മോട്ടോര്‍സ്‌പോര്‍ട്‌സില്‍ ഒരു കരിയര്‍ പിന്തുടരാന്‍ താന്‍ കുടുംബത്തോടൊപ്പമുള്ള സമയം ത്യജിച്ചുവെന്ന് തുറന്നു പറഞ്ഞ് തമിഴ് നടനും റേസറുമായ അജിത് കുമാര്‍. 24 മണിക്കൂര്‍ എന്‍ഡ്യൂറന്‍സ് റേസില്‍ പങ്കെടുക്കുന്നതിനായി ഞായറാഴ്ച സ്‌പെയിനിലെ ബാര്‍സലോണയില്‍ എത്തിയതായിരുന്നു താരം.

To advertise here,

തന്റെ അഭാവത്തിലും എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നതിന് ഭാര്യ ശാലിനിയെ അദ്ദേഹം പ്രശംസിച്ചു. താന്‍ റേസിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, വീട്ടിലെ മറ്റെല്ലാ കാര്യങ്ങളും നോക്കി ഭാര്യ തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നാണ് അജിത് പറഞ്ഞത്.

'ഒരുപാട് കാര്യങ്ങള്‍ ശാലിനിയാണ് കൈകാര്യം ചെയ്യുന്നത്. അവളുടെ പിന്തുണയില്ലെങ്കില്‍, എനിക്ക് ഇതൊന്നും ചെയ്യാന്‍ കഴിയില്ല. ഞാന്‍ ദൂരെയായിരിക്കുമ്പോള്‍ വീടും കുട്ടികളെയും നോക്കുന്നത് ശാലിനിയാണ്. കുട്ടികള്‍ക്ക് എന്നെ കാണാന്‍ അധികം സാധിക്കാറില്ല, അവര്‍ക്ക് എന്നെ മിസ് ചെയ്യുന്നതുപോലെ എനിക്കും അവരെ മിസ് ചെയ്യാറുണ്ട്.

ഇതൊന്നും ആരും കാണുകയോ മനസ്സിലാക്കുകയോ ചെയ്യാത്ത കാര്യങ്ങളാണ്. എന്നാല്‍ നിങ്ങള്‍ ഒന്നിനെ അത്രയധികം സ്‌നേഹിക്കുമ്പോള്‍, നിങ്ങള്‍ ത്യാഗങ്ങള്‍ സഹിക്കേണ്ടിവരും.' അദ്ദേഹം പറഞ്ഞു. 2002-ല്‍ ശാലിനിയുമായുള്ള വിവാഹത്തിനു ശേഷം, താന്‍ കുറച്ചുകാലത്തേക്ക് റേസിങ്ങിലേക്ക് മടങ്ങിയിരുന്നുവെന്നും എല്ലാ മത്സരങ്ങളിലും അവള്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും അജിത് ഓര്‍ത്തു.

മക്കളായ അനൗഷ്‌ക കുമാറും ആദ്വിക് കുമാറും ജനിച്ചതിന് ശേഷമാണ് അവരെ പരിപാലിക്കുന്നതിനായി അവള്‍ പിന്നോട്ട് മാറിയത്. തന്റെ പാത പിന്തുടരാന്‍ മക്കളെ നിര്‍ബന്ധിക്കാന്‍ ആഗ്രഹിക്കാത്തതിനെക്കുറിച്ചും നടന്‍ സംസാരിച്ചു. 'എന്റെ മകനും ഇത് ഇഷ്ടമാണ്. അവന്‍ ഗോ-കാര്‍ട്ടിങ് ആരംഭിച്ചിട്ടുണ്ട്, പക്ഷേ ഇതുവരെ ഗൗരവമായി തുടങ്ങിയിട്ടില്ല. അത് ശരിക്കും പിന്തുടരണോ എന്ന് തീരുമാനിക്കാന്‍ ഞാന്‍ അവന് സമയം നല്‍കും.

സിനിമയായാലും റേസിങ്ങായാലും എന്റെ കാഴ്ചപ്പാടുകള്‍ അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ സ്വന്തം ഇഷ്ടപ്രകാരം വരണമെന്നും സാധ്യമായ എല്ലാ വിധത്തിലും അവരെ പിന്തുണയ്ക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1999-ല്‍ 'അമര്‍ക്കളം' സിനിമയുടെ സെറ്റില്‍ വെച്ചാണ് അജിത്തും ശാലിനിയും കണ്ടുമുട്ടുന്നത്. പ്രണയത്തിലായ ഇരുവരും 2000-ത്തില്‍ വിവാഹിതരായി. നായികാവേഷങ്ങള്‍ ചെയ്യുന്നതിന് മുമ്പ് ബാലതാരമായിരുന്നു ശാലിനി. കുട്ടികളെ വളര്‍ത്തുന്നതിനായി പിന്നീട് അവര്‍ സിനിമയില്‍ നിന്ന് മാറിനിന്നു.

ഈ വര്‍ഷം 'വിടാമുയര്‍ച്ചി', 'ഗുഡ് ബാഡ് അഗ്ലി' എന്നീ ചിത്രങ്ങളിലാണ് അജിത്തിനെ അവസാനമായി കണ്ടത്. തന്റെ പുതിയ സിനിമകള്‍ അദ്ദേഹം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi