ലോകമറിയുന്ന, ഹോളിവുഡിലെ ഏറ്റവും ധനികനായ താരങ്ങളിലൊരാളാണ് ഡ്വെയ്ൻ 'ദി റോക്ക്' ജോൺസൺ ഇന്ന്. 7100 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഗുസ്തി താരത്തിൽ നിന്ന് അഭിനയത്തിലേക്കെത്തിയ അദ്ദേഹത്തിന്റെ ഉരുക്കുശരീരത്തിനും പുഞ്ചിരിക്കും ലോകമെമ്പാടും ആരാധകരാണ്. കുട്ടിക്കാലത്തെ ദുരിതജീവിതമാണ് തന്നെ വളരാൻ പ്രേരിപ്പിച്ചതെന്നും അവിടെനിന്നാണ് ധൈര്യം കിട്ടിയതെന്നും ജോൺസൺ തുറന്നുപറഞ്ഞിട്ടുണ്ട്. ബാല്യത്തിൽ വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടതടക്കമുള്ള അനുഭവങ്ങളിലൂടെ കടന്നുപോയതിനാൽ തനിക്കിപ്പോഴും കംഫർട്ട് സോണിന് പുറത്തുകടക്കാൻ ഭയമാണെന്നും അദ്ദേഹം പറയാറുണ്ട്.
1972-ൽ കാലിഫോർണിയയിലെ ഒരു ഗുസ്തി കുടുംബത്തിലാണ് ഡ്വെയ്ൻ ജോൺസൺ ജനിച്ചത്. പിതാവ്, റോക്കി ജോൺസൺ, പ്രൊഫഷണൽ ഗുസ്തിക്കാരനായിരുന്നു. ഡബ്ല്യുഡബ്ല്യുഇ ചരിത്രത്തിലെ ആദ്യത്തെ കറുത്തവർഗ്ഗക്കാരായ ടാഗ് ടീം ചാമ്പ്യന്മാരിൽ ഒരാള്‍. ആ നിലയിൽ മകനെയും കായികരംഗത്തേക്ക് വഴികാട്ടിയത് അദ്ദേഹമാണ്. മാതൃപിതാവ് സമോവയിൽ നിന്നുള്ള പ്രശസ്ത ഗുസ്തിക്കാരനായിരുന്നു. ഗുസ്തി കുടുംബത്തിലാണ് വളർന്നതെങ്കിലും, ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടായിരുന്നു അന്ന്.
വീട്ടിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുകപോലും ചെയ്തു. അമേരിക്കയിലും ന്യൂസിലൻഡിലുമായി പലയിടങ്ങളിൽ മാറിത്താമസിച്ചു. ഈ അസ്ഥിരത കുട്ടിക്കാലത്ത് അദ്ദേഹത്തിൽ വൈകാരികമായ ആഘാതമുണ്ടാക്കിയിരുന്നു. 14 വയസ്സുള്ളപ്പോഴാണ് കഠിനമായൊരു സംഭവമുണ്ടാവുന്നത്. അദ്ദേഹത്തെയും അമ്മയെയും ഹവായിയിലെ അപ്പാർട്ട്മെന്റിൽ നിന്നിറക്കിവിട്ടു. പോകാൻ മറ്റൊരിടമില്ലാതെ, കയ്യിൽ വെറും എഴുഡോളർ മാത്രമായി അവർക്ക് പകച്ചുനിൽക്കേണ്ടിവന്നു. ഈ സംഭവം തന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിട്ടാണ് ജോൺസൺ വിശേഷിപ്പിക്കാറ്. അമ്മ കരയുന്നത് കണ്ട് നിസ്സഹായനായി നിന്നപ്പോൾ ഒരുനാൾ തങ്ങളുടെ സാഹചര്യങ്ങൾ മാറ്റുമെന്ന് ദൃഢനിശ്ചയം ചെയ്തു. അതിജീവിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായി.
ബാല്യത്തിലെ അനുഭവങ്ങൾ കൗമാരത്തിൽ ജോൺസണിനെ അനുസരണയില്ലാത്തവനും ദേഷ്യക്കാരനുമാക്കിയിരുന്നു. ആക്രമണ സ്വഭാവവും പ്രകടിപ്പിച്ചു. നാഷ്‌വില്ലിലേക്കും പിന്നീട് പെൻസിൽവാനിയയിലേക്കും താമസം മാറിയപ്പോൾ, താൻ ഒരു പുറംനാട്ടുകാരനാണെന്ന തോന്നൽ അദ്ദേഹത്തെ അലട്ടി. ഇത് വലിയ മാനസിക സംഘർഷങ്ങൾക്ക് കാരണമായി.
17 വയസ്സായപ്പോഴേക്കും, അടിപിടി, മോഷണം, ചെക്ക് തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾക്ക് ജോൺസൺ പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു. ഹൈസ്കൂൾ ഫുട്ബോൾ കോച്ചാണ് ജോൺസണിനെ ഫുഡ്ബോളിലേക്ക് തിരിച്ചുവിട്ടത്. 90-കളുടെ തുടക്കത്തിൽ കോളേജ് ഫുട്ബോളിലെ അതികായരായിരുന്ന മയാമി സർവകലാശാലയിലേക്ക് അദ്ദേഹത്തിന് സ്കോളർഷിപ്പ് ലഭിച്ചു. ഇക്കാലം പരിവർത്തനത്തിന്റേതായിരുന്നു. അച്ചടക്കവും ശ്രദ്ധയും കഠിനാധ്വാനവും ശീലിച്ചു. പിന്നീട് പ്രൊഫഷണൽ ഗുസ്തിയിലേക്കും ഹോളിവുഡിലേക്കുമെത്തി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Dwayne `The Rock` Johnson`s rise from a troubled youth to a Hollywood icon with a $7.1B fortune. Discover his story of resilience and triumph.
Published: 24 Sept 2025, 06:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented