
നാല്പത് പിന്നിട്ടപ്പോഴാണ് ജോബിന്‍ റിട്ടയര്‍മെന്റ് ജീവിതത്തെക്കുറിച്ച് ആലോചിച്ചത്. ഇരുപതുവര്‍ഷം കഴിഞ്ഞാല്‍, വരുമാനം നിലയ്ക്കും. ഇ.പി.എഫിലെ മാസംതോറുമുള്ള വിഹിതമല്ലാതെ നിക്ഷേപമൊന്നുമില്ല. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് അതിനിടെ ഇ.പി.എഫില്‍നിന്ന് പണമെടുക്കേണ്ടിയുംവരും. അനുദിനജീവിതത്തിലെ ചെലവുകള്‍ക്ക് നിലവില്‍ ലഭിക്കുന്ന വരുമാനംപോലും തികയുന്നില്ല. എന്നിട്ട് വേണ്ടേ, നിക്ഷേപമെന്നാണ് ജോബിന്‍ ചിന്തിച്ചിരുന്നത്. ഏതായാലും അടുത്തമാസംമുതല്‍ ലഭിക്കുന്ന ഇന്‍ക്രിമെന്റിനോടൊപ്പമുള്ള ശമ്പളവര്‍ധന നിക്ഷേപത്തിനായി നീക്കിവയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
എന്‍.പി.എസ്.
പണ്ടെപ്പോഴോ ചേര്‍ന്നിട്ടുണ്ടെങ്കിലും കൃത്യമായി വിഹിതം അടച്ചുപോകാത്തതിനാല്‍, നിര്‍ജീവാവസ്ഥയിലാണ് എന്‍.പി.എസ്. അക്കൗണ്ട്. അതൊന്ന് പുതുക്കിയെടുത്ത്, മാസംതോറും 10,000 രൂപ നിക്ഷേപിക്കാനാണ് തീരുമാനം.
കൂടുതല്‍ ആദായം
ആക്ടീവ് ചോയ്സ്, ഓട്ടോ ചോയ്സ് എന്നിങ്ങനെ രണ്ടുതരത്തില്‍ എന്‍.പി.എസില്‍ നിക്ഷേപം നടത്താന്‍ അവസരമുണ്ട്. ഇക്വിറ്റി, കോര്‍പ്പറേറ്റ് ബോണ്ട്, ഗവണ്‍മെന്റ് ബോണ്ട്, മറ്റ് നിക്ഷേപ പദ്ധതികള്‍ എന്നിവയില്‍ നിശ്ചിതാനുപാതത്തില്‍ വിഹിതം ക്രമീകരിക്കാം. ആക്ടീവ് ചോയ്സ് തിരഞ്ഞെടുത്താല്‍, ഓരോ നിക്ഷേപ ആസ്തിയിലും എത്ര ശതമാനം വേണം നിക്ഷേപമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാനാകും. ഇക്വിറ്റിയിലെ പരമാവധി നിക്ഷേപ അനുപാതം 75 ശതമാനമാണ്. കോര്‍പ്പറേറ്റ് ബോണ്ട്, ഗവണ്‍മെന്റ് ബോണ്ട് എന്നിവയില്‍ 100 ശതമാനം വിഹിതമനുവദിക്കുന്നുണ്ട്. ജോബിന്‍ 75 ശതമാനം ഓഹരിയിലും 25 ശതമാനം കോര്‍പ്പറേറ്റ് ബോണ്ടിലും നിക്ഷേപിക്കാനാണ് തീരുമാനിച്ചത്.
പെന്‍ഷന്‍ എത്ര ലഭിക്കും?
അറുപതുവയസ്സാകുമ്പോള്‍ മൊത്തം നിക്ഷേപത്തില്‍നിന്ന് പെന്‍ഷനുവേണ്ടി ചുരുങ്ങിയത് 40 ശതമാനം തുകയാണ് നീക്കിവയ്‌ക്കേണ്ടത്. ബാക്കിയുള്ള തുക ആവശ്യാനുസരണം കൈകാര്യംചെയ്യാം. നിക്ഷേപവിഹിതത്തില്‍നിന്ന് പരമാവധി ഓഹരിയില്‍ (75%) വകയിരുത്തിയാല്‍, ദീര്‍ഘകാലയളവില്‍ 12 ശതമാനമെങ്കിലും വാര്‍ഷിക ആദായം പ്രതീക്ഷിക്കാം. അതുപ്രകാരം ഇരുപതുവര്‍ഷം കഴിയുമ്പോള്‍ 99.91 ലക്ഷം രൂപയാണ് ജോബിന് ലഭിക്കുക. 40 ശതമാനം തുകയായ 40 ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കാനായി ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കണം. ഇതില്‍നിന്ന് മാസംതോറും 19,983 രൂപ പെന്‍ഷന്‍ (പ്രതീക്ഷിക്കുന്ന ആദായം 6%) ലഭിക്കും. ബാക്കിയുള്ള 59.94 ലക്ഷം രൂപ സീനിയര്‍ സിറ്റിസണ്‍ സ്‌കീമിലോ ബാങ്ക് എഫ്.ഡി.യിലോ നിക്ഷേപിച്ചാല്‍ (ശരാശരി 8% പലിശനിരക്കില്‍), മാസം 42,000 രൂപയോളം പലിശ ലഭിക്കും. അങ്ങനെ, എന്‍.പി.എസിലെ നിക്ഷേപത്തില്‍നിന്നുമാത്രം പ്രതിമാസം 62,000 രൂപയോളം ജീവിതച്ചെലവിനായി കണ്ടെത്താം. 60 ശതമാനം തുക എന്‍.പി.എസില്‍ത്തന്നെ നിലനിര്‍ത്തി ആവശ്യത്തിന് പിന്‍വലിക്കുന്ന രീതിയും സ്വീകരിക്കാം.
നികുതി ലാഭം
എന്‍.പി.എസിലെ നിക്ഷേപത്തിന് വര്‍ഷംതോറും നികുതി ആനുകൂല്യം ലഭിക്കും. 80സി പ്രകാരം മറ്റ് നിക്ഷേപങ്ങളോടൊപ്പം 1.50 ലക്ഷംവരെയുള്ള നിക്ഷേപത്തിനും 80സിസിഡി(ബി)പ്രകാരം 50,000 രൂപയുടെ നിക്ഷേപത്തിനുമാണ് നികുതിയിളവ് ലഭിക്കുക. അതായത്, മൊത്തം രണ്ടുലക്ഷം രൂപയുടെ നികുതിയിളവ്. അറുപതുവയസ്സാകുമ്പോള്‍ പിന്‍വലിക്കുന്ന തുക പൂര്‍ണമായും നികുതിവിമുക്തമാണ്.
Content Highlights: savings for retirement life money too column
Published: 11 Jan 2024, 10:51 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented