
പ്രതീകാത്മകചിത്രം (AI Generated)
ഇഷ്ടമുള്ള സാധനങ്ങള്‍ രൊക്കം പണം നല്‍കാതെ കടമായി വാങ്ങാന്‍ മാത്രമല്ല ക്രെഡിറ്റ് കാര്‍ഡ് ഉപകരിക്കുക. അത്യാവശ്യസമയത്ത് ഉടന്‍ പണം വായ്പയായി ഉപയോഗിക്കാനും ക്രെഡിറ്റ് കാര്‍ഡ് പ്രയോജനപ്പെടും. പക്ഷേ വായ്പകളില്‍ വെച്ച് ഏറ്റവും ചെലവേറിയ വായ്പ ആണ് ഇതെന്ന കാര്യം മറക്കരുത്. ക്രെഡിറ്റ് കാര്‍ഡ് വായ്പ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ വലിയ കടക്കെണിയിലേക്കാകും അത് നിങ്ങളെ നയിക്കുക.
വളരെ അനായാസം
വായ്പനേടാനായി പുതുതായി രേഖകളൊന്നും നല്‍കേണ്ടതില്ല. വായ്പ വേണം എന്നുള്ള കാര്യം ആവശ്യപ്പെട്ടാല്‍ മാത്രം മതി.
എങ്ങനെയൊക്കെ വായ്പ കിട്ടും
ഓരോ ക്രെഡിറ്റ് കാര്‍ഡിനും നിങ്ങള്‍ക്ക് ചിലവഴിക്കാവുന്ന ക്രെഡിറ്റ് ലിമിറ്റ് നിശ്ചയിച്ചിട്ടുണ്ടാകും. ഒരു മാസം അത്രയും തുകയ്ക്കുള്ള ഇടപാട് ആണ് നിങ്ങള്‍ക്ക് നടത്താനാകുക. നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് കമ്പനി അനുവദിച്ചിരിക്കുന്ന പരിധിയുടെ 40 മുതല്‍ 100 ശതമാനം വരെയോ അതില്‍ കൂടുതലോ തുക വായ്പയായി ലഭിക്കും. ഒരു ലക്ഷം രൂപയാണ് ക്രെഡിറ്റ് ലിമിറ്റ് എങ്കില്‍ 40,000 മുതല്‍ ഒരു ലക്ഷം രൂപവരെ വായ്പയായി ലഭിക്കാം.
രണ്ട് രീതിയില്‍ പണം എടുക്കാം
ക്രെഡിറ്റ് കാര്‍ഡ് വഴി രണ്ടുരീതിയിലാണ് പണം എടുക്കാന്‍ പറ്റുക. കാഷ് വിത്ഡ്രോവല്‍ ആണ് അതിലൊന്ന്. ഓരോ കാര്‍ഡിലും ക്രെഡിറ്റ് ലിമിറ്റ് പോലെ കാഷ് വിത്ഡ്രോവല്‍ ലിമിറ്റും എല്ലാ മാസത്തേക്കും നിശ്ചയിച്ചിട്ടുണ്ടാകും. കാഷ് വിത്ഡ്രോവല്‍ ലിമിറ്റിലെ തുക എ.ടി.എം കൗണ്ടര്‍ വഴി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കാം. എടുക്കുന്ന തുകയുടെ 2.5 ശതമാനം ട്രാന്‍സാക്ഷന്‍ ഫീസ് ആയി നല്‍കണം. പ്രതിമാസം രണ്ടുമുതല്‍ 3.5 ശതമാനം വരെയുള്ള വിവിധ നിരക്കുകളാണ് ഓരോ കാര്‍ഡും പലിശയായി ഈടാക്കുന്നത്. വായ്പ ലഭിച്ച ദിവസം മുതല്‍ ഈടാക്കും. ക്രെഡിറ്റ് കാര്‍ഡില്‍ നിന്നുള്ള വായ്പയുടെ പലിശ നിരക്ക് പ്രതിമാസ നിരക്കിലാണ് കണക്കാക്കുന്നത്.
മറ്റെല്ലാ വായ്പയുടെയും പലിശ വാര്‍ഷിക നിരക്കിലാണ് കണക്കാക്കാറുള്ളത്. ക്രെഡിറ്റ് കാര്‍ഡ് വായ്പയുടെ പലിശ പ്രതിമാസം 3.5 ശതമാനം ആണെന്ന് പറഞ്ഞാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ പലിശ 42 ശതമാനമാണ് (3.5 : 12). ഭവനവായ്പയുടെ വാര്‍ഷിക പലിശ നിരക്ക് വെറും 8.5 ശതമാനം ആണ് എന്നതുകൂടി ഓര്‍ക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാപലിശ എത്ര വലുതാണ് എന്ന് മനസിലായിക്കാണുമല്ലോ.
ക്രെഡിറ്റ് കാര്‍ഡിന്മേല്‍ ലഭിക്കുന്ന വായ്പ പേഴ്സണല്‍ ലോണ്‍ പോലുള്ള വായ്പയാണ്. അതിനേക്കാള്‍ പലിശ അല്‍പ്പം കൂടുതലായിരിക്കും. എന്നാല്‍ കാഷ് വിത്ഡ്രോവലിന് ഈടാക്കുന്ന അത്രയും ഉയര്‍ന്ന പലിശ ആയിരിക്കില്ല. കാഷ് വിത്ഡ്രോവല്‍ ലിമിറ്റിനേക്കാള്‍ കൂടുതല്‍ തുക ഇത്തരത്തില്‍ വായ്പയായി ലഭിക്കും.
കിട്ടാനെളുപ്പം
പ്രത്യേകം രേഖകളൊന്നും സമര്‍പ്പിക്കേണ്ട. അപേക്ഷിച്ചാല്‍ ഉടന്‍ പണം. ഇവയൊക്കെയാണ് ക്രെഡിറ്റ് കാര്‍ഡ് വായ്പയുടെ ആകര്‍ഷണീയത. പെട്ടെന്ന് തിരിച്ചടയ്ക്കാന്‍ പറ്റും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം ക്രെഡിറ്റ് കാര്‍ഡ് വായ്പയുടെ പുറകെ പോയാല്‍ മതി.
വായ്പയ്ക്കായി എന്തുചെയ്യണം
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയില്‍ വിളിച്ച് വായ്പ വേണം എന്ന് പറയുക. അവര്‍ നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി, ബില്ല് അടയ്ക്കുന്നതിലെ കൃത്യത തുടങ്ങിയവ പരിശോധിച്ച് തൃപ്തികരമെങ്കില്‍ മാത്രം വായ്പ നല്‍കും. വായ്പ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് നല്‍കും. വായ്പ കാലാവധിക്കുമുമ്പ് ഒരുമിച്ച് തിരിച്ചടച്ച് ക്ലോസ് ചെയ്യാം. പക്ഷേ അതിന് നല്ലൊരു തുക പ്രീ പേയ്മെന്റ് പെനാല്‍റ്റിയായി ഈടാക്കും.
കണ്‍സ്യൂമര്‍ ലോണായും ഉപയോഗിക്കാം
സാധനങ്ങള്‍ വാങ്ങിയശേഷം അതിന്റെ പണം തവണവ്യവസ്ഥയില്‍ തിരിച്ചടയ്ക്കാനുള്ള സൗകര്യവും ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നുണ്ട്. ആറ് മാസം മുതല്‍ മൂന്നുവര്‍ഷം വരെ തിരിച്ചടവ് കാലാവധി നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകളുമുണ്ട്. കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടിനുശേഷം ഫോണ്‍, എസ്.എം.എസ് വഴിയോ വെബ്സൈറ്റ് വഴിയോ നടത്തിയ ഇടപാട് ഇ.എം.ഐ വ്യവസ്ഥയിലേക്ക് മാറ്റണം എന്ന അപേക്ഷ കാര്‍ഡ് കമ്പനിക്ക് നല്‍കിയാല്‍ മതി. ഇ.എം.ഐ തവണ എല്ലാ മാസത്തെയും ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ രേഖപ്പെടത്തിവരും. ഓരോ മാസവും ഈ തുക അടച്ചാല്‍ മതി.
ഇത്തരത്തില്‍ ഇ.എം.ഐ ആയി മാറ്റാവുന്ന തുകയ്ക്ക് മിക്ക കാര്‍ഡ് ഉടമകളും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ തുകയ്ക്കുള്ള പര്‍ച്ചേസ് എങ്കിലും ചുരുങ്ങിയത് നടത്തിയാല്‍ മാത്രമേ അത് ഇ.എം.ഐയിലേക്ക് മാറ്റാന്‍ പറ്റൂ. ബില്‍ പീരീഡിനു നിശ്ചിത ദിവസം മുമ്പുവരെയുള്ള പര്‍ച്ചേസുകളെ ഇങ്ങനെ മാറ്റാന്‍ കഴിയൂ. ഉദാഹരണത്തിന് ബില്‍ തയ്യാറാക്കുന്ന തിയതി 15 ആണ് എങ്കില്‍ അതിനും രണ്ടോ മൂന്നോ ദിവസം മുമ്പുവരെയുള്ള ഇടപാടുകള്‍ മാത്രമേ ഇ.എം.ഐ ആയി മാറ്റാന്‍ പറ്റൂ.
ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡ് കയ്യിലുണ്ടെങ്കില്‍ മറ്റ് കാര്‍ഡുകളിലെ ബില്‍തുക അടയ്ക്കാനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. ബാലന്‍സ് ട്രാന്‍സ്ഫര്‍ എന്നാണ് ഇതിനുപറയുക. ഈ തുകയും ഇ.എം.ഐ ആയി മാറ്റാം.
ക്രെഡിറ്റ് കാര്‍ഡ് വായ്പ ആര്‍ക്കൊക്കെ അഭികാമ്യം
ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ എല്ലാവര്‍ക്കും അഭികാമ്യമല്ല. അതുകൊണ്ട് ഇത്തരത്തില്‍ വായ്പ എടുക്കുംമുമ്പ് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
- മറ്റ് വായ്പകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരും അത് ലഭിക്കുന്നതുവരെ കാത്തിരിക്കാന്‍ പറ്റുന്നവരും ക്രെഡിറ്റ് കാര്‍ഡ്, വായ്പയ്ക്കായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
- ക്രെഡിറ്റ് കാര്‍ഡ് വായ്പയും പേഴ്സണല്‍ ലോണിന്റെ സ്വഭാവത്തിലുള്ളതാണ്. എന്നാല്‍ പേഴ്സണല്‍ ലോണിന്റെ പലിശയേക്കാള്‍ അല്‍പ്പം കൂടിയ പലിശ നല്‍കണം.
- പേഴ്സണല്‍ വായ്പയുടെ അത്രയും തുകയും കാലാവധിയും ക്രെഡിറ്റ് കാര്‍ഡ് ലോണിന് ലഭിക്കില്ല.
- തിരിച്ചടവ് മുടങ്ങിയാല്‍ പലിശ നിരക്കില്‍ ഭീമമായ വര്‍ധന ഉണ്ടാകും. എന്നാല്‍ പേഴ്സണല്‍ ലോണില്‍ ഇതിന് സാവകാശം ലഭിച്ചേക്കും.
- ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ പേഴ്സണല്‍ ലോണിനേക്കാള്‍ വേഗത്തില്‍ ലഭിക്കും.
- പേഴ്സണല്‍ ലോണിനുവേണ്ടി നല്‍കുന്നതുപോലുള്ള രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ല.
- പലിശ നിരക്ക്, ചെലവ് തുടങ്ങിയവയൊന്നും പ്രശ്നമല്ല, കാര്യം നടക്കാന്‍ എത്രയും വേഗം പണം ലഭിക്കണം എന്നവസ്ഥയിലാണ് നിങ്ങളെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ നിങ്ങള്‍ക്ക് അഭികാമ്യമാണ്.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോണ്‍-9447667716. e-mail- jayakumarkk8@gmail.com)
Published: 29 Nov 2025, 03:04 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented