
രാജ്യത്തെ 70 ശതമാനത്തിലധികം സ്ത്രീകളും പ്രസവത്തോടെ ജോലി ഉപേക്ഷിക്കുന്നുവെന്നാണ് അശോക യൂണിവേഴ്‌സിറ്റിയുടെ ഒരു പഠനം. 27 ശതമാനം സ്ത്രീകളേ കുഞ്ഞുങ്ങള്‍ വളര്‍ന്നശേഷം തിരിച്ചെത്തുന്നുള്ളൂ. വെറും പതിനാറ് ശതമാനം സ്ത്രീകള്‍ മാത്രമാണ് കുഞ്ഞുങ്ങളായതിന് ശേഷവും കരിയറില്‍ ഉയര്‍ന്ന നിലയിലുള്ള സ്ഥാനങ്ങളിലുള്ളത്. ആറ് മാസം പ്രസവാവധി നല്‍കുന്ന സ്ഥാപനങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രം. ഗര്‍ഭവും പ്രസവവും സ്ത്രീകളുടെ ജോലി സാധ്യതകളെ ഇല്ലാതാക്കാന്‍ പാടില്ല എന്ന് കേരള ഹൈക്കോടതി ഈ വര്‍ഷം നടത്തിയ ഒരു വിധിന്യായത്തില്‍ പ്രസ്താവിച്ചിരുന്നു. ഗര്‍ഭിണിയായി എന്നത് ഒരു തെറ്റല്ലെന്നും അതുകൊണ്ട് അവരുടെ ജോലിയും ഭാവിയും ഇല്ലാതാക്കുന്നത് ശരിയല്ലെന്നും കോടതിക്ക് പറയേണ്ടിവന്നു.
എന്നാല്‍ സമൂഹത്തിന്റെ ഈ കൂച്ചു വിലങ്ങുകള്‍ പൊട്ടിച്ച് പുറത്തുവരുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. കൈക്കുഞ്ഞിനെ മുലയൂട്ടി പാര്‍ലമെന്റിലെത്തിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേന്‍, അമേരിക്കന്‍ പാര്‍ലമെന്റ് സ്പീക്കറായ നാന്‍സി പെലോസി, ഇടിക്കൂട്ടിലെ പെണ്‍സിംഹം മേരി കോം, ടെന്നീസിലെ രാജ്ഞി സെറീന വില്യംസ്, സാനിയ മിര്‍സ, എന്നിവരൊക്കെ കുഞ്ഞു പിറന്നതിന് ശേഷവും ജീവിതത്തിലെ ലക്ഷ്യങ്ങളിലേക്ക് മനോഹരമായി ചെന്നെത്തിയവരാണ്. എന്നാല്‍ സ്വപ്‌നങ്ങളിലേക്ക്, ഇഷ്ടങ്ങളിലേക്ക് കുഞ്ഞിനൊപ്പം സ്ത്രീയുടെ യാത്ര അത്ര എളുപ്പമല്ല. സമൂഹത്തിന്റെ കൂര്‍ത്ത നോട്ടങ്ങളെയും അവര്‍ സഹിക്കേണ്ടി വരാറുണ്ട്. എങ്കിലും അവരുടെ യാത്രയെ ഇത്തിരിയെങ്കിലും സഹായിക്കാന്‍ ടെക്‌നോളജിയും സയന്‍സുമൊക്കെ ഇപ്പോള്‍ മുന്നിലുണ്ട്.
യാത്ര പ്ലാന്‍ ചെയ്യാം
Also Read
കുഞ്ഞുപിറന്ന് ആദ്യ നാല്‍പത് ദിനങ്ങള്‍ അമ്മയ്ക്കും കുഞ്ഞിനും വിശ്രമിക്കാനും ആരോഗ്യം തിരിച്ചു പിടിക്കാനുമുള്ള സമയമാണ്. ഇതുകഴിഞ്ഞാല്‍ ധൈര്യമായി യാത്രകള്‍ പോകാം. പ്രതിരോധശക്തി കുറയ്ക്കുന്ന തരം ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ മൂന്നുമാസം പ്രായം മുതല്‍ കുഞ്ഞുമായി യാത്രപോകുന്നതിന് തടസ്സങ്ങളൊന്നുമില്ല, ചിലകാര്യങ്ങളില്‍ ശ്രദ്ധവെച്ചാല്‍ മതി...
- കാറില്‍ വിന്‍ഡോ ഷേഡുകള്‍ പിടിപ്പിക്കാം. സൂര്യപ്രകാശം നേരിട്ട് കുഞ്ഞിന്റെ ശരീരത്തില്‍ പതിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. വിന്‍ഡോ ഷേഡുകള്‍ ഇല്ലെങ്കില്‍ കുഞ്ഞിനെ ഇരുത്തുന്ന വശത്ത് ടൗവലോ കര്‍ട്ടനോ ഇടാം. ചൂടുകാലത്താണെങ്കില്‍ തൊപ്പി, കുട, ബേബി സണ്‍സ്‌ക്രീന്‍ എന്നിവ കൈയില്‍ കരുതണം.
- ബേബിസീറ്റ് നിര്‍ബന്ധമായും പിടിപ്പിച്ചിരിക്കണം. കുഞ്ഞിന്റെ ഇരിപ്പിടം പിന്നില്‍ മതി. യാത്ര പോകും മുന്‍പ് ഇതിലെ സീറ്റ് ബെല്‍റ്റുകള്‍ പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പാക്കണം. മണിക്കൂറുകള്‍ നീളുന്ന വിമാനയാത്രയാണെങ്കില്‍ കുഞ്ഞിനും സീറ്റ് ബുക്ക് ചെയ്യാം.
- യാത്ര നന്നായി പ്ലാന്‍ ചെയ്യണം. ലിസ്റ്റ് തയ്യാറാക്കി ഏറ്റവും ആവശ്യമുള്ള സാധനങ്ങള്‍ ഒന്നും വിട്ടുപോകാതെ നോക്കാം. ലഗ്ഗേജ് കൂടാതിരിക്കാനും ഈ പ്ലാനിങ് സഹായിക്കും. അമിതമായ ലഗ്ഗേജ് യാത്രയുടെ രസം കളയും.
- ബേബി കാരിയര്‍ കൈയില്‍ കരുതാം. കുഞ്ഞിനെ എപ്പോഴും എടുത്തുനടക്കുന്നത് പുറംവേദനയ്ക്ക് ഇടയാക്കിയേക്കും. ഇതൊഴിവാക്കാനുള്ള ഏറ്റവും മികച്ചമാര്‍ഗമാണ് ബേബി കാരിയര്‍. മടക്കാന്‍ പറ്റുന്ന സ്‌ട്രോളറുകളും ലഭ്യമാണ്. ഇവ മാതാപിതാക്കളുടെ ആയാസം കുറയ്ക്കും
- വിമാനയാത്രയില്‍ ഫ്‌ളൈറ്റ് ഉയരുമ്പോഴും താഴുമ്പോഴും മര്‍ദ്ദ വ്യത്യാസം മൂലം കുഞ്ഞിനു അസ്വസ്ഥതകള്‍ ഉണ്ടാവാനിടയുണ്ട്്. ഇതു തടയാന്‍ കുഞ്ഞിനെ മുലയൂട്ടുകയോ പാസിഫയര്‍ വായില്‍ നുണയാനായി നല്‍കുകയോ ചെയ്യാം.
- ആവശ്യത്തിനു ഡയപ്പറുകള്‍ എടുത്തുവെക്കാന്‍ ശ്രദ്ധിക്കുക. തണുപ്പുകാലത്തു സ്വെറ്റര്‍ കരുതണം. ഫസ്റ്റ് എയിഡ് കിറ്റ്, അത്യാവശ്യ മരുന്നുകളടങ്ങിയ പാക്ക്, ഡയപ്പര്‍ റാഷ് ക്രീം, ബേബി വൈപ്‌സ്, ടിഷ്യു, ബൗള്‍, ടവ്വല്‍ സ്പൂണുകള്‍, സോപ്പ്, ലോഷന്‍, മോയിസ്ചുറൈസര്‍ എന്നിവയും മറക്കേണ്ട.
- പാല്‍പ്പൊടിയും കുറുക്കും മറ്റും കലക്കാനുള്ള വെള്ളം പ്രത്യേകംകൊണ്ടുപോകാം. പുറത്തു നിന്നുള്ള വെള്ളവും ടിന്നിലടച്ച ഭക്ഷണവും പൂര്‍ണമായി ഒഴിവാക്കുക.
- ഡോക്ടറുടെ നമ്പര്‍ മറക്കാതെ വാങ്ങി സൂക്ഷിക്കേണ്ടതാണ്.
കുഞ്ഞോമനയുമൊത്തുള്ള യാത്ര ആയാസരഹിതവും ടെന്‍ഷന്‍ ഫ്രീയുമാക്കാന്‍ അമ്മാരെ സഹായിക്കുന്ന ധാരാളം ഉപകരണങ്ങളുണ്ട്.
1. ട്രാവല്‍ ബേബി മോണിറ്റര്‍
കുഞ്ഞുമായി യാത്ര ചെയ്യുമ്പോള്‍ അല്‍പസമയം അവരെ തനിച്ചാക്കേണ്ടി വന്നാലോ ഒരുപാട് ആളുകള്‍ ഒന്നിച്ചുള്ള ക്യാംപ് പോലുള്ള സ്ഥലങ്ങളില്‍ താമസിക്കേണ്ടി വരുമ്പോഴോ ഒന്നും ടെന്‍ഷനില്ലാതെ യാത്ര ആസ്വദിക്കാന്‍ ഈ ഉപകരണം സഹായിക്കും. ഉറങ്ങുകയോ കളിക്കുകയോ ചെയ്യുന്ന കുഞ്ഞിനരികില്‍ ഇവ സെറ്റ് ചെയ്ത് വെക്കാം. ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പിലൂടെ കുഞ്ഞിന്റെ പ്രവൃത്തികള്‍ കൃത്യമായി കാണാം.
2. സിലിക്കോണ്‍ ബിബ്‌സ്
കുഞ്ഞിന് ഭക്ഷണം നല്‍കുക എന്നത് ഒരു ഹോളി ആഘോഷം പോലെയാണ്. ഭക്ഷണം തട്ടിമറിച്ചും തുപ്പിയും വാരിയുമൊക്കെ ആകെ അലങ്കോലമാക്കും. എന്നാല്‍ വിമാനത്തിലോ നല്ലൊരു റസ്‌റ്റൊറന്റിലോ ഇങ്ങനെയൊരു രംഗം അത്ര സുഖകരമാവില്ല. ഭക്ഷണം വസ്ത്രത്തിലും മറ്റും വീഴാതെ സഹായിക്കുന്ന തുണികൊണ്ടുള്ള ബിബുകള്‍ കഴുകാനും ഉണക്കാനും ബുദ്ധിമുട്ടായിരിക്കും. പകരം സിലിക്കോണ്‍ ബിബുകള്‍ വാങ്ങാം. കഴുകാന്‍ എളുപ്പമെന്നത് മാത്രമല്ല വസ്ത്രവും വൃത്തികേടാവില്ല. ഇതിന്റെ താഴെ ഭാഗത്തുള്ള പോക്കറ്റ് ഭക്ഷണം നിലത്തുവീഴാതെ തടയും.
3. നെക്ക് വാലറ്റ്
കുഞ്ഞുങ്ങള്‍ക്കല്ല മാതാപിതാക്കള്‍ക്കുള്ളതാണ് ഈ നെക്ക് വാലറ്റ്. കൈയില്‍ കുഞ്ഞും ലഗ്ഗേജും എല്ലാമായി പോകുമ്പോള്‍ അത്യാവശ്യം വേണ്ട പണവും കാര്‍ഡുകളും ഇതില്‍ ഭദ്രമായി ഇടാം. അത്യാവശ്യം വരുമ്പോള്‍ ബാഗുകളില്‍ തിരയേണ്ട.
4. ടോഡ്‌ലര്‍ ഹെഡ്‌ഫോണ്‍സ്
പുതിയ സ്ഥലങ്ങളും ശബ്ദങ്ങളും പലപ്പോഴും കുഞ്ഞുങ്ങളെ കരച്ചിലിന്റെ വക്കിലെത്തിക്കാറുണ്ട്. ഇത് ഒഴിവാക്കാന്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട പാട്ടുകളും കഥകളും ഈ ഹെഡ്‌ഫോണുക ളിലൂടെ കേള്‍പ്പിക്കാം.
5. വൈറ്റ് നോയിസ് മെഷീന്‍സ്
അപരിചിതമായ ഇടങ്ങളില്‍ കുഞ്ഞിന്റെ ശ്രദ്ധമാറ്റാനും അവരെ ശാന്തമാക്കാനും പരിചിതമായ ചെറിയ സംഗീതമോ ശബ്ദങ്ങളോ കേള്‍പ്പിക്കാനുള്ള സംവിധാനമാണിത്. ശാന്തമായി ഉറക്കാനും ഇവ സഹായിക്കും.
6. പോര്‍ട്ടബിള്‍ ബേബി സ്‌ട്രോളര്‍
കുഞ്ഞിനെ ഭദ്രമായി കിടത്തി നടന്നു നീങ്ങാനും മറ്റും ഈ പോര്‍ട്ടബിള്‍ ബേബി സ്‌ട്രോളറുകള്‍ സഹായിക്കും. മടക്കി ഒതുക്കി വെക്കാം എന്നതാണ് പ്രത്യേകത. ബേബി കാരിയറുകളും യാത്ര ആയാസരഹിതമാക്കും.
7. പോര്‍ട്ടബിള്‍ പോട്ടി
പൊതുസ്ഥലങ്ങളിലും മറ്റും കാഴ്ചകള്‍ കണ്ടു നടക്കുമ്പോള്‍ ടോയിലറ്റ് തിരഞ്ഞ് ഓടാന്‍ കഴിഞ്ഞെന്നു വരില്ല. പൊതുശൗചാലയങ്ങളിലെ വൃത്തിയും പ്രശ്‌നമാവാം. ഇവിടെയാണ് പോര്‍ട്ടബിള്‍ പോട്ടി സഹായത്തിനെത്തുന്നത്. ഒരു ചെറിയ സ്റ്റൂള്‍ പോലെ എവിടെയും വെക്കാം.
8. പോര്‍ട്ടബിള്‍ ഹൈ ചെയര്‍
കുഞ്ഞുമൊത്ത് ഭക്ഷണം കഴിക്കാന്‍ റസ്‌റ്റൊറന്റുകളില്‍ എത്തുമ്പോള്‍ അവര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ ഉണ്ടാവണമെന്നില്ല. ഇതിന് പരിഹാരമാണ് കൊണ്ടുനടക്കാവുന്ന ഹൈ ചെയറുകള്‍. നമുക്കൊപ്പം അവരും ഭക്ഷണം ആസ്വദിക്കട്ടെ. കുഞ്ഞിനെ മടിയിലിരുത്തി ഭക്ഷണം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഒഴിവാക്കാം.
വീടിനുള്ളിലും സുരക്ഷ
അണുകുടുംബങ്ങളായതോടെ പലവീടുകളിലും കുഞ്ഞുങ്ങളെ സുരക്ഷിതമായി ഒരിടത്തേല്‍പ്പിക്കാന്‍ മാര്‍ഗങ്ങള്‍ പലര്‍ക്കുമില്ല. ജോലിക്കോ യാത്രകള്‍ക്കോ പോകുമ്പോള്‍ കുഞ്ഞിനെ വീട്ടില്‍ ആയമാരെയും മറ്റും ഏല്‍പ്പിച്ച് പോകേണ്ടി വരുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഈ സമയങ്ങളില്‍ കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന പലതരം ഉപകരണങ്ങള്‍ ചെറിയ വിലയില്‍ വിപണിയിലുണ്ട്.
1. ബേബി മോണിറ്റര്‍
ഒറ്റയ്ക്കാക്കി പോകുമ്പോള്‍ കുഞ്ഞിനെ കിടത്തിയ മുറിയില്‍ ഒരു ബേബിമോണിറ്റര്‍ ഉണ്ടെങ്കില്‍ ടെന്‍ഷന്‍ ഇത്തിരി കുറയ്ക്കാം. കുഞ്ഞിന്റെ കളിചിരികള്‍, കരച്ചില്‍ ഇവയൊക്കെ നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലോ ടാബിലോ മുറികളില്‍ സ്ഥാപിച്ചിരിക്കുന്ന മോണിറ്ററിലോ കാണാം, കേള്‍ക്കാം. കുഞ്ഞിനോട് നിങ്ങള്‍ക്കു സംസാരിക്കാം, താരാട്ട് പാടാം.. അമ്മ അരികിലുണ്ടെന്ന ഫീല്‍ കുഞ്ഞിനുമുണ്ടാവും.
2. സ്‌റ്റെയര്‍ ഗാര്‍ഡ്‌സ്
പണ്ട് ഓടി നടക്കാറായ കുഞ്ഞുങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ ഒരു സൂത്രപ്പണിയുണ്ട്. അടുക്കളവാതില്‍, മുറ്റത്തേക്കുള്ള വാതില്‍, പടിക്കെട്ട്... ഇതിനൊക്കെ മുന്നില്‍ ചെറിയ മരക്കമ്പുകള്‍ കൂട്ടികെട്ടിയ ഒരു ഗേറ്റ് വെക്കും. അതിന്റെ ആധുനികരൂപമാണ് സ്റ്റെയര്‍ഗാര്‍ഡ്‌സ്.
3. ഔട്ട്‌ലെറ്റ് കവറുകള്‍
കയ്യെത്തുന്നിടത്തുള്ള സ്വിച്ചുകള്‍ ഓണാക്കിയും ഓഫാക്കിയും കളിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമാണ്. ചിലരാകട്ടെ പ്ലഗ്‌പോയിന്റുകളില്‍ കൈയില്‍ കിട്ടുന്നവയും, ചിലപ്പോള്‍ വിരലും ഇട്ടുകളയും. അശ്രദ്ധമൂലം ഇതൊക്കെ ഏറെ അപകടമുണ്ടാക്കാം. സ്വിച്ചുകള്‍ക്കുള്ള ഔട്ട്‌ലെറ്റ് കവറുകള്‍ ഇതൊഴിവാക്കാന്‍ സഹായിക്കും .
4. ഡ്രോയര്‍ ക്യാച്ചേഴ്‌സും
കാബിനറ്റ് ലോക്ക്‌സും
വീടിനുള്ളിലെ മരുന്നും കത്തിയും വരെ കുഞ്ഞിക്കൈകള്‍ക്ക് പ്രിയമാണ്. ഡ്രോയര്‍ എപ്പോഴും താക്കോലിട്ട് പൂട്ടിവെക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ വേറെയും. പകരം സിമ്പിളായി ലോക്ക് വീഴുന്ന കാബിനറ്റ് ലോക്കുകള്‍ വിപണിയിലുണ്ട്. മരുന്നുകള്‍, ക്ലീനിങ് ലോഷനുകള്‍, കത്തികള്‍ ഇവയൊക്കെ ഡ്രോയറില്‍ ഭദ്രമായി വച്ച് ഈസിയായി ലോക്ക് ചെയ്യാം. ക്ലോസറ്റ്, ഫ്രിഡ്ജ്, വേസ്റ്റ് ബിന്‍ എന്നിവയും ലോക്ക് ചെയ്യാനാവും.
5. ടേബിള്‍ എഡ്ജ് ക്യാപ്‌സ്
ഓടിനടക്കാന്‍ പ്രായമായോ... എങ്കില്‍ മേശ, അടുക്കളയിലെ സ്ലാബ് തുടങ്ങി അറ്റം കൂര്‍ത്ത ഇടങ്ങളിലൊക്കെ തലമുട്ടുന്നതും പതിവാകും. അപകടമൊഴിവാക്കാന്‍ മേശയുടെയും മറ്റും അരികുകള്‍ ടേബിള്‍ എഡ്ജ് ക്യാപ്‌സ്‌കൊണ്ട് കവര്‍ ചെയ്യാം..
6. ടോയിലറ്റ് ലോക്ക്‌സ്
ഫഌഷ് ബട്ടണ്‍ മുതല്‍ ടോയിലറ്റ് സീറ്റ്, കവര്‍, അടപ്പ്, ടബ് എല്ലാം അപകടമുണ്ടാക്കാം. ക്ലോസറ്റിന്റെ സൈഡില്‍ ചവുട്ടിക്കയറാന്‍ ശ്രമിച്ച് തെന്നിവീഴാം. ഇതൊഴിവാക്കാന്‍ ടോയിലറ്റ് അടപ്പ് താഴ്ത്തിവെച്ച് ടോയിലറ്റ് ലോക്ക് വച്ചാല്‍ മതി. ഫഌഷ് ബട്ടണ്‍ ലോക്കുകള്‍ മറ്റൊരു വഴിയാണ്. ടബില്‍ വെള്ളമെത്തിക്കുന്ന പൈപ്പിനും വേണം ലോക്ക്.
8. കോര്‍ഡ്‌ലെസ് വിന്‍ഡോ കവറിങ്
കളിക്കുന്നതിനിടെ കര്‍ട്ടന്റെ കോര്‍ഡുകള്‍ കഴുത്തില്‍ കുരുങ്ങാനുള്ള സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ കോര്‍ഡ്‌ലെസ് വിന്‍ഡോ കവറിങ്ങുകള്‍ ലഭിക്കും.
9. വെര്‍ച്വല്‍ നൈറ്റ്‌നാനി
കുഞ്ഞുങ്ങള്‍ വേറെ മുറിയില്‍ തനിയെ ഉറങ്ങിത്തുടങ്ങുമ്പോള്‍ വെര്‍ച്വല്‍ നൈറ്റ്‌നാനി എന്ന സ്മാര്‍ട്ട് സി.സി.ടി.വി. കാമറ വാങ്ങിവെക്കാം. ഇരുട്ടില്‍ അവരുടെ ചലനങ്ങള്‍ നിരീക്ഷിച്ച് സ്മാര്‍ട്‌ഫോണില്‍ അപ്‌ഡേറ്റുകള്‍ തരും. ഒപ്പം അവര്‍ക്കിഷ്ടമുള്ള പാട്ടും കഥയും കേള്‍പ്പിക്കുകയും ചെയ്യും.
10. വിന്‍ഡോ ഗാര്‍ഡ്
ജനാലയില്‍ കയറിക്കളിക്കാന്‍ കുട്ടികള്‍ക്കിഷ്ടമാണ്. വീഴ്ചകളും ജനാലവാതില്‍ പെട്ടന്ന് അടഞ്ഞ് കൈ ഇടയില്‍പ്പെടുന്നതും ഒഴിവാക്കാന്‍ പലതരം വിന്‍ഡോ ഗാര്‍ഡുകള്‍ ഉപയോഗിക്കാം. അഴികളില്ലാത്ത ജനാലകളില്‍ വിന്‍ഡോ ഗേറ്റ്, സ്‌ളൈഡിങ് ഡോര്‍ ജാമാക്കി വയ്ക്കാന്‍ പറ്റുന്ന ലോക്കുകള്‍, വിന്‍ഡോ ബാറുകള്‍, വാതില്‍ ലോക്കുകള്‍, കര്‍ട്ടന്‍ പെട്ടെന്ന് താഴേക്ക് വീഴാതെ തടയുന്ന ലോക്കുകള്‍... ഇങ്ങനെ വഴികളേറെയുണ്ട്.
ജോലിക്കുപോകുന്ന അമ്മമാര്‍
കുഞ്ഞിനെ വീട്ടിലാക്കിയിട്ട് പോകുമ്പോഴുള്ള കുറ്റബോധമാണ് പ്രസവശേഷം കരിയറിലേക്ക് തിരിച്ചു പോകുന്ന സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. താന്‍ ഒരു നല്ല അമ്മയാണോ, കുഞ്ഞിനെ നന്നായി നോക്കുന്നുണ്ടോ എന്നിങ്ങനെയുള്ള വ്യാകുലതകള്‍ ഇവരുടെ മനസ്സിനെ അലട്ടാനിടയുണ്ട്. ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പറ്റാതിരിക്കാനും തിരിച്ചു വീട്ടിലെത്തുമ്പോള്‍ അകാരണമായി സങ്കടമുണ്ടാവാനും ഇത് കാരണമാകും. ഇതെല്ലാം മറികടക്കാന്‍ മാനസിക തയ്യാറെടുപ്പാണ് വേണ്ടത്.
- പ്രസവശേഷം ജോലിക്കു പോകാന്‍ തുടങ്ങുമ്പോള്‍ കുഞ്ഞിനൊപ്പം എപ്പോഴുമുണ്ടാവാന്‍ പറ്റില്ലെന്ന യാഥാര്‍ഥ്യം മനസ്സില്‍ വെച്ചുതന്നെ തയ്യാറെടുപ്പ് നടത്തണം. വീട്ടിലെത്തിയ ശേഷം പരമാവധി സമയം കുഞ്ഞിനൊപ്പം ചെലവഴിക്കാന്‍ ശ്രമിക്കാം. മുലയൂട്ടാനും ലാളിക്കാനും ഒപ്പം കളിക്കാനുമുള്ള അവസരം വീട്ടിലുള്ള മറ്റുള്ളവര്‍ ഒരുക്കിനല്‍കാനും ശ്രദ്ധിക്കണം. കുഞ്ഞിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുന്ന രീതിയില്‍ ഉറക്കം, വീട്ടുപണികള്‍, മറ്റ് ഉത്തരവാദിത്തങ്ങള്‍ എന്നിവ ക്രമീകരിക്കാം.
- കുഞ്ഞുങ്ങള്‍ക്ക് രോഗം വരുമ്പോള്‍ ജോലിചെയ്യുന്ന അമ്മമാര്‍ക്ക് കുറ്റബോധം വരാറുണ്ട്. ഒപ്പം നിന്ന് ശുശ്രൂഷിക്കാനാവുന്നിെല്ലന്ന ചിന്തയാവും മനസ്സില്‍. പങ്കാളികള്‍ സമയം ക്രമീകരിച്ച് കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. കുഞ്ഞ് അമ്മയുടെ മാത്രം ചുമതലയല്ല.
- പ്രസാവവധി കഴിഞ്ഞ് ജോലിക്ക് പോകും മുന്‍പുതന്നെ പങ്കാളികള്‍ കുഞ്ഞിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമുള്ള ഉത്തരവാദിത്തങ്ങളെപ്പറ്റി ചര്‍ച്ച ചെയ്ത് കൃത്യമായ ഒരു പദ്ധതിയോടെ വേണം മുന്നോട്ടു പോകാന്‍.
- ആക്ടീവായിരുന്ന ഒരു സ്ത്രീ പെട്ടെന്ന് വീട്ടില്‍ ചടഞ്ഞിരിക്കുന്ന അവസ്ഥ വരുമ്പോള്‍ മനസ്സിന് സമ്മര്‍ദ്ദമുണ്ടാകും. ഇതൊഴിവാക്കാന്‍ കുഞ്ഞിനൊപ്പം ചെറിയ യാത്രകള്‍ പോകുന്നതും ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നതും നല്ലതാണ്. പൂര്‍ണാരോഗ്യമുള്ള കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ മടിക്കേണ്ട.
- മാസം തികയാതെ പിറന്ന കുഞ്ഞുങ്ങള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, മസ്തിഷ്‌കസംബന്ധമായ അസുഖങ്ങളുള്ളവര്‍ തുടങ്ങിയവരെ തിരക്കുള്ള സ്ഥലങ്ങളില്‍ കൊണ്ടു
- പോകുന്നത് ഒഴിവാക്കാം.
- വലിയ ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കുന്നതാണ് ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് നല്ലത്. കല്യാണം, ഉത്സവം പോലുള്ള തിരക്കുകളില്‍ പകര്‍ച്ചവ്യാധികള്‍ വേഗം പിടിപെടാന്‍ ഇടയുള്ളതുകൊണ്ടാണ് ഇത്.
കടപ്പാട്
ഡോ. അരുണ്‍ ബി.നായര്‍
അസോസിയേറ്റ് പ്രൊഫസര്‍,
സൈക്യാട്രി വിഭാഗം, മെഡിക്കല്‍
കോളേജ്, തിരുവനന്തപുരം
Content Highlights: tips and gadgets for travel and work after baby
Published: 29 Jun 2023, 11:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented