സിനിമാ രംഗത്തെ കാസ്റ്റിങ് കൗച്ച് സംസ്കാരത്തെക്കുറിച്ച് നടൻ ചിരഞ്ജീവി നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഗായിക ചിന്മയി ശ്രീപാദ. ചലച്ചിത്ര മേഖലയിൽ കാസ്റ്റിങ് കൗച്ച് വളരെ വ്യാപകമാണെന്നും സ്ത്രീകൾ അഭിമുഖീകരിക്കുന്ന നിരവധി ദുരനുഭവങ്ങൾ തനിക്ക് അറിയാമെന്നും ചിന്മയി എക്സിലൂടെ വ്യക്തമാക്കി.

സിനിമയിൽ അവസരങ്ങൾക്കായി ലൈംഗിക താല്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന 'കാസ്റ്റിംഗ് കൗച്ച്' രീതി നിലവിലില്ലെന്ന ചിരഞ്ജീവിയുടെ വാദത്തെ ചിന്മയി എതിർത്തു. അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ ജോലി ചെയ്യാൻ വന്ന ഒരു യുവതി നേരിട്ട വാക്കാലുള്ള അധിക്ഷേപത്തിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ചിന്മയി ഇങ്ങനെ കുറിച്ചു: "കാസ്റ്റിങ് കൗച്ച് ഇവിടെ വ്യാപകമാണ്. 'ഫുൾ കമ്മിറ്റ്‌മെന്റ്' നൽകാൻ തയ്യാറാകാത്ത സ്ത്രീകൾക്ക് വേഷങ്ങൾ നിഷേധിക്കപ്പെടുന്നു. സിനിമാ മേഖലയിൽ ഈ വാക്കിന്റെ അർത്ഥം തികച്ചും വ്യത്യസ്തമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ഒരാൾ 'കമ്മിറ്റ്‌മെന്റ്' എന്നാൽ പ്രൊഫഷണലിസം ആണെന്ന് കരുതിയാൽ അവർക്ക് തെറ്റി. തങ്ങൾ അധികാരമുള്ളവരാണെന്നും സ്ത്രീകളിൽ നിന്ന് ലൈംഗിക സഹായങ്ങൾ ആവശ്യപ്പെടാൻ അവകാശമുണ്ടെന്നും വിശ്വസിക്കുന്ന പുരുഷന്മാർ ഇപ്പോഴും ആ സ്ഥാനങ്ങളിൽ തുടരുന്നുണ്ട്."

ഹൈദരാബാദിൽ നടന്ന തന്റെ ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയാണ് ചിരഞ്ജീവി കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് സംസാരിച്ചത്. "സിനിമയിൽ കാസ്റ്റിംഗ് കൗച്ച് സംസ്കാരം ഒന്നുമില്ല, അത് ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കും. സിനിമ ഒരു കണ്ണാടി പോലെയാണ്, നിങ്ങൾ ആരാണോ അത് പ്രതിഫലിപ്പിക്കും," എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

മറ്റ് രണ്ട് സംഭവങ്ങൾ കൂടി ചിന്മയി വിവരിച്ചു. ഒരു സ്റ്റുഡിയോയിൽ വെച്ച് പ്രശസ്തനായ ഒരാൾ വനിതാ സംഗീതജ്ഞയെ പീഡിപ്പിക്കാൻ ശ്രമിച്ചതായും, രക്ഷപ്പെടാനായി അവർ സൗണ്ട് ബൂത്തിൽ കയറി ഒളിച്ചിരുന്നതായും ചിന്മയി വെളിപ്പെടുത്തി. മറ്റൊരു ഗായകൻ യാതൊരു പ്രകോപനവുമില്ലാതെ അശ്ലീല ചിത്രങ്ങൾ അയക്കുകയും ലൈംഗികാവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്ത കാര്യവും അവർ ചൂണ്ടിക്കാട്ടി.

ചിരഞ്ജീവിയെയും അദ്ദേഹത്തിന്റെ സമകാലികരെയും കുറിച്ച് ചിന്മയി പറഞ്ഞത് ഇങ്ങനെയാണ്: "ബഹുമാനപ്പെട്ട ചിരഞ്ജീവി ഗാരു വരുന്നത് മറ്റൊരു തലമുറയിൽ നിന്നാണ്. അവർ തങ്ങളുടെ സഹപ്രവർത്തകരായ നടിമാരെ സുഹൃത്തുക്കളായോ കുടുംബാംഗങ്ങളായോ കണ്ടിരുന്നവരാണ്. പരസ്പരം ബഹുമാനിച്ചിരുന്ന ഇതിഹാസങ്ങളാണവർ."

മീറ്റൂ പ്രസ്ഥാനത്തെ ഉൾക്കൊള്ളാൻ പഴയ തലമുറയിലെ പലർക്കും സാധിച്ചിട്ടില്ലെന്ന് ചിന്മയി പറഞ്ഞു. സൗകാർ ജാനകിയെപ്പോലുള്ളവർ പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞ സ്ത്രീകളെ അപമാനിക്കുകയാണ് ചെയ്തതെന്നും ചിന്മയി കുറ്റപ്പെടുത്തി.

തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ചിന്മയി തുറന്നുപറഞ്ഞത് ഇങ്ങനെയാണ്: "വൈരമുത്തു എന്നെ പീഡിപ്പിച്ചത് ഞാൻ അത് ചോദിച്ചു വാങ്ങിയതുകൊണ്ടല്ല. അന്ന് ഞാൻ കൗമാരം പിന്നിട്ട ഒരു പെൺകുട്ടി മാത്രമായിരുന്നു. അദ്ദേഹത്തെ ഒരു ഗുരുവായും ഇതിഹാസ ഗാനരചയിതാവായും ഞാൻ ബഹുമാനിച്ചിരുന്നു. എന്റെ അമ്മ അതേ പരിസരത്ത് ഉണ്ടായിരുന്നിട്ടും അദ്ദേഹം എന്നെ ഉപദ്രവിച്ചു. ഇത്തരം പുരുഷന്മാരുടെ കാര്യത്തിൽ കൂടെ മാതാപിതാക്കൾ ഉള്ളതുകൊണ്ടൊന്നും ഒരു മാറ്റവുമില്ല. ജോലി നൽകുന്നതിന് പകരമായി ലൈംഗികത ആവശ്യപ്പെടുന്നത് പുരുഷന്മാരുടെ പ്രശ്നമാണ്."

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi