കറി മുതൽ ചട്ണി വരെ...പച്ചമുളക് ഇല്ലാത്ത അടുക്കളയെക്കുറിച്ച് ചിന്തിക്കാനേ പറ്റില്ല. പക്ഷേ പച്ചമുളക് രണ്ടോ മൂന്നോ ദിവസം കൊണ്ട് വാടിപ്പോവുന്നതാണ് പ്രധാനപ്രശ്‌നം. പച്ചമുളക് കേടാവാതെ സൂക്ഷിക്കുന്നതെങ്ങനെയെന്ന് നോക്കാം.

To advertise here,

വാങ്ങിയ പച്ചമുളക് ആദ്യം തന്നെ തരംതിരിക്കുക. നല്ല മുളക്, കേടായത്, പഴുത്തത്, ചെറുതായി പഴുത്തത്...എന്നിങ്ങനെ. അതിനുശേഷം നല്ല മുളക് നന്നായി കഴുകി തുടച്ച് വൃത്തിയാക്കുക. ശേഷം ഒരു എയർ ടൈറ്റ് ബോക്‌സിൽ വെച്ചാൽ മതി. അതിൽ സൂക്ഷിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ബോക്‌സിൽ ആദ്യം ഒരു ടിഷ്യൂ പേപ്പർ വെക്കുക. അതിനുമുകളിൽ വേണം പച്ചമുളക് നിരത്തിവെക്കാൻ. ഒരു ടിഷ്യൂ പേപ്പർ കൂടിയിടണം. എന്നിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാം.

നന്നായി കഴുകി വൃത്തിയാക്കിയ പച്ചമുളക് തുടച്ചെടുത്തശേഷം, ഒരു സിപ്പ്‌ലോക്ക് കവറിലിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാം. സിപ്പ്‌ലോക്ക് കവറിനുപകരം പ്ലാസ്റ്റിക് റാപ്പറിലിട്ട് പൊതിഞ്ഞ് സൂക്ഷിക്കുകയുമാവാം.

മഞ്ഞൾപൊടിയിട്ട വെള്ളത്തിലിട്ട് പച്ചമുളക് കഴുകി വൃത്തിയാക്കിയെടുക്കുക. എന്നിട്ട് ഞെട്ട് കളഞ്ഞശേഷം തുടച്ചെടുക്കുക. ഇതൊരു കവറിലേക്ക് മാറ്റി, അതിനൊപ്പം രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കൂടിയിട്ടാൽ പച്ചമുളക് പെട്ടെന്ന് കേടാവില്ല.

എയർടൈറ്റ് കണ്ടെയിനറിലും എയർടൈറ്റ് ബോക്‌സിലുമാണ് വെക്കുന്നതെങ്കിൽ, ആദ്യം തന്നെ ഒരു ടിഷ്യൂ പേപ്പർ അല്ലെങ്കിൽ കിച്ചൺ ടവ്വൽ വിരിക്കണം. അതിനുമുകളിൽ മാത്രമേ പച്ചമുളക് വെക്കാവൂ. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ആ പേപ്പർ അല്ലെങ്കിൽ ടവ്വൽ മാറ്റിക്കൊടുക്കുകയും വേണം.

പച്ചമുളക് പേസ്റ്റാക്കി സൂക്ഷിക്കുന്നതും ഉപകാരപ്രദമാണ്. പച്ചമുളക് വൃത്തിയാക്കിയശേഷം മിക്‌സിയിലിട്ട് ചതച്ചെടുക്കുക. എന്നിട്ട് ഒരു പ്ലേറ്റിലോ ട്രേയിലോ ഇട്ട്, ഫ്രീസറിൽവെക്കാം. അതുമല്ലെങ്കില്‍ ഒരു ഫ്രീസർ സേഫ് ബാഗിലിട്ട് ഫ്രീസറിൽ വെക്കുന്നതും നല്ലതാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi