മരണമാണ് ഇനി അടുത്തതെന്ന് അറിഞ്ഞുകൊണ്ട് ഒരു ക്യാമറയ്ക്ക് മുന്നില്‍നില്‍ക്കുക, മരണശേഷവും ആ ഫോട്ടോയുടെ പേരില്‍ ഓര്‍മിപ്പിക്കപ്പെടുക, അങ്ങനെയൊരു വിധിയാണ് റെജിന കേ വാള്‍ട്ടേഴ്‌സ് എന്ന അമേരിക്കക്കാരിയെ കാത്തുനിന്നത്. റോബര്‍ട്ട് ബെന്‍ റോഡ്‌സ് എന്ന ട്രക്ക് ഡ്രൈവറുടെ ഇരകളിലൊരാളായാണ് അവള്‍ കൊല്ലപ്പെടുന്നത്. ട്രക്ക് സ്റ്റോപ്പ് കില്ലര്‍ എന്ന പേരില്‍ പിന്നീട് കുപ്രസിദ്ധി നേടിയയാളാണ് റോബര്‍ട്ട്. 

1970-കളുടെയും 80-കളുടെയും ഇടയ്ക്കുള്ള 15 വര്‍ഷം കൊണ്ട് 50-ലേറെ സ്ത്രീകളെ റോബര്‍ട്ട് ബലാത്സംഗം ചെയ്തുകൊന്നുവെന്നാണ് കരുതുന്നത്. അതില്‍ അവസാനത്തെയാളായി റെജിന. കൊല്ലുന്നതിന് തൊട്ടുമുമ്പ് റോബര്‍ട്ട് ആ പെണ്‍കുട്ടിയുടെ മുടിമുറിച്ചു, കറുത്ത ഹീല്‍സും ധരിപ്പിച്ചു. അതിനുശേഷമാണ് ആ ഫോട്ടോയെടുക്കുന്നത്. ആകെ വിളറിവെളുത്തുനില്‍ക്കുന്ന ആ പെണ്‍കുട്ടിയുടെ മുഖം ആര്‍ക്കും മറക്കാന്‍പറ്റില്ല.  

ഒരു ട്രക്ക് ഡ്രൈവറായിരുന്നു റോബര്‍ട്ട്. ആ ട്രക്ക് തന്നെയാണ് ഇരകളെ തിരയാനും അവരെ പീഡിപ്പിക്കാനും അയാള്‍ ഉപയോഗിച്ചിരുന്നതും. ആ ട്രക്കിനുപുറകില്‍ ഒരു ടോര്‍ച്ചര്‍ ചേമ്പറും അയാള്‍ ഒരുക്കിയിരുന്നു. ട്രക്കിന്റെ മുന്‍ഭാഗത്തുനിന്ന് മാത്രം അകത്തേക്ക് കയറാവുന്ന രീതിയിലായിരുന്നു ആ ടോര്‍ച്ചര്‍ ചേമ്പര്‍. അതിന്റെ സീലിങ്ങില്‍ കൈവിലങ്ങുകളും ഘടിപ്പിച്ചിരുന്നു. ദിവസവും പലനേരങ്ങളില്‍ അമേരിക്കന്‍ ഹൈവേയിലൂടെ റോബര്‍ട്ട് തന്റെ സെമി-ട്രക്ക് തലങ്ങും വിലങ്ങും ഓടിച്ചു. ആളുകളുടെ കണ്ണില്‍ പൊടിയിടാനായി ഇരുമ്പോ സ്റ്റീലോ ഉണ്ടാവും. പക്ഷേ, അതെല്ലാം ഇരകളെ കണ്ടെത്താനുള്ള യാത്രകള്‍ മാത്രമായിരുന്നു. 

ഡഗ്ലസ് സികോവ്‌സ്‌കി-കാന്‍ഡേസ് വാഷ് എന്നീ ദമ്പതികളാണ് ആദ്യം റോബര്‍ട്ടിന്റെ ഇരകളായത്. തങ്ങളുടെ മധുവിധു യാത്രയില്‍ ഒരു വ്യത്യസ്തതയ്ക്കായി ഹിച്ച് ഹൈക്കിങ് (മറ്റ് വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുക) ആണവര്‍ തിരഞ്ഞെടുത്തത്. അതിനിടയിലാണ് റോബര്‍ട്ട് ഇവരെ കാണുന്നത്. ഡഗ്ലസിനെ ആദ്യംതന്നെ കൊന്നു. ശേഷം കാന്‍ഡേസിനെ ഒരാഴ്ചയോളം ട്രക്കിന്റെ ടോര്‍ച്ചര്‍ ചേമ്പറിലിട്ടു. തുടര്‍ച്ചയായി പീഡിപ്പിച്ചശേഷമാണ് കൊല്ലുന്നത്.  

അടുത്തത് ഒരു പതിനെട്ടുകാരിയായിരുന്നു. അവളുടെ മുടിമുറിച്ച്, ദിവസങ്ങളോളം വേദനിപ്പിച്ചെങ്കിലും, പെണ്‍കുട്ടി അയാളില്‍നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു. റോബര്‍ട്ടില്‍നിന്ന് ആര്‍ക്കും തന്നെ രക്ഷിക്കാന്‍ പറ്റില്ലെന്ന വിശ്വാസത്താല്‍, പോലീസ് കേസുമായി സഹകരിക്കാന്‍ അവള്‍ തയ്യാറായില്ല.

അടുത്തതാണ് പതിനാലുകാരി റെജിന. തന്റെ ബോയ്ഫ്രണ്ടായ റിക്കി ലീ ജോണ്‍സിനൊപ്പം ഹിച്ച് ഹൈക്കിങ്ങിനായി വീടുവിട്ടതായിരുന്നു റെജിന. റിക്കിയെ റോബര്‍ട്ട് ആദ്യമേ കൊന്നുവെന്നാണ് കരുതുന്നത്. എന്നാല്‍, അതിനുള്ള തെളിവുകളൊന്നും പോലീസിന് ലഭിച്ചില്ല. അതിനുശേഷം റെജിനയെ തടങ്കലിലാക്കി. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു ഫാം ഹൗസില്‍നിന്നാണ് റെജിനയുടെ ശരീരം കണ്ടെത്തിയത്.

placeholder
റോബര്‍ട്ട് ബെന്‍ റോഡ്‌സ്‌

ട്രക്കും കൊലപാതകിയും പിടിയില്‍...
ഈ മൃതദേഹങ്ങളെല്ലാം കിട്ടിയിട്ടും, ആരാണ് കൊലപാതകിയെന്നതിനെക്കുറിച്ച് ഒരു സൂചന പോലും പോലീസിന് ലഭിച്ചിരുന്നില്ല. 1990-ല്‍ പോലീസിന്റെ സാധാരണ ചെക്കിങ്ങിലാണ് റോബര്‍ട്ട് പിടിയിലാവുന്നത്. ഇയാള്‍ കൊലയാളിയാണെന്നുപോലും പോലീസുകാര്‍ക്ക് മനസ്സിലായിരുന്നില്ല. വണ്ടി പരിശോധിക്കുന്നതിനിടയില്‍ ടോര്‍ച്ചര്‍ ചേമ്പറും അതിലൊരു യുവതിയെയും കണ്ടെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ട്രക്കില്‍നിന്ന് അയാളുടെ മര്‍ഡര്‍ കിറ്റും കണ്ടെടുത്തു. പിന്നീടുള്ള അന്വേഷണങ്ങളിലാണ് ഇയാളെക്കുറിച്ച് കൂടുതല്‍ മനസ്സിലാവുന്നത്. ഇയാളുടെ വീട്ടില്‍നിന്ന് തന്നെയാണ് റെജിനയുടേതുള്‍പ്പെടെയുള്ള ഫോട്ടോയെല്ലാം പോലീസ് കണ്ടെത്തുന്നതും. ആ ഫോട്ടോയില്‍ റെജിനയുടെ ശരീരത്തില്‍ ഒരുപാട് മുറിവകളുണ്ടായിരുന്നു. അവയില്‍ പലതും ഏകദേശം ഉണങ്ങിയ നിലയിലുമായിരുന്നു. റെജിന കുറേ ആഴ്ചകളോളം റോബര്‍ട്ടിന്റെ തടവിലായിരുന്നുവെന്ന് ഈ ചിത്രങ്ങളില്‍നിന്ന് പോലീസിന് വ്യക്തമായി. 

ഡഗ്ലസ് സികോവ്‌സ്‌കി, കാന്‍ഡേസ് വാഷ്, റെജിന എന്നിവരുടെ കൊലപാതകങ്ങളാണ് പോലീസിന് തെളിയിക്കാന്‍ കഴിഞ്ഞത്. ഇവരെ കൊന്നതിന് പരോള്‍ കിട്ടാത്ത, മരണംവരെയുള്ള തടവാണ് റോബര്‍ട്ടിന് ശിക്ഷയായി ലഭിച്ചത്. ഹിച്ച്‌ഹൈക്കിങ് ചെയ്യുന്നവരും ലൈംഗികതൊഴിലാളികളുമാണത്രേ റോബര്‍ട്ടിന്റെ ഇരകളായത്. അതുകൊണ്ടുതന്നെ കൃത്യമായ കണക്ക് പോലീസിന് ലഭ്യമല്ല. കാരണം ഈ രണ്ടുകൂട്ടര്‍ക്കുനേരെയുമുള്ള അതിക്രമങ്ങള്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ലെന്നതുതന്നെ. ഹിച്ച്‌ഹൈക്കിങ്ങില്‍ ഏര്‍പ്പെടുന്നവര്‍ മിക്കവാറും മാസങ്ങളോളം, ചിലപ്പോഴൊക്കെ വര്‍ഷങ്ങളോളം സ്വന്തം വീട്ടില്‍നിന്ന് അകന്നുനില്‍ക്കാറുണ്ട്. അതുകൊണ്ട് അവരെ കാണാതായതാണോ, ജീവനോടെയുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അവരെക്കുറിച്ചുള്ള ചോദ്യങ്ങളില്‍, താന്‍ കൊന്നുവെന്നായിരുന്നു റോബര്‍ട്ട് ആദ്യം പറഞ്ഞത്. പിന്നീട് മാറ്റിപ്പറയുകയും ചെയ്തു. 

അച്ഛനും കൊലപാതകി തന്നെ...
ഈ സ്വഭാവവൈകൃതം റോബര്‍ട്ടിന് ലഭിച്ചത് തന്റെ പിതാവില്‍നിന്നാണെന്നാണ് പറയപ്പെടുന്നത്. പന്ത്രണ്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നശേഷം, അതിന്റെ വിചാരണയ്ക്കിടയില്‍ ആത്മഹത്യ ചെയ്തയാളാണ് അയാളുടെ അച്ഛന്‍. പോലീസ് ഓഫീസര്‍ ആവണമെന്നായിരുന്നു റോബര്‍ട്ടിന്റെ ആഗ്രഹം. അതൊന്നും നടന്നില്ല. ഒടുവിലാണ് ട്രക്ക് ഡ്രൈവറായി മാറുന്നത്. 

മൂന്ന് തവണ വിവാഹം കഴിച്ച റോബര്‍ട്ടിന്, ഒരു മകനുമുണ്ട്. റോബര്‍ട്ട് ശാരീരികമായും, മാനസികമായും പീഡിപ്പിക്കുമായിരുന്നുവെന്ന് അയാളുടെ ഒരു ഭാര്യ പിന്നീട് മൊഴിനല്‍കി. അവര്‍ വേദന സഹിച്ച് പിടയുന്നതിലായിരുന്നു അയാള്‍ ആനന്ദം കണ്ടെത്തിയിരുന്നത്. ഭാര്യയെ വേദനിപ്പിച്ച് അതില്‍ ലൈംഗികോത്തേജനം കണ്ടെത്തുന്നയാളായിരുന്നുവെന്നും ഭാര്യ വെളിപ്പെടുത്തി. 

ഈ സംഭവം അമേരിക്കന്‍ ജനതയെയാകെ ഞെട്ടിച്ചതാണ്. എങ്കിലും ഒറ്റപ്പെട്ട കേസായി അവര്‍ സമാധാനിച്ചു. പക്ഷേ, ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലെ (എഫ്.ബി.ഐ) മുന്‍ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ കൂടിയായ ഫ്രാങ്ക് ഫിഗ്ലൂസി പറയുന്നത് മറ്റൊന്നാണ്. അമേരിക്കയുടെ ഹൈവേയില്‍ മാത്രം ഇത്തരത്തിലുള്ള 850 കൊലപാതകങ്ങളെങ്കിലും നടന്നിട്ടുണ്ടെന്നാണ് തന്റെ 25 കൊല്ലത്തെ അനുഭവത്തില്‍നിന്ന് ഫ്രാങ്ക് വിശദീകരിക്കുന്നത്. കേസുകള്‍ വളരെ കൂടിയപ്പോള്‍ എഫ്.ബി.ഐ ഒരു പ്രത്യേക സംഘത്തെയും നിയമിച്ചു, ഹൈവേ സ്‌പെഷല്‍ കില്ലിങ്‌സ് ഇനീഷ്യേറ്റീവ് എന്ന പേരില്‍. എന്നിട്ടും 200-ഓളം കേസുകള്‍ ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല.