
12 വര്‍ഷം നീണ്ട നഴ്‌സിങ് ജീവിതമവസാനിപ്പിച്ച് സ്വന്തമായി സംരംഭം തുടങ്ങണമെന്ന് തീരുമാനിച്ചിടത്താണ് പത്തനംതിട്ടയിലെ വെണ്ണിക്കുളം സ്വദേശിനിയായ ജിന്‍സി ജുബിന്‍ ജേക്കബിന്റെ ജീവിതം മാറുന്നത്. സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനുകീഴില്‍, മികച്ച ശമ്പളമുള്ള തൊഴിലായിരുന്നു. പക്ഷേ, മനസ്സില്‍ നാട്ടിലേക്ക് വരണമെന്നും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നൊക്കെയുള്ള ആഗ്രഹം കൂടുകൂട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മൂന്നാമത്തെ കുഞ്ഞ് പിറന്നശേഷം, മറ്റു ചില സാഹചര്യങ്ങള്‍കൂടി വന്നതോടെ ജിന്‍സി ആ തീരുമാനമെടുത്തു. നാട്ടിലേക്ക് പോന്നു. ഇന്ന് കേക്കിന്റെയും ടെറേറിയത്തിന്റെയും സംരംഭം വിജയത്തിലെത്തിച്ച് മുന്നേറുകയാണവര്‍. ജിന്‍സിയുടെ വിശേഷങ്ങളിലേക്ക്.
നഴ്‌സിങ് ജീവിതം അവസാനിപ്പിച്ച് സംരംഭത്തിലേക്ക്
'ആദ്യത്തെ പ്രസവംകഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയശേഷം ഭര്‍ത്താവും കുഞ്ഞും വിസിറ്റിങ് വിസയില്‍ അവിടേക്കുവന്നിരുന്നു. ആറുമാസം കഴിഞ്ഞ് അവര്‍ നാട്ടിലേക്ക് തിരിച്ചുപോയപ്പോള്‍ ഞാന്‍ മാനസികമായി തളര്‍ന്നു. ഭര്‍ത്താവിനെയും കുഞ്ഞിനെയും വിട്ടിരിക്കാനുള്ള വിഷമമായിരുന്നു. പാചകം എനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്. ദു:ഖത്തെ മറികടക്കാനുള്ള ഒരു അതിജീവനമാര്‍ഗം എന്നപോലെ ഞാന്‍ ബേക്കിങ് പഠിക്കാന്‍ ശ്രമിച്ചു. പ്രത്യേകിച്ച് കേക്കുണ്ടാക്കാന്‍. തുടക്കത്തില്‍ പലതവണ പാളിപ്പോയെങ്കിലും തുടര്‍ച്ചയായി ചെയ്തപ്പോള്‍ ശരിയായി വന്നു. സുഹൃത്തുക്കള്‍ ഓര്‍ഡര്‍ തന്നു. അവരുടെ ആവശ്യപ്രകാരം കേക്കുണ്ടാക്കിക്കൊടുക്കുമായിരുന്നു. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ടെറേറിയമുണ്ടാക്കാന്‍ തുടങ്ങുന്നത്. ശരിക്കും പറഞ്ഞാല്‍ ലോക്ഡൗണ്‍ കാലത്ത്, മൂന്നാമത്തെ കുഞ്ഞിന്റെ ഡെലിവറിക്കുവേണ്ടി നാട്ടിലേക്ക് എത്തിയതായിരുന്നു ഞാന്‍. ഡെലിവറിക്കുശേഷം ആറുമാസം നാട്ടില്‍ തുടരേണ്ടിവന്നു. മാനസികമായി ഒരുപാടു ബുദ്ധിമുട്ടിയ സമയമായിരുന്നു അത്. മൂന്നു കുഞ്ഞുങ്ങളുമായി തിരക്കും ബഹളവും. എനിക്ക് എന്റേതായ ഒരു ലോകം കണ്ടെത്തണമെന്ന് തോന്നി. വീടിനകത്ത് ചെടികള്‍ നട്ടുവളര്‍ത്തുന്നത് അപ്പോഴെനിക്കൊരു ആശ്വാസമായിരുന്നു. ഇന്‍ഡോര്‍ പ്ലാന്റ് പരീക്ഷണങ്ങള്‍ ഹോബിയാക്കി. അതിനിടെയാണ് ടെറേറിയങ്ങളിലേക്കെത്തുന്നത്.'-ജിന്‍സി പറയുന്നു.
ആദ്യമായി ചെയ്തത് മൊസേറിയം
പന്നല്‍ചെടികളിലൂടെ ചെറുപ്രാണികള്‍ റോന്തുചുറ്റുന്ന ചില്ലുഭരണിയിലെ വനം. അതാണ് ടെറേറിയം. മേശപ്പുറവും സ്വീകരണമുറികളും അലങ്കരിക്കാവുന്ന ചെറു പച്ചത്തുരുത്തുകള്‍ക്ക് ചട്ടിയില്‍ വളര്‍ത്തുന്ന ചെടികളുടെയത്ര ശ്രദ്ധയും പരിചരണവും ആവശ്യമില്ലെന്നതാണ് പ്രധാനമേന്മ. കൃത്യമായ വെളിച്ചം മാത്രം ഉറപ്പാക്കിയാല്‍ മതിയാവും. 'ടെറേറിയത്തില്‍ മോസ് വെച്ചുപിടിപ്പിച്ചുണ്ടാക്കുന്നതാണ് മൊസേറിയം. അതാണ് ഞാന്‍ ആദ്യമായി ചെയ്തുനോക്കുന്നത്. ചെയ്ത് രണ്ടുമാസമായപ്പോഴേക്കും ലീവ് കഴിഞ്ഞ് എനിക്ക് തിരിച്ച് സൗദിയിലേക്ക് പോകേണ്ടിവന്നു. വീട്ടുകാര്‍ക്ക് പരിപാലനമൊന്നും അറിയാത്തതുകൊണ്ട് ഞാന്‍ പോയപ്പോഴേക്കും മൊസേറിയം ചീഞ്ഞുപോയി. എങ്കിലും മനസ്സിലപ്പോഴേക്കും ഞാനൊരുപാട് ടെറേറിയങ്ങളുണ്ടാക്കുന്നത് സ്വപ്നം കണ്ടുതുടങ്ങിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങളടക്കമുള്ള കാരണങ്ങളാല്‍ സൗദിയിലെ ജോലിയില്‍ തുടരേണ്ടതില്ലെന്ന് തീരുമാനിച്ച സമയത്ത് സുഹൃത്തുക്കളെല്ലാം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള തിരക്കിലാണ്. ഇത്രയും നല്ലൊരു ജോലിയുപേക്ഷിക്കുന്നതിന്റെ ആശയക്കുഴപ്പങ്ങള്‍ എന്നെ വല്ലാതെ കുഴക്കി. ഇഷ്ടമുള്ള എന്തെങ്കിലും ചെയ്തുനോക്കണമെന്ന് മനസ്സിലുറച്ച് ഇങ്ങോട്ടുപോന്നു. നാട്ടിലെത്തിയശേഷവും പ്രൊഫഷന്‍ വിട്ട് പാഷനു പുറകേപോയാല്‍ ജീവിതം പച്ചപിടിക്കുമോ എന്ന പേടി ഉള്ളിലുണ്ടായിരുന്നു. രണ്ടും കല്പിച്ച് കേക്ക് ബേക്കിങ് തുടങ്ങി.'
ടെറേറിയം പഠിച്ചെടുത്തു
'കുപ്പിക്കുള്ളില്‍ ഒരു ചെറിയ വനം അല്ലെങ്കില്‍ പ്രകൃതിയുടെ ഒരു തുണ്ട് എന്ന ആശയം തന്നെയാണ് ടെറേറിയത്തിലേക്ക് എന്നെ ആകര്‍ഷിച്ചത്. കാണുന്നവരില്‍ കൗതുകം വര്‍ധിപ്പിക്കുന്ന ഒന്നായതു കൊണ്ട് സ്വാഭാവികമായും താല്‍പര്യം തോന്നി'-ജിന്‍സി പറയുന്നു. 'വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുണ്ടെങ്കിലും കേരളത്തില്‍ ടെറേറിയങ്ങള്‍ക്ക് ശ്രദ്ധ കിട്ടി വരുന്നേയുള്ളൂ ആ സമയത്ത്. ചെടികളെ സ്‌നേഹിക്കാനും പരിപാലിക്കാനും ആളുകള്‍ക്ക് സമയം കിട്ടിയ കോവിഡ് കാലത്ത് നമ്മുടെ നാട്ടിലും അതിന് അംഗീകാരം കിട്ടിയിട്ടുണ്ട്. തീര്‍ത്തും ഒരു ഹോബിയായിരുന്നു എനിക്ക് ടെറേറിയം. പിന്നീടാണ് ഇതിലെ വില്പനസാധ്യതകള്‍ തിരിച്ചറിഞ്ഞത്. സംരംഭം തുടങ്ങുന്ന സമയത്ത് വ്യക്തമായ ഉപദേശം തരാന്‍ പോലും ആരുമില്ലാത്തതായിരുന്നു നേരിട്ട പ്രശ്‌നം. വിദേശത്ത് ടെറേറിയം രംഗത്തുള്ളവരെ ഇന്റര്‍നെറ്റിലൂടെ കണ്ടെത്തി അവരുമായി നിരന്തരം സംസാരിച്ചും മറ്റുമാണ് ആദ്യമൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കിയത്. പക്ഷേ അവര്‍ പറയുന്നതില്‍ പലതും നമ്മുടെ നാട്ടിലെ കാലാവസ്ഥയില്‍ പ്രായോഗികമല്ല. അത് മനസ്സിലായതോടെ സ്വന്തമായി ചില ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തി. പലതും പരാജയപ്പെട്ടു, നഷ്ടങ്ങള്‍ സംഭവിച്ചു. എങ്കിലും നിര്‍ത്തിപ്പോവാന്‍ ഞാനൊരുക്കമായിരുന്നില്ല. ഒരുപാട് അലച്ചിലുകള്‍ വേണ്ടിവന്നു. ഇതേപ്പറ്റി ഒരു ധാരണയുമില്ലാത്ത ആളുകള്‍ തര്‍ക്കിക്കാന്‍ വന്നു, വെറുതെ കുപ്പിക്കുള്ളില്‍ ചെടി വെക്കുന്നതിന് കാശു വേണോ എന്നൊക്കെ പലരും ചോദിച്ചു. അത്തരക്കാരെ അതിജീവിക്കലാണ് വലിയ പണി. അവസാനം വിജയിക്കുക തന്നെ ചെയ്തു. ഞാന്‍ ഉണ്ടാക്കിയ ടെറേറിയങ്ങളെല്ലാം നന്നായി വിറ്റുപോകുന്നുണ്ടിപ്പോള്‍.'
ഒപ്പം നിന്നത് ഭര്‍ത്താവ്
'ഭര്‍ത്താവും മൂന്നു മക്കളും എന്റെ അമ്മയുമാണ് വീട്ടിലുള്ളത്. ഭര്‍ത്താവ് ജുബിന്‍ ജേക്കബ് ഓട്ടൊമൊബൈല്‍ എന്‍ജിനീയറാണ്. പതിനാറു വര്‍ഷത്തോളം ഓട്ടോ ജേണലിസ്റ്റായിരുന്നു. ഇപ്പോള്‍ ഓട്ടോ കണ്‍സല്‍ട്ടന്‍സിയും റോഡീസ് ഗരാജ് എന്ന പേരില്‍ വര്‍ക്ക് ഷോപ്പും നടത്തുന്നു. മക്കള്‍ മൂന്നും പെണ്‍കുട്ടികളാണ് ടാരിന്‍, ടിയാര, ടീലി. മൂത്തവര്‍ രണ്ടിലും, യുകെജിയിലും പഠിക്കുന്നു. ഇളയവള്‍ അങ്കണവാടിയില്‍ പോകാന്‍ തയ്യാറെടുക്കുന്നു. ഞാന്‍ പലപ്പോഴും പിന്നോട്ടു പോകുമ്പോള്‍ നിന്നെക്കൊണ്ടല്ലെങ്കില്‍ പിന്നെ മറ്റാര്‍ക്ക് കഴിയും എന്നുപറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ഭര്‍ത്താവാണ് എന്റെ ശക്തി. അതുപോലെ ഞങ്ങളുടെ സൗഹൃദവലയങ്ങളും.'
ബിസിനസില്‍ പാരമ്പര്യമില്ല
'ബിസിനസ് എന്നതിനെക്കാള്‍ എനിക്കിത് വലിയ രീതിയില്‍ മാനസിക സംതൃപ്തി തരുന്ന ഒരു കാര്യമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇപ്പോള്‍ ഓര്‍ഡറുകള്‍ ലഭിക്കാറുണ്ട്. എല്ലാം ഒന്നും എടുക്കാന്‍ കഴിയാറില്ല. ഈയിടെ ഗുജറാത്തില്‍ നിന്നും ഒരു റെസ്റ്റോറന്റിലേക്ക് ഇരുപത്തഞ്ച് ടെറേറിയങ്ങളുടെ ഓര്‍ഡര്‍ വന്നിരുന്നു. അത് ഞങ്ങള്‍ ഒക്ടോബറില്‍ ഡെലിവര്‍ ചെയ്തു. ലാഭമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്, പക്ഷേ നല്ല അധ്വാനവുമുണ്ട്. ചെയ്യുന്ന കാര്യങ്ങളില്‍ എന്തെങ്കിലും ക്രിയേറ്റിവിറ്റി വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ജീവിതത്തിലെ പ്രിയപ്പെട്ട ഹോബികള്‍ ബിസിനസാക്കി മാറ്റുമ്പോള്‍ അതിന്റേതായ സന്തോഷവും. അപ്പന് കുറെക്കാലം മുമ്പ് ഒരു കടയുണ്ടായിരുന്നതൊഴിച്ചാല്‍ മറ്റു കച്ചവട പാരമ്പര്യമൊന്നുമില്ല. വല്യമ്മച്ചിയാണ് എനിക്ക് ഏറ്റവുമധികം പ്രചോദനമായത്. ഒരു നാട്ടിന്‍പുറത്ത് പറമ്പില്‍ കൃഷിചെയ്ത് അതിലെ വിളകള്‍ ശേഖരിച്ച് ചന്തയില്‍ വിറ്റ് ഉപജീവനം കണ്ടെത്തിയിരുന്നത് ഒരു കച്ചവടമായി കണക്കാക്കാമെങ്കില്‍ അതാണ് എന്റെ ബിസിനസ് പാരമ്പര്യം.'
എന്താണ് ടെറേറിയം?
ടെറാറിയം രണ്ടു തരമുണ്ട്. ഓപണ്‍ ടെറേറിയവും ക്ലോസ്ഡ് ടെറേറിയവും. അടച്ചിട്ട കുപ്പിക്കുള്ളില്‍ ചെടി വളര്‍ത്തുന്ന രീതിയാണ് ക്ലോസ്ഡ് ടെറേറിയം. ഇതാണ് ജിന്‍സി ചെയ്യുന്നത്. 'പുറമെ നിന്ന് വായുവോ ജലമോ ഒന്നും ആവശ്യമില്ലാതെ, സ്വന്തമായി അതിജീവിക്കാന്‍ കഴിയുന്ന ഇക്കോസിസ്റ്റമായിരിക്കും ഓരോ ടെറേറിയത്തിന്റെ ഉള്ളിലും. പന്നല്‍ ചെടികള്‍ (ഫേണ്‍സ്), മോസ് തുടങ്ങിയ ഉഷ്ണമേഖലാ സസ്യങ്ങളാണ് ഏറ്റവും ഉചിതം. ഞാന്‍ മറ്റുചെടികളും വെക്കുന്നുണ്ട്. പിന്നെ ചെറിയ ജീവികളെയും ഇടണം. ഒരു ടെറേറിയം നല്ലരീതിയില്‍ നിലനിന്നുപോവണമെങ്കില്‍ ജീവികളും വേണം. സ്പ്രിങ് ടെയില്‍, ഐസോപോഡ്‌സ് തുടങ്ങിയവയെയാണ് സാധാരണ നിക്ഷേപിക്കുക. ഈര്‍പ്പമുള്ള ഇടങ്ങളിലാണിവയെ കാണുക. പറമ്പില്‍ നിന്നെടുക്കുന്ന സൂക്ഷ്മജീവികളെയാണ് ഞാന്‍ ടെറേറിയത്തിനുള്ളിലിടുന്നത്. അവര്‍ മോസിലോ മണ്ണിലോ ഒക്കെ പറ്റിപ്പിടിച്ചിരുന്നുകൊള്ളും. ദീര്‍ഘകാലം ജീവിക്കുകയും പ്രജനനം നടത്തി അടുത്ത തലമുറയെ ഉണ്ടാക്കുകയും ചെയ്യും. ടെറേറിയത്തിലുണ്ടാവാന്‍ സാധ്യതയുള്ള പൂപ്പലും ഫംഗസും അഴുകിയ ഇലകളുമൊക്കെയാണ് ഇവര്‍ ഭക്ഷിക്കുക. ഏതെങ്കിലും ഒരു തരത്തിലുള്ള ജീവിയെ ഇട്ടാല്‍ മതിയാവും.'
വെള്ളമില്ലാതെ ചെടികളെങ്ങനെ അതിജീവിക്കും?
നിര്‍മാണസമയത്ത് ചെടിക്ക് കൊടുക്കുന്ന വെള്ളം സാന്ദ്രീകരിക്കപ്പെട്ട് ബാഷ്പരൂപത്തില്‍ ടെറേറിയത്തിനുള്ളില്‍ തങ്ങിനില്‍ക്കും. ശേഷം വീണ്ടും മണ്ണിലേക്കെത്തും. വേറെ വെള്ളം ആവശ്യമില്ല. ചെടികള്‍ പുതിയ അന്തരീക്ഷത്തില്‍ ജീവിച്ചുതുടങ്ങുന്നതുവരെ നല്ല പരിപാലനം വേണം. പച്ചപിടിച്ചു എന്നുറപ്പിച്ച ശേഷമേ ആവശ്യക്കാര്‍ക്കു നല്‍കൂ. രണ്ടുമുതല്‍ മൂന്നുവരെ മാസമെടുത്താണ് ഓരോ ടെറേറിയവും തയ്യാറാക്കുന്നത്. വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം സീറോ മെയിന്റനന്‍സ് ആണ് ടെറേറിയത്തിന്റെ പ്രത്യേകത. ഒരിക്കല്‍ വാങ്ങിവെച്ചാല്‍ പിന്നെ കാര്യമായി പരിപാലിക്കേണ്ടതില്ലെന്നര്‍ഥം.
ടെറേറിയമുണ്ടാക്കാന്‍ ഗ്ലാസ് കണ്ടെയ്‌നറുകള്‍ കണ്ടെത്തുക വലിയ കടമ്പയായിരുന്നു. രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും എടുക്കാറുണ്ട്. ബാക്കിയുള്ള സാധനങ്ങള്‍ ഓണ്‍ലൈനായും അല്ലാതെയും വരുത്തും. ചില എക്‌സോട്ടിക് പ്ലാന്റുകളും വിദേശത്തുനിന്ന് വരുത്തും. ഓണ്‍ലൈനില്‍ കൂടിയാണ് പ്രധാനമായും വില്‍പന. മൈക്രോഫോറസ്റ്റ് എന്ന ഇന്‍സ്റ്റാ പേജില്‍ സ്ഥിരമായി അന്വേഷണങ്ങള്‍ വരാറുണ്ട്. പിന്നെ സുഹൃത്തുക്കള്‍ വഴിയും ധാരാളം ഓര്‍ഡറുകള്‍ കിട്ടുന്നു.
ഭാവിപദ്ധതികള്‍
ടെറേറിയത്തിന്റെ മറ്റു വകഭേദങ്ങളായ വിവേറിയം, പലുഡേറിയം തുടങ്ങിയവയിലേക്കും അവയുടെ വലിയ പതിപ്പുകളിലേക്കും കടക്കുകയാണ് ഭാവിയിലെ പരിപാടി. അതെല്ലാം പരീക്ഷണഘട്ടത്തിലാണ്.
ഒരു വീട്ടമ്മയ്ക്ക് ഈ ബിസിനസ് തുടങ്ങുമ്പോഴുള്ള വെല്ലുവിളി
'തിരക്കുകള്‍ക്കിടയില്‍ നമ്മുടെ സ്വപ്നങ്ങള്‍ക്കായി ഇത്തിരിനേരം കണ്ടെത്തുകയായിരിക്കും ഒരു വീട്ടമ്മയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി. ഏതു ബിസിനസിലേക്ക് കാലെടുത്തുവെച്ചാലും, പ്രത്യേകിച്ച് പാഷന്‍ ബിസിനസാക്കി മാറ്റുമ്പോള്‍ ആശയക്കുഴപ്പങ്ങളുണ്ടാവും. വിചാരിച്ചപോലെ കാര്യങ്ങള്‍ നടക്കുമോ, ഇടയ്ക്ക് ഇട്ടിട്ട് പോവേണ്ടിവരുമോ എന്നൊക്കെ. ആദ്യമൊന്നും നമ്മളെയാരും പിന്തുണയ്ക്കണമെന്നില്ല.
പ്രത്യേകിച്ചും നമ്മളൊരു ജോലിയുപേക്ഷിച്ച് ഇതിനുവേണ്ടി ഇറങ്ങുകയാണെങ്കില്‍. ഇത്രയും നല്ലൊരു പ്രൊഫഷണല്‍ ക്വാളിഫിക്കേഷന്‍ അവര്‍ നമുക്ക് നേടിത്തന്നിട്ട് ബിസിനസെന്നു പറഞ്ഞ് പോവുമ്പോള്‍ രക്ഷിതാക്കള്‍ക്ക് പെട്ടെന്ന് അംഗീകരിക്കാന്‍ പറ്റണമെന്നില്ല. പക്ഷേ, നമ്മളത് ചെയ്ത് വിജയിപ്പിച്ചു കാണിക്കുന്നിടത്ത് ഈ ആശങ്കകളൊക്കെ വിട്ടൊഴിയും. വിജയം കണ്ടാല്‍ അവര്‍ക്ക് ബോധ്യപ്പെടുമല്ലോ... പിന്നെ ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്, ഏതു ബിസിനസ്സാണെങ്കിലും ആദ്യം കുറച്ച് നഷ്ടവും കഷ്ടപ്പാടുമൊക്കെയുണ്ടാവും. പരീക്ഷിച്ച് പരീക്ഷിച്ച് പടിപടിയായേ മുന്നോട്ടുപോവാനാവൂ. ഒന്നും നഷ്ടപ്പെടുത്താതെ, അധ്വാനിക്കാതെ ഒന്നിലും വിജയിക്കാനാവില്ല. കാര്യങ്ങള്‍ കൃത്യമായി പഠിക്കുന്നതിനു മുമ്പ് ഒരുപാടുപണം ബിസിനസ്സിലിറക്കാതിരിക്കുന്നതാണ് നല്ലത്. പാതിവെച്ച് ഇട്ടിട്ട് പോകുന്ന സ്വഭാവക്കാരുണ്ട്. ചെയ്യാന്‍ പറ്റുമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ മാത്രം അധികം പൈസയിറക്കുക. പതിയെ ബിസിനസ് വളര്‍ത്തുക'.
Content Highlights: women entrepreneur jincy jubin jacob interview
Published: 22 Dec 2023, 02:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented