ആവി പറക്കുന്ന ചായയോ കോഫിയോ കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അമിതമായി ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പതിവായി വളരെ ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് അന്നനാളത്തിലെ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് സമീപകാല ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 65 ഡിഗ്രി സെല്‍ഷ്യസിനു മുകളിൽ ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് അന്നനാളത്തിലെ സംരക്ഷണ ആവരണത്തിന് പൊള്ളലേല്‍ക്കാനും കോശങ്ങൾ നശിക്കാനും സാധ്യതയുണ്ട്. തുടര്‍ച്ചയായ ഇത്തരം പൊള്ളലുകള്‍ വീക്കത്തിനും കാലക്രമേണ കാന്‍സറിനും കാരണമാകുന്നു. 

ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കാന്‍സറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, 60 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടുള്ള പാനീയങ്ങള്‍ ഇഷ്ടപ്പെടുന്നവർക്കും ദിവസവും 700 മില്ലി ലിറ്ററില്‍ കൂടുതല്‍ ചായ കുടിക്കുന്നവര്‍ക്കും, തണുത്തതോ കുറഞ്ഞ അളവിലോ കുടിക്കുന്നവരെ അപേക്ഷിച്ച് അന്നനാളത്തിലെ കാന്‍സറിന് 90 ശതമാനം സാധ്യത കൂടുതലാണ്.

ചൂടുള്ള പാനീയങ്ങള്‍ അന്നനാളത്തെ ദോഷകരമായി ബാധിക്കുന്നു എന്നത് തെളിയിക്കാൻ എലികളിലാണ്  പരീക്ഷണം ആരംഭിച്ചത്. കുറഞ്ഞ താപനിലയിലുള്ള വെള്ളം നല്‍കിയ എലികളെ അപേക്ഷിച്ച്, വളരെ ചൂടുള്ള വെള്ളം (70 ഡിഗ്രി സെല്‍ഷ്യസ്) നല്‍കിയ എലികളില്‍, അന്നനാളത്തില്‍ കാന്‍സറിന് മുന്നോടിയായുണ്ടാവുന്ന വളര്‍ച്ചകള്‍ക്കുള്ള സാധ്യത കൂടുന്നതായി കണ്ടെത്തി. 2016-ലാണ് ഈ പഠനം നടത്തിയത്.

ഒരേസമയം എത്രമാത്രം ചൂടുള്ള പാനീയം, എത്ര വേഗത്തില്‍ കുടിക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും കാന്‍സര്‍ വരാനുള്ള സാധ്യത എന്നും പഠനം പറയുന്നു. ഒറ്റയടിക്ക് ധാരാളം അളവിൽ ചൂടുള്ള ചായയോ കോഫിയോ കുടിക്കുന്നത് അന്നനാളത്തിന് പൊള്ളലേല്‍പ്പിച്ച്  പെട്ടെന്ന് കേടുവരുത്താന്‍ സാധ്യതയുണ്ട്. ഇതിനായി വ്യത്യസ്ത താപനിലയിലുള്ള ചൂടുള്ള കോഫി കുടിക്കുന്ന ആളുകളുടെ അന്നനാളത്തിനുള്ളിലെ താപനില ഗവേഷകര്‍ അളന്നു. പാനീയത്തിന്റെ ചൂടിനേക്കാള്‍,  വലിച്ചുകുടിക്കുന്ന അളവിനാണ് പ്രധാന്യമെന്നും അവര്‍ കണ്ടെത്തി.

65 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള കോഫി 20 മില്ലിലിറ്റര്‍ കുടിക്കുന്നത് അന്നനാളത്തിനുള്ളിലെ താപനില 12 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിപ്പിച്ചതായും പറയുന്നു. കോഫി കുടിക്കാനുള്ള ഏറ്റവും അനുയോജ്യമായ താപനില  57.8°C ആണെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.

ചൂടുള്ള പാനീയങ്ങള്‍ സുരക്ഷിതമായി കുടിക്കാനുള്ള നുറുങ്ങു വഴികള്‍

  • പതുക്കെ, സമയമെടുത്ത് ആസ്വദിച്ച് കുടിക്കുക.
  • ചൂടുള്ള പാനീയം തണുക്കാന്‍ സമയം നല്‍കുക. അഞ്ച് മിനിറ്റിനുള്ളില്‍ ഒരു ചായയുടെ താപനില 10 മുതൽ 15 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
  • സ്പൂണ്‍ ഉപയോഗിച്ച് ഇളക്കുകയോ ഊതുകയോ ചെയ്യുക.
  • പുറത്തുനിന്നു വാങ്ങുന്ന പാനീയത്തിന്റെ അടപ്പ് തുറന്നുവെക്കുക. അടപ്പ് തുറന്നുവെച്ച കോഫി അടച്ചുവെച്ചതിനേക്കാള്‍ ഇരട്ടി വേഗത്തില്‍ തണുക്കും.
  • അല്പം തിളപ്പിച്ചാറ്റിയ വെള്ളമോ പാലോ ചേര്‍ത്ത് തണുപ്പിക്കാം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi