'മേടപ്പൊന്നണിയും കൊന്ന പൂക്കളുമായി...പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായി..' ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം.ജി. രാധാകൃഷ്ണൻ ഈണം പകർന്നപ്പോൾ പിറന്ന വിഷുപ്പാട്ട്. മേടമാസപ്പുലരിയോടെ മലയാളികളുടെ ഉള്ളിൽ ആദ്യം പിറവിയെടുക്കുന്ന പാട്ടും ഒരുപക്ഷെ, ഇതാവാം. ചേട്ടന്റെ ഈണത്തിന് അനുജൻ എം.ജി. ശ്രീകുമാർ ശബ്ദം നൽകിയതോടെ 'ദേവാസുര'ത്തിലെ മേടപ്പൊന്നണിയുമെന്ന പാട്ടിന്റെ പകിട്ട് ഒന്നൂടെ കൂടി.

വിഷവൊരുക്കത്തിൽ ആദ്യം കണിക്കൊന്നയും പിന്നാലെ കൈനീട്ടവും വിഷുസദ്യയും ഒരുങ്ങുന്നു. ആ ഒരുക്കങ്ങൾക്കിടയിൽ 'ദേവാസുര'ത്തിലെ പാട്ടുപോലെ എല്ലാവരുടേയും മനസ്സിൽ ഓടിയെത്തുന്ന ചില സിനിമാ-ആൽബം വിഷുപ്പാട്ടുകളുണ്ട്. വിഷു എന്ന ഉത്സവത്തെ നമ്മൾ ഓർക്കുന്നത് പോലും അത്തരം ഈണങ്ങളിലൂടെയാണ്. പഴയ കാലത്തിന്റെ ഓർമ്മകളിലേക്ക് നമ്മേ കൊണ്ടുപോകുന്ന വിഷുപ്പാട്ടുകളിലൂടെ സഞ്ചരിച്ചാലറിയാനാകും, മലയാളമണ്ണിന്റെ പൈതൃകവും കാർഷിക സമൃദ്ധിയും. കാലം മാറിയെങ്കിലും, കേൾവിക്കാർ മാറിയെങ്കിലും വിഷു ആഘോഷത്തിൽ ഒഴിച്ചുകൂടാനാകാത്ത ചേരുവയായി നിലനിൽക്കുന്നുണ്ട് ഇന്നും വിഷുപ്പാട്ടുകൾ.

ചില പാട്ടുകൾ കേട്ടാൽ കലണ്ടർ തപ്പേണ്ട കാര്യമില്ല. വിഷു പിറന്നുവെന്ന് ഉറപ്പിക്കാം. റേഡിയോയിലൂടെ ഒഴുകിയെത്തുന്ന 'കണികാണും നേരം കമലനേത്രന്റെ നിറമേറും' എന്ന പാട്ടുമുതൽ ഇന്ന് സോഷ്യൽമീഡിയ റീലുകളിൽ വൈറലാകുന്ന ആൽബം പാട്ടുകൾ വരെ മലയാളികളുടെ കാർഷിക സമ്പന്നതയുടെ ഈണങ്ങളായി മാറുകയാണ്.

വിഷുപ്പാട്ടിലെ ക്ലാസിക്കൽ പരിവേഷവും ഭക്തിയും
അറുപതുകളിലും എഴുപതുകളിലുമാണ് വിഷുപ്പാട്ടുകൾക്ക് ശാസ്ത്രീയ പരിവേഷം ലഭിക്കുന്നത്. മലയാളസിനിമയിൽ വിഷുവിന് ആദ്യമായി ഒരു 'തീം സോങ്' കിട്ടുന്നതും അപ്പോഴാണ്. 1971-ൽ പുറത്തിറങ്ങിയ 'മൂന്ന് മക്കൾ' സിനിമയിലെ 'തിരിയോ തിരി പൂത്തിരി...കണിയോ കണി വിഷുക്കണി കാലിൽ കിങ്ങിണി കയ്യിൽ പൂത്തിരി' എന്ന പാട്ടിൽ പ്രതീക്ഷയും സമൃദ്ധിയും മാത്രമല്ലാതെ വിഷു ഒരുക്കങ്ങളെല്ലാം കൊണ്ടുവന്നു. പി. ഭാസ്‌കരൻമാഷിന്റെ വരികൾക്ക് പുകഴേന്തിയുടെ ഈണം കൂടെ ചേർന്നപ്പോൾ ഒരുകൂട്ടം വിഷുപ്പാട്ടുകളുടെ കൂടെ ഉത്സവമായി വിഷു മാറി. വിഷുവിനെ പ്രകൃതിപോലും എങ്ങനെയാണ് സ്വീകരിക്കുന്നതെന്ന് ലളിതമായി ഭാസ്‌കരൻമാഷ് പറഞ്ഞുതന്ന പാട്ട്.

വയലാർ-ദേവരാജൻ കൂട്ടുകെട്ടാണ് വിഷുപ്പാട്ടുകൾക്ക് ഒരു ശാസ്ത്രീയ സംഗീത പരിവേഷം നൽകുന്നത്. 'അടിമകൾ' സിനിമയിലെ 'ചെത്തി മന്ദാരം തുളസി' എന്ന പാട്ട് പി. സുശീലയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ പഴയ നാലുക്കെട്ട് തറവാടും തൊടിയുമൊക്കെ ഓർമയിൽ തികട്ടിവരും. വിഷുവിന്റെ ഐശ്വര്യത്തെ പ്രകൃതിയോട് കോർത്തിണക്കിയ വയലാറിന്റെ വരികൾ. തുളസിത്തറയും ഗുരുവായൂരപ്പനും കൂടെ വരികളിൽ ചേർത്തപ്പോൾ പ്രതീക്ഷയ്ക്കപ്പുറം പ്രാർഥനയുടെ കൂടെ പാട്ടായി പിറന്നുവത്. ഇവരുടെ തന്നെ കൂട്ടുകെട്ടിൽ ജനിച്ച 'സംക്രമവിഷുപക്ഷി സംവത്സരപ്പക്ഷി' എന്ന 'ചുക്ക്' സിനിമയിലെ പാട്ടിന് മറ്റൊരു ഭാവമാണ് വയലാർ നൽകിയത്. പി. ലീലയുടെ ശബ്ദത്തിൽ ഈ പാട്ട് ഒരു ചലച്ചിത്ര ഗാനമായി മാത്രം ഒതുങ്ങുന്നില്ല, മനുഷ്യന്റെ കാലചക്രവും അവന്റെ പ്രാർഥനയുമാണ് അതിൽ രൂപപ്പെടുന്നത്.
 

വിഷുക്കണിയ്ക്ക് കണ്ണിന് കുളിർമയേകുന്ന അഴകുണ്ടെന്ന് തോന്നിപ്പിക്കുന്ന ഭംഗിയുള്ള പാട്ടാണ് പി. ലീലയും രേണുകയും ചേർന്ന് പാടിയ 'കണികാണും നേരം കമലനേത്രന്റെ നിറമേറും' എന്ന പാട്ട്. വിഷുപ്പുലരിയുടെ ആഘോഷം മുഴുവൻ ഒറ്റവരിയിലൂടെ പരിചയപ്പെടുത്തിയ പാട്ടാണ് 'സമ്മാനം' സിനിമയിലെ 'എന്റെ കൈയ്യിൽ പൂത്തിരി, നിന്റെ കൈയ്യിൽ പൂത്തിരി'. വി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ പിറന്ന ഈ പാട്ടിന് ശബ്ദം നൽകിയത് വാണി ജയറാമാണ്.

കണ്ണനില്ലാതെ എന്ത് വിഷു?, എന്ത് കണി? മേടം പോലും പൂർണമാകില്ല. കൃഷ്ണഭക്തി നിറഞ്ഞ ഒരുപിടി പാട്ടുകൾ ഉണ്ടായതും വിഷുക്കാലത്ത് തന്നെയാണ്. ഗുരുവായൂരിൽ ഭജനമിരുന്നപ്പോൾ ഭക്തകവിയായി അറിയപ്പെടുന്ന പൂന്താനം എഴുതിയതെന്ന് കരുതുന്ന 'കണികാണും നേരം' എന്ന പാട്ടാണ് ഇന്ന് നമ്മൾ കേൾക്കുന്ന പല വിഷുപ്പാട്ടുകളുടേയും മൂലാധാരം.

'ഓമനക്കുട്ടൻ' എന്ന സിനിമയിലൂടെ ലീലയും രേണുകയും ചേർന്ന് ഈ പാട്ട് പാടിയപ്പോൾ അതിനൊരു പുതിയ വേർഷൻ ഉണ്ടായി. പി. ഭാസ്‌കരന്റെ വരികൾക്ക് കെ. രാഘവൻ സംഗീതം നൽകി, എസ്. ജാനകി പാടിയ പാട്ട്

'കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ' എന്നത് അന്നത്തെ മറ്റൊരു ഹിറ്റ് സോങ്. 'കൃഷ്ണാ ഗുരുവായൂരപ്പാ' സിനിമയിലെ 'എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ എന്നോടെന്തേ പിണക്കമാണോ' എന്ന പാട്ടും 'കേശാദി പാദം തൊഴുന്നേൻ' എന്ന 'പകൽക്കിനാവി'ലെ പാട്ടും വിഷുവിനെ ഭക്തിയോട് ചേർത്തുനിർത്തുകയായിരുന്നു.

1996-ൽ പുറത്തിറങ്ങിയ 'കുങ്കുമച്ചെപ്പി'ലെ 'അമ്പലനടകൾ പൂവണിയും പൊൻപണമിന്നെൻ കൈനിറഞ്ഞു' എന്ന പാട്ടിൽ കൈനീട്ടത്തിന്റെ സന്തോഷമാണ് കൈതപ്രം ആദ്യ വരികളിലൂടെ പങ്കുവെച്ചത്. എസ്.പി. വെങ്കിടേഷാണ് ആ ഗാനത്തിന് സംഗീതം നൽകിയത്. വിഷുദിവസം കണികാണുന്നതുപോലെ പ്രധാനമാണ് കൈനീട്ടവും എന്നതാണ് ഈ വരികളിലെ പ്രതിപാദ്യം. കെ.എസ്. ചിത്രയും ബിജു നാരായണനും ശബ്ദം നൽകിയതോടെ ഭക്തിക്കപ്പുറം പ്രതീക്ഷയും അവിടെ വിരിഞ്ഞു.

വിഷുപ്പാട്ടുകൾക്ക് നിറംപകർന്ന ഗിരീഷ് പുത്തഞ്ചേരികാലം
വിഷുപ്പാട്ടുകൾക്ക് പുത്തൻനിറം പകർന്ന ഗിരീഷ് പുത്തഞ്ചേരികാലം. തൊണ്ണൂറുകളോടെ പാട്ടുകൾക്ക് പുതിയഭാവമാണ് അദ്ദേഹത്തിന്റെ വരികളിൽ വിരിഞ്ഞത്. വിദ്യാസാഗർ, രവീന്ദ്രൻമാസ്റ്റർ, എം.ജി. രാധാകൃഷ്ണൻ എന്നിവരുടെ സംഗീതം പുത്തഞ്ചേരിയുടെ വരികളോട് ഇഴചേർന്നപ്പോൾ മലയാളികൾ ഒന്നടങ്കം ഏറ്റുപാടിയ, ഒരുകൈപ്പിടി പാട്ടുകൾ ജനപ്രിയമായി മാറുകയായിരുന്നു.

'ഉസ്താദി'ലെ 'നാടോടി പൂത്തിങ്കൾ മുടിയിൽ ചൂടി' എന്ന പാട്ടിലെ വരി, 'കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും പുളിയിലക്കരക്കസവുമുണ്ടുടുത്തും പുഴയിന്നൊരു നാടൻപെണ്ണായോ....' എന്നത് ഇന്നും ടോപ്പ് ഹിറ്റ്ലിസ്റ്റിലുണ്ട്. എം.ജി. ശ്രീകുമാറിന്റെയും, സുജാത മോഹന്റെയും ശബ്ദത്തിൽ പിറന്ന എവർഗ്രീൻ ഹിറ്റ് സോങ്. പാട്ടിലെ വിദ്യാസാഗറിന്റെ സംഗീതം മാത്രമെടുത്ത് റീൽ ചെയ്യുന്ന ഒരു തലമുറ ഇന്നുണ്ട് നമുക്ക് ചുറ്റും. വിഷുവരവോടെ പുഴപോലും കസവുടുത്ത് തയാറാവുന്നതായി എത്ര മനോഹരമായാണ് ഗിരീഷ് പുത്തഞ്ചേരി അതിൽ എഴുതിയിരിക്കുന്നത്.

2000-ൽ ഇരുവരുടെയും കൂട്ടുകെട്ടിൽ തികച്ചും വ്യത്യസ്തമായ ഭാവത്തിലും വിഷുപ്പാട്ട് പിറന്നു. 'മിസ്റ്റർ ബട്‌ലറി'ലെ 'രാരവേണു ഗോപബാല രാജിത സദ്ഗുണ ജയശീല' എന്ന ഹാസ്യഗാനം. ബിലഹരി രാഗത്തിൽ വിദ്യാസാഗർ ജീവൻ നൽകിയ പാട്ട് കെ.എസ്.ചിത്രയും കല്യാണി മേനോനും ചേർന്ന് പാടിയപ്പോൾ വിഷുവിന്റെ ഭക്തി, സെലിബ്രേഷൻ, ഡാൻസ് മൂഡ് എല്ലാം ഒത്തുചേർന്ന് ഒറ്റ ഈണത്തിലാവുകയായിരുന്നു.

ഒ.എൻ.വി മുതൽ ഇളയരാജവരെയുള്ള വിഷുപ്പാട്ട് ഓർമ്മകൾ
എന്നും മലാളികൾക്ക് ഓർത്തിരിക്കാവുന്ന ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച ഒ.എൻ.വി കുറുപ്പ്, ബിച്ചു തിരുമല, ശ്രീകുമാരൻ തമ്പി, വയലാർ ശരത്ചന്ദ്രവർമ്മ, രവീന്ദൻമാസ്റ്റർ, ഇളയരാജ, ശരത് തുടങ്ങിയവരെ മറന്നൊരു വിഷുക്കാലമില്ല. വിഷുവുമായി ബന്ധപ്പെട്ട ഓരോ ഡീറ്റെയിലിങ്ങും വരികളിൽ ഒപ്പിയെടുത്ത് അവയ്ക്ക് സംഗീതത്തിലൂടെ ജീവൻ നൽകുന്നവർ. 'ഇവൻ മേഘരൂപൻ' സിനിമയ്ക്കുവേണ്ടി ഒ.എൻ.വി കുറുപ്പ് എഴുതി ശരത്ത് സംഗീതം നൽകിയ പാട്ടാണ് 'വിഷുക്കിളി കണിപ്പൂവ് കൊണ്ട് വാ'.

വിഷുവിലെ പ്രഭാതവും മലകളുടെയും താഴ്വരകളുടെയും വിഷു ഒരുക്കവുമാണ് വരികളിലൂടെ അദ്ദേഹം വർണിക്കുന്നത്. പ്രകൃതി വിഷുവിനെ സന്തോഷത്തോടെ വരവേൽക്കുന്ന കാഴ്ച ഇതിൽ കാണാനാകുന്നു. പഴയ ഓർമ്മകളിലേക്ക് എത്തിക്കുന്ന മറ്റൊരു ഒ.എൻ.വി വരികളാണ് 'കാതോട് കാതോരം' സിനിമയിലെ പാട്ട്. 'കാതോട് കാതോരം തേൻ ചോരുമാ മന്ത്രം, ഈണത്തിൽ നീ ചൊല്ലി വിഷുപ്പക്ഷിപോലെ...' ഭരതന്റെ സംഗീതത്തിൽ ലതികയുടെ മധുരശബ്ദംകൂടെ ആയപ്പോൾ വിഷു ഓർമ്മകളുടെ പഴമ പൂർണ്ണതയിലേക്ക് എത്തുകയായിരുന്നു.

വിഷുക്കണിയും പ്രകൃതിഭംഗിയും കണിയും കൈനീട്ടവും ട്രെൻഡിൽ നിൽക്കുമ്പോഴാണ് ബിച്ചു തിരുമലയുടെ 'വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ നീയോ...' എന്ന ഗാനം 'ഒന്നാണ് നമ്മൾ' സിനിമയിലൂടെ പുറത്തിറങ്ങുന്നത്. അതിലെ 'ഇല്ലം നിറ..നിറ നിറ...വല്ലം നിറ' എന്ന വരികൾ വിഷുവിന്റെ സമൃദ്ധിയെയാണ് പറയുന്നത്. ദാരിദ്ര്യത്തിന്റെ ഇടയിലും കർഷകൻ ഒരുക്കിയ സമൃദ്ധിയോടെയുള്ള വിഷുക്കാലം. 'ഒന്നാണ് നമ്മൾ' റിലീസായി 10 വർഷത്തിനിപ്പുറം ഇറങ്ങിയ സിനിമയാണ് 'ഒരു അഭിഭാഷകന്റെ കേസ് ഡയറി'. അതിലെ 'കണിക്കൊന്നകൾ പൂക്കുമ്പോൾ' എന്ന പാട്ടും ഹിറ്റായി.

ആൽബത്തിൽ നിന്ന് റീൽസിലേക്ക്
വയലാർരാമവർമ്മ മുതൽ വയലാർ ശരത്ചന്ദ്രവർമ്മ വരെ, ദേവരാജൻമാഷ് മുതൽ അലക്സ് പോൾ വരെ, പി. ലീല മുതൽ ശ്വേത മോഹൻ വരെയുള്ള തലമുറകൾ കൈമാറിയ ഈണങ്ങളാണ് ഇന്നും ഹിറ്റായി മാറിയ പല വിഷുപ്പാട്ടുകളും. സിനിമകളിലെ വിഷുപ്പാട്ടുകൾ കുറഞ്ഞതോടെ ആൽബങ്ങളിൽ കണ്ണന്റെ ഭക്തിഗാനങ്ങളിലൂടെ വിഷുഗാനങ്ങളുണ്ടാവുന്ന സംസ്‌കാരമാണ് പിന്നീട് കണ്ടത്.
 

ആൽബങ്ങളിലൂടെ പുറത്തിറങ്ങിയ നിരവധി പാട്ടുകൾ. ശ്രീനന്ദനം ആൽബത്തിലെ എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ നീയെന്തേ വന്നീലാ, എം.സി. ഓഡിയോസിന്റെ പ്രൊഡക്ഷനിൽ ഇറങ്ങിയ ചിരിതൂകി കളിയാടി വാ വാ കണ്ണാ, ആലിലക്കണ്ണാ, കണ്ണുതുറന്നാൽ കാൺപതിലെല്ലാം കണ്ണാ നിൻരൂപം തുടങ്ങിയവയും വിഷുഗാനങ്ങളായി ഏറ്റെടുത്തു. തുളസിക്കതിർ ആൽബത്തിലെ ഗാനം 'തുളസിക്കതിർ നുള്ളിയെടുത്ത് കണ്ണനൊരു മാലയ്ക്കായ്' യൂട്യൂബ് കാലത്തെ ആദ്യത്തെ വൈറൽ വിഷുപ്പാട്ടുകളിൽ ഒന്നായി പെട്ടെന്നാണ് മാറിയത്. എസ്. വാസുദേവൻ പോറ്റിയുടെ വരികളിൽ ശിവാനന്ദന്റെ സംഗീതത്തിൽ പിറന്ന ഈ പാട്ട് ഇന്നും റീലുകളിൽ ട്രെൻഡിലുണ്ട്. ന്യൂജെൻ കാലത്ത് ചില സിനിമാ പാട്ടുകളും റീലുകളിൽ റീമിക്‌സ് ആയി ചേർത്ത് ഹിറ്റാക്കുന്നുണ്ട്. അതിൽ നന്ദനം സിനിമയിലെ 'മൗലിയിൽ മയിൽപീലി ചാർത്തി..മഞ്ഞപ്പട്ടാമ്പരം ചാർത്തി', 'മനസ്സിൽ മിഥുനമഴ പൊഴിയും' എന്നീ പാട്ടുകളാണ് മുൻനിരയിലുള്ളത്. കണിക്കൊന്നകൾ പൂക്കുന്നിടത്തോളം കാലം, കാർവർണ്ണനെ കായാമ്പൂ കണ്ണനെ ഓർക്കുന്നിടത്തോളം കാലം വിഷുപ്പാട്ടുകളും കാതിൽ വിഷുവിരുന്ന് ഒരുക്കും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi