രാജ്യങ്ങള്‍ തമ്മിലുള്ള ഊഷ്മളബന്ധത്തിന്റെ ഭാഗമായി മൃഗങ്ങളെ സമ്മാനമായി നല്‍കുന്ന പതിവുണ്ട്. പ്രധാനമന്ത്രിമാരും രാജ്യതലവന്‍മാരും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴാണ് ഇങ്ങനെ സമ്മാനങ്ങള്‍ കൊടുക്കുന്നത്. പാണ്ട, കരടി, കുതിര...ലിസ്റ്റ് നീളും. ചൈനയില്‍നിന്ന് സമ്മാനമായി പല രാജ്യങ്ങള്‍ക്ക്‌ നല്‍കിയത് 23 പാണ്ടകളെയാണ്. 

1949-ല്‍ ജപ്പാനില്‍നിന്ന് കുറച്ചു കുട്ടികള്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ഒരു കത്തെഴുതി, ഞങ്ങള്‍ ഇതുവരെ ജീവനുള്ള ആനയെ കണ്ടിട്ടില്ല. അതുകൊണ്ട് ഞങ്ങള്‍ക്കായി ഒരു ആനയെ തരണം. ഇതായിരുന്നു കത്തിലെ ഉള്ളടക്കം. അങ്ങനെ മൈസൂരില്‍നിന്നൊരു കുട്ടിയാന ജപ്പാനിലെ ടോക്കിയോ മൃഗശാലയിലെത്തി. മകളോടുള്ള സ്‌നേഹത്താല്‍ ഇന്ദിര എന്നാണ് ആ ആനക്കുട്ടിക്ക് നെഹ്‌റു പേരിട്ടത്. കന്നഡ മാത്രം കേട്ടുശീലിച്ച ആനക്കുട്ടിക്കൊപ്പം രണ്ട് പാപ്പാന്‍മാരുമുണ്ടായിരുന്നു. ജപ്പാനിലെ രണ്ട് മൃഗശാല ജീവനക്കാരുമായി ഇന്ദിര ഇണങ്ങുന്നതുവരെ ആ പാപ്പാന്‍മാര്‍ അവിടെ നില്‍ക്കുകയും ചെയ്തു. 

ഇക്കാര്യമറിഞ്ഞ് പല രാജ്യങ്ങളില്‍നിന്നും കുട്ടികള്‍ കത്തുകളെഴുതി. അങ്ങനെ ഇന്ത്യയില്‍നിന്ന് ആനകള്‍ കാനഡ, തുര്‍ക്കി, ചൈന, അമേരിക്ക, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലേക്കും സഞ്ചരിച്ചു. ബെര്‍ലിനിലേക്ക് കൊണ്ടുപോയത് ശാന്തി എന്ന പേരുള്ള ആനയായിരുന്നു. കാനഡയിലെത്തിയത് രണ്ടര വയസ്സുള്ള അംബികയും നെതര്‍ലാന്‍ഡ്‌സിലെത്തിയത് കുട്ടിയാന മുരുകനുമാണ്. 

മൃഗങ്ങളോട് ഏറെ സ്‌നേഹമുള്ളയാളായിരുന്നു നെഹ്‌റു. അതറിഞ്ഞായിരിക്കാം അദ്ദേഹത്തിന് സമ്മാനമായി കിട്ടിയത് അധികവും മൃഗങ്ങള്‍ തന്നെ. പാണ്ട, കടുവക്കുട്ടി, സഹിവാള്‍ പശു, കുതിരകള്‍...1958-ല്‍ മംഗോളിയ സന്ദര്‍ശിച്ചപ്പോള്‍ നെഹ്‌റുവിന് സമ്മാനമായി ലഭിച്ചത് മൂന്ന് കുതിരകളെയായിരുന്നു. ഇവയെ എല്ലാം പ്രധാനമന്ത്രിയുടെ വാസസ്ഥലമായ തീന്‍ മൂര്‍ത്തി ഭവനിലെ സ്വകാര്യ മൃഗശാലയിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.     

placeholder
ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും ഇന്ദിര എന്ന ആനയ്‌ക്കൊപ്പം / X

ശങ്കര്‍ എന്ന ഒറ്റയാന്‍
1996-ല്‍ മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ സിംബാബ്‌വെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് സമ്മാനമായി കിട്ടിയത് രണ്ട് ആഫ്രിക്കന്‍ കുട്ടിയാനകളെയാണ്. ആദ്യ വിമാനയാത്രയും കഴിഞ്ഞ് ആനകള്‍ ഇന്ത്യന്‍മണ്ണിലിറങ്ങി. അധികം വൈകാതെ ശങ്കര്‍ദയാല്‍ ശര്‍മ അവയെ, ഡല്‍ഹി മൃഗശാലയ്ക്ക് കൈമാറി. അവര്‍ അദ്ദേഹത്തോടുള്ള സ്‌നേഹസൂചകമായി ഒരാനയ്ക്ക് ശങ്കര്‍ എന്ന് പേരിട്ടു. മറ്റേതിന് ബൊംബായ് എന്നും. 

ശങ്കറും ബൊംബായും സ്‌നേഹിച്ചും ഇണങ്ങിയും ഡല്‍ഹി മൃഗശാലയില്‍ കഴിഞ്ഞു. അതിനിടയിലാണ് അവിചാരിതമായി 2005-ല്‍ ബൊംബായ് ചെരിയുന്നത്. അതിനുശേഷം ശങ്കര്‍ ഏകാന്തജീവിതത്തിലാണ്. ഇണചേരാനാവാതെ, ഒറ്റപ്പെട്ടുള്ള ജീവിതം. മദപ്പാടുണ്ടാവുമ്പോള്‍ ശങ്കര്‍ അക്രമകാരിയായി, അതോടെ അവനെ ചങ്ങലയില്‍ തളച്ചിടുന്നത് പതിവായി. മൃഗശാലയില്‍ രണ്ട് ഏഷ്യന്‍ പിടിയാനകളുണ്ടെങ്കിലും, അവയുമായി ശങ്കറിന് വലിയ അടുപ്പമൊന്നുമില്ല. 

ഇതറിഞ്ഞ പല മൃഗസംരക്ഷണ സംഘടനകളും നിരന്തരം മൃഗശാല അധികൃതര്‍ക്ക് കത്തയച്ചു. ശങ്കര്‍ വളരെ ദുഖിതനാണെന്ന് അവര്‍ പറയുന്നു. ആനയുടെ ഏകാന്തജീവിതം അവസാനിപ്പിക്കുന്നതിനായി തങ്ങള്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നാണ് മൃഗശാല അധികൃതരുടെ പക്ഷം. ഒരു ഇണയെ കണ്ടെത്തിത്തരാനോ അല്ലെങ്കില്‍ ശങ്കറിനെ തിരിച്ചയക്കാനോ ഉള്ള സാധ്യതകള്‍ അന്വേഷിച്ച് ആഫ്രിക്കന്‍ മൃഗശാലകള്‍ക്ക് കത്തെഴുതിയിരുന്നുവെന്നും അവര്‍ പറയുന്നു. ഒടുവില്‍ കേസ് കോടതിയിലെത്തി. ശങ്കറിന് ഒരിണയെ വേഗം കണ്ടെത്തണമെന്ന് 2022-ല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഒടുവില്‍ ശങ്കറിന്റെ ഏകാന്തതയ്ക്ക് വിരാമമാവുകയാണ്. ബോട്‌സ്വാനയിലെയും സിംബാബ്‌വെയിലെയും മൃഗശാലകളില്‍നിന്ന് പിടിയാനകളെ നല്‍കാമെന്ന് ഉറപ്പുകിട്ടിക്കഴിഞ്ഞു. അങ്ങനെയെങ്കില്‍ ശങ്കറിന് അധികം വൈകാതെ ഒരു ഇണയെത്തും.