'നാഗിൻ' സീരിയലിലെ നാഗിനായി കടന്നുവന്ന് പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച നടിയാണ് മൗനി റോയ്. അഭിനയത്തിന്റെ തുടക്കകാലത്ത് തനിക്കുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മൗനി ഇപ്പോൾ.

അപൂർവ മുഖിജയുടെ 'സ്‌പൈസ് ഇറ്റ് അപ്' എന്ന പരിപാടിയിൽ കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നിട്ടുണ്ടോ എന്ന ചോദ്യമുയർന്നു. ആ ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് 21-ാം വയസ്സിലുണ്ടായ സംഭവം അവർ വെളിപ്പെടുത്തിയത്.

''ഞാനൊരാളുടെ ഓഫീസിൽ പോയതായിരുന്നു. ഓഡിഷനുവേണ്ടിയാണ് അവിടെത്തിയത്. കുറേ ആളുകളുണ്ടായിരുന്നു. ഏത് സീനാണ് അഭിനയിച്ചുകാണിക്കേണ്ടതെന്ന് അവർ പറഞ്ഞുതരുന്നുമുണ്ട്. ഒരു പെൺകുട്ടി നീന്തൽക്കുളത്തിൽ വീഴുകയും അബോധാവസ്ഥയിലാവുകയും അവളെ നായകൻ പുറത്തെടുത്ത് വായിലൂടെ ശ്വാസം കൊടുക്കുകയും ചെയ്യുന്നതാണ് എനിക്ക് തന്ന സീൻ. ഞാൻ വെള്ളത്തിൽ വീണു. പക്ഷേ പിന്നീടുണ്ടായതാണ് എന്നെ ഞെട്ടിച്ചത്. കൂടെ അഭിനയിക്കാൻ വന്നയാൾ എന്റെ മുഖത്ത് പിടിച്ച്, എന്റെ വായയ്ക്കുനേരെ അയാളുടെ വായ വെച്ച് എനിക്ക് ശ്വാസം തരാൻ തുടങ്ങി. ഒരു നിമിഷനേരത്തേക്ക് എനിക്കൊന്നും മനസ്സിലായില്ല. എന്താണ് നടക്കുന്നതെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും എന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി. ഞാൻ അവിടുന്ന് ഓടിരക്ഷപ്പെട്ടു. ആ സംഭവം കുറേക്കാലത്തേക്ക് മനസ്സിൽനിന്ന് പോയതേയില്ല''. എന്നാൽ, അയാളുടെ പേര് വെളിപ്പെടുത്താൻ മൗനി തയ്യാറായില്ല.

'ക്യോം കി സാസ് ഭീ കഭീ ബഹു ഥി' എന്ന സീരിയലിലൂടെയാണ് അവർ കടന്നുവന്നത്. ഒമ്പതുവർഷങ്ങൾക്കുശേഷം 'നാഗിൻ' എന്ന സീരിയലിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചതാണ് അവരുടെ കരിയറിലെ ബ്രേക്കായത്. സീരിയൽ ടിആർപി ചാർട്ടുകളിൽ സ്ഥിരമായി ഇടംപിടിച്ചു. അതിനൊപ്പം മൗനി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുകയും ചെയ്തു. സീരിയലിന്റെ മൂന്നു സീസണുകളിലും അവരാണ് പ്രധാനകഥാപാത്രമായത്.

സീരിയലിനൊപ്പം തന്നെ സിനിമയിലും വെബ് സീരീസുകളിലും മ്യൂസിക് വീഡിയോകളിലും സജീവമാണവർ. ബ്രഹ്മാസ്ത്ര, കെ.ജി.എഫ് ചാപ്റ്റർ 1, മെയ്ഡ് ഇൻ ചൈന, ലവ് സെക്‌സ് ഓർ ധോക്കാ, ദ ഭൂത്‌നി, ബ്ലാക്കൗട്ട് എന്നിവയാണ് അവരുടെ പ്രധാനസിനിമകൾ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi