ഷെയിന്‍ നിഗം ഉഴപ്പനാണെന്നും പ്രശ്‌നക്കാരനാണെന്നും സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് പറഞ്ഞുകേട്ടിരുന്നെന്നും എന്നാല്‍ വളരെ മര്യാദക്കാരനായ ഷെയിനിനെയാണ് ‘ബള്‍ട്ടി’യുടെ ചിത്രീകരണത്തിനിടയിലും പ്രചരണപരിപാടിയുമായി നടത്തിയ യാത്രയിലുമുടനീളം കണ്ടതെന്ന് നിര്‍മാതാവ് സന്തോഷ് ടി.കുരുവിള.

''എന്തുപ്രശ്‌നമുണ്ടായാലും ഷെയിന്‍ എന്റെ വീടിന്റെ നേരെ എതിര്‍വശത്താണല്ലോ താമസിക്കുന്നത് എന്നതായിരുന്നു ഈ സിനിമ ചെയ്യാനുള്ള എന്റെ ധൈര്യം. പക്ഷേ സിനിമ തുടങ്ങിയപ്പോള്‍ മനസ്സിലായി എന്റെ കൂടെ പ്രവര്‍ത്തിച്ച എല്ലാ അഭിനേതാക്കളെക്കാളും മര്യാദക്കാരനാണ് ഷെയിനെന്ന്.

ഇത്രയും മര്യാദക്കാരനായ ആളെപ്പറ്റിയാണോ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് ഞാന്‍ പലരോടും ചോദിച്ചു. ജീത്തു ജോസഫിന്റെ പടത്തിലും ഷെയിന്‍ അഭിനയിച്ചു. ഈ ഷെയിനെപ്പറ്റിയാണോ ആളുകള്‍ ഇങ്ങനെ പറയുന്നത് എന്ന് ജീത്തുവും എന്നോട് ചോദിച്ചു'', സന്തോഷ് ടി കുരുവിള പറഞ്ഞു.

'മഹേഷിന്റെ പ്രതികാരം', 'മായാനദി', 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍', 'ന്നാ താന്‍ കേസ് കൊട്' എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവാണ് സന്തോഷ് ടി.കുരുവിള.

ഷെയിന്‍ നിഗം നായകനായി എത്തുന്ന 'ബള്‍ട്ടി'ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ചിത്രം പാലക്കാട് ജില്ലയില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥയാണ് പറയുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi