കളഭം മണക്കുന്ന ഗുരുവായൂരിലെ നാലമ്പലത്തിനകത്ത് കുടികൊള്ളുന്ന ഉണ്ണിക്കണ്ണനെ ഒരുനോക്കുകാണാൻ കൊതിക്കാത്ത മനസ്സുണ്ടാവില്ല. ഭക്തിയുടെ ആ തീവ്രത ഒരു പാട്ടിലൂടെ ആവോളം അനുഭവിച്ചവരാണ് നമ്മളൊക്കെ. 'ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ' എന്ന ഗാനം കേൾക്കുമ്പോൾ അറിയാതെ കണ്ണ് നനയുന്നു. ചില ഗാനങ്ങൾ അങ്ങനെയാണ്, ഉള്ളിന്റെയുള്ളിൽ അലിഞ്ഞുചേർന്ന്, കാലാതീതമായ ഒരു ഈണമായി നിലകൊള്ളും... മലയാളികളുടെ മനസ്സിൽ ഇന്നും ഭക്തി നിറച്ച് ഒഴുകുന്ന ഈ ഗാനത്തിന് നാല്പത് വർഷത്തിന്റെ പാരമ്പര്യമുണ്ട്.

വരികൾ രചിച്ചത് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയും സംഗീതം നൽകിയത് ടി.എസ്. രാധാകൃഷ്ണനുമാണ്.
ഗുരുവായൂരപ്പനോടുള്ള അനുരാഗവും സംഗീതത്തോടുള്ള ആത്മസമർപ്പണവും ചേർന്നുണ്ടായ ആ ദൈവിക സൃഷ്ടിയെപ്പറ്റി എത്ര പറഞ്ഞാലും മതിവരില്ലെന്ന് സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണൻ പറയുന്നു. വിഷുവോ മറ്റേതെങ്കിലും വിശേഷദിവസങ്ങളോ വേണ്ടാതെ, എല്ലായ്പ്പോഴും മലയാളികളുടെ അധരങ്ങളിൽ നിറയുന്ന ഈ ഗാനത്തിന്റെ ഓർമ്മകളിലേക്ക് വീണ്ടും തിരിഞ്ഞുനടക്കുകയാണ് അദ്ദേഹം.

''1979-ലാണ് ഞാൻ സംഗീതസംവിധാനം ചെയ്തുതുടങ്ങുന്നത്. ഇതുവരെ മൂവായിരത്തിലധികം ഭക്തിഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരുപാട് കൃഷ്ണഭക്തിഗാനങ്ങളും വന്നുചേർന്നു. അയ്യപ്പ ഭക്തിഗാനങ്ങളും ദേവീസ്തുതികളുമൊക്കെ ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രിയപ്പെട്ട ഭക്തിഗാനങ്ങളിൽ ഏറ്റവും മുന്നിലാണ് 'ഒരുനേരമെങ്കിലും...' എന്ന ഗാനത്തിന്റെ സ്ഥാനം. ഈ ഗാനത്തിന്റെ ഉദ്ഭവത്തെപ്പറ്റി ഞാനും ഗാനരചയിതാവ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയും പല പ്രാവശ്യം പല അവസരങ്ങളിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഓരോ തവണയും ആ ഗാനത്തെപ്പറ്റി ഓർക്കുമ്പോൾ പ്രത്യേകമൊരു അനുഭൂതിയാണ്.

1982 കാലഘട്ടത്തിൽ ചെറിയ തോതിൽ ഭക്തിഗാനങ്ങൾ അവതരിപ്പിക്കുന്ന ഒരു ട്രൂപ്പുണ്ടായിരുന്നു എനിക്ക്. അമ്പലങ്ങളിൽ കച്ചേരി നടത്തും. അങ്ങനെയൊരുദിവസം ഗുരുവായൂരമ്പലനടയിലും ഞാനെത്തി. കൃഷ്ണൻകുട്ടി ചേട്ടൻ മാധ്യമസ്ഥാപനത്തിൽ ജോലിചെയ്യുന്ന കാലംതൊട്ട് എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്. ഇടയ്ക്ക് ചില വരികളെഴുതിത്തരികയും ഞാൻ സംഗീതം ചിട്ടപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു. അവിചാരിതമായാണ് കൃഷ്ണൻകുട്ടി ചേട്ടനെ അന്ന് ഞാൻ ഗുരുവായൂർ അമ്പലനടയിൽവെച്ച് കാണുന്നത്. വരികളെഴുതിത്തന്നാൽ അന്ന് വൈകുന്നേരം നടക്കുന്ന കച്ചേരിയിൽ പാടാമോ എന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് അതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.

ഒരു കടലാസും പേനയുമെടുത്ത് അദ്ദേഹം കുറേ നേരമിരുന്നു. അദ്ദേഹത്തിന്റെ മനസ്സിലേക്ക് വരികളൊന്നും വരുന്നില്ല. അല്പനേരം കഴിഞ്ഞ് കണ്ണടച്ച് തുറക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ പേന ചലിച്ചുതുടങ്ങി. വരികളുടെ ഒഴുക്കിന്റെ ശക്തി കൂടിക്കൂടിവന്നു. അദ്ദേഹം പറഞ്ഞതുപോലെയാണെങ്കിൽ ഗുരുവായൂരപ്പൻ പറഞ്ഞുകൊടുക്കുകയും അദ്ദേഹം അത് എഴുതിയെടുക്കുകയുമായിരുന്നു. വരികൾ കിട്ടിയ എനിക്ക് വേദിയിൽ കയറുന്നതുവരെ ഏത് രാഗത്തിൽ പാട്ട് ചിട്ടപ്പെടുത്തണമെന്ന് ഒരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ല. മനസ്സിലേക്ക് വന്ന ഒരു ഈണത്തിൽ പാടുകയായിരുന്നു.

പാടിക്കഴിഞ്ഞതും സദസ്സിലിരിക്കുന്ന ഒരു അമ്മ ഓടിവന്ന് വീണ്ടും ആ പാട്ട് പാടാനായി ആവശ്യപ്പെട്ടു. ഗാനം ജനങ്ങൾ ഏറ്റെടുത്തുവെന്ന് അപ്പോൾതന്നെ എനിക്ക് മനസ്സിലായി. അപ്പോൾപോലും ഈ ഗാനം യേശുദാസ് പാടുമെന്നോ തരംഗിണി റിലീസ് ചെയ്യുമെന്നോ ഞാൻ ചിന്തിച്ചിട്ടേയില്ല.

1986-ലാണ് തരംഗിണിക്കുവേണ്ടി തുളസീതീർഥം എന്ന ആൽബമിറക്കുന്നത്. അതിൽ തിരുവാറന്മുള കൃഷ്ണാ, ബ്രാഹ്‌മമുഹൂർത്തത്തിൽ, അമ്പലപ്പുഴയിലെൻ, അഷ്ടമിരോഹിണി, മൂകാംബികേ ദേവി, ശ്രീ പാർഥസാരഥി എന്നീ ഗാനങ്ങൾക്കൊപ്പം ഈ ഗാനവും ഉൾപ്പെടുത്തുകയായിരുന്നു. ദ്വിജാവന്തി രാഗത്തിൽ ചിട്ടപ്പെടുത്തിയ പാട്ട് ഗാനഗന്ധർവൻ യേശുദാസിന്റെ സ്വരത്തിലൂടെ ഭക്തഹൃദയങ്ങളിൽ ആഴത്തിൽ പതിക്കുകയായിരുന്നു. പ്രപഞ്ചശക്തിയുടെ അദൃശ്യകരങ്ങൾ ആ ഗാനത്തിനുപിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ഞങ്ങളുടെയൊക്കെ ഒരു വിശ്വാസം. ദാസേട്ടനും ആ വിശ്വാസത്തെ ശരിവയ്ക്കുകയായിരുന്നു. കാരണം, ദാസേട്ടൻ ഈ പാട്ട് പാടാത്ത ഒറ്റ കച്ചേരിയില്ല.

എല്ലാ കർണാടിക് സംഗീതക്കച്ചേരികളിലും 'ഒരുനേരമെങ്കിലും' അദ്ദേഹം പാടിയിരിക്കും. ഏതൊരു ഗാനരചയിതാവിനെയും സംഗീതസംവിധായകനെയും പോലെ ഞങ്ങളും ആഗ്രഹിച്ചത് ദാസേട്ടന്റെ സ്വരമാധുര്യത്തിൽ ഈ പാട്ട് കേൾക്കണമെന്നതായിരുന്നു. ആ ഭാഗ്യം എനിക്കുമുണ്ടായി. അത് വലിയൊരു അനുഭവമാണ്.

ചിത്ര ചോദിച്ചുവാങ്ങിയ പാട്ട്
പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര, ബിജു നാരായണൻ, മധു ബാലകൃഷ്ണൻ, രാധിക തിലക് തുടങ്ങി ഒരുപാട് ഗായകർക്കുവേണ്ടി ഞാൻ ഭക്തിഗാന ആൽബങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നിരുന്നാലും ഒരുനേരമെങ്കിലും എന്ന ഗാനത്തിനാണ് മുൻഗണന കൂടുതൽ. ജനങ്ങൾ എന്തുകൊണ്ടാവും ഈ പാട്ട് സ്വീകരിച്ചതെന്ന് ഞാൻ എപ്പോഴും ഓർക്കാറുണ്ട്. ഒരുപക്ഷേ, ഈ പാട്ട് ആദ്യംതന്നെ ഗുരുവായൂർ ക്ഷേത്രനടയിൽ സമർപ്പിച്ചതുകൊണ്ടാകാം.

ഞാൻ ഇപ്പോഴും സജീവമായി കച്ചേരി നടത്തുന്നൊരാളാണ്. എവിടെ ചെന്നാലും ഈ പാട്ടുപാടാതെ ഒരു വേദിയും വിട്ടിറങ്ങാൻ പറ്റാറില്ല. മണ്ഡലകാലത്തും ഈ പാട്ട് പാടാൻ എല്ലാവരും ആവശ്യപ്പെടാറുണ്ട്. ഞാൻ മാത്രമല്ല, എത്രയോ കലാകാരന്മാർ വാദ്യത്തിലൂടെയും വായ്പാട്ടിലൂടെയും നാട്യത്തിലൂടെയുമൊക്കെ ഇന്നും ഈ പാട്ട് അവതരിപ്പിക്കുന്നു... കർണാടിക് സംഗീതത്തിലെ പ്രഗല്ഭരായ പലരും വാദ്യോപകരണങ്ങളിലൂടെ ഈ ഗാനം ആലപിക്കുന്നതുകണ്ട് അദ്ഭുതപ്പെട്ടിട്ടുണ്ട്. കർണാടിക് സംഗീതലോകത്ത് സാക്സഫോണിനെ ജനപ്രിയമാക്കിയത് കദ്രി ഗോപാൽനാഥാണ്. അദ്ദേഹമാണ് ഈ പാട്ട് സാക്സഫോണിൽ ആദ്യം വായിച്ചത്. അതും ഗുരുവായൂരിൽവെച്ച്.

കർണാടിക് സംഗീതത്തിലെ ത്രിമൂർത്തികളായ ത്യാഗരാജ സ്വാമികളും മുത്തുസ്വാമി ദീക്ഷിതരും ശ്യാമശാസ്ത്രികളും ചിട്ടപ്പെടുത്തിയ അനേകം കൃതികളുള്ള കാലഘട്ടത്തിലും ഞങ്ങളുടെ ഗാനം ദേശാതിർത്തികൾ കടന്ന് വീണ്ടുംവീണ്ടും ഏറ്റുപാടി... നാരായണീയത്തിൽ പറഞ്ഞതുപോലെ കാലദേശാവധിഭ്യാം പല തലമുറകളിലൂടെ 'ഒരുനേരമെങ്കിലും' ഇന്നേരവും ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഗുരുവായൂരപ്പന്റെ കൈയൊപ്പ് ആ പാട്ടിലുണ്ടെന്നതാണ് സത്യം.
വരികളുടെയും സംഗീതത്തിന്റെയും ലാളിത്യംതന്നെയാണ് ഈ പാട്ടിലേക്ക് ശ്രോതാക്കളെ ആകർഷിക്കുന്ന പ്രധാനഘടകം.

സംഗീതത്തിൽ ഒരു കസർത്തും നടത്തിയിട്ടില്ല. ആൽബത്തിലെ പത്ത് പാട്ടുകളും ഞാൻതന്നെ പാടി ദാസേട്ടനെ കേൾപ്പിക്കുകയായിരുന്നു. അന്ന് മറ്റ് വാദ്യോപകരണങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ല. ശ്രുതിമീട്ടി വെറുതേ പാടി റെക്കോഡ് ചെയ്യുകയായിരുന്നു. ആ പത്ത് പാട്ടുകളിൽവെച്ച് ദാസേട്ടൻ ആദ്യം അഭിപ്രായം പറഞ്ഞത് ഈ പാട്ടിനെക്കുറിച്ചായിരുന്നു. ''എടാ, ഈ പാട്ടിന് എന്തോ പ്രത്യേകതയുണ്ട്'' എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.
അകതാരിലാർത്തുവാൻ എത്തിടുമോർമ്മകൾ
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ
അവതാരകൃഷ്ണാ നിൻ കള്ളനോട്ടം…

ചരണത്തിലെ ഈ വരികൾ ദാസേട്ടൻ ഉള്ളുതൊട്ട് പാടിയതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഗുരുവായൂരപ്പനോടുള്ള ദാസേട്ടന്റെ സ്‌നേഹവും ഭക്തിയുമൊക്കെ നമുക്കും പാട്ടിലൂടെ അനുഭവിക്കാനാകും. കണ്ണ് നനയാതെ ഈ പാട്ട് കേട്ടിരിക്കാനാകില്ല.

അടുത്തകാലത്ത് നടന്ന ഒരു സ്റ്റേജ് പ്രോഗ്രാമിൽ ചിത്ര പറയുകയുണ്ടായി, അവരുടെ അമ്മയ്ക്ക് അസുഖമായിരുന്ന നാളുകളിൽ അമ്മയെ ഏറ്റവും കൂടുതൽ കേൾപ്പിച്ചിട്ടുള്ള പാട്ടായിരുന്നു ഒരുനേരമെങ്കിലും എന്ന്. തുളസീതീർഥം എന്ന ആൽബത്തിൽ അഷ്ടമി രോഹിണി നാളിലെൻ, തിരുവാറന്മുള കൃഷ്ണാ എന്നീ ഗാനങ്ങൾ ചിത്ര പാടിയതാണ്. എങ്കിലും ഒരുനേരമെങ്കിലും എന്ന ഗാനത്തിനോട് ചിത്രയ്ക്ക് പ്രത്യേകമൊരു ഇഷ്ടമുണ്ട്. ചിത്രയ്ക്കുവേണ്ടി ചെയ്ത ഗുരുവായൂരപ്പന്റെ ഭക്തിഗാന ആൽബത്തിൽ ഈ പാട്ട് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ദാസേട്ടനോട് പ്രത്യേകം അനുവാദം വാങ്ങിയാണ് ഈ പാട്ട് ചിത്ര ആൽബത്തിൽ ഉൾപ്പെടുത്തിയത്.

ഈ ഭക്തിഗീതം കേട്ട് ആത്മഹത്യാചിന്തയിൽനിന്ന് മനസ്സുമാറി കണ്ണനെ കാണാൻ ഗുരുവായൂരമ്പലനടയിലെത്തിയ ഒരാളുടെ അനുഭവവും ചൊവ്വല്ലൂർ പറഞ്ഞിട്ടുണ്ട്. അങ്ങനെ എത്രയെത്ര കഥകൾ, അനുഭവങ്ങൾ... ഇനിയെത്ര ഭക്തിഗാനങ്ങൾ ചെയ്താലും എന്നെ സംബന്ധിച്ചിടത്തോളം ഈ ഗാനം എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതാണ്. ഗുരുവായൂരപ്പനാണ് ചൊവ്വല്ലൂരിന് വരികൾ പറഞ്ഞുകൊടുത്തത്, എന്നിലൂടെ ദൈവം സംഗീതമായി ശ്രുതിമീട്ടി, യേശുദാസിന്റെ കണ്ഠത്തിലൂടെ ഗുരുവായൂരപ്പൻ ഭക്തഹൃദയങ്ങളിൽ കുടികൊള്ളുകയായിരുന്നു. ആ അനുഭവം ഒറ്റവാക്കിൽ പറഞ്ഞ് അവസാനിപ്പിക്കാനാകില്ല. അതിന്റെ സന്തോഷവും നന്ദിയും അളക്കാനുമാവില്ല.

placeholder
ടി.എസ്. രാധാകൃഷ്ണൻ

 

സംഗീതമേ ജീവിതം
ഒരു വിഷുകൂടി ഇങ്ങെത്തി. കണി കാണുക, കൈനീട്ടം വാങ്ങുക തുടങ്ങിയ പതിവുകളൊന്നും തെറ്റിക്കാറില്ല. എറണാകുളത്തപ്പന്റെ മണ്ണിലാണ് എന്റെ സംഗീതജീവിതം ആരംഭിക്കുന്നത്. കുട്ടിക്കാലത്ത് ഭജനമഠത്തിൽ ചെന്ന് ഭജനമാലപിച്ച് തുടങ്ങിയതാണ് ഈ സംഗീതയാത്ര. എറണാകുളത്തപ്പനെക്കുറിച്ചുള്ള ഭക്തിഗാനങ്ങളടങ്ങിയ ഹരിശ്രീ പ്രസാദമാണ് ഞാൻ ചെയ്ത ആദ്യത്തെ ആൽബം. ആർ.കെ. ദാമോദരനാണ് വരികളെഴുതിയത്. ശ്രീ വാഴും പഴവങ്ങാടിയിലെ ഗണപതി ഭഗവാനേ എന്ന ഗാനം പാടിയത് പി. ജയചന്ദ്രനാണ്. കേരളത്തിൽനിന്ന് ആദ്യമിറങ്ങിയ ആൽബമായിരുന്നു അത്. അതിനുമുന്നേ ചെന്നൈയിൽനിന്നായിരുന്നു ഭക്തിഗാന ആൽബങ്ങളൊക്കെ റിലീസ് ചെയ്തിരുന്നത്.

ഭജനകൾ പാടാൻ പണ്ടുമുതലേ ഇഷ്ടമായിരുന്നു. വിഷുക്കണി കണ്ടയുടനെ സഹോദരങ്ങളെല്ലാവരും ചേർന്ന് ഭക്തിഗാനങ്ങൾ പാടുമായിരുന്നു. ആ ശീലം ഇപ്പോഴും തുടരുന്നു... അച്ഛൻ എന്നെയും സഹോദരങ്ങളെയുമൊക്കെ പാട്ട് പഠിപ്പിച്ചിട്ടുണ്ട്. എന്റെ മക്കളും പാടാറുണ്ട്. ഭക്തിസംഗീതലോകത്ത് എന്നെ ഏറെ സ്വാധീനിച്ചത് ദക്ഷിണാമൂർത്തിസ്വാമിയാണ്. ജീവിതത്തിൽ ഏറ്റവും കൂടുതൽ ആദരിക്കുന്നതും ബഹുമാനിക്കുന്നതും അദ്ദേഹത്തെയാണ്. അദ്ദേഹം സംഗീതംനൽകിയ സിനിമാപാട്ടുകളും ഭക്തിഗാനങ്ങളുമൊക്കെ എനിക്ക് വളരെയധികം പ്രിയപ്പെട്ടതാണ്.

ദേവരാജൻമാഷിന്റെയും ദക്ഷിണാമൂർത്തിയുടെയുമൊക്കെ സംഗീതം കേട്ട് വളരാൻ കഴിഞ്ഞുവെന്നതാണ് നമ്മുടെയൊക്കെ ഭാഗ്യം. പഴയ തലമുറയിലെയും പുതിയ തലമുറയിലെയും ഗായകരെക്കൊണ്ട് നല്ല നല്ല പാട്ടുകൾ പാടിക്കാൻ എനിക്കും സാധിച്ചു. അടുത്തിടെ നാല് കൃഷ്ണഭക്തിഗാനങ്ങളാണ് പലർക്കുമായി കമ്പോസ് ചെയ്തുനൽകിയത്. സംഗീതത്തിനുമുന്നിൽ എല്ലാവരും ഒന്നാണ്. മതമോ ജാതിയോ വലുപ്പചെറുപ്പമോ ഒന്നുമില്ല, അവിടെ സപ്തസ്വരങ്ങൾ മാത്രമേയുള്ളൂ. ജീവിതം എന്നും സംഗീതസാന്ദ്രമാണ്...’’

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi