കൊടുംചൂടിലായിരുന്ന കേരളത്തിന് ആശ്വാസമായി നേരത്തെ വന്നെത്തിയ മഴ. അല്പനാളായി പലയിടത്തും കുറച്ച് മാറിനില്‍ക്കുന്നുണ്ടെങ്കിലും മഴ തീര്‍ത്തും മാറിയിട്ടില്ല. പുതച്ചുറങ്ങാന്‍ മഴയോളം നല്ല കാലമുണ്ടോ... കോരിച്ചൊരിഞ്ഞ മഴ പെയ്യുന്ന രാത്രികളില്‍ ബ്ലാങ്കെറ്റിനുള്ളില്‍ ചുരുണ്ടുകൂടി ഉറങ്ങാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഈ ബ്ലാങ്കെറ്റ് എങ്ങനെ വൃത്തിയാക്കണം എന്നുമാത്രം പലര്‍ക്കും കൃത്യമായ ധാരണയില്ല. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ നിങ്ങളുടെ പ്രിയപ്പെട്ട ബ്ലാങ്കെറ്റ് അതേ ഭംഗിയോടെയും മിനുസത്തോടെയും ഏറെക്കാലം ഈടുനില്‍ക്കും.

To advertise here,
  1. ഓരോ ബ്ലാങ്കെറ്റും അതിന്റെ ഗുണമേന്മയ്ക്കനുസരിച്ച് വ്യത്യസ്ത രീതിയിലാണ് വൃത്തിയാക്കേണ്ടത്. അത് എങ്ങനെയാണെന്ന് വിശദമായി ലേബലില്‍ എഴുതിയിട്ടുണ്ടാകും. ലേബല്‍ വായിച്ചുനോക്കി മനസ്സിലാക്കാക്കിയിട്ടുവേണം വൃത്തിയാക്കുന്ന വിധം തീരുമാനിക്കാന്‍.
  2. തണുത്ത വെള്ളത്തില്‍ മാത്രം കഴുകാന്‍ ശ്രദ്ധിക്കണം.
  3. കാഠിന്യമുള്ള ബ്ലീച്ചുകള്‍ ഉപയോഗിക്കാതിരിക്കുക. ഇത് ബ്ലാങ്കെറ്റിന്റെ സ്വാഭാവികത നഷ്ടമാക്കി പരുക്കനാക്കും. കടുപ്പമുള്ള ഡിറ്റര്‍ജെന്റും ഉപയോഗിക്കരുത്. ഇതും ബ്ലാങ്കെറ്റിനെ പരുക്കനാക്കും.
  4. ബ്ലാങ്കെറ്റ് പൊതുവെ കട്ടിയുള്ളവയാണ്. വാഷിങ് മെഷീനില്‍ ഇടുമ്പോള്‍ ഒരുപാട് വസ്ത്രങ്ങള്‍ക്കൊപ്പം ഇടാതിരിക്കുക. മെഷീനില്‍ സ്ഥലമുണ്ടെന്ന് ഉറപ്പാക്കണം. ബ്ലാങ്കെറ്റുകള്‍ ഓരോന്നും വ്യത്യസ്തമായതിനാല്‍ ഒരുമിച്ച് അലക്കാനും പാടില്ല.
  5. വാഷിങ് മെഷീനില്‍ സോഫ്റ്റ് വാഷ് അല്ലെങ്കില്‍ ഡെലിക്കേറ്റ് വാഷ് ഓപ്ഷന്‍ ഉപയോഗിക്കുക.
  6. കഴുകിയ ശേഷം ബ്ലാങ്കെറ്റ് അധികം പിഴിയാനോ നിവര്‍ത്താനോ പാടില്ല. ഇത് ബ്ലാങ്കെറ്റ് വലിഞ്ഞുപോകാന്‍ ഇടയാകും.
  7. വെയിലത്തിട്ട് ബ്ലാങ്കെറ്റ് ഉണക്കരുത്‌. നേരിട്ട് വെയിലടിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.
  8. ബ്ലാങ്കെറ്റില്‍ കറ പറ്റിയിട്ടുണ്ടെങ്കിൽ ആ ഭാഗം നനഞ്ഞ തുണി ഉപയോഗിച്ച് വൃത്തിയാക്കാം. എന്നിട്ടും കറ നീങ്ങുന്നില്ലെങ്കിൽ കടുപ്പമില്ലാത്ത ഡിറ്റര്‍ജെന്റ് കൊണ്ട് അവിടം മാത്രം വൃത്തിയാക്കുക.
  9. ബ്ലാങ്കെറ്റില്‍ പൊടിയും ദുര്‍ഗന്ധവും ഉണ്ടെങ്കിൽ അല്പം ബേക്കിങ് സോഡ വിതറുക.അല്പനേരത്തിനു ശേഷം വാക്വം ചെയ്യാം.
  10. പതിവിലും ഭാരമുള്ള, വലിപ്പമുള്ള ബ്ലാങ്കെറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ വീട്ടിലെ വാഷിങ് മെഷീന്‍ പോരാതെ വരും. അങ്ങനെയുള്ളപ്പോള്‍ പ്രൊഫഷണൽ സഹായം തേടുക.
  11. തുടര്‍ച്ചയായി കഴുകുന്നത് ബ്ലാങ്കെറ്റുകളുടെ സ്വാഭാവികത നഷ്ടപ്പെടുത്തും. എപ്പോഴും ഉപയോഗിക്കാത്ത ബ്ലാങ്കെറ്റുകള്‍ വല്ലപ്പോഴും വൃത്തിയാക്കിയാല്‍ മതി. പുതയ്ക്കുന്ന ബ്ലാങ്കറ്റുകള്‍ രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കണം.