
ഇസബെല്ല മാതാപിതാക്കള്‍ക്കൊപ്പം/ Photo;instagram/isabellasatishsanpal
കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കാത്തവര്‍ വിരളമായിരിക്കും. എന്നെന്നും ഓര്‍ത്തുവയ്ക്കാന്‍ ചിത്രങ്ങളെടുത്തും ആഘോഷങ്ങളൊരുക്കിയും സമ്മാനങ്ങള്‍ നല്‍കിയും ആ ദിവസം കഴിയും പോലെ എല്ലാവരും മനോഹരമാക്കും. എന്നാല്‍ ഒന്നാം പിറന്നാളിന് റോള്‍സ് റോയിസ് സമ്മാനമായി ലഭിച്ചോ. ദുബായി സ്വദേശിനിയായ ഇസബെല്ല എന്ന ഒരു വയസ്സുകാരിക്കാണ് കസ്റ്റംമെയിഡ് പിങ്ക് കളര്‍ റോള്‍സ് റോയിസ് കാര്‍ സമ്മാനമായി ലഭിച്ചത്. ഒന്നാം പിറന്നാളിന് അച്ഛന്‍ നല്‍കിയ സമ്മാനം.
ഇന്ത്യന്‍ സ്വദേശിയും ദുബായ് ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് കമ്പനി ANAX ഡെവലപ്പ്‌മെന്റ്‌സിന്റെ ഉടമയുമായ സതീഷ് സന്‍പാലും ഭാര്യ തബിന്ദ സന്‍പാലും ചേര്‍ന്നാണ് മകള്‍ക്ക് ഈ വിലയേറിയ സമ്മാനം നല്‍കിയത്. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത കാറിന്റെ ഇന്റീരിയറും സീറ്റിങ്ങുമെല്ലാം ഇസബെല്ലയുടെ ആവശ്യങ്ങള്‍ക്കിണങ്ങും വിധമാണ്. പിങ്കാണ് കാറിന്റെ നിറം. കണ്‍ഗ്രാജുലേഷൻസ് ഇസബെല്ല എന്ന നോട്ടും കാറിന് മുന്നിലുണ്ട്. അടിസ്ഥാന വില 5.6 കോടിയാണ്. മറ്റ് മോഡിഫിക്കേഷനുകള്‍ക്കനുസരിച്ച് വില അതിലും കൂടുതലുണ്ടാവാം എന്നാണ് നെറ്റിസണ്‍സിന്റെ അഭിപ്രായം.
പിറന്നാള്‍ ആഘോഷം അതിലേറെ പകിട്ടുള്ളതായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദുബായിലെ ഏറ്റവും വലിയ ലക്ഷ്വറി ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ബോളിവുഡ് താരങ്ങളായ തമന്ന, ആതിഫ് അസ്ലം, നോറ ഫതേഹി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. വിന്റര്‍ വണ്ടര്‍ലാന്‍ഡിന്റെ രൂപത്തില്‍ മഞ്ഞും, ഐസി ഷാന്‍ഡ്‌ലിയറുകളും, വൈറ്റ് ട്രീസും ഒരുക്കിയ വെന്യുവിലേക്ക് പ്രിന്‍സസ് ക്യാരിയേജിലാണ് ഇസബെല്ല വന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഇസബെല്ല മുന്‍പ് തന്നെ താരമാണ്. ലക്ഷ്വറി ഔട്ട്ഫിറ്റുകളും, ജ്വലറികളും, ആക്‌സസറികളും അണിഞ്ഞ് ഇസബെല്ലയുടെ നിരവധി ചിത്രങ്ങള്‍ അതിലുണ്ട്. 17 വര്‍ഷം കഴിഞ്ഞ് ലൈസന്‍സ് ലഭിക്കുമ്പോള്‍ ഓടിക്കാന്‍ ഇപ്പോഴേ ഇത്രയും പണം കളയണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്തയ്ക്കു വന്ന വിമര്‍ശനം. പെണ്‍കുട്ടികളെ രാജകുമാരിമാരെപ്പോലെ കരുതുന്നവരും ലോകത്തിലുണ്ടെന്ന് ചിലര്‍ കുറിക്കുന്നു.
Content Highlights: A Dubai-based 1-year-old receives a custom pink Rolls Royce as a birthday gift from her parents
Published: 27 Jun 2025, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented