കാന്താര ചാപ്റ്റര്‍ വണ്‍ വളരെ വലിയ വിജയമാണ് നേടിയത്. ഋഷഭ് ഷെട്ടിയുടെ അഭിനയവും എടുത്തുപറയേണ്ടതാണ്. കേവലം ഒരു കഥാപാത്രമായല്ല ഡബിള്‍ റോളിലെത്തിയാണ് ഇത്തവണ നടന്‍ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. സിനിമ കണ്ടവരാരും തന്നെ മറക്കാനിടയില്ലാത്ത കഥാപാത്രമാണ് മയക്കര. ആ വേഷത്തിലെത്തിയതും ഋഷഭ് തന്നെയാണെന്ന് പല പ്രേക്ഷകരും അറിഞ്ഞുകാണില്ല.

To advertise here,

മയക്കരയുടെ കഥാപാത്രത്തിന്‌റെ പിന്നണി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്. ഒരേസമയം രണ്ടുവേഷങ്ങളും സംവിധാനവും അനായാസമായി കൈകാര്യം ചെയ്ത ഋഷഭിന്‌റെ കഴിവിനെ വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍. 'കാന്താര ചാപ്റ്റര്‍ 1-ല്‍ ഋഷഭ് ഷെട്ടിയുടെ നിഗൂഢമായ മയകരയുടെ രൂപാന്തരത്തിന് പിന്നിലെ മാന്ത്രികതയ്ക്ക് സാക്ഷിയാകൂ, ഈ നിഗൂഢ കഥാപാത്രത്തെ ജീവസുറ്റതാക്കിയ കലാസൃഷ്ടി, സമര്‍പ്പണം എന്നിവയിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം' എന്നാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്.

ഋഷഭ് ഒരു തീവ്രമായ മേക്കപ്പ് സെഷനില്‍ ഏര്‍പ്പെടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അദ്ദേഹം പതുക്കെ മയക്കരയായി രൂപാന്തരപ്പെടുന്നു. തയ്യാറായിക്കഴിഞ്ഞ് അദ്ദേഹം സെറ്റിലേക്ക് നീങ്ങുകയും അതേ വേഷത്തില്‍ തന്നെ സംവിധാനം ചെയ്യുകയും ചെയ്യുന്നു. പിന്നീട് വീഡിയോയില്‍ സിനിമയിലെ മയക്കരയുടെ ദൃശ്യങ്ങളും കാണിക്കുന്നുണ്ട്. ആരാധകരുടെ അദ്ഭുതം കമന്‌റ് ബോക്‌സിലും നിറഞ്ഞു.

'എല്ലാവരും കരുതിയത് മയക്കര മറ്റൊരു നടനാണെന്നാണ്' ഒരാൾ കുറിച്ചു. 'ആ മയക്കര കഥാപാത്രത്തിന് വേണ്ടി അദ്ദേഹം എങ്ങനെ മെലിഞ്ഞുപോയി?','എനിക്ക് ഇപ്പോള്‍ എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല' , ' ആത്മസമര്‍പ്പണം സമ്മതിച്ചിരിക്കുന്നു', 'ഇത്രയും നേരം, മയകര മറ്റൊരാളാണെന്നും ഋഷഭ് ഡബ്ബ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഞാന്‍ കരുതി' എന്നിങ്ങനെ നീളുന്നു കമന്‌റുകള്‍.

സാക്‌നില്‍ക് വെബ്സൈറ്റ് പ്രകാരം, ചിത്രം 25 ദിവസത്തിനുള്ളില്‍ 589 കോടി രൂപ നേടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു. കൊളോണിയല്‍ കാലഘട്ടത്തിനു മുമ്പുള്ള ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങളാണ്  സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi