തമന്നയ്ക്കിത് വിജയത്തിരക്കുകളുടെ നാളുകളാണ്. 'ജെയിലര്‍'-ലെ 'കാവാലാ...' എന്ന പാട്ടിന്റെ തരംഗം കെട്ടടങ്ങിയിട്ടില്ല. പാട്ടിലെ തമന്നയുടെ നൃത്തച്ചുവടുകള്‍ കാണികളെ ഇറക്കിമറിച്ചിരുന്നു. ഇപ്പോള്‍ 'സ്ത്രീ 2'-ലെ 'ആജ് കീ രാത്' എന്ന പാട്ടിലെ നൃത്തവും വൈറലാണ്. സിനിമയില്‍ ആ നൃത്തരംഗത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും തമന്ന ശ്രദ്ധിക്കപ്പെട്ടു.
ഹിന്ദി സിനിമയിലൂടെയാണ് തമന്ന ഭാട്ടിയ അഭിനയരംഗത്തേക്ക് കടക്കുന്നത്, അതും പതിനേഴാമത്തെ വയസ്സില്‍. ആദ്യചിത്രം പൂര്‍ണപരാജയമായപ്പോള്‍, ആ പെണ്‍കുട്ടിയുടെ കരിയര്‍ കഴിഞ്ഞുവെന്ന് പലരും കരുതി. പക്ഷേ, പിന്നെയും നല്ല അവസരങ്ങള്‍ തമന്നയെ തേടിയെത്തി. മുംബൈയിലാണ് ജനിച്ചതെങ്കിലും കോളിവുഡാണ് തമന്നയ്ക്ക് ഭാഗ്യമായി മാറിയത്. കല്ലൂരി, ഹാപ്പി ഡേയ്സ് എന്നീ സിനിമകള്‍ തമിഴില്‍ അവര്‍ക്ക് ബ്രേക്ക് സമ്മാനിച്ചു. പിന്നീട് മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി. പതിനെട്ട് വര്‍ഷം കൊണ്ട് കുറേ നല്ല റോളുകള്‍ ചെയ്തു. ഇപ്പോള്‍ വീണ്ടും ബോളിവുഡില്‍ സജീവമാവുകയാണ് തമന്ന. നല്ല റോളുകള്‍ മാത്രമല്ല, ഐറ്റംഡാന്‍സുകളും അവര്‍ പരീക്ഷിക്കുന്നു.

ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന തീരുമാനം തമന്ന പിന്‍വലിച്ചത് ബോളിവുഡില്‍ സജീവമായപ്പോഴാണ്. 'ലസ്റ്റ് സ്റ്റോറീസ് 2'-ലൂടെയാണ് തമന്ന ഹിന്ദിയിലേക്ക് മടങ്ങിവന്നത്. ''ചുംബിക്കുന്നത് സിനിമയില്‍ കാണുമ്പോള്‍ ആളുകള്‍ക്ക് അത് ബുദ്ധിമുട്ടാവും. അതുകൊണ്ടാണ് അത് ചെയ്യില്ലെന്ന് ഞാന്‍ തീരുമാനിച്ചത്. പക്ഷേ ആളുകള്‍ക്ക് ഇപ്പോഴെന്തും വിരല്‍ത്തുമ്പിലാണ്. അതുകൊണ്ട് ചുംബനരംഗങ്ങളും പ്രശ്നമല്ലാതായി. അതുകൊണ്ടാണ് എന്റെ തോന്നലുകളൊക്കെ ഞാന്‍ മാറ്റിവെച്ചത്.''
അതിനുശേഷം 'ബബ്ലി ബൗണ്‍സര്‍', 'സ്ത്രീ 2' എന്നീ സിനിമകളിലും തമന്ന അഭിനയിച്ചു. ഏറ്റവുമൊടുവില്‍ റിലീസായത് ജോണ്‍ എബ്രഹാമിനൊപ്പമുള്ള 'വേദാ' എന്ന സിനിമയാണ്. ബോളിവുഡിലെ അവസരങ്ങളും പുതിയ ബ്രാന്‍ഡുകളുടെ പരസ്യങ്ങളുമായി തിരക്കൊഴിയുന്നേയില്ല തമന്നയ്ക്ക്. രസ്നയുടെ അംബാസഡറായി കരാറിലൊപ്പിട്ടതും ഈ വര്‍ഷം തന്നെയാണ്. അതിനൊപ്പം ഷിസെയ്ദോ എന്ന ജാപ്പനീസ് ബ്രാന്‍ഡിന്റെ അംബാസഡറും തമന്ന തന്നെ.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഭിനയത്തോടുള്ള തന്റെ അഭിനിവേശം തീര്‍ന്നിട്ടില്ലെന്നാണ് തമന്ന പറയുന്നത്. ''ഇന്നും ദിവസവും രാവിലെ എണീക്കുന്നത് ക്യാമറയെ അഭിമുഖീകരിക്കണം എന്ന ആഗ്രഹത്തോടെയാണ്. അതെനിക്ക് ഒരുപാട് സന്തോഷം തരുന്നു. പിന്നെ ഇപ്പോള്‍ അഭിനേതാക്കള്‍ക്ക് നല്ല സമയമാണ്. ഇഷ്ടംപോലെ അവസരങ്ങള്‍ വരുന്നുണ്ട്.''
'ലസ്റ്റ് സ്റ്റോറീസ് 2'-ല്‍ അഭിനയിച്ചതോടെ അതിലെ നായകനായ വിജയ് വര്‍മയുമായി തമന്ന പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എല്ലാ പുരസ്‌കാരവേദികളിലും പാര്‍ട്ടികളിലും ഇരുവരും ഒരുമിച്ചാണ് പങ്കെടുക്കാറുള്ളത്. സ്വകാര്യതയെ അങ്ങേയറ്റം പ്രാധാന്യത്തോടെ കാണുന്നവരായതിനാല്‍ മാധ്യമങ്ങളുടെയും ആരാധകരുടെയും വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഇരുവരും കാര്യമായ പ്രതികരണങ്ങള്‍ നടത്താറില്ല.
Content Highlights: the success story of tamannah bhatia
Published: 21 Dec 2024, 04:02 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented