ടെലിവിഷൻ താരം മാഹി വിജ് തന്റെ വാഹനശേഖരത്തിലേക്ക് പുത്തൻ ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ബിഎംഡബ്ല്യു മിനി കൂപ്പർ ആണ് താരം വാങ്ങിയത്. ഈ ആഡംബര കാർ വാങ്ങിയതിന് പിന്നിൽ ഒരു കഥയുണ്ട്.

ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന ഈ കാർ മാഹി വാങ്ങിയത് തന്റെ മകൾ താരയ്ക്ക് വേണ്ടിയാണ്. ഇതിനെക്കുറിച്ച് മാഹി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ: "എന്റെ മകൾക്ക് വെറും നാല് വയസ്സുള്ളപ്പോൾ അവൾ ഒരു മിനി കൂപ്പർ കാണുകയും 'അമ്മേ, ഒരു ദിവസം എനിക്ക് ഈ കാർ വേണം' എന്ന് പറയുകയും ചെയ്തു. അന്ന് എനിക്ക് അത് വാങ്ങി നൽകാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. മകൾക്ക് ഇത്രയും വലിയ ആഡംബരം നൽകണോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ സ്വപ്നങ്ങൾക്ക് പ്രായപരിധിയില്ലെന്നും ആഗ്രഹങ്ങൾക്ക് വിലനിലവാരമില്ലെന്നും ഞാൻ തിരിച്ചറിയുന്നു."

മകളുടെ ആഗ്രഹത്തിന് മൂല്യം നൽകാനാണ് താൻ ഈ കാർ വാങ്ങിയതെന്നും, ഇത് കേവലം ഒരു ആഡംബര വസ്തുവല്ല മറിച്ച് മകൾക്ക് നൽകുന്ന മനോഹരമായ ഒരു ഓർമ്മയാണെന്നും മാഹി കൂട്ടിച്ചേർത്തു.

മാഹി സ്വന്തമാക്കിയ ബിഎംഡബ്ല്യു മിനി കൂപ്പർ ഏകദേശം 58.50 ലക്ഷം രൂപ വില വരും. ഓൺ-റോഡ് വില 70 ലക്ഷം രൂപ വരെ വരാം. വെറും 6.9 മുതൽ 7.1 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കി.മീ വേഗത കൈവരിക്കാൻ ഈ കാറിനാകും. 2-ലിറ്റർ ടർബോ എഞ്ചിൻ, 9.4 ഇഞ്ച് ഒഎൽഇഡി ഇൻഫോടൈൻമെന്റ് സ്ക്രീൻ, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ എന്നിവ ഇതിലുണ്ട്. ഇതിന്റെ ഇലക്ട്രിക് ഫാബ്രിക് റൂഫ് വെറും 15-18 സെക്കൻഡിനുള്ളിൽ തുറക്കാനോ അടയ്ക്കാനോ സാധിക്കും. കൂടാതെ 'ഹേയ് മിനി' എന്ന വോയ്‌സ് കൺട്രോൾ അസിസ്റ്റന്റും ഇതിലുണ്ട്.

അടുത്തിടെയാണ് മാഹി വിജും ഭർത്താവും നടനുമായ ജയ് ഭാനുശാലിയും തങ്ങളുടെ വിവാഹമോചന വാർത്ത പുറത്തുവിട്ടത്. 14 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2026 ജനുവരി ആദ്യവാരമാണ് ഇവർ വേർപിരിയുന്നതായി അറിയിച്ചത്. ഈ തീരുമാനത്തിന് പിന്നിൽ നെഗറ്റീവായ കാരണങ്ങളൊന്നുമില്ലെന്നും രണ്ടുപേരും ചേർന്ന് എടുത്ത തീരുമാനമാണെന്നും അവർ വ്യക്തമാക്കിയിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi