
പഴയകാലമല്ല. ഭാവിയേക്കുറിച്ച് ഏറെ സ്വപ്‌നമുള്ളവരാണ് നമ്മുടെ പെണ്‍കുട്ടികള്‍. വിവാഹം മാത്രമല്ല അവരുടെ ഭാവി നിശ്ചയിക്കുന്നത്. പഠനവും നല്ല ജോലിയുമൊക്കെ ഇന്നത്തെ പെണ്‍കുട്ടികളുടെ ലക്ഷ്യമാണ്. സ്വന്തം കാലില്‍ നിന്ന് മാതാപിതാക്കളെ സംരക്ഷിക്കണമെന്നും വീടും വാഹനവും വാങ്ങണമെന്നും ലോകം ചുറ്റിക്കാണാന്‍ പോകണമെന്നുമൊക്കെ പ്ലാന്‍ ചെയ്യുന്നവരാണവര്‍. അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുകൈത്താങ്ങിന് ഏറ്റവും സുരക്ഷിതമായി ആശ്രയിക്കാവുന്ന ലഘുസമ്പാദ്യപദ്ധതിയാണ് സുകന്യസമൃദ്ധി. മകളെ ഒറ്റയ്ക്ക് വളര്‍ത്തേണ്ടിവരുന്ന സിംഗിള്‍ മദറായവര്‍ക്കും, ചെറിയവരുമാനക്കാര്‍ക്കുമെല്ലാം ഏറ്റവും എളുപ്പത്തില്‍ തുടങ്ങാം എന്നതാണ് ഇതിന്റെ ആകര്‍ഷണം. പെണ്‍മക്കളുടെ വിദ്യാഭ്യാസ, വിവാഹ ആവശ്യങ്ങള്‍ക്കായി അവരുടെ ചെറിയപ്രായത്തില്‍ തന്നെ കരുതല്‍ തുടങ്ങാന്‍ ഈ പദ്ധതിയിലൂടെ രക്ഷിതാക്കള്‍ക്ക് കഴിയും.
തുടര്‍ച്ചയായി 14 വര്‍ഷം ചെറുതുക നിക്ഷേപിച്ച് 21-ാം വര്‍ഷം കാലാവധി പൂര്‍ത്തിയാക്കി നല്ലൊരു തുക നേടാവുന്ന നിക്ഷേപമാര്‍ഗമാണിത്. പ്രതിവര്‍ഷം 250 രൂപ മുതല്‍ ഒന്നര ലക്ഷം രൂപവരെ ഇതില്‍ നിക്ഷേപിക്കാം. നിക്ഷേപം പ്രതിമാസമോ പ്രതിവര്‍ഷമോ നടത്താം. പദ്ധതിയില്‍ ചേര്‍ന്ന് തുടര്‍ച്ചയായി 14 വര്‍ഷം പണം നിക്ഷേപിച്ചിരിക്കണം. 21 വര്‍ഷം പൂര്‍ത്തിയാകുന്നതുവരെയോ പെണ്‍കുട്ടിയുടെ വിവാഹം വരെയോ ഏതാണോ ആദ്യം ആകുന്നത് അപ്പോള്‍ പദ്ധതി കാലാവധി പൂര്‍ത്തിയാകും. ഇപ്പോഴത്തെ പ്രതിവര്‍ഷ പലിശനിരക്ക് 8.2 ശതമാനമാണ്. ഇത് വര്‍ഷാവര്‍ഷം കേന്ദ്ര ഗവണ്‍മെന്റ് പുതുക്കി നിശ്ചയിക്കും. അപ്പോള്‍ പലിശ കൂടുകയോ കുറയുകയോ ചെയ്യാം.
Also Read
പ്രതിമാസം 5000 രൂപവീതം പദ്ധതിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഇപ്പോഴെത്ത പലിശ നിരക്ക് തന്നെ കാലാവധി മുഴുവന്‍ ലഭിച്ചാല്‍ 21 വര്‍ഷം കഴിയുമ്പോള്‍ 27.73 ലക്ഷം രൂപ ലഭിക്കും. (പലിശ നിരക്ക് സ്ഥിരമായിരുന്നാല്‍ മാത്രം ലഭിക്കുന്ന തുകയാണിത്. പലിശവ്യത്യാസപ്പെടുന്നതിന് അനുസരിച്ച് ലഭിക്കുന്ന തുകയിലും കൂടുതലോ കുറവോ ഉണ്ടാകും എന്നത് മറക്കരുത്.) 18 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഉന്നതവിദ്യാഭ്യാസ ആവശ്യത്തിനായി ഭാഗികമായി പണം പിന്‍വലിക്കാനുള്ള അവസരവുമുണ്ട്. നിക്ഷേപത്തിന് ആദായനികുതി ഇളവും ലഭ്യമാണ്. അടയ്ക്കുന്ന തുകയ്ക്കും പലിശ വരുമാനത്തിനും കാലാവധി എത്തുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും ആദായനികുതി ഇളവ് ലഭിക്കും.
പ്രതിമാസ, പ്രതിവര്‍ഷ സമ്പാദ്യത്തില്‍ ദീര്‍ഘകാലത്തേയ്ക്ക് ആവശ്യമില്ലാത്ത തുകയുടെ ഒരു വിഹിതം എല്ലാ മാതാപിതാക്കള്‍ക്കും ഈ പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. ദീര്‍ഘകാല നിക്ഷേപ പദ്ധതി ആയതുകൊണ്ടും ഇടയ്ക്ക് പണം പിന്‍വലിക്കാന്‍ കഴിയാത്തതുകൊണ്ടും സമ്പാദ്യത്തിന്റെ ഒരു ഭാഗം മാത്രം നിക്ഷേപിക്കുക. ഒപ്പം ബാക്കി തുക മികച്ച ലാഭ, വരുമാന സാധ്യതയുള്ള മറ്റ് പദ്ധതികളിലും നിക്ഷേപിക്കണം. മാതാപിതാക്കള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട് എങ്കില്‍ രണ്ടുപേരുടെ പേരിലും പ്രത്യേകം പ്രത്യേകം അക്കൗണ്ട് തുടങ്ങാം.
ബാങ്കുകളിലോ പോസ്റ്റോഫീസുകളിലോ വളരെ ലളിതമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പദ്ധതിയില്‍ ചേരാം. തിരിച്ചറിയില്‍ രേഖകളും പെണ്‍കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. 10 വയസ്സില്‍ താഴെ ഏതുപ്രായത്തിലുള്ള പെണ്‍കുട്ടിയുടെ പേരിലും അക്കൗണ്ട് തുടങ്ങാം. പക്ഷേ അക്കൗണ്ട് തുടങ്ങുന്ന തീയതിമുതല്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്നതുവരെയേ നിക്ഷേപം നടത്താന്‍ കഴിയൂ. അതേപോലെ കുട്ടിക്ക് 21 വയസ് പൂര്‍ത്തിയാകുമ്പോള്‍ പദ്ധതി അവസാനിക്കുകയും ചെയ്യും. അതുകൊണ്ട് എത്ര നേരത്തേ ഈ പദ്ധതിയില്‍ ചേരുന്നോ അത്രയും കൂടുതല്‍ നേട്ടം ലഭിക്കും.
പദ്ധതിയില്‍ ചേര്‍ന്നാല്‍ ലഭിക്കുന്ന നേട്ടം പട്ടികയില്‍ നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക.
(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)
Content Highlights: sukanya samriddhi yojana savings plan for girl child
Published: 10 May 2024, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented