കുത്താമ്പുള്ളി പുടവകളുടെ ചേല് കേൾവികേട്ടതാണ്. പൊന്നിൻകസവിൻ തിളക്കമുള്ള ആടകൾ തറിയിൽ പിറവിയെടുക്കുന്നത് കാണാനും മൊഞ്ചേറെ. കസവുപുടവകൾ നെയ്‌തെടുക്കുന്നതിന് ദിനരാത്രങ്ങളേറെ വേണം. ഊടുംപാവും ഇഴതെറ്റാതെ കോർത്തിണക്കുമ്പോൾ ജീവിതംകൂടി നെയ്‌തെടുക്കുകയാണ് കുത്താമ്പുള്ളിയിലെ നെയ്ത്തുകാർ.

ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന പ്രൗഢിയെല്ലാം പഴയകഥ. നെയ്ത്തുഗ്രാമങ്ങൾ ഏറെക്കുറെ നിശബ്ദമാണിന്ന്. കുത്താമ്പുള്ളിയിലുയർന്ന ബഹുനില വസ്ത്രവ്യാപാരശാലകളിലാണ് തിരക്ക്. പ്രതിസന്ധിയിലും നെയ്ത്തും കൈത്തറിയും കൈവിടാതെ സൂക്ഷിക്കുന്ന കുത്താമ്പുള്ളിയിലെ നെയ്ത്തുകാരിലേക്കാണ് വിഷുദിനത്തിലെ യാത്ര.

തൃശൂർജില്ലയിലെ കൈത്തറി നെയ്ത്തുഗ്രാമമായ കുത്താമ്പുള്ളി, തിരുവില്വാമലക്ക് അടുത്താണ്. പാലക്കാട് ജില്ലയിൽ നിന്ന് ലക്കിടി വഴിയുമെത്താം. വിഷു-ഓണം സീസണുകളിൽ ഇവിടെ തിരക്കേറെ. ഓണക്കോടിക്കും വിഷുക്കണിക്കും കുത്താമ്പുള്ളി കസവുടുക്കാൻ കേരളത്തിനകത്തും പുറത്തുനിന്നും ആളുകളെത്തുന്നു.

കുത്താമ്പുള്ളിയിലെ നെയ്ത്തുകാർ
കുത്താമ്പുള്ളി ചാമുണ്ഡിനഗറിൽ വളവുതിരിയുമ്പോഴേ കേൾക്കാം, തറികളുടെ ഇമ്പമാർന്ന താളം. ഒരുകൊച്ചുവീടാണ് നെയ്ത്തുശാല. ഉമ്മറത്ത് റാട്ടും പിൻഭാഗത്തെ കുടുസ്സുമുറിയിൽ രണ്ടുതറികളും. 'ടക്ക് ടക്ക് ടക്ക്' ശബ്ദത്തിൽ തറികൾ ചലിച്ചുകൊണ്ടിരിക്കുന്നു. തിരുമൂർത്തിയും മകൻ പ്രേമനും കസവുസാരി നെയ്യുന്ന തിരക്കിലാണ്. സഹായത്തിന് ഭാര്യ പ്രേമയുമുണ്ട്.

കുത്താമ്പുള്ളിക്കസവ് നെയ്‌തെടുക്കുന്നതിന്, പണിയേറെയുണ്ട്. പുലരും മുൻപേ തുടങ്ങുന്നതാണ് നെയ്ത്തുജോലികൾ. കസവും വെളുത്തനിറത്തിലുള്ളതുമായ ചെറിയ നൂലുണ്ടുകളുണ്ടാക്കുന്നതാണ് ആദ്യപടി. ഈ നൂലുണ്ടകൾക്ക് 'കണ്ടിക്ക' എന്നാണ് നെയ്ത്തുഭാഷ.

സൈക്കിൾചക്രം ഉപയോഗിച്ച് നിർമിച്ച റാട്ടിലാണ് 'കണ്ടിക്ക' രൂപപ്പെടുത്തുന്നത്. ''ഭാര്യ പ്രേമയാണ് റാട്ടിലെ പണികളുടെ മുഖ്യചുമതലക്കാരി''- തിരുമൂർത്തി പറഞ്ഞു. ''നെയ്ത്തിൽ സ്ത്രീകൾക്കും മുഖ്യപങ്കുണ്ട്''. മുട്ടിപ്പലകയിലിരുന്ന് റാട്ടിലെ ചക്രംതിരിച്ചുവേണം, ഊട് നെയ്യാനുള്ള കണ്ടിക്ക എന്ന നൂലുണ്ടകളുണ്ടാക്കാൻ. ഏറെനേരം വേണമിതിന്.

തുടർന്ന് കണ്ടിക്ക കഞ്ഞിപ്പശയിലിട്ട് വയ്ക്കും. നൂലിന് പശിമവരുന്നതോടെ ബലംകിട്ടും. പിന്നീടാണ് നെയ്യുന്നതിനായി നൂലുണ്ടകൾ (കണ്ടിക്ക) തറിയിലുള്ള, മരത്തിന്റെ പ്രത്യേക ഉപകരണമായ നാടാവിൽ ഇട്ടുവയ്ക്കുന്നത്.

കുടുസ്സുമുറിയിൽ തേക്കിന്റെ രണ്ടുതറികളിട്ടാണ് തിരുമൂർത്തിയും മകൻ പ്രേമനും നെയ്യുന്നത്. ''നൂലിഴകൾപാകിയ പാവുകൾ കൃത്യമാക്കണം, എന്നിട്ടുവേണം നെയ്ത്താരംഭിക്കാൻ'', തിരുമൂർത്തി വിവരിക്കുന്നു.

ഇരുകാൽപാദങ്ങളും മാറിമാറി താളാത്മകമായി ചലിപ്പിച്ചാണ് തറികൾ പ്രവർത്തിപ്പിക്കുന്നത്. നെയ്ത്തുകാർക്ക് മാത്രമറിയുന്ന നെയ്ത്തുതാളമാണത്. കാലുകളുടെ ചലനത്തിനൊത്ത് തറിയിലെ കണ്ടിക്ക(നൂലുണ്ട)യുള്ള നാടാവ്, ഇരുവശത്തേക്കും വിലങ്ങനെ അതിവേഗതയിൽ ഓടികൊണ്ടിരിക്കും. കാൽചലനത്തിൽ താളംപിഴച്ചാൽ കസവിലും പിഴവുവരും. എന്നാൽ ഒരു യന്ത്രംപോലെ കൃത്യമായാണ് കാലുകൾ തറിയിലേക്ക് ചലിക്കുന്നത്. തറിയിൽ നൂറുകണക്കിന് ചവുട്ടുകൾ കഴിയുമ്പോഴാണ് ഒരു കസവുസാരിയുടെ പിറവി. നെയ്ത്തുകാരന്റെ നെയ്ത്തിന്റെ കാഴ്ച, ജെൻസി സ്‌റ്റൈലിൽ പറഞ്ഞാൽ 'പൊളിയാണ്'.

ഒരു കസവുസാരി നെയ്യാൻ 2-3 ദിവസമെങ്കിലും വേണം. ബ്ലൗസിനുള്ള തുണിയടക്കം ഒരുസാരി ആറര മീറ്ററോളമുണ്ടാകും. കസവുമുണ്ടാണെങ്കിൽ നെയ്യാൻ ഒന്നരദിവസമെടുക്കും.

''അധ്വാനമേറെയാണ്. രാവിലെ തുടങ്ങുന്ന പണികൾ അവസാനിക്കുന്നത് വൈകീട്ട് ഇരുട്ടുമ്പോൾ. എന്നാൽ കിട്ടുന്നതോ, തുച്ഛമായവരുമാനം'', ഇവരുടെ വാക്കുകളിൽ നൊമ്പരത്തിന്റെ നനവ്. ''കാശുണ്ടാക്കുന്നതെല്ലാം മറ്റുള്ളവർ, നെയ്ത്തുകാർക്ക് എന്നും കഷ്ടംമാത്രം''. ജീവിതത്തിന് ഊടുംപാവും തീർക്കാൻ രാവുംപകലും പണിയെടുക്കുകയാണിവർ.

തിരുമൂർത്തിക്ക് 75 വയസ്സായി. ഭാര്യ പ്രേമയ്ക്ക് 60 കഴിഞ്ഞു. തറിയിലെ താളവും നെയ്ത്തിലെ ഈണവുമായി നെയ്ത്തുകാരായ ഈ ദമ്പതികളുടെ ജീവിതയാത്ര തുടങ്ങിയിട്ട് അഞ്ച് പതിറ്റാണ്ടോളമായി. മകൻ പ്രേമൻ നെയ്ത്തിൽ ഒപ്പംകൂടിയിട്ട് വർഷങ്ങളായി. പെടാപ്പാടിലാണെങ്കിലും കുട്ടിക്കാലത്തേ തുടങ്ങിയ കുലത്തൊഴിലിനെ ചേർത്തുപിടിക്കുകയാണിവർ.

നെയ്യുന്ന പൊന്നിൻകസവിന്റെ തിളക്കം ഒരുകാലത്ത് നെയ്ത്തുകാരനുമുണ്ടായിരുന്നു. കുത്താമ്പുള്ളി നെയ്ത്തുഗ്രാമങ്ങൾക്ക് പേരും പെരുമയുമുണ്ടായിരുന്ന കാലം. പതിറ്റാണ്ടുകൾക്ക് മുമ്പാണത്.

'4 പതിറ്റാണ്ടു മുമ്പ് കുത്താമ്പുള്ളി'
നൂറ്റാണ്ടുകൾക്ക് മുമ്പ് കർണാടകയിൽ നിന്ന് എത്തിയവരാണ് കുത്താമ്പുള്ളിയിലെ നെയ്ത്തുകാർ. കൊച്ചിരാജാവിന് പ്രത്യേക വസ്ത്രങ്ങൾ നെയ്യാനാണ് ദേവാംഗ ചെട്ടിയാർ സമുദായക്കാരായ നെയ്ത്തുകാരെ കുത്താമ്പുള്ളിയിലേക്ക് കൊണ്ടുവന്നത്.

അക്കാലത്ത് കുത്താമ്പുള്ളിയിൽ തമിഴും മലയാളവും കന്നഡയും കലർന്ന ദേവാംഗ ഭാഷ പറയുന്ന നെയ്ത്തുകാരേറെ. ഒരു വീട്ടിൽ മൂന്നിലധികം തറികൾ. അങ്ങിനെ ആയിരകണക്കിന് കൈത്തറികൾ. നെയ്ത്തുശാലകളിൽ നിന്ന് ഇടതടവില്ലാതെ തടികൊണ്ടുള്ള തറികളുടെ ശബ്ദം കേൾക്കാം. കുത്താമ്പുള്ളിയുടെ ഈണം.

പിച്ചവെച്ചനാൾ മുതൽ ഇവർ കണ്ടതും കേട്ടതുമിതാണ്. അച്ഛനും അമ്മയും നെയ്ത്തുകാർ. ഉപജീവനമാർഗവും നെയ്ത്താണ്. ''അന്ന് കസവ് കമ്മി. വെള്ളനിറമുള്ള കുത്താമ്പുള്ളി സാരികളാണ് കൂടുതലും നെയ്തിരുന്നത്'', പ്രേമ ഓർത്തെടുക്കുന്നു. ''വസ്ത്രങ്ങൾ നെയ്യാനേറെയുണ്ടാകും. സീസണുകളിൽ രാവുംപകലും പണിയെടുത്താലും തീരില്ല''. കുത്താമ്പുള്ളിക്ക് വാനോളം പ്രതീക്ഷ നൽകിയകാലം.

പ്രഭ മങ്ങുന്നു
കാലം മാറിയതോടെ തറികളും മാറി. കുത്താമ്പുള്ളി നെയ്ത്തിന്റെ കഥ പതിയെ മാറാൻതുടങ്ങി. പാവുംനൂലും വിലകൂടി. നെയ്ത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നതും നെയ്ത്തുകാർക്ക് നഷ്ടമുണ്ടാക്കി. കുത്താമ്പുള്ളിയിലെ നെയ്ത്തുഗ്രാമങ്ങൾക്ക് തിരിച്ചടിയായി ഇതെല്ലാം. ഇതിനിടെ യന്ത്രത്തറിയിൽ നെയ്യുന്ന കസവുവസ്ത്രങ്ങൾ വിപണിപിടിക്കാൻ കുത്താമ്പുള്ളിയിലെത്തി. പവർലൂം കമ്പനികളുടെ കസവുതുണിത്തരങ്ങൾ തമിഴ്‌നാട്ടിൽനിന്നെത്തി. ചെറുകിട-വൻകിട തുണിക്കടകൾ ഉയർന്നു. ഇതോടെ കുത്താമ്പുള്ളി നെയ്ത്തുഗ്രാമങ്ങളുടെ വീഴ്ച കുത്തനെ താഴേക്കായി. മൽസരം കടുത്തതോടെ തനതുനെയ്ത്തുകാർ തൊഴിൽ ഉപേക്ഷിച്ചുതുടങ്ങി. ചിലർ വസ്ത്രവ്യാപാരികളായിമാറി. പുതിയതലമുറ നെയ്ത്തുവിട്ട് മറ്റു തൊഴിലുകളിലേക്ക് തിരിഞ്ഞു. പ്രതാപംമങ്ങിയ കാലത്ത് നെയ്ത്തുകാർ പ്രതിസന്ധിയിലായി.

പ്രതീക്ഷയുടെ ദിനങ്ങൾ
എങ്കിലും പ്രതീക്ഷയുടെ ഒരുതരി വെളിച്ചമുണ്ട്. കുത്താമ്പുള്ളി സാരിയും ദോത്തിയും ഭൗമസൂചികപദവി സ്വന്തമാക്കി. വിഷുകച്ചവടം അൽപ്പം മെച്ചമായി. ഓണവും പൊടിപൊടിക്കുമെന്ന കാത്തിരിപ്പിലാണ്. ആഘോഷങ്ങൾക്കായി കുത്താമ്പുള്ളി കസവ് നെയ്യുമ്പോൾ പഴയകാല നെയ്ത്താരവങ്ങൾ തിരിച്ചുവരാൻ കാതോർക്കുകയാണിവർ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi