ഹാച്ചിക്കോ സിനിമ ഓര്‍മയില്ലേ.. നോവോടെയല്ലാതെ കണ്ടുതീര്‍ക്കാന്‍ കഴിയാത്ത ക്ലാസ്സിക്. അര്‍ജുന് വേണ്ടി ഷിരൂരില്‍ തിരച്ചില്‍ നടത്തിയ സ്ഥലത്ത് യജമാനെയും കുടുംബത്തെയും തിരഞ്ഞുനടന്ന വളര്‍ത്തുനായയെ നമ്മള്‍ കണ്ടു. കവളപ്പാറയിലും മുണ്ടക്കൈയിലും മണ്ണിനടിയില്‍ മറഞ്ഞ പ്രിയപ്പെട്ടവര്‍ക്കായി അലയുന്ന വളര്‍ത്തുനായകളും നമ്മുടെ കണ്മുന്നിലുണ്ട്. ഹാച്ചി മാത്രമല്ല അല്പം സ്‌നേഹം കിട്ടിയാല്‍ പതിനായിരം മടങ്ങാക്കി മടക്കി നല്‍കും എല്ലാ വളര്‍ത്തുനായകളും.

ആദിമകാലം മുതല്‍ക്കേ മനുഷ്യന്‍ നായകളെ വളര്‍ത്തുന്നതിന്റെ കാരണം അളവില്ലാത്ത സ്‌നേഹവും തന്നെയാണ്. മറ്റെല്ലാ ജീവികളെക്കാളും മനുഷ്യന് വിശ്വസിച്ച് ആശ്രയിക്കാവുന്ന ജീവിയാണ് നായ. പല തരം ജീവികളെ, എന്തിന് പാമ്പിനെപ്പോലും വീട്ടില്‍ വളര്‍ത്തുന്ന കാലമാണിത്. പക്ഷേ, എന്നിട്ടും നായകൾക്ക് വന്‍ ഡിമാന്‍ഡാണ്. അല്‍സേഷ്യന്‍, പൊമറേനിയന്‍, ഡോബര്‍മാന്‍, ജര്‍മ്മന്‍ ഷെപ്പേഡ് എന്നിവയൊക്കെയാണ് മുന്‍കാലങ്ങളില്‍ വിപണിയില്‍ സജീവമായിരുന്നത്. ഇന്നിപ്പോള്‍ ലാബ്രഡോര്‍ റിട്രീവര്‍, ബോക്സര്‍, ബുള്‍ഡോഗ് റോട്ട്വീലര്‍, ബീഗിള്‍, പിറ്റ്ബുള്‍, ഷിറ്റ്സു, പഗ്, ഡാഷ്ഹണ്ട്.. തുടങ്ങി നിരവധി ബ്രീഡുകളെ കിട്ടാനുണ്ട്.

ഒരു കുഞ്ഞിനെ വളര്‍ത്തുന്നതുപോലെ തന്നെയാണ് ഒരു ജീവിയെ വളര്‍ത്തുന്നതും ഒരു ചെടി നട്ടുവളര്‍ത്തുന്നതും. നാലുതരം രാസമാറ്റങ്ങളാണ് ഇതിലൂടെ തലച്ചോറിലുണ്ടാകുന്നത്. സ്നേഹം, ആത്മബന്ധം എന്നിവയെ നിയന്ത്രിക്കുന്ന ഹോര്‍മോണാണ് ഓക്സിറ്റോസിന്‍. അമ്മയ്ക്ക് കുഞ്ഞിനോടുള്ള ഇഴയടുപ്പത്തിന്റെ മൂലകാരണം ഈ ഹോര്‍മോണാണ്. നായകളെ വളര്‍ത്തുന്നവരുടെ തലച്ചോറില്‍ ഓക്സിറ്റോസിന്റെ തോത് വര്‍ധിക്കും. അത് സാമൂഹ്യബന്ധങ്ങളും വ്യക്തിബന്ധങ്ങളും ദൃഢമാക്കും. ഏകാഗ്രതയും സന്തോഷവും നല്‍കുന്ന ഡോപ്പാമിന്‍ എന്ന രാസവസ്തുവും ക്ഷമയും സഹിഹ്ണുതയും വളര്‍ത്തി എടുത്തുചാട്ടം കുറയ്ക്കുന്ന സെറോട്ടോണിനും കൂടും. ഉന്മേഷവും ലക്ഷ്യബോധവും വളര്‍ത്തുന്ന എന്‍ഡോര്‍ഫിന്‍ എന്ന രാസവസ്തുവും ഇവരില്‍ കൂടുതലായി കണ്ടുവരുന്നു.

മറ്റൊരാളുടെ വൈകാരിക അവസ്ഥ പൂര്‍ണമായും മനസ്സിലാക്കി അതിനനുസൃതമായി പ്രതികരിക്കാനുള്ള കഴിവാണ് അനുതാപം (empathy). ഒരു വ്യക്തിയ്ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ജീവിതഗുണമാണിത. നായകളെ വളര്‍ത്തുന്നവര്‍ക്ക് അനുതാപം കൂടുതലായിരിക്കും. പത്തുവയസ്സിനു താഴെ നമുക്കുണ്ടാവുന്ന ജീവിതാനുഭവങ്ങള്‍ സ്വഭാവത്തെ ആഴത്തില്‍ സ്വാധീനിക്കും. കാണുന്നതിനെയൊക്കെ സ്വാംശീകരിക്കാനും അനുകരിക്കാനും തന്മയീഭാവം കാണിക്കാനും കുഞ്ഞുങ്ങള്‍ ശ്രമിക്കുന്ന ഘട്ടമാണിത്. വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുന്ന വീടുകളില്‍ കുട്ടികള്‍ കരുതലും കരുണയും സംരക്ഷണവും ചെറുപ്പത്തിലേ കണ്ടുപഠിക്കും. കുട്ടികളില്‍ അനുതാപം വളര്‍ത്തിയെടുക്കാനും കഴിയും. 

വീട്ടില്‍ പെറ്റ്സുണ്ടെങ്കില്‍ പ്രായമായവര്‍ക്ക് ഒറ്റപ്പെടല്‍ ഒഴിവാക്കാനാകും. പെറ്റ്സുള്ള പ്രായമായവര്‍ക്ക് മറവി ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്. ദേഷ്യം, വിഷാദം, അമിത ഉത്കണ്ഠ, ലഹരി അടിമത്തം, ഡിജിറ്റല്‍ അടിമത്തം എന്നിവ നിയന്ത്രിച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ വളര്‍ത്തുമൃഗങ്ങളുടെ സാമീപ്യംകൊണ്ട് സാധിക്കും. 

ചില വിദേശരാജ്യങ്ങളില്‍ മെഡിസിന്‍ പഠനത്തിന് മുന്‍പ് പ്രീമെഡിക്കല്‍ ട്രെയിനിങ് ഉണ്ടാകാറുണ്ട്. അതില്‍ ഒരു അസൈന്മെന്റ് ആറുമാസം പെറ്റിനെ വളര്‍ത്തുക അല്ലെങ്കില്‍ ഒരു പൂന്തോട്ടം വളര്‍ത്തുക എന്നതാണ്. മെഡിസിന്‍ രംഗത്തേക്ക് വരുന്നവരില്‍ അനുതാപം വളര്‍ത്തുക എന്നതാണ് ലക്ഷ്യം. പെറ്റ്സിനെ ഉപയോഗിച്ചുകൊണ്ട് മാനസികസംഘര്‍ഷങ്ങളെ മറികടക്കുന്ന പെറ്റ് തെറാപ്പി എന്ന ചികിത്സാരീതിക്ക് പ്രചാരമേറി വരുന്നുണ്ട്. പെറ്റ്‌സ് തെറാപ്പിയ്ക്ക് കൂടുതലായി ഉപയോഗിക്കുന്നതും നായ്ക്കളെയാണ്.


കടപ്പാട്

ഡോ. അരുണ്‍ ബി. നായര്‍
പ്രൊഫ. സൈക്യാട്രി
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്