
അരവിന്ദ് കശ്യപ് കാന്താരയുടെ ചിത്രീകരണത്തിനിടെ/ ഇൻസ്റ്റഗ്രാം(arvindskash)
കാന്താര ചാപ്റ്റർ 1 ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്. പ്രദർശനത്തിനെത്തി രണ്ടാഴ്ച പിന്നിടുമ്പോൾ ചിത്രം ഇന്ത്യയിൽ നിന്നു മാത്രം 500 കോടി കളക്ഷൻ നേടിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കർണാടകയിലെ കുന്ദാപുരത്താണ് കാന്താരയുടെ ചിത്രീകരണം നടന്നത്. പ്രകൃതിയും പുരാണവും ഇഴചേരുന്ന കാന്താരയുടെ ലൊക്കേഷനുകളും ചിത്രീകരണ മികവും കെെയടി നേടുകയാണ്.
ഇപ്പോഴിതാ, അടുത്തിടെ ഒരു അഭിമുഖത്തിൽ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ നിറഞ്ഞ ക്യാൻവാസ് ചിത്രീകരിക്കുന്നതിനിടയിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നതായി കാന്താരയുടെ ഛായാഗ്രാഹകൻ അരവിന്ദ് കശ്യപ് തുറന്നുപറയുകയാണ്.
“ചിത്രീകരണത്തിനിടയിൽ എന്തൊക്കെ അപകടങ്ങൾ സംഭവിക്കാം എന്ന് മുൻകൂട്ടി കണ്ട് ഞങ്ങൾ കഠിനമായ പരിശീലനം നടത്തിയിരുന്നു. പരിശീലന സമയത്ത്, അപകടസാധ്യതയുള്ള സ്ഥലങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. പലപ്പോഴും വലിയ ക്യാൻവസുകൾ ചിത്രീകരിക്കേണ്ടി വന്നു, അപ്പോഴെല്ലാം സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്കിയത്.
അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ഷോട്ടിനിടെ ആരും അടുത്തില്ലെന്ന് ഉറപ്പുവരുത്തി. ഞങ്ങളോടൊപ്പം പ്രവർത്തിച്ച ഫെെറ്റ് മാസ്റ്റർമാരും സുരക്ഷയ്ക്ക് മുൻഗണന നല്കി. ആക്ഷൻ രംഗങ്ങളും സുരക്ഷാ നടപടികളും ആസൂത്രണം ചെയ്യാൻ അവർക്ക് ആവശ്യത്തിന് സമയം നൽകിയിരുന്നു.
കാന്താരയുടെ ടീം വലിയൊരു സംഘമായിരുന്നു, ഒരു സീക്വൻസ് ചെയ്യുമ്പോൾ ആയിരക്കണക്കിന് ആളുകളെ നിയന്ത്രിക്കാൻ കഴിയില്ല, കാരണം ഓരോരുത്തർക്കും അവരുടേതായ ചിന്താഗതിയുണ്ടാകും. സുരക്ഷയ്ക്കായി ധാരാളം ലൈൻ പ്രൊഡ്യൂസർമാരും പ്രാദേശിക ആരോഗ്യപ്രവർത്തകരും ഉണ്ടായിരുന്നു.
അവിടെ മൊബൈൽ നെറ്റ്‌വർക്ക് ഉണ്ടായിരുന്നില്ല. വാക്കികൾ ഉപയോഗിച്ചാണ് ഞങ്ങൾ ആശയവിനിമയം നടത്തിയിരുന്നത്. രാത്രിയിലെ ചിത്രീകരണ സമയത്ത്, അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ചിത്രീകരണം നടത്തുമ്പോൾ, ആ വഴികളിൽ 20 പേർ കാവൽനിൽക്കും. രാത്രി മുഴുവൻ ഞങ്ങളെയും കാത്ത് അവർ അവിടെത്തന്നെ ഉണ്ടാകും’’
സിനിമയിലെ തൊണ്ണൂറുശതമാനം രംഗങ്ങളും ക്യാമറയിൽ പകർത്തിയതാണെന്നും അതിനെ ഭംഗിയാക്കാൻ വേണ്ടി മാത്രമാണ് വി.എഫ്.എക്സ് ഉപയോഗിച്ചതെന്നും ഇതോടൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രീകരണത്തിനിടയിലെ നടന്ന മറ്റൊരു സംഭവം അദ്ദേഹം ഓർത്തെടുത്തു.
‘’ഷൂട്ടിനിടയിൽ അപ്രതീക്ഷിതമായി മഴ പെയ്യാൻ തുടങ്ങി, 10 മിനിറ്റിനുള്ളിൽ ഏകദേശം 1000 ആളുകളെയും 100 വാഹനങ്ങളെയും സുരക്ഷാസംഘം പുറത്തെത്തിച്ചു, ഇല്ലായിരുന്നെങ്കിൽ, മൂന്ന് ദിവസം അവിടെ കുടുങ്ങിപ്പോകുമായിരുന്നു. കാര്യങ്ങൾ, മുൻകൂട്ടി കണ്ട് ആസൂത്രണം ചെയ്തതിനാലാണ് ഇത് സാധ്യമായത്’’
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kantara`s cinematographer, Arvind Kashyap, shares, the challenges faced during shooting in Kundapur`s scenic locations, and the extensive safety measures taken.
Published: 20 Oct 2025, 11:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented