ആരോഗ്യകരമായ ജീവിതത്തിനായി ഓരോരുത്തരും നിര്‍ബന്ധമായി പാലിക്കേണ്ട ഒന്നാണ് ശുചിത്വം. എന്നാല്‍ ശുചിത്വത്തിന്റെ ഭാഗമായി വീടുകളില്‍ ശീലിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൃത്യമായ ഇടവേളകളില്‍ വീട് അടിച്ചുവാരാനോ തുടയ്ക്കാനോ നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കാറുണ്ട്. അതുപോലെ തന്നെയാണ് വീട്ടിലെ ബെഡ്ഷീറ്റുകള്‍, പില്ലോ കവറുകള്‍ തുടങ്ങിയവ കഴുകുന്നതും. ഈ കാര്യങ്ങള്‍ എത്രദിവസം കൂടുമ്പോഴാണ് നിങ്ങള്‍ ചെയ്യുന്നത്? അതോ അതിനങ്ങനെ കൃത്യമായ സമയം വെക്കാതെ തോന്നുന്നപോലെ ചെയ്യുകയാണോ? ഇവ അവസാനമായി എപ്പോഴാണ് വൃത്തിയാക്കിയതെന്ന് നിങ്ങള്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ ശീലങ്ങള്‍ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ബെഡ്ഷീറ്റുകള്‍, തലയിണ കവര്‍, തലയണ, പുതപ്പ്, ജീന്‍സ്, ടൂത്ത് ബ്രഷ് തുടങ്ങിയവ നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന അവശ്യവസ്തുക്കളില്‍ ഉള്‍പ്പെടുന്നു. ഇവ എത്ര കാലം കൂടുമ്പോള്‍ കഴുകണം എന്ന് കൃത്യമായി വിശദീകരിക്കാം.
ബെഡ്ഷീറ്റുകളുടെ കാര്യത്തിലേക്കു വരുമ്പോള്‍ അവ ആഴ്ചയിലൊരിക്കല്‍ കഴുകണം. ഉറങ്ങുമ്പോള്‍ കിടക്കവിരിയില്‍ വിയര്‍പ്പ്, നിര്‍ജീവമായ ചര്‍മ്മകോശങ്ങള്‍, ശരീരത്തിലെ എണ്ണമയം, ബാക്ടീരിയകള്‍, പുറത്തുനിന്ന് വരുന്ന അലര്‍ജികള്‍ എന്നിവ അടിഞ്ഞുകൂടുന്നു. കാലക്രമേണ ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍, തിണര്‍പ്പ്, മുഖക്കുരു, എക്സിമ, അലര്‍ജി എന്നിവയ്ക്ക് ഇത് കാരണമാവുന്നു. വൃത്തിയുള്ള വിരികള്‍ കൂടുതല്‍ ശാന്തവും സുഖപ്രദവുമായ ഉറക്കത്തിന് സഹായിക്കുന്നു. അലര്‍ജിയുള്ളവര്‍, കൂടുതല്‍ വിയര്‍ക്കുന്നവര്‍, അല്ലെങ്കില്‍ വളര്‍ത്തുമൃഗങ്ങളോടൊപ്പം ഉറങ്ങുന്നവര്‍ എന്നിവര്‍ കൂടുതല്‍ തവണ കഴുകുന്നതാണ് നല്ലത്.
തലയണ കവറാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അവ നിങ്ങളുടെ ചര്‍മ്മവുമായും മുടിയുമായും അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ മൂന്നോ നാലോ ദിവസത്തിലൊരിക്കല്‍ കഴുകണം. എണ്ണമയമുള്ള ചര്‍മ്മമോ മുഖക്കുരുവോ ഉണ്ടെങ്കില്‍ പ്രത്യേകിച്ചും. തലയണകള്‍ അവയുടെ തരം അനുസരിച്ച് ഓരോ 3 മുതല്‍ 6 മാസം കൂടുമ്പോഴും കഴുകണം. എന്നാല്‍ മെമ്മറി ഫോം അല്ലെങ്കില്‍ ലാറ്റക്‌സ് തലയണകള്‍ 6 മാസം കൂടുമ്പോള്‍ അഴുക്കുള്ള ഭാഗം മാത്രം വൃത്തിയാക്കിയാല്‍ മതിയാകും.
സാധാരണ തലയണകളില്‍ ഭൂരിഭാഗവും വീര്യം കുറഞ്ഞ ഡിറ്റര്‍ജന്റ് ഉപയോഗിച്ച് വാഷിങ് മെഷീനിലെ ജെന്റില്‍ സൈക്കിളില്‍ കഴുകാവുന്നതാണ്. എന്നാല്‍ മെമ്മറി ഫോം അല്ലെങ്കില്‍ ലാറ്റക്‌സ് തലയണകള്‍ മെഷീനില്‍ കഴുകുന്നത് അവയുടെ ഘടനയെ നശിപ്പിക്കും. കഴുകിയ ശേഷം, പൂപ്പല്‍ പിടിക്കുന്നത് തടയാനും തലയണയുടെ മൃദുത്വം നിലനിര്‍ത്താനും അവ നന്നായി ഉണക്കണം. തലയണയില്‍ കാണുന്ന മഞ്ഞക്കറ, ദുര്‍ഗന്ധം, അലര്‍ജി, അല്ലെങ്കില്‍ അതിന്റെ രൂപവും സപ്പോര്‍ട്ടും നഷ്ടപ്പെടുന്നത് എന്നിവ തലയണ കഴുകുകയോ മാറ്റുകയോ ചെയ്യേണ്ടതിന്റെ ലക്ഷണങ്ങളാണ്.
പുതപ്പ് രണ്ട് ആഴ്ചകള്‍ കൂടുമ്പോള്‍ കഴുകുന്നതാണ് നല്ലത്. അധികം ഉപയോഗിക്കാത്തവയാണെങ്കില്‍ ഓരോ 2,3 മാസത്തിലും. ഇവയും അതിന്റെ തരം നോക്കി അനുയോജ്യമായ വിധത്തില്‍ വേണം കഴുകാന്‍. അല്ലെങ്കില്‍ അതിന്റെ സ്വാഭാവികതയും ഗുണവും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ജീന്‍സ് നാലോ അഞ്ചോ തവണ ഉപയോഗിച്ചതിന് ശേഷം കഴുകാം. ദുര്‍ഗന്ധമുണ്ടെങ്കില്‍ നേരത്തെ ചെയ്യണം. ടവലുകളും ടൂത്ത് ബ്രഷുമാണ് ഇടയ്ക്കിടെ വൃത്തിയാക്കാന്‍ വിദഗ്ദര്‍ ഉപദേശിക്കുന്നവ. ടവല്‍ ഓരോ രണ്ടോ മൂന്നോ ഉപയോഗത്തിന് ശേഷം കഴുകണം. ടൂത്ത് ബ്രഷ് ഓരോ 3 മാസം കൂടുമ്പോഴോ അല്ലെങ്കില്‍ നാരുകള്‍ പിരിയുമ്പോഴോ മാറ്റേണ്ടതാണ്. ഇത് ചര്‍മ്മാരോഗ്യത്തിനും ദന്താരോഗ്യത്തിനും ഗുണം ചെയ്യും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ https://mbi.page.link/grihalakshmi
Content Highlights: learn the ideal cleaning frequency for bedsheets, pillowcases, towels, and more to maintain a healthy and hygienic home.
Published: 19 Aug 2025, 12:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented