സോഷ്യൽ മീഡിയയിലെ അനാവശ്യമായ സൈബർ ആക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരയാകുന്ന സഹപ്രവർത്തകർക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മൃണാൾ താക്കൂർ. നടിമാരായ കത്രീന കൈഫിനും കൃതി സനോണിനുമെതിരെ ഉയർന്ന ബോഡി ഷെയ്മിങ് - വസ്ത്രധാരണത്തെക്കുറിച്ചുള്ള വിമർശനങ്ങൾ എന്നിവയോട് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് (PTI) നൽകിയ അഭിമുഖത്തിലാണ് മൃണാളിന്റെ പ്രതികരണം.

കത്രീനയും കൃതിയും തങ്ങളുടെ ജീവിതത്തിലെ ഓരോ ഘട്ടവും ആസ്വദിക്കാനും സ്വന്തം തീരുമാനങ്ങൾ എടുക്കാനും പൂർണ്ണ അവകാശമുള്ളവരാണെന്ന് മൃണാൾ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ കാര്യങ്ങളിൽ കടന്നുകയറി വിമർശിക്കുന്നതിന് മുൻപ് അവർ സിനിമാ മേഖലയ്ക്കും വ്യവസായ ലോകത്തിനും നൽകിയ സംഭാവനകൾ ഓർക്കണമെന്ന് താരം അഭിപ്രായപ്പെട്ടു.

"നടിമാരെ വിമർശിക്കുന്നവർ, അവർ ഈ മേഖലയ്ക്കും ബിസിനസ് ലോകത്തിനും നൽകിയ വലിയ സംഭാവനകൾ മറന്നുപോകുകയാണോ? ഇന്ത്യയിൽ മാത്രമല്ല, യുകെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും വിജയകരമായി ബ്രാൻഡുകൾ നടത്തുന്നവരാണ് കൃതിയും കത്രീനയും. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുന്ന ശീലം ആളുകൾ അവസാനിപ്പിക്കണം" മൃണാളിന്റെ വാക്കുകൾ.

സ്ത്രീകൾ എന്നും, ഏതു ഘട്ടത്തിലും വിചാരണ ചെയ്യപ്പെടാറുണ്ടെന്നും, എന്നാൽ ഇന്നത്തെ ലോകത്ത് പുരുഷന്മാരും സമാനമായ രീതിയിൽ വിമർശനങ്ങൾ നേരിടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അംബാനി കുടുംബത്തിന്റെ വിനായക ചതുർത്തി ആഘോഷത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് കത്രീന കൈഫിന് നേരെ രൂക്ഷമായ ബോഡി ഷെയ്മിങ് നടന്നത്. പ്രസവാനന്തരമുള്ള ശരീരഭാരത്തിന്റെ പേര് പറഞ്ഞായിരുന്നു സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം താരത്തെ അധിക്ഷേപിച്ചത്. എന്നാൽ, സോഷ്യൽ മീഡിയയിലെ ഇത്തരം പ്രചാരണങ്ങൾ കാരണം തന്റെ ജീവിതവും പ്രവർത്തനങ്ങളും തടസ്സപ്പെടാൻ അനുവദിക്കില്ലെന്ന് ലണ്ടനിൽ നടന്ന ഒരു ചടങ്ങിൽ കത്രീന പിന്നീട് വ്യക്തമാക്കിയിരുന്നു.

അതേസമയം, രക്ഷാബന്ധൻ ദിനത്തിൽ പുറത്തിറങ്ങിയ ഒരു പ്രമുഖ ജുവല്ലറി പരസ്യത്തിലെ വസ്ത്രധാരണത്തിന്റെ പേരിലാണ് കൃതി സനോൺ വിവാദത്തിൽപ്പെട്ടത്. കടുത്ത എതിർപ്പിനെത്തുടർന്ന് പരസ്യം പിൻവലിച്ചെങ്കിലും കൃതി ഇതിനെതിരെ പ്രതികരിച്ചിരുന്നു. "സംസ്കാരവും പാരമ്പര്യവും ഇരിക്കുന്നത് ഒരു സ്ത്രീയുടെ മനസ്സിന്റെ നന്മയിലാണ്, അല്ലാതെ അവളുടെ വസ്ത്രത്തിന്റെ അളവിലല്ല" എന്നായിരുന്നു കൃതിയുടെ മറുപടി. എപ്പോഴാണ് സമൂഹം സ്ത്രീകളോട് എന്ത് ധരിക്കണമെന്ന് പറയുന്നത് അവസാനിപ്പിക്കുകയെന്നും കൃതി ചോദിച്ചിരുന്നു.

മൃണാൾ താക്കൂറിന്റെ ഏറ്റവും പുതിയ ചിത്രമായ 'പൂജ മേരി ജാൻ' (Pooja Meri Jaan) നിലവിൽ ZEE5-ൽ സ്ട്രീം ചെയ്യുന്നുണ്ട്. നവജോത് ഗുലാത്തി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഹുമ ഖുറേഷി, വിക്രം സിംഗ് ചൗഹാൻ, വിജയ് റാസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi