
വിവാഹിതയായി ഭര്‍ത്താവിന്റെ വീട്ടില്‍ ഇനിയുള്ളകാലമെന്ന സങ്കല്പമൊക്കെ മാറിക്കഴിഞ്ഞു. വീടെന്ന സ്വപ്‌നത്തിന് വേണ്ടി പരിശ്രമിക്കുന്ന സ്ത്രീകളും ധാരാളമുണ്ട്. ഇന്ന് കുടുംബമായി ജീവിക്കുന്നയാളായാലും ഒറ്റയ്ക്ക് ജീവിക്കുന്നയാളായാലും സിംഗിള്‍ മദര്‍ ആയാലും അവിവാഹിതയായാലും സ്വന്തമായി ഒരു വീട് എന്നത് ഒരു അനിവാര്യതയാണ്. മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാം എന്നത് ഒരു താല്‍ക്കാലിക സംവിധാനമായി കണ്ടാല്‍ മതി.
എല്ലാവരും അവരുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹത്തോടെ സ്വന്തമാക്കുന്ന ആസ്തിയും വീട് തന്നെ. സകല സമ്പാദ്യവും വീടിനായി മാറ്റിവയ്ക്കുന്ന പ്രവണതയും വര്‍ധിച്ചുവരികയാണ്. പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണം ഉപയോഗിച്ച് രമ്യഹര്‍മങ്ങള്‍ നിര്‍മിക്കുന്നവരും നിരവധി. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥമാക്കാന്‍ ശ്രമിക്കുമ്പോള്‍ ചില സുപ്രധാന കാര്യങ്ങള്‍ മറക്കരുത്.
- വരുമാനത്തിനു അനുസരിച്ചുളള വീടേ പണിയാവൂ.
- രണ്ട് തലമുറയ്ക്ക് കഴിയാനുള്ള വലിപ്പവും സൗകര്യങ്ങളും വീടിന് വേണം എന്ന ശഠിക്കരുത്.
- ആദായ നികുതി നല്‍കുന്ന ആളാണെങ്കില്‍ ഭവന വായ്പ എടുത്തുമാത്രമേ വീട് വയ്ക്കാവൂ. കാരണം ഏറ്റവും കൂടുതല്‍ നികുതി ഇളവ് ലഭിക്കുന്ന വായ്പയാണ് ഈ വിഭാഗം. എന്നാലും വായ്പ കിട്ടും എന്ന ഒറ്റക്കാരണത്താല്‍ വലിയ തുക വായ്പ എടുത്ത് വലിയ വീട് വയ്ക്കാന്‍ തുനിയരുത്. അതിന്റെ പലിശയടക്കാനായി വരുമാനം മുഴുന്‍ ചെലവാക്കേണ്ട അവസ്ഥവരുന്നവരും നമുക്കു ചുറ്റുമുണ്ട്.
- മൊത്ത മാസ വരുമാനത്തിന്റെ 30 ശതമാനത്തില്‍ കൂടുതല്‍ ഇ.എം.ഐ വരുന്ന വിധത്തില്‍ വായ്പ എടുക്കരുത്.
- നാലു പേരുള്ള കുടംബത്തിന് ആറും എട്ടും ബെഡ്‌റൂം വീടുകള്‍ ആവശ്യമില്ല.
- മക്കള്‍ ചെറിയ കുട്ടികള്‍ ആണെങ്കില്‍ അവര്‍ വളര്‍ന്ന് വലുതാകുമ്പോഴുള്ള ആവശ്യങ്ങള്‍ക്കായി ഇപ്പോഴേ വീട് പണിതിടേണ്ടകാര്യമില്ല. രണ്ടുനിലയില്‍ വീട് പണികഴിപ്പിക്കാം. ആദ്യം താഴത്തെ നില പൂര്‍ത്തിയാക്കുക. കുട്ടികള്‍ വലുതാകുമ്പോള്‍ മുകളിലെ നില പണി പൂര്‍ത്തിയാക്കായാല്‍ മതി.
വീട് വാങ്ങുന്നോ നിര്‍മിക്കുന്നോ
ഇക്കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനം എടുക്കുകയും തയ്യാറെടുപ്പുകള്‍ തുടങ്ങുകയും വേണം. വീടും സ്ഥലവും കൂടി വാങ്ങുകയാണോ, സ്ഥലം വാങ്ങി വീട് നിര്‍മിക്കുകയാണോ, നിങ്ങളുടെ കൈവശമുള്ള സ്ഥലത്ത് വീട് പുതുതായി നിര്‍മിക്കുകയാണോ എന്നൊക്കെയുള്ള കാര്യത്തില്‍ ആദ്യമേ ധാരണ വേണം. വീടും സ്ഥലവും കൂടി വാങ്ങാനാണ് തീരുമാനിക്കുന്നതെങ്കില്‍ അതിന് വലിയ തുകവേണ്ടിവരും. വായ്പ എടുക്കാമെന്നുകരുതിയാല്‍ തന്നെ ആവശ്യമായ തുകയുടെ 85 മുതല്‍ 90 ശതമാനം തുകയേ ബാങ്കുകള്‍ വായ്പയായി നല്‍കൂ. ബാക്കി തുക നമ്മള്‍ തന്നെ കണ്ടെത്തേണ്ടവരും. അതായത് 30 ലക്ഷം രൂപ വീടിനും സ്ഥലത്തിനുംകൂടി വിലയുണ്ടെന്നുകരുതുക. ചുരുങ്ങിയത് 33.5 ലക്ഷം രൂപ സ്വന്തമായി കണ്ടെത്തണം.
വീടിനായി എത്ര ലക്ഷം രൂപ മുടക്കാം?
വായ്പ എടുത്താണ് വീട് വയ്ക്കുന്നതെങ്കില്‍ വലിയ വീടായിരിക്കും സ്വപ്‌നം കാണുക. പണം ബാങ്ക് തരും. സൗകര്യം പോലെ തിരിച്ചടച്ചാല്‍ മതിയല്ലോ എന്നാകും ചിന്ത. പ്രതിമാസ തിരിച്ചടവിനു വരുന്ന തുകയെക്കുറിച്ച് മാത്രമാകും ചിന്ത. ഇപ്പോള്‍ 9 ശതമാനം പലിശയ്ക്ക് ഭവന വായ്പ കിട്ടും. 25 ലക്ഷം രൂപ 20 വര്‍ഷത്തേക്ക് വായ്പ എടുത്താല്‍ 22,491 രൂപയാണ് പ്രതിമാസം അടയ്‌ക്കേണ്ടിവരിക. ഇത്രയും തുക മാസാമാസം മാറ്റിവയ്ക്കാന്‍ കഴിഞ്ഞാല്‍ 25 ലക്ഷം രൂപയുടെ വായ്പ എടുക്കാം. എന്നാല്‍ മാസം 35,000 രൂപവരെ മാറ്റിവയ്ക്കാന്‍ ശേഷിയുണ്ട് എന്ന ധാരണയില്‍ വായ്പാ തുക 35 ലക്ഷമാക്കുകയും അതിനനുസരിച്ച് വലിയ വീട് വയ്ക്കാനൊരുങ്ങി കടക്കെണിയില്‍ അകപ്പെടുകയും ചെയ്യുന്നവര്‍ നിരവധിയാണ്. നിങ്ങളുടെ മറ്റ് ജീവിത ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് എന്ന് പരിശോധിച്ച് അത് നേടാനായി മാസാമാസം മാറ്റിവയ്ക്കുന്ന തുക കൂടി പരിഗണിച്ചുള്ള വായ്പാ തുക വേണം വീട് പണിയുന്നതിനായി നിശ്ചയിക്കേണ്ടത്. അല്ലെങ്കില്‍ വീട് വാങ്ങാന്‍ വായ്പ എടുക്കുന്നതോടെ നിങ്ങളുടെ സാമ്പത്തിക നില ആകെ താളം തെറ്റും. 20 ഉം 25 വര്‍ഷത്തേക്കുള്ള വലിയ ബാധ്യതയാണ് ഭവന വായ്പയിലൂടെ എടുക്കുന്നതെന്ന കാര്യവും മറക്കരുത്. അത്രയും കാലത്തേക്ക് നമ്മുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ഭവന വായ്പ കാര്‍ന്നുതിന്നും. എന്നാല്‍ ഇതില്‍ നിന്ന് വരുമാനമൊന്നും ലഭിക്കുകയുമില്ല. എല്ലാ പിടുത്തവും കഴിഞ്ഞ് കയ്യില്‍ ലഭിക്കുന്ന ശമ്പളത്തിന്റെ 40 ശതമാനത്തില്‍ കൂടരുത് വായ്പാ ഇ.എം.ഐ. ഇതില്‍ എല്ലാത്തരം വായ്പകളുടേയും ഇ.എം.ഐ ഉള്‍പ്പെടും. വായ്പാ തിരിച്ചടവ് വരുമാനത്തിന്റെ 40 ശതമാനത്തില്‍ കൂടിയാല്‍ ഉറപ്പായും അതു നിങ്ങളുടെ കാഷ് ഫ്‌ളോയെ (വരവ് ചെലവ്) ഗുരുതരമായി ബാധിക്കുകയും ജീവിതത്തിലെ സ്വസ്ഥത നശിപ്പിക്കുകയും ചെയ്യും.
വീട് എന്ന ആവശ്യം ഉടനെ നിറവേറ്റാനാണ് തീരുമാനം എങ്കില്‍ നിരവധി കാര്യങ്ങളില്‍ അതിന് മുമ്പ് വ്യക്തത വരുത്തേണ്ടതുണ്ട്. അക്കാര്യങ്ങളെക്കുറിച്ച് അടുത്ത ഭാഗത്തില്‍ വിശദമാക്കാം.
(തുടരും)
(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)
Content Highlights: financial planning for built a house
Published: 04 Dec 2023, 10:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented