നിരന്തരമായ ഹെയർ കളറിങ്ങിനും ഹീറ്റ് സ്റ്റൈലിങ്ങിനും ശേഷം നിങ്ങളുടെ മുടി അസാധാരണമാംവിധം പരുപരുത്തതായോ, ചീകുമ്പോൾ പൊട്ടിപ്പോകുന്നതായോ തോന്നുന്നുണ്ടോ? എങ്കിൽ, നിങ്ങൾ പതിവായി ഉപയോഗിക്കുന്ന ഷാംപൂവിനും കണ്ടീഷണറിനും അപ്പുറം ചിന്തിക്കേണ്ട സമയമായിരിക്കുന്നു. രാസവസ്തുക്കൾ ഉപയോഗിച്ച് ട്രീറ്റ് ചെയ്തതോ, കേടുപാടുകൾ സംഭവിച്ചതോ, അമിതമായി പ്രോസസ്സ് ചെയ്തതോ ആയ മുടിയുള്ളവർക്ക് 'ബോണ്ട് റിപ്പയർ ട്രീറ്റ്‌മെന്റുകൾ' ഗുണം ചെയ്യും.

To advertise here,

എന്താണ് ഹെയർ ബോണ്ടുകൾ?

ഓരോ മുടിയിഴയും പ്രധാനമായും നിർമ്മിച്ചിരിക്കുന്നത് 'കെരാറ്റിൻ' (Keratin) എന്ന പ്രോട്ടീൻ ഘടന കൊണ്ടാണ്. വ്യത്യസ്ത തരത്തിലുള്ള രാസബന്ധനങ്ങൾ (Chemical bonds) ആണ് ഈ പ്രോട്ടീനുകളെ ചേർത്തുനിർത്തുന്നത്. മുടിയുടെ ബലം, ഇലാസ്തികത, ആകൃതി എന്നിവ നിലനിർത്തുന്നത് ഈ ബോണ്ടുകളാണ്. തുടർച്ചയായ ബ്ലീച്ചിങ്, കളറിങ്, കെമിക്കൽ സ്ട്രെയിറ്റനിങ്, അമിതമായ ഹീറ്റ് സ്റ്റൈലിങ്, മുടിയിലുണ്ടാകുന്ന മറ്റ് സമ്മർദ്ദങ്ങൾ എന്നിവ മുടിയുടെ ഈ ആന്തരിക ഘടനയെ ദുർബലപ്പെടുത്തുന്നു. ഇത് മുടി പെട്ടെന്ന് പൊട്ടിപ്പോകാൻ കാരണമാകുന്നു.

മുടിയിഴകളിലെ ദുർബലമായ ഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് ബോണ്ട് റിപ്പയർ ട്രീറ്റ്‌മെന്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവ മുടിയുടെ പ്രോട്ടീൻ ഘടനയെ സ്വാധീനിക്കും. മുടിയുടെ പുറംപാളിയായ ക്യൂട്ടിക്കിളിനെ (Cuticle) മാത്രം മിനുസപ്പെടുത്തുന്ന സാധാരണ കണ്ടീഷണറുകളിൽ നിന്ന് വ്യത്യസ്തമായി, മുടിയിഴകളുടെ ഉള്ളിലെ കേടുപാടുകൾ പരിഹരിക്കാനാണ് ഈ ട്രീറ്റ്‌മെന്റുകൾ ലക്ഷ്യമിടുന്നത്.

ഗുണങ്ങൾ

മുടിയുടെ ആരോഗ്യം നിലനിർത്താൻ ഒരു ബോണ്ട് റിപ്പയർ ഉൽപ്പന്നം ഉപയോഗിക്കുന്നത് ഗുണം ചെയ്യും. പ്രത്യേകിച്ച് കെമിക്കൽ, ഹീറ്റ് ട്രീറ്റ്‌മെന്റുകൾക്ക് വിധേയമായ മുടിക്ക് ഇത് ഏറെ ഫലപ്രദമാണ്. ദുർബലമായ മുടിയിഴകൾ ചീകുമ്പോഴും കഴുകുമ്പോഴും സ്റ്റൈൽ ചെയ്യുമ്പോഴും പൊട്ടിപ്പോകാൻ സാധ്യത കൂടുതലാണ്. ബോണ്ട് റിപ്പയർ ഫോർമുലേഷനുകൾ മുടിയുടെ ബലവും പ്രതിരോധശേഷിയും വർദ്ധിപ്പിച്ച് മുടി പൊട്ടുന്നത് കുറയ്ക്കുന്നു. ആരോഗ്യമുള്ള മുടിക്ക് സ്വാഭാവികമായ വഴക്കം ഉണ്ടായിരിക്കും. കേടുപാടുകൾ സംഭവിക്കുമ്പോൾ മുടി അമിതമായി വലിയുന്നതോ പെട്ടെന്ന് പൊട്ടുന്നതോ ആയ അവസ്ഥയിലേക്ക് മാറാം. ബോണ്ട്-ഫോക്കസ്ഡ് ട്രീറ്റ്‌മെന്റുകൾ മുടിയിഴകളുടെ വഴക്കവും കരുത്തും തിരിച്ചുപിടിക്കാൻ സഹായിക്കുന്നു. കൂടാതെ, പല ബോണ്ട് റിപ്പയർ ഉൽപ്പന്നങ്ങളിലും കണ്ടീഷനിങ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്; ഇത് പരുപരുത്ത മുടിയിഴകളെ മൃദുവാക്കാനും ജട പിടിക്കുന്നത് കുറയ്ക്കാനും എളുപ്പത്തിൽ ചീകിയൊതുക്കാനും സഹായിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം?

പല തരം ബോണ്ട് റിപ്പയർ ഉൽപന്നങ്ങൾ ഇന്നു മാർക്കറ്റിൽ ലഭ്യമാണ്. ഏതൊരു ഉൽപ്പന്നത്തിന്റെയും പൂർണ്ണമായ ഗുണം ലഭിക്കാൻ അതിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഉപയോഗിക്കേണ്ടതുണ്ട്. ചില ട്രീറ്റ്‌മെന്റുകൾ ഷാംപൂ ചെയ്യുന്നതിന് മുമ്പ് ഉപയോഗിക്കാനുള്ളവയാണ്, മറ്റുചിലത് മുടി കഴുകിയ ശേഷമോ അല്ലെങ്കിൽ മുടിയിൽ പുരട്ടി നിർത്താവുന്നവയോ ആയിരിക്കും. അതിനാൽ പാക്കറ്റിലെ നിർദ്ദേശങ്ങൾ വായിച്ച് മനസ്സിലാക്കി കൃത്യമായി പാലിക്കുക.

കൂടുതൽ അളവിൽ ഉൽപ്പന്നം ഉപയോഗിക്കുന്നത് കൊണ്ട് വേഗത്തിൽ ഫലം ലഭിക്കണമെന്നില്ലാത്തതിനാൽ നിർദ്ദേശിച്ചിട്ടുള്ള ഇടവേളകളിൽ മാത്രം ഇവ ഉപയോഗിക്കുക. ബോണ്ട് റിപ്പയറും ഹൈഡ്രേഷനും (ഈർപ്പം നിലനിർത്തൽ) മുടിയുടെ രണ്ട് വ്യത്യസ്ത ആവശ്യങ്ങളാണ്. അതിനാൽ മുടിയുടെ വരൾച്ച മാറ്റാൻ അനുയോജ്യമായ ഒരു കണ്ടീഷണറോ മോയ്സ്ചറൈസിംഗ് മാസ്കോ ഒപ്പം ഉപയോഗിച്ച് ഈർപ്പവും റിപ്പയറും സന്തുലിതമാക്കാൻ ശ്രദ്ധിക്കണം.

ഇതോടൊപ്പം ഹീറ്റ് പ്രൊട്ടക്ടന്റ് ഉപയോഗിക്കാനും ഉയർന്ന താപനിലയിലുള്ള സ്റ്റൈലിങ് ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനും ശ്രമിക്കുക. എല്ലാറ്റിനുമുപരിയായി ക്ഷമയോടെ കാത്തിരിക്കുക എന്നതും പ്രധാനമാണ്. മുടിക്കുണ്ടായ കേടുപാടുകൾ ഒറ്റരാത്രികൊണ്ട് മാറില്ല; കൃത്യവും തുടർച്ചയായതുമായ പരിചരണത്തിലൂടെ മാത്രമേ കേടുവന്ന മുടിയിഴകളുടെ ആരോഗ്യവും ഭംഗിയും തിരിച്ചുപിടിക്കാൻ സാധിക്കുകയുള്ളൂ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi