
നിലവില്‍ പക്ഷികളെ വളര്‍ത്തുന്നവര്‍ പുതുതായി പക്ഷികളെ പുറത്തുനിന്ന് വാങ്ങിക്കൊണ്ടു വരുമ്പോള്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. കൂട്ടിലേക്കു പുതുതായി വരുന്ന പക്ഷികള്‍ക്കു നേരിടേണ്ടി വരുന്ന സമ്മര്‍ദ്ദം (stress), അതിഥികള്‍ രോഗവുമായി വരാനുള്ള സാധ്യത എന്നിവയാണ് പ്രധാനപ്രശ്‌നങ്ങള്‍. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക പരിപാലനം, നിരീക്ഷണം, ചികിത്സാ സൗകര്യമൊരുക്കല്‍ എന്നിവയെല്ലാം വേണ്ടിവരും. പുത്തന്‍ കൂട്ടുകാര്‍ പുതിയ വീടിനെ തങ്ങളുടെ തട്ടകമായി കണ്ട് തൂവലുകള്‍ പൊഴിച്ച് പുതിയ തൂവലുകളുമായി എത്തുമ്പോള്‍ നിലവിലുള്ള അംഗങ്ങള്‍ രോഗഭീഷണിയില്ലാതെ അതിഥികളെ അംഗീകരിക്കുന്നതുവരെ പ്രത്യേകശ്രദ്ധ വേണം. പുതിയ പക്ഷികളെ നിശ്ചിതസമയത്തേക്ക് പ്രത്യേക കൂടുകളില്‍ പാര്‍പ്പിച്ചതിനുശേഷമേ സ്ഥിരം കൂടുകളിലേക്ക് മാറ്റാവൂ. ഇത്തരം മാറ്റിനിര്‍ത്തലുകളാണ് ക്വാറന്റൈന്‍(Quarantine). പല പക്ഷിപ്രേമികളും 2-3 ആഴ്ചയാണ് ക്വാറന്റൈന്‍ അനുവര്‍ത്തിക്കുന്നതെങ്കിലും 40-42 ദിവസമാണെന്നാണ് വിദഗ്ദ നിര്‍ദ്ദേശം.
പക്ഷികളിലെ സമ്മര്‍ദ്ദം
ദൂരയാത്ര, പുതിയ അന്തരീക്ഷം, അപരിചിതമായ ഭക്ഷണം, പുതിയ കൂടുകളും വാസസ്ഥലങ്ങളും, പുതിയ ഉടമ എന്നിവയെല്ലാം പക്ഷികളില്‍ സമ്മര്‍ദ്ദമുണ്ടാക്കും. അതിനാല്‍ സമ്മര്‍ദ്ദം കുറച്ച് അവയെ പുതിയ ചുറ്റുപാടുകളുമായി ഇണങ്ങാന്‍ പ്രാപ്തരാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സ്വാഭാവിക രോഗപ്രതിരോധശേഷി കുറയുന്നതോടെ ആരോഗ്യമുള്ള പക്ഷികള്‍ക്കുപോലും രോഗമുണ്ടാകും. സമ്മര്‍ദ്ദം താങ്ങാനാവാതെ ഭക്ഷണവും ജലപാനവും ഉപേക്ഷിച്ചെന്നുവരാം. ഇങ്ങനെ പട്ടിണി കിടന്നോ നിര്‍ജലീകരണം മൂലമോ പക്ഷികള്‍ ചത്തുപോകും. അതിനാല്‍ ക്വാറന്റൈന്‍ കാലത്ത് ആദ്യത്തെ ഒരാഴ്ച ഇവയുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രദ്ധിക്കണം.
പുതിയവരെ ഉടന്‍തന്നെ നിലവിലുള്ളവര്‍ക്കൊപ്പം കൂട്ടിലിടുന്നത് അപകടകരമാണ്. അതിഥികളെ പഴയവര്‍ ആക്രമിക്കാം. ഇതും പക്ഷികളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കാം. പക്ഷികളെ കൂട്ടമായി പാര്‍പ്പിക്കുന്ന കൂടുകളില്‍ രൂപപ്പെടുന്ന സാമൂഹിക അധികാരശ്രേണിയില്‍ പുതുമുഖങ്ങള്‍ പിന്‍തള്ളപ്പെടും. മേധാവിത്തമുള്ള പഴയവര്‍ ഉയര്‍ന്ന ചില്ലകളും വിശ്രമസ്ഥലങ്ങളും കയ്യടക്കുകയും അതിഥികള്‍ക്കു തീറ്റപ്പാത്രംവരെ നിഷേധിക്കുകയും ചെയ്യുന്നു. ഇങ്ങനെ പല സമ്മര്‍ദ്ദങ്ങളില്‍പ്പെടാനിടയുള്ള പക്ഷികള്‍ക്ക് ക്വാറന്റൈന്‍കാലത്ത് പ്രത്യേക പരിചരണം നല്‍കണം. നിലവിലുള്ള പക്ഷികളെ പാര്‍പ്പിക്കുന്ന കൂട്ടില്‍ നിന്നു പരമാവധി അകലെയാകണം ക്വാറന്റൈന്‍ കൂട്. 4 അടി നീളം, 2 അടി വീതി, 3 അടി ഉയരമുള്ള ഒരു കൂട്ടില്‍ ഫിഞ്ചസ്, ബഡ്ജറിഗര്‍ പോലുള്ള പത്തു പക്ഷികളെയെങ്കിലും പാര്‍പ്പിക്കാം.
തീറ്റയിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാം
നിര്‍ജലീകരണത്തില്‍ നിന്നു രക്ഷ നല്‍കാന്‍ ഇലക്ട്രോലൈറ്റ് ലായനികളോ, കരിക്കിന്‍ വെള്ളമോ നല്‍കാം. സമ്മര്‍ദ്ദാവസ്ഥ രോഗത്തിലേക്കു വഴിമാറുന്നത് തടയാന്‍ പ്രോബയോട്ടിക്കുകള്‍ കൊടുക്കുക. ലാക്ടോബാസിലസ്, സ്‌ട്രെപ്‌റ്റോകോക്കസ് തുടങ്ങിയ മിത്ര ബാക്ടീരിയകള്‍ (ഉദാഹരണത്തിന് തൈര്, യോഗര്‍ട്ട്) അടങ്ങിയ മരുന്നുകളാണ് പ്രോബയോട്ടിക്കുകള്‍. സമ്മര്‍ദ്ദം ഉണ്ടാകുന്ന അവസരങ്ങളില്‍ രോഗപ്രതിരോധശേഷി കുറയുകയും ആമാശയത്തില്‍ ഗുണകരമായ ബാക്ടീരിയകളുടെ തോത് കുറഞ്ഞ് രോഗകാരികളുടെ എണ്ണം കൂടി വയറിളക്കം പോലുള്ള രോഗങ്ങള്‍ ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ ദീര്‍ഘകാലത്തില്‍ പാര്‍ശ്വഫലങ്ങളുണ്ടാകുന്ന ആന്റിബയോട്ടിക്കുകള്‍ നല്‍കുകയാണ് വേണ്ടത്. എന്നാല്‍ പ്രോബയോട്ടിക്കുകള്‍ ആമാശയത്തിന്റെ അമ്ലത ക്രമീകരിക്കുകയും ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു. ഉപകാരികളായ ബാക്ടീരിയകളുടെ എണ്ണവും, രോഗകാരികളുടെ എണ്ണവും സന്തുലിതമാക്കുകയും ചെയ്യുന്നു.
തീറ്റക്രമം വഴിയും സമ്മര്‍ദ്ദം ലഘൂകരിക്കാം. മുപ്പതു ശതമാനമെങ്കിലും നല്ലപോലെ കുതിര്‍ത്ത തിന പോലുള്ള ധാന്യങ്ങള്‍, മൃദു ഭക്ഷണം (Soft food), വിറ്റാമിന്‍, ധാതുലവണ മിശ്രിതങ്ങള്‍ എന്നിവ കൃത്യമായി നല്‍കണം. പുതുതായി വരുന്നവര്‍ക്കു മുമ്പ് കൊടുത്തിരുന്ന ഭക്ഷണം തല്‍ക്കാലം തുടരണം. ഭക്ഷണത്തില്‍ മാറ്റങ്ങള്‍ 1-2 ആഴ്ചകൊണ്ടുമതി. കൈത്തീറ്റ കൊടുത്തു വളര്‍ത്തിയിരുന്ന പക്ഷികള്‍ പെട്ടെന്ന് പ്രശ്‌നത്തില്‍പ്പെടും. വിശേഷിച്ച് ദഹന പ്രശ്‌നങ്ങള്‍. നന്നായി കുതിര്‍ത്ത തിന, മുളപ്പിച്ച പയര്‍, ചീര, മല്ലിയില, തുളസിയില എന്നിവകൊണ്ടു തയ്യാര്‍ ചെയ്ത സോഫ്റ്റ് ഫുഡ്, വിപണിയില്‍ നിന്നു വാങ്ങുകയോ സ്വന്തമായി തയ്യാറാക്കുകയോ ചെയ്യാം. റൊട്ടിപ്പൊടി, തോടോടുകൂടിയ കോഴിമുട്ട, സോയ, വെളുത്തുള്ളി, എള്ളെണ്ണ, കോഡ്‌ലിവര്‍ ഓയില്‍, ധാതുലവണ മിശ്രിതം, പ്രോബയോട്ടിക്ക് തുടങ്ങിയവയും മൃദുഭക്ഷണത്തിലെ ഘടകങ്ങളാണ്. മൃദുഭക്ഷണം നല്‍കുമ്പോഴും മൊത്തം തീറ്റയുടെ 30 ശതമാനമെങ്കിലും ധാന്യമായിരിക്കണം. 40 ദിവസത്തെ ക്വാറന്റൈന്‍ കാലത്തെ തീറ്റക്രമം വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരം ക്രമീകരിക്കണം.
രോഗനിയന്ത്രണം
പുതിയവരുടെ ആരോഗ്യം പരിപാലിക്കുകയും നിലവിലുള്ളവര്‍ക്കു പുതിയവയില്‍ നിന്ന് രോഗം വരാതെ നോക്കുകയുമാണ് ക്വാറന്റൈന്‍ പ്രക്രിയയുടെ മറ്റൊരു ലക്ഷ്യം. പല സ്രോതസ്സുകളില്‍ നിന്നും കൃത്യമായ ചരിത്രമറിയാതെയാണ് പക്ഷികളെ വാങ്ങുന്നത്. ഇവ വളര്‍ന്നുവന്ന സാഹചര്യങ്ങളിലെ രോഗാണുക്കളുമായി സ്വാഭാവിക പ്രതിരോധശേഷി നേടിയവയാകാം, രോഗമില്ലാത്തവയാകാം. ചിലര്‍ രോഗാണുക്കള്‍ ഉള്ളില്‍ പ്രവേശിച്ചിട്ട് രോഗലക്ഷണം കാണിക്കാനുള്ള സമയമാകാത്തവയാകാം. മറ്റു ചിലര്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗവാഹകരാകാം. രോഗാണുക്കള്‍ ഉള്ളിലുണ്ടെങ്കില്‍ ക്വാറന്റൈന്‍ സമയത്ത് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ചില പക്ഷികള്‍ സമ്മര്‍ദ്ദം കാരണം രോഗലക്ഷണങ്ങള്‍ കാണിച്ചുവെന്നും വരാം. അതിനാല്‍ ക്വാറന്റൈന്‍ സമയത്ത് ശാരീരിക പരിശോധനയും, കാഷ്ഠ, രക്തപരിശോധനയും നടത്തുകയും, നിരന്തരം നിരീക്ഷിക്കുകയും ചെയ്യണം. പൊതുവായ പ്രതിരോധ ചികിത്സാക്രമം വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ രൂപപ്പെടുത്തുകയും വേണം. സമ്മര്‍ദ്ദ ലഘൂകരണത്തിന്റെ ആദ്യ ആഴ്ചക്കുശേഷം ചികിത്സ, നിരീക്ഷണം, സമീകൃതാഹാരം എന്നിവയിലാണ് ശ്രദ്ധിക്കേണ്ടത്. ക്വാറന്റൈന്‍ സമയത്തു സാധാരണ ബാക്ടീരിയ ബാധകള്‍, പ്രോട്ടോസോവ ബാധ എന്നിവയ്ക്കാണ് പ്രധാനമായും ചികിത്സ നല്‍കേണ്ടത്.
പുതിയ പക്ഷികളെ കൂട്ടിലിടുമ്പോള്‍ ശ്രദ്ധവേണം. വ്യത്യസ്ത ഇനങ്ങളേക്കാള്‍ ഒരേ ഇനങ്ങളാണ് കൂടുതല്‍ ശത്രുത പുലര്‍ത്തുക. പ്രാവുകള്‍ സമാധാനത്തിന്റെ ദൂതന്‍മാരാണെന്നാണ് പൊതുവെ കരുതുന്നതെങ്കിലും അവയ്ക്കും സഹിഷ്ണുതയില്ല, വിശേഷിച്ചും പ്രജനനകാലത്ത്. ഫിഞ്ചസിനും മറ്റും ആക്രമണ സ്വഭാവം കുറവും, തത്തകള്‍ക്കു കൂടുതലുമായിരിക്കും. നുഴഞ്ഞുകയറ്റം അനുവദിക്കാത്ത സാമൂഹിക ക്രമമാണ് തത്തകളുടേത്. അടയിരിക്കുമ്പോള്‍ അതിഥികള്‍ വന്നാല്‍ ഫിഞ്ചസുകള്‍ അത് അവസാനിപ്പിക്കാറുണ്ട്. എന്തായാലും പ്രജനനകാലം കഴിഞ്ഞ് തൂവല്‍ പൊഴിക്കുന്ന സമയമാണ് അതിഥികളെ വരവേല്‍ക്കാന്‍ പറ്റിയ സമയം.
(കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ലേഖകൻ)
Content Highlights: quarantine of new birds
Published: 21 Apr 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented