ഫിനാന്‍ഷ്യല്‍ ഫ്രീഡം നേടണം, ജീവിതത്തില്‍ സ്വാതന്ത്ര്യം വേണം എന്ന ആഗ്രഹം സ്ത്രീകളില്‍ എല്ലാവരിലും ഒരേ പ്രായത്തിലാകില്ല ഉണ്ടാകുക.  ജീവിതത്തിലെ ഓരോരോ ഘട്ടത്തിലാകും ഈ തോന്നല്‍ ഉണ്ടാകുകയും ശക്തിപ്പെടുകയും ചെയ്യുക. ഈ ഓരോ ഘട്ടത്തിലും ജീവിത ലക്ഷ്യങ്ങളും വ്യത്യാസപ്പെട്ടിരിക്കും. അവരുടെ വരുമാനത്തിന്റെ വലിപ്പവും ആവശ്യങ്ങളും ഒന്നിനൊന്നു വ്യത്യാസമുള്ളതുമായിരിക്കും.  ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ സ്ത്രീകളെ മൂന്നു പ്രായഗ്രൂപ്പുകളായി  തരംതിരിക്കാം.

To advertise here,

1. 18 മുതല്‍ 35 വയസ്സുവരെ പ്രായമുള്ളവര്‍
2. 36 മുതല്‍ 55 വയസ്സുവരെ പ്രായമുള്ളവര്‍
3. 56 മുതല്‍ 65 വയസ്സുവരെ പ്രായമുള്ളവര്‍

ഈ മൂന്നുഘട്ടങ്ങളിലും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ നിരവധി കാര്യങ്ങളുണ്ട്. ആദ്യഘട്ടത്തില്‍ ചെയ്യേണ്ടതെല്ലാം ചെയ്താല്‍ രണ്ടാം ഘട്ടത്തിലെ ജീവിതം സന്തോഷപ്രദമായിരിക്കും. രണ്ടാം ഘട്ടില്‍ ചെയ്യേണ്ടവ ചെയ്താല്‍ മൂന്നാം ഘട്ടത്തിലെ ജീവിതവും സുഗമമായി പോകും. ഓരോ ഘട്ടത്തിലും പാളിച്ച പറ്റിയാല്‍ അത് തൊട്ടടുത്ത ഘട്ടത്തെ ദുര്‍ഘടമാക്കും എന്നത് മറക്കാതിരിക്കുക.

ഒന്നാം ഘട്ടം 18 മുതല്‍ 35 വയസ്സുവരെയുള്ള സ്ത്രീകള്‍ ഉള്‍പ്പെടുന്നതാണ്. അവര്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയമാണിത്. അല്ലെങ്കില്‍ പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലി ചെയ്യുന്നവര്‍. പഠനത്തിന്റെയും അതിനുശേഷം നല്ല ഒരു ജോലിക്കായുള്ള കാത്തിരിപ്പിന്റെയും കഷ്ടപ്പാട് മാറി ഭാവിയെക്കുറിച്ച് ശോഭനമായ സ്വപ്‌നങ്ങള്‍ കാണുന്നസമയം. കാര്യമായ ബാധ്യതകളൊന്നും ഉണ്ടാകില്ല. 

ജോലി ദൂരെയുള്ള സ്ഥലത്താണെങ്കില്‍  വാടകവീട്ടിലോ ഹോസ്റ്റലിലോ താമസം. വിദ്യാഭ്യാസ വായ്പ എടുത്തിട്ടുള്ളവരാണെങ്കില്‍ അതിന്റെ തിരിച്ചടവ് ഉണ്ടായിരിക്കും. എങ്കിലും കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു ഭാഗവും കയ്യില്‍ മിച്ചമായി ഉണ്ടായിരിക്കും.

സ്മാര്‍ട്‌ഫോണ്‍, ലാപ്‌ടോപ്, ടാബ്‌ലറ്റ്, പുതുപുത്തന്‍ ബൈക്ക്, തുടങ്ങിയവ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടാകും. എന്നാല്‍ മറ്റുചിലര്‍ക്കാകട്ടെ കുടുംബത്തിന്റെ ചില ബാധ്യതകള്‍ ഏറ്റെടുക്കേണ്ടിവന്നേക്കാം.

സഹോദരങ്ങളുടെ വിദ്യാഭ്യാസം, വിവാഹം, മാതാപിതാക്കളുടെ ചികില്‍സ തുടങ്ങിയവയ്ക്ക് സാമ്പത്തിക സഹായം ചെയ്യേണ്ടിവന്നേക്കാം. ഇതെല്ലാം മനസില്‍ വെച്ച് മിതമായ വ്യയം ശീലിക്കേണ്ട സമയമാണിത്.

ജീവിതം തുടങ്ങുന്നേയുള്ളൂ. അതിന്റെ സുഖം ആസ്വദിച്ചുകൊണ്ടുതന്നെ ഭാവിയിലേക്കുള്ള കരുതലിന് തുടക്കമിടേണ്ട സമയമാണിത്. ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് ഒരു കണ്ണ് പതിയേണ്ടതുണ്ട് എന്ന് ചുരുക്കം. കുടുംബജീവിതം ആഗ്രഹിക്കുന്നവരാണെങ്കില്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങണം.

ജോലിയില്‍ ഒന്നുറച്ചശേഷം, വരുമാനം അല്‍പ്പം കൂടിയശേഷം മതി വിവാഹം എന്ന് ചിന്തിച്ച് അത് നീട്ടിക്കൊണ്ടുപോകരുത്.   പങ്കാളികളുടെ വ്യക്തിത്വത്തെ മാനിക്കുവാനും അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ളവരാക്കാനും പിന്തുണയ്ക്കുന്നവരെ വിവാഹം കഴിക്കുന്നതാണ് നല്ലത്. ഭര്‍ത്താവിലും ഭര്‍ത്താവിന്റെ വീട്ടുകാരിലും പ്രതീക്ഷിക്കുന്നതെന്ത് എന്ന കാര്യത്തിലും തീരുമാനം ഈ പ്രായത്തില്‍ എടുത്തുകഴിഞ്ഞിരിക്കണം.

വിവാഹത്തിനുമുമ്പ് തന്നെ വരുമാനത്തിന്റെ 25 ശതമാനം എങ്കിലും മിച്ചം പിടിച്ച് സമ്പാദിക്കാന്‍ തുടങ്ങിയിരിക്കണം. ഇത് ബാങ്ക് നിക്ഷേപം, കടപ്പത്രം, ഓഹരി, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍ നിക്ഷേപിച്ചു തുടങ്ങാം. പ്രായം 35 വയസിനോട് അടുക്കുന്നതോടെ കുട്ടികളും കുടുംബവുമൊക്കെയായി ചിലവുകള്‍ കൂടുന്ന സമയമാണ്.

എന്നാല്‍ അതേസമയം തന്നെ ജോലിയില്‍ പ്രമോഷനും മറ്റുമായി വരുമാനവും കൂടിയിരിക്കും. എന്നാലും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സമയമായിരിക്കും ഇത്. 25- 26 വയസ് പ്രായമുള്ളപ്പോഴേ ഈ സ്ഥിതിവിശേഷം മുന്നില്‍ കണ്ട് കരുതല്‍ ആരംഭിക്കണം. അതായത് ജോലികിട്ടി ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോഴേ വിവാഹാനന്തരവും കുട്ടികളുണ്ടായശേഷവും വേണ്ടിവന്നേക്കാവുന്ന ചിലവുകളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

കടം വാങ്ങി അത്യാവശ്യകാര്യങ്ങള്‍ ചെയ്യാം എന്ന ചിന്ത ഈ സമയത്ത് ഉണ്ടാകൂം. പക്ഷേ വരുമാനത്തിന്റെ 20 മുതല്‍ 25 ശതമാനത്തില്‍ കൂടുതല്‍ കടബാധ്യത ഈ സമയത്ത് ഉണ്ടാകുന്നത് ആശാസ്യമല്ല. അത്യാവശ്യമാണെങ്കില്‍ മാത്രമേ വീട് വാങ്ങാനോ വയ്ക്കാനോ  ശ്രമിക്കാവൂ ഈ ഘട്ടത്തില്‍. മതിയായ സമ്പാദ്യം കയ്യിലുണ്ടാകുകയും ജോലിയില്‍ നിന്ന് ഗണ്യമായ രീതിയില്‍ വരുമാനം ഉറപ്പാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ വീട് നിര്‍മിക്കാനോ വാങ്ങാനോ ഉള്ള ഉദ്യമത്തില്‍ ഏര്‍പ്പെടാവൂ.

18 മുതല്‍ 35 വയസ്സുവരെയുള്ള  കാലയളവില്‍ ഇക്കാര്യങ്ങള്‍ പിന്തുടരാന്‍ കഴിഞ്ഞാല്‍ 36 മതല്‍ 55 വയസ്സുവരെയുള്ള  ജീവിതത്തിനുള്ള സുപ്രധാന ചുവടുവയ്പായി അത് മാറും. 

(തുടരും)

(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍ 
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)