പ്രാണികടിച്ച ഇലകൊണ്ടുള്ള ചായ കുടിച്ചിട്ടുണ്ടോ? മുഖം ചുളിക്കാൻ വരട്ടെ ലോകത്തിലെ വിലകൂടിയ ചായയുടെ പട്ടികയിലൊന്നാണിതെന്നു പറഞ്ഞാൽ വിശ്വസിക്കുമോ?തായ്‌വാനിലെ ഏറ്റവും വലിയ തേയില ഉത്പാദന കേന്ദ്രമായ നാൻടൗവിലെ കുന്നിൻ മുകളിലാണ് ഈ അപൂർവ്വ ഇനം തേയിലയുള്ളത്. ‘ഹണി ഫ്ലേവർ ഡോങ് ഡിങ് ഊലോങ്’ അല്ലെങ്കിൽ ‘കോൺക്യുബൈൻ ഊലോങ്’ എന്നറിയപ്പെടുന്ന തേയിലയാണിത്.

To advertise here,

ഈ തേയിലയ്ക്ക് ഒരു പ്രത്യേക സുഗന്ധമുണ്ട്, കൂടാതെ തേനിന്റെ രുചിയും. എന്നാലിത് കൃത്രിമമായി ചേർത്തതല്ല. ജാക്കോബിയാസ്ക ഫോർമോസാന, അല്ലെങ്കിൽ ടീ ജാസ്സിഡ്സ് എന്ന് വിളിക്കപ്പെടുന്ന പ്രാണികളാണ് ഈ ഉഗ്രൻ ചായയുടെ പിന്നിൽ. പ്രാണികൾ ഇലകളിൽ കടിക്കുമ്പോഴാണ് ഈ മധുരം ചെടിയിൽ നിന്ന് പുറത്തുവരുന്നത്.

ജാസ്സിഡുകൾ തേയില ഇലകൾ കഴിക്കുമ്പോൾ ഇലകളിൽ തേനിൻ്റെ രുചിയും മണവുമുള്ള മധുരമുള്ള ഒരു രാസവസ്തു ഉത്പാദിപ്പിക്കുന്നു. ഈ പ്രാണികളുടെ കടി വളരെ ചെറുതായതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പ്രയാസമാണ്. ഇത് ലോകത്തിലെ ഏറ്റവും രുചികരമായ തേയിലകളിലൊന്നായ 'മിക്സിയാങ് ചാ' അഥവാ തേൻ-ഗന്ധമുള്ള തേയില നിർമിക്കുന്നതിന് കാരണമാകുന്നു.

പ്രാണികൾ കടിച്ച ഈ ഇലകൾ ഉപയോഗിച്ച് മിക്സിയാങ് ബ്ലാക്ക് ടീ, ഓറിയൻ്റൽ ബ്യൂട്ടി കോൺക്യുബൈൻ ടീ എന്നിവ ഉണ്ടാക്കുന്നു. ഈ സ്വഭാവിക രൂചിക്കൂട്ട് മറ്റൊരു രീതിയിലും ഉണ്ടാക്കിയെടുക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ ഇവയ്ക്ക് വിലയും കൂടുതലാണ്. ബഗ് ബിറ്റണ്‍ ഊലോങ് ടീ 75 ഗ്രാമിന് ഏകദേശം 3000 രൂപയാണ് വില.

പ്രാണികൾ കടിക്കുമ്പോൾ, സസ്യങ്ങൾ പലവിധത്തിൽ സ്വയം പ്രതിരോധിക്കുന്നു. അവ ഇലകളിലെ പോഷകങ്ങൾ കുറയ്ക്കുകയോ, വിഷവസ്തുക്കൾ ഉത്പാദിപ്പിക്കുകയോ, അല്ലെങ്കിൽ മറ്റ് പ്രാണികളെ ആകർഷിക്കുന്ന രാസവസ്തുക്കൾ പുറത്തുവിടുകയോ ചെയ്യാം. ചെടികളുടെ ഈ പ്രതികാരം മനുഷ്യർക്ക് ഉപകാരമാണ്. ഈ പ്രത്യേക രാസമിശ്രിതത്തിന്റെ സുഗന്ധം ചായത്തോട്ടങ്ങളിലൂടെ നടക്കുമ്പോൾ പോലും ആസ്വദിക്കാനാകും.

എന്നാൽ ഈ പ്രാണികളുടെ കടി വളരെ കുറഞ്ഞാലും കൂടിയാലും നല്ല നിലവാരമുള്ള ചായ ഉണ്ടാക്കാൻ കഴിയില്ല. ചെറിയ തോതിലുള്ള കടി ചായയുടെ കയ്പ്പ് കുറയ്ക്കുന്നു, എന്നാൽ കടി അധികമായാൽ കയ്പ്പ് കൂടുകയും ചെയ്യുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi