നിറയെ മരങ്ങളും ചെടികളുമുള്ള വിശാലമായ തൊടിക്കു നടുവിലെ ഓടിട്ട വീടും കിളികളും തണുപ്പും കുളവുമൊക്കെ മലയാളിയുടെ ഗൃഹാതുരമായ ഓര്‍മകളാണ്. പണ്ടത്തെ വീടുകളെല്ലാം തന്നെ ഇത്തരത്തിലായിരുന്നുവെങ്കില്‍ ഇന്ന് മുറ്റത്തിന് പോലുമിടമില്ലാത്ത ചെറിയ സ്ഥലങ്ങളില്‍ വീടുകള്‍ ഒതുക്കേണ്ടി വരുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഈ ഇത്തിരിയിടത്തിലും മനോഹരമായ പൂന്തോട്ടവും പച്ചപ്പുമൊരുക്കുകയാണ് ട്രോപ്പിക്കല്‍ ഫോറസ്റ്റ് ഗാര്‍ഡന്‍ എന്ന സങ്കല്‍പ്പത്തിലൂടെ. നമ്മുടെ കാലാവസ്ഥയെയും പരിസ്ഥിതിയെയും പരിരക്ഷിച്ചുകൊണ്ടുള്ള ലാന്‍ഡ്‌ സ്‌കേപ്പിങ്ങാണ് ട്രോപ്പിക്കല്‍ ഫോറസ്റ്റ് ഗാര്‍ഡന്‍ എന്ന രീതി.

To advertise here,

കാടാണ് പൂന്തോട്ടം
കുറച്ച് കല്ലുകള്‍ പതിച്ച്, ചെടികള്‍ വെച്ച്, പുല്ലുപിടിപ്പിച്ച് ചുറ്റുവട്ടം നിറയ്ക്കുന്നതല്ല ലാന്‍ഡ്‌ സ്‌കേപ്പിങ് ഇപ്പോള്‍. വീടിനു ചുറ്റുമുള്ള മണ്ണ്, വീടിരിക്കുന്ന പ്രദേശത്തെ കാലാവസ്ഥ, വെള്ളത്തിന്റെ ലഭ്യത, ഭൂമിയുടെ ചെരിവ്, സൂര്യപ്രകാശത്തിന്റെ ലഭ്യത ഇതെല്ലാം പരിശോധിച്ചശേഷമാണ് വീടിനു ചുറ്റും പച്ചപ്പു നിറയ്ക്കുന്നത്. 

1. വീട് പണിയുമ്പോള്‍ തന്നെ ചുറ്റുമുള്ള മരങ്ങളെയും ചെടികളെയും നശിപ്പിക്കാതെ നിലനിര്‍ത്തുന്നതാണ് ഉചിതം.
2. ട്രോപ്പിക്കല്‍, സെമിട്രോപ്പിക്കല്‍ എന്നീ രണ്ട് രീതിയിലും വീടിന്റെ ചുറ്റുവട്ടം ഒരുക്കാം. ഏത് രീതിയാണെങ്കിലും പരിസ്ഥിതി സംരംക്ഷണം എന്നത്‌ കൂടിയുണ്ട് ലക്ഷ്യം. 
3. എല്ലാക്കാലത്തും പച്ചപ്പു നിറയ്ക്കുന്ന സസ്യങ്ങളാണ് ഈ പൂന്തോട്ടത്തിന്റെ മറ്റൊരു പ്രത്യേകത. വീടിനുള്ളില്‍ നിന്നിറങ്ങി കാട്ടിലേക്ക് നടക്കുന്നതുപോലെ തോന്നുമെന്ന് ചുരുക്കം.
4. പക്ഷികളെയും ജീവികളെയും മറ്റും ആകര്‍ഷിക്കുന്ന, പഴങ്ങളുണ്ടാകുന്ന ചെറിയ മരങ്ങള്‍, പൂമ്പാറ്റകളെ ആകര്‍ഷിക്കുന്ന ചെടികള്‍, ഔഷധസസ്യങ്ങള്‍ എന്നിവ ധാരാളമായി നട്ടുപിടിപ്പിക്കാം. 
5. രാത്രിയും പകലും ഒരുപോലെ ഭംഗിലഭിക്കുന്ന രീതിയില്‍ ചെടികള്‍ നടാന്‍ ശ്രദ്ധിക്കണം.
6. വീടിന്റെ പിന്‍മുറ്റവും ഈ പൂന്തോട്ടത്തിന്റെ ഭാഗമാക്കുന്നതാണ് നല്ലത്. ചെടികളും മരങ്ങളും നിറഞ്ഞ് ശരിക്കുള്ള ഗാര്‍ഡന്റെ രൂപത്തിലേക്കെത്താന്‍ കുറഞ്ഞത് മൂന്ന് മാസം വരെ സമയം വേണം. 
7. ട്രോപ്പിക്കല്‍ ആമ്പിയന്‍സാണ് കേരളത്തിന് ഏറ്റവും യോജിച്ചത്. ഇന്തോനേഷ്യ, ബാലി എന്നിവിടങ്ങളില്‍ നിന്നുള്ള ചെടികള്‍ ധാരാളമായി കേരളത്തിലെ ലാന്‍ഡ്‌ സ്‌കേപ്പിങില്‍ ഉപയോഗിക്കാറുണ്ട്. അവയിലേറെയും ഔഷധസസ്യങ്ങളാണ്. 
8. പൂക്കളുണ്ടാകുന്ന ചെടികള്‍ സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന ഇടങ്ങളില്‍ നടണം. ഇന്‍ഡോര്‍ ചെടികള്‍ സീസണലാവാം. വെള്ളം ധാരാളമായി ലഭ്യമാക്കണം.

എന്തൊക്കെ ചെടികള്‍ 

1. സിഗാര്‍ പ്ലാന്റ് (calathea lutea)- 200 ലധികം വൈവിധ്യങ്ങള്‍ ഈ ചെടിക്കുണ്ട്. ചട്ടിയിലോ വെറുതേ മണ്ണിലോ വളര്‍ത്താം.
 
2. ഗ്രേറ്റര്‍ ഗലങ്കാര്‍ (Alpinia galanga)- ഇഞ്ചിവര്‍ഗത്തില്‍ പെടുന്ന ഔഷധസസ്യമാണ് ഇത്.

3. റബര്‍ ഫിഗ്- നല്ല വെളിച്ചമുള്ള സ്ഥലത്ത് വീടിനുള്ളിലും പുറത്തും ഒരുപോലെ വളര്‍ത്താന്‍ പറ്റിയ ചെടിയാണ് ഇത്. മൂന്ന് മുതല്‍ ആറ് അടിവരെ ഉയരം വയ്ക്കും. 

4. ട്രീ ഫേണ്‍ - ധാരാളം വെള്ളം ആവശ്യമുള്ള ചെടിയാണ് ഇത്. 

5. യുക്കാ- എല്ലാക്കാലത്തും പച്ചപ്പുനിറഞ്ഞ ചെറിയ മരച്ചെടിയാണ് ഇത്. ഏത് കാലാവസ്ഥയിലും വളരും.

6. പാര്‍ലര്‍ പാം - ചെറിയ വെളിച്ചം മതിയെന്നതാണ് ഈ ചെടിയുടെ ഗുണം. ഈര്‍പ്പമേറിയ കാലാവസ്ഥയിലും നന്നായി വളരും. 

7. വാഴച്ചെടികള്‍- പണ്ടൊക്കെ നമ്മുടെ തൊടികളില്‍ വര്‍ണവിസ്മയം തീര്‍ത്തിരുന്ന ഈ ചെടികളുടെ പല വെറൈറ്റികളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.

8. ബാംബൂ ചെടികള്‍ - വ്യത്യസ്തതരം മുളച്ചെടികള്‍ ഇന്ന് ലഭിക്കും. എല്ലാക്കാലത്തും പൂന്തോട്ടത്തിന് പച്ചപ്പു നല്‍കാന്‍ ഇവ നടാം. മൂന്ന് മീറ്റര്‍ വരെ ഉയരം വയ്ക്കും. ഏഷ്യന്‍ വണ്ടര്‍ അഥവാ അംബ്രല്ലാ ബാംബൂവാണ് ചെടിപ്രേമികളുടെ ഇഷ്ടഇനം. ട്രോപ്പിക്കല്‍ റെയിന്‍ ഫോറസ്റ്റ് ഗാര്‍ഡനുകളുടെ ഇഷ്ട ഇനമാണ് ഇത്. 

9. ന്യൂസിലന്‍ഡ് ഫളക്സ് (Phormium Tenax Variegatum) - എക്കാലവും വാടാതെ നില്‍ക്കുമെന്നതു തന്നെയാണ് ഈ ചെടിയുടെയും പ്രത്യേകത. വാളുപോലെ നീണ്ട ഇളംപച്ചയിലകള്‍ക്ക് മഞ്ഞയോ ഓറഞ്ചോ മജന്തയോ നിറത്തില്‍ ബോര്‍ഡര്‍ ലൈനുണ്ടാവും. 

10. പന്നൽ ചെടികൾ - ഈർപ്പം കൂടുതലുള്ള മണ്ണിലും ഇവ നന്നായി വളരും. വനത്തിന്റെ ശരിയായ ഫീൽ നൽകാൻ ഈ ചെടികൾ സഹായിക്കും.

എങ്ങനെയൊരുക്കാം
ചെറുതായാലും വലുതായാലും ഈ ഗാര്‍ഡനില്‍ ഇറങ്ങിയാല്‍ കാടിന്റെയുള്ളില്‍ പോകുന്നതുപോലെയുള്ള അനുഭവമുണ്ടാകണം. വീട് പണിയാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ ലാന്‍ഡ്‌ സ്‌കേപ്പ് വിദഗ്ധരോട് ഇതിനെപ്പറ്റി സംസാരിക്കാം. നിലവിലുള്ള ഭൂപ്രകൃതിയെ മാറ്റിമറിക്കാതെ വീട് പണിയാന്‍ ഇത് സഹായിക്കും. സ്ഥലത്തിന്റെ ഉയര്‍ച്ചതാഴ്ചകളും മറ്റ് പ്രത്യേകതകളും നിലനിര്‍ത്തിയാണ് വീട് പണിയുന്നതെങ്കില്‍ ഇത്തരമൊരു പൂന്തോട്ടമൊരുക്കാന്‍ എളുപ്പമായിരിക്കും. 

പല തട്ടുകള്‍
സസ്യങ്ങളുടെ പല നിലകള്‍ ഈ ഗാര്‍ഡനിലുണ്ടാകും. 
1. കാനൊപി ലെയര്‍- വലിയ കായ്കനികള്‍ ഉണ്ടാകുന്ന മരങ്ങള്‍. മാവ്, ചിക്കൂ, നെല്ലി, പ്ലാവ്, ഞാവല്‍ പോലുള്ള മരങ്ങള്‍
2. ലോ ട്രീ ലെവല്‍- ചെറിയ മരങ്ങള്‍. ചാമ്പ, പേര, പപ്പായ പോലുള്ളവ 
3. ഷ്രബ് ലയര്‍- ഫാഷന്‍ ഫ്രൂട്ട് പോലുള്ളവ
4. ഹെര്‍ബേഷ്യസ് ലെയര്‍- സാധാരണ പൂച്ചെടികളും ഔഷധസസ്യങ്ങളും. മുല്ല, തുളസി, ചെമ്പരത്തി, തുമ്പ...അങ്ങനെ
5. റിസോസ്പിയര്‍- മധുരക്കിഴങ്ങ്, ചേമ്പ് പോലുള്ളവ
6. ഗ്രൗണ്ട് കവര്‍ ലെയര്‍- തണ്ണിമത്തന്‍, കുമ്പളം എന്നിവ പോലെ നിലത്ത് പടര്‍ത്തുവ 

കടപ്പാട്: ഷുഹൈബ് റഹ്മാന്‍ 
ഗ്രീന്‍മാന്‍ ലാന്‍ഡ്‌സ്‌കേപ്പ്
ആര്‍ക്കിടെക്ചറല്‍ ലാന്‍ഡ്‌സ്‌കേപ്പിങ് ആശ്രമം
കോഴിക്കോട്‌