ഏറെ ഇഷ്ടത്തോടെ വാങ്ങിയ പുതുവസ്ത്രം പിറ്റേന്നുതന്നെ അണിഞ്ഞ് ഒരു മനസുഖം അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. പുത്തൻ വസ്ത്രത്തിന്റെ മൃദുലതയും മണവും നിറവും ഉടൻ ധരിക്കണമെന്ന ആഗ്രഹവുമൊക്കെ കൂടിച്ചേരുമ്പോൾ ആവേശം കൂടും. എന്നാൽ പുതുവസ്ത്രം വാങ്ങിയപാടെ ധരിക്കുന്നത് നല്ലതാണോ?
കഴുകിയാൽ വസ്ത്രത്തിന്റെ നിറം മങ്ങി, പുതുമ നഷ്ടപ്പെടുമെന്ന കാഴ്ചപ്പാടാണ് പലർക്കുമുള്ളത്. കൂട്ടത്തിൽ ചിലർ മാത്രമാണ് സ്വന്തം ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ച് വസ്ത്രങ്ങൾ കഴുകി ധരിക്കുന്നത്.
Also Read
ഒരു ദീർഘദൂര യാത്ര കഴിഞ്ഞാണ് വസ്ത്രങ്ങൾ നമ്മുടെ കൈകളിലേക്കെത്തുന്നത്. ഫാക്ടറികളിൽ നിന്ന് ഗോഡൗണുകളിലേക്കും, ഷിപ്പിങ് കണ്ടെയ്നറുകളിൽ നിന്ന് ഷോറൂമുകളിലേക്കും പലപല ഇടങ്ങളിലും പലരുടെയും കൈകളിലൂടെയും ഇവ കടന്നുപോകുന്നു. ഈ യാത്രയിൽ പൊടിയും അഴുക്കും അണുക്കളുമൊക്കെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചേക്കാം. കണ്ടമാത്രയിൽ ഇഷ്ടത്തോടെ എടുത്ത് ട്രയൽറൂമിൽചെന്ന് ഇട്ടുനോക്കുന്ന ആദ്യത്തെ വ്യക്തിയും നമ്മളായിരിക്കണമെന്നില്ല. ഇതിനുമുമ്പ് പലരും ധരിച്ച് മാറ്റിവെച്ചതാകാം. കാണുമ്പോൾ പുത്തൻ ലുക്ക് തോന്നുമെങ്കിലും വിയർപ്പും പൊടിയുമൊക്കെ അതിൽ പറ്റിപ്പിടിച്ചിട്ടുണ്ടാകാം.
വസ്ത്രനിർമ്മാണ സമയത്ത് നിറം നിലനിർത്താനും തുണിയുടെ ഗുണനിലവാരം കാത്തുസൂക്ഷിക്കാനുമൊക്കെയായി ചില രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. ഈ രാസവസ്തുക്കളുടെ അവശിഷ്ടങ്ങൾ വസ്ത്രത്തിൽ ശേഷിച്ചേക്കാം. ഇവ ചിലപ്പോൾ ത്വക്കിൽ അലർജി ഉണ്ടാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. പിന്നീടത് മറ്റ് ചർമപ്രശ്‌നങ്ങളിലേക്കും വഴിമാറാം.
സെൻസിറ്റീവ് സ്‌കിൻ, എക്‌സിമ, അല്ലെങ്കിൽ അലർജിയൊക്കെ ഉള്ളവർ കഴുകാത്ത പുതുവസ്ത്രം ധരിക്കുമ്പോൾ അവരുടെ അസ്വസ്ഥതകൾ കൂടാനിടയുണ്ട്.
ശരീരത്തോട് ചേർന്ന ഇറുകിയ വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, വർക്കൗട്ട് വെയർ എന്നിവ കഴുകി ധരിക്കേണ്ടത് പ്രധാനമാണ്. കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളും കഴുകിയതിനുശേഷം മാത്രമേ ഉപയോഗിക്കാവൂ. വളരെ മൃദുലമായ ചർമമായതിനാൽ കുട്ടികൾക്ക് വളരെ വേഗത്തിൽ ചർമപ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ട്.
ചില വസ്ത്രങ്ങൾക്ക് സോപ്പുപൊടി ഉപയോഗിച്ചുള്ള കഴുകലിലൂടെ കേടുപാടുകൾ വരാൻ സാധ്യതയുണ്ട്. അത്തരം തുണിത്തരങ്ങൾക്ക് ഷാംപൂ വാഷാണ് നല്ലത്. ചില ജാക്കറ്റുകൾ, പാർട്ടി വെയർ എന്നിവ സോപ്പുപയോഗിച്ച് കഴുകുമ്പോൾ അവയുടെ രൂപഭംഗി നഷ്ടപ്പെട്ടേക്കാം. അത്തരത്തിൽ ഡ്രൈ-ക്ലീൻ മാത്രം വേണ്ട വസ്ത്രങ്ങൾക്ക് പ്രത്യേക പരിചരണം നൽകുക. കഴുകാതെ ധരിക്കുമ്പോൾ, അല്പനേരം വെയിലത്ത് വിരിച്ചിട്ട് ഉണക്കുകയോ, ആദ്യം അകത്ത് മറ്റൊരു വസ്ത്രം ധരിച്ച ശേഷം പുതുവസ്ത്രം ധരിക്കുകയോ ചെയ്യാം. ചർമത്തിന്റെ ആരോഗ്യം സംരക്ഷിച്ചുകൊണ്ട് വസ്ത്രം ധരിക്കുന്നത് പുതിയൊരു ശീലമായി മാറട്ടെ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: New clothes should be washed before they are worn to prevent skin allergies
Published: 04 May 2026, 01:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented