ക്ക് തയ്യാറാകുമ്പോള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിനോട് ചീപ്പ് ഉപയോഗിക്കരുത് എന്ന് പ്രത്യേകം പറയാറുണ്ട്. ഒരു ഉത്പന്നം മാത്രം വീണ്ടും വീണ്ടുമുപയോഗിച്ച് മുടിയെ ശീലിപ്പിക്കാറില്ല. രണ്ടാഴ്ച കേളിങ് ക്രീമും മറ്റുത്പന്നങ്ങളും ഉപയോഗിക്കുകയാണെങ്കില്‍ പിന്നീടുള്ള ആഴ്ച എണ്ണ, നറിഷിങ് ഷാംപൂ എന്നിവ മാത്രം ഉപയോഗിക്കും. മുടി ഒട്ടിയതുപോലെ തോന്നിക്കുന്നതിനാല്‍ സ്‌റ്റൈലിങ് ജെല്ലുകള്‍ ഉപയോഗിക്കില്ല. ഹെയര്‍ സീറം, നറിഷിങും ഹൈഡ്രേറ്റിങ്ങുമായ ഷാംപൂ, കണ്ടീഷണര്‍ എന്നിവയാണ് ഉപയോഗിക്കുക. ഹെയര്‍ മാസ്‌ക്, ഹെയര്‍ കെയര്‍ ഷാംപൂ, കണ്ടീഷണര്‍, ഹെയര്‍ സീറം തുടങ്ങിയവയില്‍ ഏതാണ് എന്റെ മുടിക്ക് അനുയോജ്യം എന്ന് പരീക്ഷിച്ചുനോക്കിയാണ് തിരഞ്ഞെടുക്കാറ്.

ഐശ്വര്യ രാജ് (അഭിനേത്രി)

മുന്‍പ് ഉണങ്ങിയ മുടി ചീകിയൊതുക്കി കെട്ടിവെക്കാറായിരുന്നു. 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് സുഹൃത്താണ് ഹെയര്‍ കെയറിങ്ങിനെക്കുറിച്ച് പറഞ്ഞുതരുന്നത്. ഒരു വര്‍ഷത്തോളം ആ ഹെയര്‍ കെയറിങ് രീതി പിന്തുടര്‍ന്നപ്പോള്‍ എന്റെ ചുരുണ്ട മുടി കൂടുതല്‍ ഡിഫൈന്‍ഡ് ആയി. മുടിച്ചുരുളുകള്‍ വ്യക്തമാവാന്‍ തുടങ്ങി.

placeholder
ഐശ്വര്യ രാജ്

ഒരുപാട് വരണ്ടതോ എണ്ണമയമുള്ളതോ അല്ലാത്ത മിതമായ ഈര്‍പ്പമുള്ള തരം മുടിയാണ് എന്റേത്. വളരെ കുറച്ച് ഹെയര്‍ കെയറിങ് ഉത്പന്നങ്ങളെ ഉപയോഗിക്കാറുള്ളൂ. ആഴ്ചയില്‍ ഒരിക്കല്‍ മുടിയില്‍ എണ്ണ തേക്കും. ആഴ്ചയില്‍ രണ്ടുതവണ ഷാംപൂചെയ്യും. മുടി വിയര്‍ത്ത് അഴുക്ക് അടിഞ്ഞുകൂടുന്നതിന് അനുസരിച്ചാണത്. ഹെയര്‍ കണ്ടീഷണറിന് പകരം ഹെയര്‍ മാസ്‌ക് ആണ് ചെയ്യാറുള്ളത്. ആഴ്ചയില്‍ ഒരിക്കല്‍ ഹെയര്‍ മാസ്‌ക് ഇട്ട് 15 മിനിറ്റിനുശേഷം കഴുകും. നനഞ്ഞ മുടി അകന്ന പല്ലുള്ള ചീപ്പ് ഉപയോഗിച്ച് ചീകി കേള്‍ ഡിഫൈനിങ് ഹെയര്‍ ക്രീമും ഹെയര്‍ ജെല്ലും പുരട്ടി സെറ്റ് ചെയ്യും.

ചുരുണ്ട മുടിയുടെ ആരോഗ്യത്തിനും അഴകിനും

  • കേളി ഹെയര്‍ എന്ന് പൊതുവെ വിളിക്കാമെങ്കിലും കോയില്‍, കേളി, വേവി... എന്നിങ്ങനെ ചുരുണ്ട മുടികള്‍തന്നെ പലവിധമുണ്ട്.
  • സ്‌ട്രെയിറ്റ് ആയ മുടിയെ അപേക്ഷിച്ച് ചുരുണ്ടമുടികള്‍ ദുര്‍ബലമാണ്. മുടി പൊട്ടിപ്പോവാനും മുടിയിഴകളും ശിരോചര്‍മവും വരണ്ടുപോകാനുമെല്ലാം സാധ്യത കൂടുതലാണ്.
  • മുടിയുടെ സ്വഭാവവും ഘടനയും മനസ്സിലാക്കി, ചുരുണ്ട മുടിക്ക് മാത്രമുള്ള, യോജിച്ച ഹെയര്‍ കെയര്‍ ഉത്പന്നങ്ങള്‍കൊ് ഹെയര്‍ കെയറിങ് ചെയ്യാം. ഷാംപൂ, കണ്ടീഷണര്‍, ഹെയര്‍ സീറം എന്നിങ്ങനെ കേളി ഹെയറിന് മാത്രം പ്രത്യേകം ഉത്പന്നങ്ങളുണ്ട്.
  • മുടിയിലെ എണ്ണ, വിയര്‍പ്പ്, പൊടിപടലങ്ങള്‍, അഴുക്കുകള്‍ എന്നിവ കളയാനാണ് ഷാംപൂ. ഷാംപൂവിലെ സര്‍ഫക്ടന്‍സ് എന്ന ഘടകമാണ് മുടിയെ ക്ലെന്‍സ് ചെയ്യുന്നത്.
  • മുടിക്ക് ഹാനികരമായ പാരബെന്‍, സള്‍ഫേറ്റ് പോലുള്ള കെമിക്കലുകള്‍ അടങ്ങിയ ഹെയര്‍കെയര്‍ ഉത്പന്നങ്ങള്‍ മുടിയുടെ സ്വാഭാവികതയെ ഇല്ലാതാക്കും. അതിനാല്‍ പാരബന്‍, സള്‍ഫേറ്റ് ഫ്രീ സര്‍ഫക്ടന്‍സ് അടങ്ങിയ ഷാംപൂകള്‍ ഉപയോഗിക്കാം.
  • സോഡിയം ലോറെയ്ല്‍ സള്‍ഫേറ്റ്, അമോണിയം ലോറെയ്ല്‍ സള്‍ഫേറ്റ് തുടങ്ങിയ ഘടകങ്ങള്‍ ഷാംപൂവില്‍ ഉണ്ടെങ്കില്‍ അവ നിത്യേന ഉപയോഗിക്കരുത്. സ്ഥിര ഉപയോഗം മുടിയെ ദുര്‍ബലവും വരണ്ടതും പെട്ടെന്ന് പൊട്ടിപ്പോകുന്നതുമാക്കുന്നു.
  • മുടി നന്നായി വിയര്‍ത്ത് അഴുക്കുപിടിച്ചെങ്കില്‍ ഇത്തരം വീര്യം കൂടിയ ഷാംപൂകള്‍ വല്ലപ്പോഴും ഉപയോഗിക്കാം.
  • സള്‍ഫേറ്റ് ഫ്രീ, അംഫോടെറിക് സര്‍ഫക്ടന്‍സ് പോലുള്ളവ അടങ്ങിയ ഷാംപൂ താരതമ്യേന നിത്യോപയോഗത്തിന് യോജിച്ചതാണ്.
  • ദിവസേന ഉപയോഗിക്കുന്ന ഷാംപൂ മൈല്‍ഡ് ആയിരിക്കണം. മുടിയിലെ സ്വാഭാവിക ഈര്‍പ്പം നിലനിര്‍ത്തണം.
  • ഷാംപൂ വിത്ത് കണ്ടീഷണര്‍, ഷാംപൂ വിത്ത് സീറം എന്നിങ്ങനെ ഒന്നില്‍ക്കൂടുതല്‍ ഗുണങ്ങളുണ്ടെന്നുപറയുന്ന ഉത്പന്നങ്ങള്‍ നല്ലതല്ല. ആവശ്യമുള്ളവ വെവ്വേറെയായി ഉപയോഗിക്കാം.
  • മുടിയിലെ അഴുക്ക് പോകാന്‍ പാകത്തിന് മാത്രം ഷാംപൂ എടുത്താല്‍ മതി. അളവ് കൂടിയാല്‍ ഈര്‍പ്പം നഷ്ടപ്പെട്ട്, വരണ്ടുപോകാനും ഫ്രിസ്സിനെസ്സിനും കാരണമാകുന്നു.
  • കണ്ടീഷണറുകള്‍ മുടിയിഴകളെ ഹൈഡ്രേറ്റ് ചെയ്ത് സംരക്ഷിക്കുന്നു. രണ്ടോ മൂന്നോ മിനിറ്റ് മുടിയില്‍വെച്ച് കഴുകിക്കളയുന്നവ, കൂടുതല്‍ സമയം വെക്കുന്ന ഡീപ്പ് കണ്ടീഷണര്‍, ഹെയര്‍ മാസ്‌ക്, മുടിയില്‍ പുരട്ടിയശേഷം കഴുകിക്കളയേണ്ടാത്ത ലീവ് ഇന്‍ കണ്ടീഷണര്‍ എന്നിങ്ങനെ കണ്ടീഷണറുകള്‍ പലവിധമുണ്ട്.
  • മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താനും മുടിയുടെ ക്യൂട്ടിക്കിള്‍ എന്ന ലെയറിന് സംരക്ഷണമേകാനും തിളക്കം നല്‍കാനും കേടുപാടുകള്‍ കുറയ്ക്കാനും കണ്ടീഷണറുകള്‍ ഉപയോഗിക്കാം.
  • കേളി ഹെയറിന് പലപ്പോഴും ഡീപ്പ് കണ്ടീഷനറും ഹെയര്‍ മാസ്‌കും ആവശ്യമാണ്. കേള്‍സിന്റെ രൂപം നിലനിര്‍ത്താനും ഫ്രിസിനെസ്സ് കുറയ്ക്കാനും ഇവ സഹായിക്കുന്നു.
  • എണ്ണയും ഒരു കണ്ടീഷണറാണ്. മുടിയുടെ അറ്റം പിളരാതിരിക്കാന്‍ മുടിത്തുമ്പുകളില്‍ എണ്ണ പുരട്ടാം. മുടിയിഴകളിലും മിതമായി എണ്ണ പുരട്ടാം. എണ്ണ, മുടിയുടെ ഡാമേജ് കുറയ്ക്കും.
  • എണ്ണ അളവില്‍ക്കൂടുതല്‍ ഉപയോഗിക്കുന്നതും ശരിയായി കഴുകിക്കളയാത്തതും താരന് കാരണമാകുന്നു.
  • ശിരോചര്‍മത്തില്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്. ചെറു ചൂടിലുള്ള എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുമ്പോള്‍ രക്തയോട്ടം കൂടി താരന്‍ വിട്ടുപോകും.
  • വിരല്‍തുമ്പുകൊണ്ട് മൃദുവായി, സര്‍ക്കുലാര്‍ മോഷനിലാണ് ഹോട്ട് ഓയില്‍ മസാജ് ചെയ്യേണ്ടത്. നഖം ഉപയോഗിച്ചോ ചീപ്പുകൊണ്ടോ ബലമായി മുടി ചീകുന്നത് മുറിവുകളുണ്ടാക്കാം.
  • മുടിക്ക് വെളിച്ചെണ്ണ നല്ലതാണ്.പച്ചമരുന്നുകള്‍ ചേര്‍ത്ത കാച്ചിയഎണ്ണ തേക്കുമ്പോള്‍ ശ്രദ്ധിക്കണം.നീലയമരി പോലുള്ള മരുന്നുകള്‍ ചേര്‍ത്ത എണ്ണ ചിലര്‍ക്ക് അലര്‍ജിക്ക് കാരണമായേക്കാം.
  • നനഞ്ഞ മുടി ചീകുന്നത് ഒഴിവാക്കാം.നനഞ്ഞ മുടി ദുര്‍ബലമാണ്. ചീകുമ്പോള്‍ പൊട്ടിപ്പോകാന്‍ സാധ്യതയു്. അകന്ന പല്ലുകളുള്ള ചീപ്പ് കൊണ്ട് പതിയെ മുടി ചീകാം. കിടക്കുന്നതിനുമുന്‍പ് മുടി കെട്ടിവെക്കാനും ശ്രദ്ധിക്കണം.

 

കടപ്പാട്

ഡോ. സൗമ്യ ജഗദീശന്‍

ത്വക്കുരോഗവിഭാഗം അഡീഷണല്‍

പ്രൊഫസര്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍

സയന്‍സസ്, കൊച്ചി.