നായ്ക്കളെ ചെറിയ യാത്രകള്‍ക്ക് കൊണ്ടുപോയി ശീലമാക്കിയതിനുശേഷം മാത്രം ദീര്‍ഘദൂര യാത്രകള്‍ക്ക് ഒപ്പം കൂട്ടാം. കാറിലും മറ്റും ആദ്യം യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മാറാന്‍ ഇത്തരം പരിശീലനം സഹായിക്കും. സ്ഥിരമായി യാത്രക്കിടയില്‍ ഛര്‍ദ്ദിയും അസ്വസ്ഥതയുമുള്ള നായ്ക്കള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്നുകള്‍ നല്‍കണം. വാഹനത്തില്‍ വളര്‍ത്തുമൃഗത്തിനായി  പ്രത്യേക സീറ്റോ, സ്ഥലമോ മാറ്റിവയ്ക്കുക. ഇത് പിന്‍ഭാഗത്താകുന്നതാണ് നല്ലത്. ഈ സ്ഥലത്ത് അവര്‍ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ വെക്കുക. 

മുന്‍കരുതലുകള്‍

യാത്രകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേക കൂടുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പൂച്ചകള്‍ക്കും, വളര്‍ത്തുപക്ഷികള്‍ക്കും കൂടുകള്‍ വേണം. കൂടുകളില്‍ നല്ല വായു സഞ്ചാരം ഉറപ്പാക്കാം. ശരിയായി അടയ്ക്കാനും, എടുത്തുകൊണ്ടുപോകാനുമുള്ള സൗകര്യങ്ങളും ഉണ്ടാകണം. കൂട്ടില്‍ തിരിച്ചറിയല്‍ അഡ്രസ്സ് ടാഗ് ഒട്ടിക്കണം. കൂടുകള്‍ സീറ്റ് ബെല്‍റ്റുമായി ബന്ധിപ്പിക്കാം.തിരിച്ചറിയല്‍ കോളറും ധരിപ്പിക്കണം. ഇതില്‍ വിവരങ്ങളടങ്ങിയ ടാഗ് വേണം.  മൈക്രോ ചിപ്പിങ്ങ് നടത്തുന്നത് നായ്ക്കളെ തിരിച്ചറിയാനുള്ള എളുപ്പ മാര്‍ഗ്ഗമാണ്, നായ്ക്കള്‍ക്കായുള്ള പ്രത്യേക സീറ്റ് ബെല്‍റ്റ്, ബാത്ത് പാക്കുകള്‍, ലൈഫ് ജാക്കറ്റ്. ലീഷ്, കൂട്, കളിപ്പാട്ടങ്ങള്‍, പുതപ്പ്, ബെഡ്ഡ്, ടവ്വല്‍, കടലാസ്, ഭക്ഷണ-വെള്ളപ്പാത്രങ്ങള്‍, മരുന്നുകള്‍, ചീപ്പ്, ബ്രഷ് എന്നിവയും കരുതുക. 

നായ ഇരിക്കുന്ന സ്ഥലവും ഡ്രൈവറുടെ സീറ്റുമായി ഒരു പാര്‍ട്ടീഷന്‍ നല്‍കുന്നത് അപകട സാധ്യതയും, ഡ്രൈവര്‍ക്കുള്ള ശല്യവും കുറയ്ക്കും. ഒരിക്കലും കാറിന്റെ ഡിക്കിയിലിട്ട് വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകരുത്. എയര്‍ കണ്ടീഷന്‍ സൗകര്യങ്ങളില്ലാത്ത വാഹനങ്ങളില്‍ യാത്ര ഒഴിവാക്കുക. എ.സി. ഇല്ലാത്ത വാഹനങ്ങളില്‍ നല്ല വായു സഞ്ചാരം ഉറപ്പാക്കണം. ചൂടു കാലാവസ്ഥയില്‍ ഇടയ്ക്കിടെ വണ്ടി നിര്‍ത്തി തണുത്ത വെള്ളമോ ഐസ് കട്ടകളോ നല്‍കണം. കാറില്‍ ഒറ്റയ്ക്കിട്ട് അടച്ചു പോകുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം.  വാഹനയാത്രയ്ക്കു മുന്‍പ് വയറു നിറയെ ആഹാരവും വെള്ളവും നല്‍കരുത്. മലമൂത്ര വിസര്‍ജ്ജനത്തിനുശേഷം യാത്ര തുടങ്ങുക. ഒരു യാത്രയ്ക്കാവശ്യമായ മുഴുവന്‍ ഭക്ഷണവും, വെള്ളവും കരുതുന്നത് നല്ലത്. രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ വാഹനം നിര്‍ത്തി 10-15 മിനിട്ട് നേരം നടത്തി നായ്ക്കള്‍ക്ക് വ്യായാമം നല്‍കുക. റാബീസ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പുകള്‍ കൃത്യസമയത്ത് നല്‍കിയശേഷമായിരിക്കണം യാത്ര. ഇതിനായി വെറ്ററിനറി ഡോക്ടറുടെ ഉപദേശം തേടാം. യാത്ര പോകുന്ന സ്ഥലത്ത്  അത്യാവശ്യം വന്നാല്‍ വെറ്ററിനറി സേവനം ലഭിക്കാനുള്ള  സൗകര്യം ഉറപ്പാക്കുക. വളര്‍ത്തുമൃഗങ്ങളെക്കൂടി കണക്കിലെടുത്തുള്ള ടൂര്‍ പാക്കേജുകള്‍ ഇന്ത്യന്‍ റെയില്‍വേയും, വിമാന കമ്പനികളും ഒരുക്കുന്നുണ്ട്.