രാവിലെത്തന്നെ ഒരുണർവു കിട്ടുന്നില്ലെന്നത് മിക്കവരുടെയും പരാതിയാണ്. തലേന്നത്തെ ക്ഷീണവും ആ ദിവസം ചെയ്തുതീർക്കാനുള്ള പണികളോർത്തുള്ള സമ്മർദ്ദവും ശാരീരികമായ ബുദ്ധിമുട്ടുകളുമെല്ലാമാവാം അതിനു കാരണം. എന്നാൽ, തലച്ചോറിനെ നല്ല രീതിയിൽ പരിപാലിച്ചാൽ ദിവസം തുടങ്ങുമ്പോൾ തൊട്ട് മനസ്സിനെ ഊർജ്ജത്തോടെ, സജീവമാക്കിനിർത്താൻ പറ്റും. രാവിലത്തെ ഈ ശീലങ്ങൾ ഒരുപക്ഷേ നിങ്ങളെ സഹായിക്കും.

15 മിനിറ്റിനുള്ളിൽ വെള്ളം കുടിക്കാം. രാവിലെ എഴുന്നേറ്റ് 15 മിനിറ്റിനുള്ളിൽ ഒരുഗ്ലാസ് വെള്ളം കുടിക്കാം. തലച്ചോറിന്റെ 75 ശതമാനവും വെള്ളമായതിനാൽ ഏഴോ എട്ടോ മണിക്കൂർ ഉറക്കം കഴിഞ്ഞ് വരുമ്പോൾ നിർജലീകരണം സംഭവിക്കാൻ ഇടയുണ്ട്. രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഇതൊഴിവാക്കാനും മാനസികനിലയെ മെച്ചപ്പെടുത്താനും സഹായിക്കും.

അടുത്തതായി ദിവസവും രാവിലെ പത്തുമിനിറ്റ് സൂര്യപ്രകാശം കൊള്ളാം. അത് നിങ്ങളുടെ ജൈവഘടികാരം നിയന്ത്രിക്കാനും ശരീരത്തിന്റെ സന്തുലിതാവസ്ഥയെ നിയന്ത്രിക്കുന്ന സെറോടോണിൻ ഹോർമോൺ വർധിപ്പിക്കാനും സഹായിക്കുന്നു. ഇത് മാനസികനിലയും ശ്രദ്ധയും മെച്ചപ്പെടുത്തും. പറ്റുമെങ്കിലും പുറത്തിറങ്ങി പ്രകൃതിയിൽ അല്പനേരം ചിലവിടാം.

പത്തുമിനിറ്റ് ശരീരമനങ്ങി എന്തെങ്കിലും ചെയ്യാം. ചെറുവ്യായാമങ്ങളോ യോഗയോ നടത്തമോ അങ്ങനെയെന്തുമാവാം. ഇത് രക്തപ്രവാഹവും ഓർമശക്തിയും ശ്രദ്ധയും വർധിപ്പിക്കാനും ഉചിതമായ തീരുമാനങ്ങളെടുക്കാനും സഹായിക്കും.

ഏതാനും മിനിറ്റുകൾ ദീർഘമായ ശ്വാസോച്ഛ്വാസമെടുത്ത് മെഡിറ്റേഷൻ ശീലമാക്കാം. ഇത് സ്ട്രസ്സ് ഹോർമോൺ കുറയ്ക്കാൻ സഹായിക്കും.

പ്രോട്ടീൻ സമ്പന്നമായ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതാണ് മറ്റൊന്ന്. മുട്ട, യോഗേർട്ട്, ഡ്രൈഫ്രൂട്സ് തുടങ്ങിയവ മികച്ച ഓപ്ഷനായിരിക്കും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi