
സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള താക്കോലാണ് സ്വന്തമായ വരുമാനവും സ്വന്തമായ വാഹനവും. സ്വന്തമായ വരുമാനം പണ സ്വാതന്ത്ര്യം നല്‍കുമെങ്കില്‍ സ്വന്തമായി വാഹനം ഉള്ളത് യാത്രാ സ്വാതന്ത്ര്യം നല്‍കും. മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനും കഴിഞ്ഞാല്‍ അത് തന്നെയാണ് സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്.
സ്ഥിര വരുമാനമുള്ള സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഒരു കാര്‍ വാങ്ങാം. കയ്യില്‍ പണമില്ലെങ്കില്‍ വായ്പ ലഭിക്കും. ബാങ്കുകള്‍ സസന്തോഷം വായ്പ നല്‍കും. പക്ഷേ കാര്‍ വാങ്ങാനും കൃത്യമായ സമയം ഉണ്ട്. ആ സമയത്തല്ല കാര്‍ വാങ്ങുന്നതെങ്കില്‍ അത് നമ്മുടെ വരുമാനത്തെ ആകെ കാര്‍ന്നുതിന്നുകയും കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുകയും ചെയ്യും. നിങ്ങള്‍ വിവാഹിതയാണെങ്കില്‍ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള നിക്ഷേപവും സ്വന്തമായി വീടില്ലാത്തയാളാണെങ്കില്‍ വീടുണ്ടാക്കാനുള്ള നിക്ഷേപവും ആരംഭിച്ചു കഴിഞ്ഞശേഷം മാത്രം മതി സ്വന്തമായി ഒരു കാര്‍ എന്ന സ്വപ്‌നം. കാരണം കാര്‍ എന്നത് നമ്മുടെ മാസ വരുമാനത്തെ നിരന്തരം കാര്‍ന്നുതിന്നുന്ന ഒരു ആസ്തിയാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള കരുതലും വീട് എന്ന ആവശ്യവും ജീവിതത്തിലെ ഒഴിവാക്കാനാകാത്തതും നീട്ടിക്കൊണ്ടുപോകാനാകാത്തതുമായ ആവശ്യമാണ്. കാര്‍ അങ്ങനെയല്ല. യാത്രയ്ക്ക് കാര്‍ കൂടിയേ കഴിയൂ എന്നാണെങ്കില്‍ ടാക്‌സി വിളിച്ചുപോയാലും കാര്യം സാധിക്കാം. എന്നാല്‍ കാര്‍ വേണമെന്ന് തീവ്രമായി സ്ത്രീകള്‍ ആഗ്രഹിക്കുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടുമാത്രം അത് നീട്ടിക്കൊണ്ടുപോകണം എന്നുമില്ല.
Also Read
കാര്‍ വാങ്ങാന്‍ വായ്പ വേണ്ട
ഭവന വായ്പ പോലെയല്ല കാര്‍ വായ്പ. ഭവന വായ്പയ്ക്ക് ആദായ നികുതി ഇളവ് ലഭിക്കും. മാത്രമല്ല ഭവന വായ്പയിലൂടെ നാം ഒരു ആസ്തിയാണ് ഉണ്ടാക്കുന്നത്. കാര്‍ അങ്ങനെയല്ല. അത് ആദായകരമായ ഒരു ആസ്തിയല്ല. കാര്‍ വാങ്ങി ഷോറൂമിനു വെളിയിലെത്തുന്ന സെക്കന്റില്‍ തന്നെ അതിന്റെ വിലയില്‍ ഗണ്യമായ ഇടവ് ഉണ്ടാകുന്നു. രണ്ട് വര്‍ഷം കഴിയുന്നതോടെ വിറ്റാല്‍ പകുതി വിലപോലും കിട്ടില്ല. ഇത്തരമൊരു ആസ്തി വായ്പയെടുത്ത് വാങ്ങുന്നത് ഒട്ടും ആശാസ്യമല്ല. പലിശയായി നല്ലൊരു തുക നല്‍കേണ്ടിയും വരും. ഉദാഹരണത്തിന് കാര്‍ വാങ്ങാന്‍ എട്ടുലക്ഷം രൂപയുടെ വായ്പ എടുത്തു എന്നുകരുതുക. ഇപ്പോള്‍ പലിശ 9 ശതമാനം മുതല്‍ 9.5 ശതമാനം വരെയാണല്ലോ. 9 ശതമാനം പലിശയ്ക്ക് വായ്പ കിട്ടി എന്നുകരുതുക. മൂന്നുവര്‍ഷകാലാവധിക്കാണ് വായ്പ എടുക്കുന്നതെങ്കില്‍ 25,439 രൂപ പ്രതിമാസ ഇ.എം.ഐ വരും. മൂന്നുവര്‍ഷം കൊണ്ട് 1.15 ലക്ഷം രൂപയാണ് പലിശയായി അധികം നല്‍കേണ്ടിവരുക.
കാര്‍വാങ്ങുന്ന കാര്യം മൂന്നുവര്‍ഷം മുമ്പേ തീരുമാനിച്ച് അതിനനുസരിച്ച് പ്രതിമാസം 20,000 രൂപ വീതം ഒരു റിക്കറിങ് ഡിപ്പോസിറ്റ് തുടങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ കാര്‍ വാങ്ങാനുള്ള തുക സമാഹരിക്കാമായിരുന്നു. ഇനി ഇപ്പോഴാണ് ഇതേക്കുറിച്ച് ബോധവാനാകുന്നതെന്നാണ് പറഞ്ഞുവരുന്നതെങ്കില്‍ കാര്‍ വാങ്ങുന്ന തീരുമാനം ഒരു മൂന്നുവര്‍ഷം കൂടി നീട്ടിവയ്ക്കുക. ഇപ്പോള്‍ മുതല്‍ 36 മാസത്തേക്ക് മികച്ച ഒരു ഇക്വിറ്റി ഡൈവേഴ്‌സിഫൈഡ് മ്യൂച്വല്‍ ഫണ്ടില്‍ എസ്.ഐ.പി ആയി പ്രതിമാസ നിക്ഷേപം തുടങ്ങുക. ഈ ഫണ്ടിന് പ്രതിവര്‍ഷം 12 ശതമാനം ലാഭം തുടര്‍ച്ചയായി മൂന്നുവര്‍ഷം നല്‍കാന്‍ കഴിഞ്ഞാല്‍ പ്രതിമാസം 18,500 രൂപ മാത്രം നിക്ഷേപിച്ചാല്‍ മതി. ഒന്നുകില്‍ കാര്‍വാങ്ങാനുള്ള തീരുമാനം നേരത്തെ നിശ്ചയിച്ച് അതിനനുസരിച്ചുള്ള നിക്ഷേപം മുന്‍കൂട്ടി നടത്തുക. അല്ലെങ്കില്‍ കാര്‍ വാങ്ങാനുള്ള തീരുമാനം കുറെക്കൂടി വൈകിപ്പിച്ച് അതിനുള്ള പണം സമാഹരിക്കാനുള്ള നിക്ഷേപം ഇപ്പോഴേ തുടങ്ങുക. ഏതായാലും കാര്‍ പോലുള്ള സ്വപ്‌നങ്ങള്‍ വായ്പയെടുത്ത് സാക്ഷാല്‍ക്കരിക്കാന്‍ തുനിയാതിരിക്കുന്നതാണ് നല്ലത്. ഇനി അതിനുള്ള സാവകാശം ഇല്ലെങ്കില്‍ വായ്പ എടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ മറ്റ് ജീവിത ലക്ഷ്യങ്ങള്‍ ഇതിനിടയില്‍ വിസമരിക്കപ്പെടരുത് എന്നുമാത്രം.
കാര്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യാം
എത്ര വര്‍ഷം കഴിഞ്ഞാണ് കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് തീരുമാനിക്കുക. ഉദാഹരണത്തിന് അഞ്ചുവര്‍ഷം കഴിഞ്ഞ് നിങ്ങളുട ഇഷ്ട കാര്‍ വാങ്ങുന്നു. ഇനി അതിന് ഇപ്പോഴത്തെ വില എത്രയാണെന്ന് കണക്കാക്കുക. ഉദാഹരണത്തിന് ആ കാറിന് ഇപ്പോള്‍ എട്ടുലക്ഷം രൂപയാണ് വില എങ്കില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ അതിന്റെ വില 8.9 ലക്ഷം രൂപയായിരിക്കും. പ്രതിവര്‍ഷം എട്ട് ശതമാനം വീതം വില വര്‍ധന സംഭവിക്കും എന്ന കണക്കാക്കിയാണ് ഈ അനുമാനത്തില്‍ എത്തിയിരിക്കുന്നത്. ഇനി ഈ തുക സമാഹരിക്കാന്‍ നിക്ഷേപം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ പ്രതിവര്‍ഷം എത്ര ശതമാനം ലാഭം ലഭിക്കുന്ന നിക്ഷേപ മാര്‍ഗമാണ് തിരഞ്ഞെടുക്കുന്നതെന്ന് തീരുമാനിക്കുക.
ഉദാഹരണത്തിന് പ്രതിവര്‍ഷം 7 ശമതാനം ലാഭം കിട്ടുന്ന ഒരു നിക്ഷേപമാര്‍ഗമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ പ്രതിമാസം 12394 രൂപ വീതം നിക്ഷേപിക്കണം. ഇനി നാലുവര്‍ഷം കഴിഞ്ഞ് ഇ്‌പ്പോഴത്തെ നിലയില്‍ ഏഴു ലക്ഷം രൂപ വിലയുള്ള കാര്‍ വാങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് കരുതുക. അന്ന് കാറിന്റെ വില 9.2 ലക്ഷം രൂപയായി വര്‍ധിച്ചിട്ടുണ്ടാകും. പ്രതിവര്‍ഷം 8 ശതമാനം വീതം ലാഭം കിട്ടുന്ന മാര്‍ഗത്തില്‍ 16300 രൂപ നിക്ഷേപിച്ചാല്‍ ലക്ഷ്യം കാണാം. ഇനി 10 വര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ എട്ട് ലക്ഷം രൂപയുള്ള കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന് എത്രമാത്രം സാമ്പത്തിക കരുതല്‍ നടത്തണം എന്നുനോക്കാം. 10 വര്‍ഷം കഴിയുമ്പോള്‍ കാറിന്റെ വില 14. 5 ലക്ഷമായി ഉയര്‍ന്നിട്ടുണ്ടാകും. പ്രതിവര്‍ഷം 12 ശതമാനം ലാഭം തുടര്‍ച്ചയായി 10 വര്‍ഷം നല്‍കാന്‍ ശേഷിയുള്ള മികച്ച ഒരു മ്യൂച്വല്‍ ഫണ്ട് കണ്ടുപിടിച്ച് അതില്‍ വെറും 6290 രൂപ വീതം മാസാമാസം നിക്ഷേപിച്ചാല്‍ ഈ സ്വപ്‌നകാര്‍ സ്വന്തമാക്കാം.
Content Highlights: achieve financial freedom by freedom for travelling
Published: 23 Dec 2023, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented