മുഖത്തെ സെൻസിറ്റീവ് ചർമത്തെക്കുറിച്ച് നമ്മളിൽ പലർക്കും നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ സുഗന്ധരഹിത ക്ലെൻസറുകൾ തിരഞ്ഞെടുക്കുകയും, ഉൽപ്പന്നങ്ങളിലെ ചേരുവകൾ (Ingredients) പരിശോധിക്കുകയും ചെയ്യുന്ന ശീലവുമുണ്ട്. എന്നാൽ ഇതേ സെൻസിറ്റിവിറ്റി തലയോട്ടിയെയും (Scalp) ബാധിക്കാമെന്ന കാര്യം പലപ്പോഴും ഓർക്കാറില്ല. മുഖത്തെ ചർമം എളുപ്പത്തിൽ ചുവന്നുപോകുകയോ, ചൊറിച്ചിലോ, അലർജിയോ അനുഭവപ്പെടുകയോ ചെയ്യുന്നവരിൽ തലയോട്ടിയും അതേ രീതിയിൽ പ്രതികരിക്കാൻ സാധ്യതയുണ്ടെന്നാണ് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്. അതിനാൽ മുടി കളർ ചെയ്യുമ്പോൾ നിറം മാത്രമല്ല, ഉപയോഗിക്കുന്ന ഉൽപ്പന്നത്തിലെ ഘടകങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

To advertise here,

തലയോട്ടി സെൻസിറ്റീവാണോ? തിരിച്ചറിയാനുള്ള വഴികൾ
തലയോട്ടി പുറത്തുനിന്ന് നോക്കുമ്പോൾ ആരോഗ്യകരമായി തോന്നിയാലും ചില ലക്ഷണങ്ങൾ സെൻസിറ്റിവിറ്റിയെ സൂചിപ്പിക്കാം.

  • മുടി കഴുകിയതിനുശേഷം തലയോട്ടി വലിഞ്ഞു മുറുകുന്നതുപോലുള്ള തോന്നൽ
  • ഹെയർ കളറിങ്ങിനോ സ്‌റ്റൈലിങ്ങിനോ ശേഷം ചൊറിച്ചിൽ
  • നേരിയ കുത്തലോ എരിയുന്നതുപോലെയോ ഉള്ള അനുഭവം
  • ചുവപ്പ് നിറം, അസ്വസ്ഥത
  • തലയോട്ടിയിൽനിന്ന് താരൻപോലെ വെളുത്ത അടരുകൾ പൊടിഞ്ഞുവീഴൽ.
    മുടിക്കടിയിൽ മറഞ്ഞുകിടക്കുന്നതിനാൽ ഇത്തരം ലക്ഷണങ്ങൾ പലരും അവഗണിക്കുകയാണ് പതിവ്. എന്നാൽ ഇവ സ്‌കാൽപ്പിന്റെ സംരക്ഷണ പാളി (Skin Barrier) ദുർബലമായതിന്റെ സൂചനകളാകാം.

ഹെയർ കളർ പ്രശ്‌നമാകുമ്പോൾ
പെർമനന്റ് ഹെയർ കളറുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ചില രാസഘടകങ്ങളാണ് പ്രധാന കാരണം.
അമോണിയ (Ammonia): ഇത് മുടിയുടെ പുറംപാളി തുറന്ന് നിറം മുടിയിലേക്ക് കടക്കാൻ സഹായിക്കുന്നു. എന്നാൽ ഇത് തലയോട്ടിയിൽ പുകച്ചിൽ, ചൊറിച്ചിൽ, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകാം.
പി.പി.ഡി (PPD): പാരാ-ഫെനൈലിൻ ഡയാമിൻ (Para-Phenylenediamine-PPD) എന്ന ഘടകം ചിലരിൽ ശക്തമായ അലർജി ഉണ്ടാക്കാൻ സാധ്യതയുള്ളതാണ്. അലർജിക് കോൺടാക്ട് ഡെർമറ്റൈറ്റിസ് (Allergic Contact Dermatitis) പോലുള്ള പ്രശ്‌നങ്ങൾക്കും ഇത് കാരണമായേക്കാം. ഇതിനുപുറമെ സുഗന്ധവസ്തുക്കൾ, പ്രിസർവേറ്റീവുകൾ, സർഫാക്ടന്റുകൾ എന്നിവയും ചിലരിൽ തലയോട്ടിയെ പ്രകോപിപ്പിക്കാം.

പാച്ച് ടെസ്റ്റ് നിർബന്ധം
ഹെയർ കളർ ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ചെവിക്കു പിന്നിലോ കൈയുടെ അകത്തെഭാഗത്തോ ചെറിയ അളവിൽ കളർ പുരട്ടി 24 മുതൽ 48 മണിക്കൂർ വരെ കാത്തുനോക്കുക. ചൊറിച്ചിൽ, ചുവപ്പ്, വീക്കം, എരിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആ ഉൽപ്പന്നം ഉപയോഗിക്കരുത്.

സൗന്ദര്യവർധക മേഖലയിൽ ഇപ്പോൾ തലയോട്ടിയുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്ന ഉൽപ്പന്നങ്ങളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. അമോണിയയും പിപിഡിയും ഇല്ലാത്ത ഹെയർ കളറുകൾ, ഡെർമറ്റോളജിസ്റ്റ് ടെസ്റ്റുചെയ്ത ഫോർമുലകൾ, സ്‌കാൽപ്പിനെ സംരക്ഷിക്കുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയ ഉൽപ്പന്നങ്ങൾ എന്നിവ വിപണിയിൽ കൂടിവരികയാണ്. ഇവ തലയോട്ടിയിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സംരക്ഷണപാളി നിലനിർത്താനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.

ഹെയർ കളർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

  • അമോണിയയും പിപിഡിയും ഇല്ലാത്ത ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക.
  • ആദ്യമായി ഉപയോഗിക്കുന്ന ബ്രാൻഡാണെങ്കിൽ പാച്ച് ടെസ്റ്റ് നിർബന്ധമായും ചെയ്യുക.
  • എക്‌സിമ, സോറിയാസിസ്, കടുത്ത താരൻ തുടങ്ങിയ പ്രശ്‌നങ്ങൾ അലട്ടുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഹെയർ കളർ ഉപയോഗിക്കാവൂ.
  • കളറിങ്ങിനുശേഷം അസഹ്യമായ ചൊറിച്ചിലോ വീക്കമോ ശ്വാസതടസ്സമോ ഉണ്ടായാൽ ഉടൻ ചികിത്സ തേടുക.
  • കളർ ചെയ്തതിനുശേഷം തലയോട്ടിയെ മോയ്‌സ്ചറൈസ് ചെയ്യാനും മൃദുവായ ഷാംപൂ ഉപയോഗിക്കാനും മറക്കരുത്.
    മുഖത്തെ ചർമത്തെപ്പോലെ തന്നെ തലയോട്ടിയുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ ഹെയർ കളർ തിരഞ്ഞെടുക്കുമ്പോൾ നിറത്തിന്റെ ഭംഗി മാത്രം നോക്കാതെ, അതിലെ ഘടകങ്ങളും പരിഗണിച്ചാൽ മുടിയുടെ സൗന്ദര്യവും സ്‌കാൽപ്പിന്റെ ആരോഗ്യവും ഒരുപോലെ സംരക്ഷിക്കാനാകും.
    കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi