
ഇക്കുറി ഇടവപ്പാതിക്ക് മഴയെത്തിയില്ല. മടിച്ചുമടിച്ച്, ഒരു മാസം കൂടി കഴിഞ്ഞാണ് എത്തിയത്. അപ്പോഴേക്കും തിരിമുറിയാതെ മഴപെയ്യേണ്ട തിരുവാതിര ഞാറ്റുവേലയുടെ പകുതിയോളം പിന്നിട്ടിരുന്നു. സാരമില്ല. മഴ ഇങ്ങെത്തിയല്ലോ, ആശ്വാസം തന്നെ. നല്ല മഴ കിട്ടുന്ന, ഭേദപ്പെട്ട കാലാവസ്ഥയുള്ള ഒരു നാടാണ് കേരളം. പക്ഷെ സൂക്ഷിക്കണം. ആ കാലാവസ്ഥ മാറിവരികയാണ്. ഒരു ദിവസം മഴ പെയ്താല്‍ പ്രളയം, പെയ്തില്ലെങ്കില്‍ കൊടുംചൂട് എന്നതാണ് സ്ഥിതി.
നന്നായി മഴ കിട്ടുമ്പോള്‍ ഓര്‍ക്കുക, തീരെ മഴയില്ലാത്ത മാസങ്ങളും വരാനുണ്ടെന്ന്. അക്കാലം പ്രയാസമില്ലാതെ കടന്നുപോകണമെങ്കില്‍ നന്നായി മഴപെയ്യുന്ന ഈ നാളുകളിലാണ് ശ്രദ്ധിക്കേണ്ടത്. ജലസംരക്ഷണത്തെ കുറിച്ചാണ് പറയുന്നത്. ഇതെന്തോ വലിയ ആനക്കാര്യമാണെന്ന് കരുതേണ്ട. നമ്മുടെ പുരയിടത്തില്‍ പെയ്യുന്ന മഴവെള്ളം മണ്ണില്‍ ഊര്‍ന്നിറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കുക. അത്രയേ ഉള്ളൂ. അങ്ങനെ ചെയ്താല്‍ വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായുള്ള അലച്ചില്‍ ഒഴിവാക്കാം. അതിന് എളുപ്പം ചെയ്യാവുന്ന കാര്യങ്ങളേ ഉള്ളൂ.
Also Read
വീടു വെയ്ക്കുമ്പോള്‍ ശ്രദ്ധിക്കാം
വീടു പണിയുമ്പോള്‍, അത് ഒരു ഒന്നാന്തരം വീടായിരിക്കണമെന്ന് വിചാരിക്കുന്നവരാണ് ഏറെയും. അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ അസൂയ തോന്നിക്കുന്ന ഒന്ന്. അതിനു വേണ്ടി എത്ര കാശ് കളയാനും തയ്യാറാവും ഇവര്‍. വീടിനു ചുറ്റുമുള്ള പച്ചപ്പെല്ലാം വെട്ടിമാറ്റി വീടു വെക്കുന്നതിന് ഇക്കൂട്ടര്‍ക്ക് ഒരു മടിയുമില്ല. പച്ചപ്പുകളാണ് മണ്ണിലെ നനവ് നിലനിര്‍ത്തുന്നത്. പച്ചപ്പുകളെല്ലാം അറുത്തുമാറ്റി നിരപ്പാക്കി, സിമന്റോ കോണ്‍ക്രീറ്റോ ടൈല്‍സോ പാകുന്നത് ഒരു പരിഷ്‌കാരമായി ഇവര്‍ കരുതുന്നു. വെള്ളം മണ്ണില്‍ താഴാനുള്ള വഴിയടയ്ക്കലാണിത്. മാത്രമല്ല, റോഡിന് ഉയര്‍ന്നാണ് വീടെങ്കില്‍ മഴ പെയ്യുമ്പോള്‍ വെള്ളമത്രയും റോഡിലേക്ക് ഒഴുകുവാനും റോഡിന് താഴെയാണെങ്കില്‍ വീട്ടില്‍ വെള്ളം കയറുവാനും അത് കാരണമാവും. ഓരോ വീടിന്റെയും മുറ്റവും പരിസരവും ഇങ്ങനെ കോണ്‍ക്രീറ്റ്/ ടൈല്‍ കൊണ്ട് അടച്ചാല്‍ വെള്ളം മണ്ണില്‍ താഴാതെ, ഒരു പ്രദേശത്തെ മുഴുവന്‍ കിണറുകളിലും വെള്ളവും വറ്റാന്‍ ഇടയാക്കും. ഓരോ പുരയിടത്തുനിന്നും കുത്തിയൊലിക്കുന്ന വെള്ളം പ്രളയത്തിനും വഴിവെയ്ക്കും.
കുളങ്ങള്‍ നിലനിര്‍ത്തുക
മണ്ണില്‍ വെള്ളം നിലനിര്‍ത്തുന്നവയാണ് കുളങ്ങള്‍. പക്ഷെ, അവ മണ്ണിട്ട് തൂര്‍ക്കുന്നതിലാണ് പലര്‍ക്കും ഇന്ന് താല്‍പ്പര്യം. അതിനും പകരം അതിലെ ചെളിയും മണ്ണും കോരി, ആഴവും വീതിയും കൂട്ടി സംരക്ഷിച്ചുനിര്‍ത്തുകയാണ് വേണ്ടത്. സ്വന്തം പുരയിടത്തില്‍ കുളം ഇല്ലാത്തവര്‍ക്കും ഇക്കാര്യത്തില്‍ മനസ്സു വെയ്ക്കാം. പരിസരത്ത് കുളമുണ്ടെങ്കില്‍ റസിഡന്റ്‌സ് അസോസിയേഷനുകളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് അത് നവീകരിക്കാം. സ്വന്തം പുരയിടത്തില്‍ കുളം ഉപയോഗിക്കാതെ കിടക്കുകയാണെങ്കില്‍ പഞ്ചായത്തിന്റെയും സന്നദ്ധ സംഘങ്ങളോ വഴി അതിനെ പൊതുകുളങ്ങളായി മാറ്റുകയും ചെയ്യും.
കൃഷിക്കാരെ കണ്ട് പഠിക്കാം
മഴക്കാലത്ത് കര്‍ഷകര്‍ തെങ്ങിന് തടമെടുത്ത് തോലും വളവുമിട്ട് മൂടാറുണ്ട്. വരമ്പുകള്‍ മണ്ണിട്ട് ഉയര്‍ത്തി കണ്ടങ്ങളാക്കിയിടുന്നതും കാണാം. ഓരോ പറമ്പിലും പെയ്യുന്ന മഴവെള്ളം അവിടെത്തന്നെ താഴ്ത്താന്‍ വേണ്ടിയാണിത്. ഇപ്പോള്‍ കൃഷിയിടങ്ങള്‍ നന്നേ കുറഞ്ഞു. കൃഷിയിടങ്ങള്‍ മാത്രമല്ല, നമ്മുടെ നാടിനെ ഉറവ വറ്റാതെ കാത്ത ചതുപ്പുനിലങ്ങളും കുളങ്ങളും നെല്‍വയലുകളുമൊക്കെ ഏതാണ്ടെല്ലാം തൂര്‍ത്തുകഴിഞ്ഞു. ശേഷിക്കുന്നവയെങ്കിലും സംരക്ഷിക്കണമെന്ന വിചാരം വളര്‍ത്തണം.
മരങ്ങള്‍ക്ക് തടമെടുക്കാം
വര്‍ഷക്കാലമെത്തിയാല്‍ തെങ്ങുകള്‍ക്കെല്ലാം തടം കോരണം. മറ്റു മരങ്ങളുടെയും തടം കോരാവുന്നതാണ്. ചെടികള്‍ക്കും ഇങ്ങനെ തടമെടുക്കാം. മണ്ണിലേക്ക് വെള്ളമിറങ്ങാന്‍ കൂടിയാണിത്. പറമ്പുകളില്‍ ചെറിയ വരുമ്പുകള്‍ കെട്ടിയും വെള്ളം താഴാന്‍ അനുവദിക്കണം. മഴ പെയ്തു തുടങ്ങുന്ന കാലത്ത്, പുരയിടത്തില്‍ നാല് മരമേ ഉള്ളൂവെങ്കിലും കൈക്കോട്ടെടുത്ത് അവര്‍ അതിന് ചുവട്ടില്‍ തടമുണ്ടാക്കിയിടുന്നതു കാണാം. കാര്‍ഷിക ജീവിതത്തില്‍ നിന്ന് അവര്‍ പഠിച്ച പാഠമാണത്.
മഴക്കുഴി കുത്താം
വേനല്‍ക്കാലമെത്തിയാല്‍ കിണറിലെ ജലവിതാനം താഴ്ന്നുകൊണ്ടിരിക്കും. പറമ്പില്‍ പെയ്യുന്ന വെള്ളം പുറത്തേക്ക് ഒഴുക്കാതെ, ചാലിലൂടെയോ പൈപ്പു വഴിയോ അതിലേക്കൊഴുക്കുക. മേല്‍ക്കൂരയിലെ വെള്ളവും പൈപ്പ് വഴി ഇങ്ങനെ കുഴിയിലെത്തിക്കാം. കുഴിയില്‍ വീഴുന്ന വെള്ളം മണ്ണിലൂടെ ഊര്‍ന്നിറങ്ങി കിണറുകളിലെത്തും. കുഴികള്‍ ഇടിയാതിരിക്കാന്‍ വശങ്ങള്‍ കല്ലുകൊണ്ട് പടുക്കുകയും ചെയ്യാം. മണ്ണിലെ ഉറവകള്‍ വറ്റാതിരിക്കാനായി മഴവെള്ളം മണ്ണിലേക്ക് താഴ്ന്നിറങ്ങാന്‍ അനുവദിക്കണം. ഇതിന് സഹായിക്കുന്നവയാണ് മഴക്കുഴികള്‍. മഴക്കാലത്ത് പറമ്പില്‍ അങ്ങിങ്ങായും കുഴികള്‍ സ്ഥാപിക്കാം. തുടര്‍ന്ന് ചാലുകള്‍ കീറി വെള്ളം അതിലേക്കൊഴുക്കുക.
മഴവെള്ളം കൊണ്ട് കിണര്‍ നിറയ്ക്കാം
മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളം കൊണ്ട് മാത്രം നമ്മുടെ കിണറുകളെ ജലസമൃദ്ധമാക്കാനാവും. കിണര്‍ റീ ചാര്‍ജിങ്ങ് എന്നാണ് ഇതിന് പറയുക. പുരയിടത്തിലെ വെള്ളം ശുദ്ധീകരിച്ച് കണറിലേക്ക് ഇറക്കുകയാണിതില്‍ ചെയ്യുന്നത്. ഇതിന് പല സംവിധാനങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. അവയില്‍ സൗകര്യമായത് ഉപയോഗപ്പെടുത്തുക.
സംഭരണികള്‍
മഴവെള്ളം സംഭരണികളുണ്ടാക്കി സൂക്ഷിച്ചുവെയ്ക്കുകയുമാവാം. മേല്‍ക്കൂര വൃത്തിയാക്കി, ആദ്യത്തെ രണ്ടോ മൂന്നോ മഴയുടെ വെള്ളം പുറത്തേക്ക് ഒഴുക്കിയ ശേഷമായിരിക്കണം സംഭരണിയിലേക്ക് വിടേണ്ടത്. ഭൂമിക്ക് അടിയിലോ മുകളിലോ നിര്‍മ്മിക്കാം. അരിപ്പയിലൂടെ അരിച്ചാണ് വെള്ളം സംഭരണിയ്ക്ക് അകത്തേക്ക് വിടുക. 10000 മുതല്‍ 50000 വരെ ലിറ്ററിന്റെ സംഭരണികളാണ് വീടുകളില്‍ സ്ഥാപിക്കാറ്. ഒരു വ്യക്തി ശരാശരി 20 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ചംഗ കുടുംബത്തിന് പതിനായിരം ലിറ്ററിന്റെ മഴവെള്ള സംഭരണി കൊണ്ട് വേനല്‍ക്കാലം കഴിച്ചുകൂട്ടാം. ചെറിയ വീടും കുറച്ചുമാത്രം സ്ഥലവും ഉള്ളവര്‍ക്കും സംഭരണി പണിയാം.കാര്‍ പോര്‍ച്ചിന് അടിയില്‍ പോലും മഴവെള്ള സംഭരണി പണിയാനാവും.
വീടിന്റെ പ്ലാനില്‍ ചേര്‍ക്കാം
വീടു പണിയുമ്പോള്‍ മഴവെള്ള സംഭരണത്തിന് സംവിധാനമൊരുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇക്കാര്യം എഞ്ചിനിയറുടെയും ആര്‍ക്കിടെക്ടിന്റെയും ശ്രദ്ധയില്‍പ്പെടുത്തണം. മഴവെള്ളം സ്വന്തം പറമ്പിലെ മണ്ണില്‍ താഴാനുള്ള സ്വാഭാവിക മാര്‍ഗങ്ങള്‍ അടയ്ക്കുന്ന വിധത്തിലുള്ള നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കരുത്. കോണ്‍ക്രീറ്റും സിമന്റും ടൈല്‍സുമെല്ലാം നിര്‍ബന്ധമാണെങ്കില്‍ അത്യാവശ്യ സ്ഥലങ്ങളില്‍ മാത്രമായി ഒതുക്കണം.
സഹായത്തിന് ആരെ സമീപിക്കണം
പുരയിടത്തില്‍ മഴവെള്ള ശേഖരണ സംവിധാനം ഒരുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് നിര്‍ദേശവും സഹായവും ലഭിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. ജലനിധി, ഹരിതമിഷന്‍ തുടങ്ങിയവ ഇതുമായി ബന്ധപ്പെട്ട പദ്ധതികളാണ്. തദ്ദേശസ്ഥാപനങ്ങള്‍ മുഖേനയാണ് പദ്ധതികളേറെയും നടപ്പാക്കുന്നത്. അതിനാല്‍ പഞ്ചായത്തുകളെയോ നഗരസഭകളെയോ സമീപിക്കുക. 50 മുതല്‍ 75 ശതമാനം വരെ സബ്‌സിഡി കിട്ടുന്ന പദ്ധതികളുമുണ്ട്. മഴവെള്ള സംഭരണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളും ഏജന്‍സികളുമുണ്ട്. അവരെയും സമീപിക്കാം.
സൂക്ഷിച്ച് ഉപയോഗിക്കാം
അമൂല്യമാണ് ജലം. അത് പാഴാക്കരുത് എന്ന വിചാരം മനസ്സിലുണ്ടായിരിക്കണം. കാലാവസ്ഥ മാറിവരുന്നത് അതിന്റെ ഗൗരവും നമ്മളെ ബോധ്യപ്പെടുത്തുന്നു. ഇന്ന് തോരാതെ മഴ പെയ്യുമ്പോള്‍, ആ വെള്ളമത്രയും പാഴാക്കിക്കളഞ്ഞാല്‍ നാളെ മഴയില്ലാത്ത നാളുകളില്‍ വെള്ളത്തിനായി നെട്ടോട്ടമോടേണ്ടിവരും എന്ന് ഓര്‍ക്കുക. അതിനാല്‍ വെള്ളം സംഭരിക്കാനും ഒപ്പും സൂക്ഷിച്ചുപയോഗിക്കാനും നമ്മള്‍ ശ്രദ്ധിക്കണം. അതിന് ഇനി പറയുന്ന കാര്യങ്ങളില്‍ കൂടി ശ്രദ്ധ വെയ്ക്കണം.
- സ്വന്തം പുരയിടത്തില്‍ പെയ്യുന്ന വെള്ളം അവിടെത്തന്നെ താഴുന്നു എന്ന് ഉറപ്പാക്കുക. അതിന് കുഴികളുണ്ടാക്കി അതിലേക്കോ തടമെടുത്ത മരച്ചുവട്ടിലേക്കോ തിരിച്ചുവിടണം.
- കരിയിലകളും ഉണങ്ങിയ പുല്ലുമൊക്കെ കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കണം. മഴവെള്ളം മണ്ണില്‍ പിടിച്ചു നിര്‍ത്തി ഈര്‍പ്പമുള്ളതാക്കുന്നതാണിവ.
- മഴക്കാലത്ത് മരങ്ങളുടെ ചുവട്ടില്‍ തടം കോരിയിടണം. വീട് നില്‍ക്കുന്ന പറമ്പിനാകെ അത് ഗുണം ചെയ്യും.
- വെള്ളം വെറുതെ കളയുന്നതില്‍ പ്രധാനിയാണ് വീട്ടിലെ ടേപ്പുകള്‍ എന്ന് തിരിച്ചറിയുക. അവയുടെ ഉപയോഗം കുറയ്ക്കുക. ഓരോ ടാപ്പിന് ചുവട്ടിലും ബക്കറ്റ് നിര്‍ബന്ധമാക്കുക.
- ടാപ്പുകള്‍ അത്യാവശ്യ സ്ഥലങ്ങളിലേ വെയ്ക്കാവു.
- പല്ലു തേയ്ക്കുമ്പോള്‍ ടാപ്പ് തുറന്നിടുന്ന സ്വഭാവം മാറ്റുക.
- ചെടി നനയ്ക്കുമ്പോഴും കാറും ബൈക്കുമൊക്കെ കഴുകുമ്പോഴും ബക്കറ്റും കപ്പും ഉപയോഗിച്ച് ശീലിക്കുക.
- വെള്ളം ദുരുപയോഗം ചെയ്യുന്ന മറ്റൊരു സ്ഥലം കുളിമുറിയാണ്. ഷവര്‍ ഉപയോഗം പരമാവധി കുറയ്ക്കണം.
- ടാപ്പുകളുടെ ലീക്ക് കണ്ടില്ലെന്ന് നടിക്കരുത്. ചെറിയ തുള്ളിയാണെങ്കിലും ഒരു ദിവസകൊണ്ട് ടാങ്ക് കാലിയാക്കാന്‍ അത് ധാരാളം മതി.
- വെള്ളത്തിന്റെ പുനരുപയോഗം ശീലമാക്കണം. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വെള്ളമാണെങ്കില്‍ അതിന് പറ്റിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക. സോപ്പ് കലരാത്ത വെള്ളമാണെങ്കില്‍ ചെടി നനയ്ക്കാനെടുക്കാം, സോപ്പ് കലര്‍ന്ന വെള്ളമാണെങ്കില്‍ കുളിമുറി കഴുകാനും കാറും ബൈക്കും കഴുകാനും ഉപയോഗിക്കാം.
- വാട്ടര്‍ ടാങ്ക് നിറഞ്ഞു പോവുന്നത് പലപ്പോഴും ശ്രദ്ധിക്കാതെ പോവാം. അതിന് പരിഹാരം കാണാവുന്നതോയുള്ളൂ. ഓവര്‍ഫ്‌ളോ ആവുന്ന വെള്ളം ഒരു പാത്രത്തിലേക്ക് വീഴ്ത്താന്‍ പൈപ്പ് വെയ്ക്കാം. അതിലേക്ക് വെള്ളം വീഴുന്ന ശബ്ദം കേട്ടാല്‍ മോട്ടോര്‍ ഓഫ് ചെയ്യാനാവും. അങ്ങനെ വെള്ളനഷ്ടമാകുന്നത് ഒഴിവാക്കാം.
Content Highlights: safety tips for rainy season
Published: 12 Jul 2023, 10:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented