പാചകവാതകത്തിന് കടുത്ത പ്രതിസന്ധിയാണ് പലയിടത്തും നേരിടുന്നത്. വീടുകളിലും ആളുകൾ പരിഭ്രാന്തിയിലാണ്. എന്നാൽ, നിങ്ങളുടെ പാചകരീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി എങ്ങനെ പാചകവാതകം ലാഭിക്കാമെന്ന് നോക്കാം.

To advertise here,

പച്ചക്കറികളും മറ്റും വേവിക്കാൻ പ്രഷർ കുക്കർ ഉപയോഗിക്കാം. പാചകസമയവും ഇന്ധനവും ലാഭിക്കാൻ ഇതുപകരിക്കും. പിസിആർഎ (Petroleum Conservation Research Association) യുടെ പഠനങ്ങൾ പ്രകാരം കുക്കറിൽ അരി വേവിക്കുമ്പോൾ, 20 ശതമാനം ഇന്ധനം ലാഭിക്കാം. കുതിർത്ത പയറുവർഗ്ഗങ്ങൾ വേവിക്കുമ്പോൾ 46 ശതമാനം ഇന്ധനവും, പച്ചക്കറികൾ വേവിക്കുമ്പോൾ 50 മുതൽ 70 ശതമാനം വരെ പാചകവാതകവും ലാഭിക്കാം. മാംസത്തിന്റെ കാര്യത്തിൽ ഇത് 41 ശതമാനമാണ്.

വിശാലമായ പാത്രങ്ങളിൽ (Wide Vessels) പാചകം ചെയ്യുന്നതും ഇന്ധനം ലാഭിക്കും. അതുമാത്രമല്ല പെട്ടെന്ന്, അടിയിൽ പിടിക്കാതെ വേവിച്ചെടുക്കാനും ഇത് സഹായിക്കും.

കടലയും ചെറുപയറും കുതിർത്തശേഷമാണല്ലോ വേവിക്കുന്നത്. അതുപോലെ മറ്റുധാന്യങ്ങളും അരിയുമെല്ലാം അല്പനേരം കുതിർത്തുവെക്കണം. ധാന്യങ്ങൾ ഒരു മണിക്കൂറെങ്കിലും കുതിർക്കുന്നതാണ് നല്ലത്. എന്നിട്ട് വേവിക്കാം. അപ്പോൾ പാചകവാതകം കൂടുതൽ ആവശ്യം വരില്ല. പെട്ടെന്ന് വെന്തുകിട്ടുകയും ചെയ്യും.

പാചകം ചെയ്യുമ്പോൾ ആവശ്യത്തിനുള്ള വെള്ളം മാത്രം ഒഴിക്കുക. വെള്ളം കൂടുതലാണെങ്കിൽ, അത് വറ്റുന്നതുവരെ അടുപ്പിൽവെക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ അമിതമായി വെന്തുപോവും. ഇന്ധനവും പാഴാകും.

പാചകം ചെയ്യുമ്പോൾ പാത്രങ്ങളും പാനും നിർബന്ധമായും മൂടിവെക്കണം. മൂടിവെച്ച് വേവിക്കുമ്പോൾ, ഭക്ഷണം വേഗത്തിൽ വെന്തുകിട്ടും. അങ്ങനെ ഇന്ധനത്തിന്റെ ഉപഭോഗവും കുറയും.

ബർണറുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക. ബർണറുകളിൽ അഴുക്കും എണ്ണയും മറ്റും അടിഞ്ഞുകൂടുന്നത്, പാചകവാതകത്തിന്റെ സുഗമമായ ഒഴുക്ക് തടയും. പാത്രങ്ങൾ ചൂടാകാൻ കൂടുതൽ സമയമെടുക്കുകയും ഇന്ധനത്തിന്റെ ഉപഭോഗം കൂടുകയും ചെയ്യും.

സാമ്പാറിനും അവിയലിനും മറ്റും പച്ചക്കറികൾ നുറുക്കുമ്പോൾ ശ്രദ്ധിക്കാം. പച്ചക്കറികൾ ചെറുതായി നുറുക്കിയിടുന്നതാണ് നല്ലത്. അപ്പോൾ പെട്ടെന്ന് വെന്തുകിട്ടും.

ഒരുമിച്ച് പല സാധനങ്ങൾ വേവിക്കുന്നതും ഇന്ധനം ലാഭിക്കാൻ നല്ലതാണ്. ഒരു കുക്കറിൽ എന്തെങ്കിലും വേവിക്കാൻ വെക്കുന്നുവെന്ന് കരുതുക. അതിനൊപ്പം ഒരു ബൗളിൽ, മറ്റെന്തെങ്കിലും പച്ചക്കറിയും വെയ്ക്കാം. ഒരുമിച്ച് വെന്തുകിട്ടും.

ഫ്രിഡ്ജിൽവെച്ച ഭക്ഷണം ചൂടാക്കാൻ, മൈക്രോവേവ് അവ്ൻ ഉപയോഗിക്കാം. പാക്കറ്റ് പാൽ തിളപ്പിക്കാതെ ഉപയോഗിക്കാം. അല്പം വെള്ളം ചൂടാക്കാനും ചായയും കാപ്പിയുമുണ്ടാക്കാനും ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കാം. വെള്ളം തിളപ്പിക്കാൻ ഇലക്ട്രിക് കെറ്റിലും ഉപയോഗിക്കാം.

പാചകത്തിനൊരുങ്ങുന്നതിനുമുമ്പ് തന്നെ ആവശ്യമായതെല്ലാം എടുത്തുവെച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താം. അടുപ്പിൽവെച്ചശേഷം പച്ചക്കറികൾ മുറിക്കുകയും മസാലപ്പൊടികൾക്കായി തിരയുന്നതും പാചകവാതകം പാഴാക്കും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi