1930 മാര്‍ച്ച് 12-ന് മഹാത്മാഗാന്ധി തന്റെ അനുയായികള്‍ക്കൊപ്പം സബര്‍മതി ആശ്രമത്തില്‍ നിന്നും ദണ്ഡി കടപ്പുറത്തേക്ക് നടന്നു. കിലോമീറ്ററുകളും നാളുകളും നീണ്ട ആ നടത്തം അസ്വാതന്ത്ര്യത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള ഇന്ത്യയുടെ നടത്തമായി  മാറുകയായിരുന്നു. അഹിംസയുടെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്  മുന്നില്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം നിസ്സഹായരായി. 

24 നാള്‍ കൊണ്ട് 387 കിലോമീറ്റര്‍ പിന്നിട്ട് ഏപ്രില്‍ 6-ന് മാര്‍ച്ച് അവസാനിച്ചു. യാത്രയുടെ തുടക്കത്തില്‍ 78 അനുയായികളാണ് ഗാന്ധിയുടെ പിന്നിലുണ്ടായിരുന്നത്. വഴി പിന്നിടുന്തോറും ആയിരങ്ങള്‍ ആ മാര്‍ച്ചില്‍ അലിഞ്ഞുചേര്‍ന്നു. ഗാന്ധിയുടെ മാതൃക പിന്തുടര്‍ന്ന ശിഷ്യന്മാര്‍ ഇന്ത്യയുടെ പല തീരങ്ങളിലും സമാനമായ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. തെക്കേ മുനമ്പായ കേരളത്തില്‍ കേളപ്പജി നടത്തിയതുപോലെ.             

ബ്രിട്ടനെതിരെ പല അടവുകള്‍ പയറ്റി ഇനിയെന്ത് ചെയ്യണമെന്ന് ആലോചിച്ച സമരനേതാക്കളുടെ മുന്നില്‍ ഗാന്ധി നിസ്സഹകരണം എന്ന ആശയവും മുന്നോട്ടുവെക്കുകയായിരുന്നു. ഇന്ത്യയൊന്നാകെ പുതിയ പ്രസ്ഥാനത്തിന് പിന്നില്‍ അണിനിരക്കണമെങ്കില്‍ അത്ര ശക്തമായിരിക്കണം ആദ്യ ചുവട് എന്ന് ഗാന്ധി മനസ്സിലാക്കി. ഉപ്പ് നിയമങ്ങളെ അദ്ദേഹം പറ്റിയ അവസരമാക്കി. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും നിസ്സഹകരണത്തിന്റെ ഭാഗമാക്കാന്‍ ഗാന്ധി ദണ്ഡി മാര്‍ച്ചിനെ തുടക്കമാക്കി.

placeholder
ഉപ്പിന് ചുമത്തപ്പെട്ട നികുതി പ്രായഭേദമന്യേ, ജാതി-മത ഭേദമന്യേ, സമ്പദ്‌വ്യവസ്ഥയുടെ വിവേചനമില്ലാതെ ഏവരെയും ബാധിക്കുന്നതായിരുന്നു. ഉപ്പ് കൂടാതെ ജീവിക്കാനാകില്ലല്ലോ. അത്രയും അടിസ്ഥാനആവശ്യങ്ങളില്‍ പോലും ബ്രിട്ടന്‍ അധികാരപ്രയോഗം നടത്തുകയാണെന്ന സന്ദേശം ജനങ്ങളിലേക്ക് ഗാന്ധി പകര്‍ന്നു. കോളനിവത്കരണത്തിന്റെ സമ്പൂര്‍ണ അധികാരപ്രവണത അദ്ദേഹം തുറന്നുകാട്ടി. 

ഏപ്രില്‍ 6-ന് രാവിലെ അദ്ദേഹം ദണ്ഡി കടപ്പുറത്ത് ഉപ്പു കുറുക്കി. അതി ലളിതമായ ആ ലഘുപ്രവൃത്തി ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ദിഗന്തം മുഴങ്ങുന്ന പോരാട്ടത്തിന്റെ ശംഖനാദമായി. അതിനുശേഷവും ഗാന്ധി ആള്‍ക്കൂട്ടത്തില്‍ നിന്നും അകന്നില്ല. തുടര്‍ച്ചയായി അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. സത്യാഗ്രഹമായിരുന്നു കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അതിനുമുന്‍പ് ഗാന്ധി അറസ്റ്റ് ചെയ്യപ്പെട്ടു.

മജ്ജയും മാംസവുമുള്ള ഇങ്ങനെ ഒരാള്‍ നമുക്കിടയില്‍ ജിവിച്ചിരുന്നോ എന്ന് വരുംതലമുറ വിശ്വസിക്കില്ല എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ മഹാത്മാഗാന്ധിയെ അനുസ്മരിച്ചിരുന്നു. പല മതില്‍ക്കെട്ടുകള്‍ക്കുള്ളിലായി ചിതറിക്കിടന്നിരുന്ന ഇന്ത്യയുടെ കോടിക്കണക്കിന് മക്കളെ സഹനത്തിന്റെ പോര്‍ക്കളത്തില്‍ ഒറ്റ സൈന്യമായി അണിനിരത്താന്‍ ഗാന്ധിക്ക് കഴിഞ്ഞു എന്നത് മഹാത്ഭുതം തന്നെയാണ്. മനസ്സിനെയും ശരീരത്തെയും ജയിച്ച ജിതേന്ദ്രിയനായ നമ്മുടെ രാഷ്ട്രപിതാവിന്റെ മനോബലം ഒന്നുതന്നെയാണ് കെട്ടുറപ്പുള്ള സമരസേനയായി ഇന്ത്യയെ മാറ്റിയത്.