1972-ല്‍ പുറത്തിറങ്ങിയ ‘ദി ഗോഡ്ഫാദര്‍’ ലോകസിനിമയിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രമായി കണക്കാക്കപ്പെടുന്നു. സംവിധാനം, തിരക്കഥ,, അഭിനയം, സംഭാഷണം, ക്യാമറ, സംഗീതം എന്നിങ്ങനെ ഒരു സിനിമയുടെ സമസ്ത മേഖലകളിലും ഇത്രയും മികച്ചുനില്‍ക്കുന്ന മറ്റൊരു സിനിമ ചൂണ്ടിക്കാട്ടുക എളുപ്പമല്ല. മര്‍ലന്‍ ബ്രാന്‍ഡോയുടെയും അല്‍ പാച്ചിനോയുടെയും പ്രകടനങ്ങള്‍ ഒന്നിനൊന്ന് ഗംഭീരം. ഈ സിനിമയിലെ വീറ്റോ കോര്‍ലിയോണ്‍ എന്ന മാഫിയ തലവന്റെ വേഷം അനശ്വരമാക്കിയ ബ്രാന്‍ഡോ ഓസ്‌കര്‍ തിലകം അണിഞ്ഞിരുന്നു. സ്വന്തം കേൾവി ശക്തി വരെ അപകടത്തിലാക്കിക്കൊണ്ടാണ് ബ്രാന്‍ഡോ കഥാപാത്രത്തിന് പൂര്‍ണത നല്‍കിയത്.

മര്‍ലന്‍ ബ്രാന്‍ഡോയുടെ തയ്യാറെടുപ്പുകള്‍ ഏറെ പ്രശ്സതമാണ്. കഥാപാത്രമായി മാറാന്‍ അദ്ദേഹം ഏത് വഴികളിലൂടെയും സഞ്ചരിക്കാന്‍ സന്നദ്ധനായിരുന്നു. സെറ്റിലെ അണിയറ പ്രവര്‍ത്തകരോട് കഥാപാത്രമായി തന്നെ പെരുമാറാനും ഇടപഴകാനും അദ്ദേഹം ശ്രമിക്കുമായിരുന്നു. അത് ചില്ലറ പ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. കഥാപാത്രത്തിന്റെ സ്വഭാവം മോശമാണെങ്കില്‍ അതിന്റെ മുഴുവന്‍ പ്രയാസങ്ങളും അണിയറപ്രവര്‍ത്തകര്‍ അനുഭവിക്കേണ്ടി വരുമായിരുന്നു.
ബ്രാന്‍ഡോ മേത്തേഡ് ആക്ടറാണ്. ഏറെ സൂക്ഷ്മതയോടെ പഠിച്ചാണ് അദ്ദേഹം ഒരു കഥാപാത്രമായി മാറിക്കൊണ്ടിരുന്നത്. തിരക്കഥ കയ്യില്‍ കിട്ടിയയുടന്‍ വീറ്റോയുടെ രൂപവും ഭാവവും എങ്ങനെയായിരിക്കുമെന്ന് ബ്രാന്‍ഡോ സങ്കല്‍പ്പിച്ചു. ഫ്രാങ്ക് കോസ്റ്റെല്ലോ എന്ന യഥാര്‍ഥ മാഫിയ തലവനെ ബ്രാന്‍ഡോ മോഡലാക്കി സ്വീകരിച്ചു. അദ്ദേഹത്തിന്റെ മാനറിസങ്ങള്‍ ഉള്‍ക്കൊണ്ടു. അത് സിനിമയുടെ സംവിധായകനുമായും തിരക്കഥാകൃത്തുമായി സംസാരിച്ച് വ്യക്തമാക്കി.

സ്വന്തം ശബ്ദത്തില്‍ പോലും അദ്ദേഹം മാറ്റങ്ങള്‍ വരുത്തി. ആഴമുള്ള, പരുക്കനായ, ഗൗരവമുള്ള ശബ്ദമാക്കി മാറ്റിയെടുത്തു. രൂപത്തിലും പരീക്ഷണങ്ങള്‍ നടത്തി. മുഖത്ത് വണ്ണം തോന്നിക്കാന്‍ കവിളുകളില്‍ പേപ്പര്‍ നാപ്ക്കിന്‍ കുത്തിനിറച്ചു. മൂക്കില്‍ പോലും അദ്ദേഹം പേപ്പര്‍ നാപ്ക്കിന്‍ കയറ്റി.

അപകടകരമായ പരീക്ഷണവും അദ്ദേഹം നടത്തി. ‘ദി ഗോഡ്ഫാദറില്‍ അഭിനയിക്കുമ്പോള്‍ നാല്പത്തിയെട്ട് വയസ്സായിരുന്നു ബ്രാന്‍ഡോയ്ക്ക്. കഥാപാത്രത്തിന് അന്‍പതുകളോ അറുപതുകളുടെ തുടക്കമോ ആണ് പ്രായം. പക്ഷേ മകനുവേണ്ടി സ്ഥാനമൊഴിയുന്ന മാഫിയ നേതാവിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് കാണിക്കണം. കേള്‍വിക്കുറവ് അതിലൊന്നാണ്. കഥാപാത്രത്തിന് കേള്‍വിക്കുറവ് ഉണ്ടെന്ന് വിശ്വസനീയമായി അവതരിപ്പിക്കാന്‍ സ്വന്തം കേള്‍വിശക്തി അപകടത്തിലാക്കി ബ്രാന്‍ഡോ പ്ലഗ്ഗുകള്‍ ഉപയോഗിച്ചു.

തിരക്കഥാകൃത്തുക്കളായ മാരിയോ പുസോയും ഫ്രാന്‍സിസ് കൊപ്പോളയും ആദ്യം മനസ്സിലുറപ്പിച്ച നടനാണ് മര്‍ലന്‍ ബ്രാന്‍ഡോ. അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും വീറ്റോയാകാന്‍ കഴിയില്ലെന്ന് അവര്‍ ഉറപ്പിച്ചു. പക്ഷേ ബ്രാന്‍ഡോയുടെ എടുത്തുചാട്ടവും തുടര്‍ച്ചയായ ബോക്‌സോഫീസ് പരാജയങ്ങളും അദ്ദേഹത്തിനെ ക്ഷണിക്കുന്നതില്‍ നിന്ന് ആദ്യം നിര്‍മാതാക്കളെ പിന്തിരിപ്പിച്ചു. ആദ്യം വിട്ടുനിന്നെങ്കിലും വൈകാതെ ബ്രാന്‍ഡോയും സിനിമയുടെ ഭാഗമാകാനെത്തുകയായിരുന്നു.

1973-ലെ നാല്‍പ്പത്തിയഞ്ചാമത് ഓസ്‌ക്‌റിലാണ് ‘ദി ഗോഡ്ഫാദറി’ലെ പ്രകടനത്തിന് ബ്രാന്‍ഡോയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. പക്ഷേ, അവാര്‍ഡ് വേദിയിലേക്ക് അദ്ദേഹം പകരക്കാരിയെ അയക്കുകയാണ് ചെയ്തത്. അതും തനിക്ക് അവാര്‍ഡ് വേണ്ടെന്നുപറയാന്‍.

1973 മാര്‍ച്ച് 27-നാണ് സംഭവം. തനിക്ക് പകരം നടിയും ആക്ടിവിസ്റ്റുമായ സചിന്‍ ലിറ്റില്‍ഫെതര്‍ ആയിരിക്കും ഓസ്‌കര്‍ വേദിയിലെത്തുക എന്ന് ബ്രാന്‍ഡോ ആദ്യമേ പ്രഖ്യാപിച്ചിരുന്നു. ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ പ്രശസ്തനായ റോജര്‍ മൂറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. വേദിയിലെത്തിയ ലിറ്റില്‍ഫെതറിന് അദ്ദേഹം പുരസ്‌കാരം സമ്മാനിച്ചു. എന്നാല്‍ മര്‍ലന്‍ ബ്രാന്‍ഡോ പുരസ്‌കാരം തിരസ്‌കരിക്കുന്നു എന്ന് പറഞ്ഞ് അവരത് വാങ്ങാന്‍ കൂട്ടാക്കിയില്ല.

മര്‍ലന്‍ ബ്രാന്‍ഡോ എഴുതിയ ഒരു കുറിപ്പും ലിറ്റില്‍ഫെതര്‍ വേദിയില്‍ വായിച്ചു. ഇന്ത്യന്‍ ഗോത്രവിഭാഗത്തെ ഹോളിവുഡ് സിനിമയില്‍ പ്രതിനിധീകരിക്കുന്ന രീതിയിലുള്ള വിയോജിപ്പാണ് പുരസ്‌കാരം തിരസ്‌കരിക്കാന്‍ കാരണമെന്ന് ബ്രാന്‍ഡോ കുറിപ്പില്‍ പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi