
പതിവ് പോലെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന്റെ ഗേറ്റ് കടന്നപ്പോള്‍ ഒരുതണുത്ത കാറ്റ് ശിവനെ വന്ന് പൊതിഞ്ഞു. വെള്ള ഷര്‍ട്ടണിഞ്ഞ ആ മെലിഞ്ഞ മനുഷ്യന്‍ സ്‌കൂട്ടറില്‍ ഗേറ്റ് കടന്നപ്പോള്‍ സുരക്ഷാജീവനക്കാരന്‍ തെളിച്ചമുള്ള ഒരുചിരി സമ്മാനിച്ചു. സ്‌കൂട്ടര്‍ പാര്‍ക്കിങ് ഏരിയയില്‍ ഒതുക്കി, ഉള്ളിലേക്ക് ശിവന്‍ നടന്നു. നോക്കിനിന്നവരുടെയെല്ലാം കണ്ണില്‍ പ്രതീക്ഷകളുടെ സൂര്യോദയം. ശിവജി എന്ന് പേരുള്ള അന്തേവാസിയോടാണ് ശിവന്‍ അന്ന് സംസാരിച്ചത്. അധികം വിവരങ്ങളൊന്നുമില്ല, മാസങ്ങളേറയായി കുതിരവട്ടത്തെത്തിയിട്ട്. സംസാരിക്കാന്‍ അല്‍പം മടിയനാണ് കക്ഷി. ഒരുഫോണ്‍ നമ്പര്‍ ശിവജി, ശിവന് നേരെ നീട്ടി. ആരുടെ നമ്പറാണെന്നറിയാതെ ശിവന്‍ ഫോണിലെ പച്ചബട്ടണ്‍ അമര്‍ത്തി. മൈലുകള്‍ക്കപ്പുറം പുണെ ഹദാസ്സറിലുള്ള വീട്ടിനുള്ളില്‍ ഫോണ്‍ മുഴങ്ങി. ശിവജി റാവത്തിന്റെ കുടുംബം മറുതലയ്ക്കല്‍. മദ്യപാനം നിമിത്തം മാനസിക നില തകര്‍ന്ന് അഞ്ചുവര്‍ഷം മുമ്പ് നാടുവിട്ടിറങ്ങിയ ശിവജി റാവത്ത് വീണ്ടും കൂടണയാന്‍ പിന്നെ അധികം താമസമുണ്ടായില്ല. ചിരിച്ച മുഖത്തോടെ ശിവജിയെ യാത്രയാക്കി ഒന്നും സംഭവിക്കാത്തത് പോലെ കോട്ടുളിയിലെ തന്റെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ ശിവന്‍ യാത്രതുടര്‍ന്നു.
അയാള്‍ അങ്ങനെയാണ്... കഴിഞ്ഞ ഏഴ് വര്‍ഷമായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഊരും പേരും അറിയാത്ത അന്യസംസ്ഥാനക്കാരായ അന്തേവാസികള്‍ക്ക് തിരികെ വീട്ടിലേക്കുള്ള വഴികാട്ടി കൊടുക്കുകയാണ്. ഏഴ് വര്‍ഷം കൊണ്ട് 228 പേരെ സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിട്ട. ഉദ്യോഗസ്ഥനും സാമൂഹ്യപ്രവര്‍ത്തകനുമായി ശിവന് സാധിച്ചു. വീട്ടിലേക്കുള്ള വഴികള്‍ വരച്ച തന്റെ അനുഭവ കഥകളുടെ ഭൂപടം ശിവന്‍ നിവര്‍ത്തിയിട്ടു....
Also Read
കളക്ടര്‍ ബ്രോ വിളിച്ചപ്പോള്‍
2015 ല്‍ കോഴിക്കോട് കളക്ടറായ എന്‍.പ്രശാന്താണ് കുതിരവട്ടത്തെ അന്തേവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ശിവന് പ്രേരണയായത്. 36 വര്‍ഷത്തെ സേവനത്തിനിടയില്‍ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ജോലിചെയ്തിട്ടുണ്ട് ശിവന്‍. അതുകൊണ്ട് വിവിധ ഭാഷകളില്‍ പരിജ്ഞാനവുമുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ശിവന് സുഹൃത്തുക്കളുണ്ട്. ''ആകസ്മികമായാണ് ഒരുദിവസം കോഴിക്കോട് കളക്ടറായിരുന്നു പ്രശാന്ത് വിളിക്കുന്നത്. ''കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തപ്പെട്ട കുറേയേറെ അന്തേവാസികളുണ്ട്. അവരുമായി സംസാരിക്കാനോ, ഏത് നാട്ടുകാരാണ് എന്ന് മനസ്സിലാക്കാനോ ഡോക്ടര്‍മാര്‍ക്കോ മറ്റ് ജീവനക്കാര്‍ക്കോ കഴിയുന്നില്ല. താങ്കള്‍ ഒരുശ്രമം നടത്താമോ?'' അദ്ദേഹം ചോദിച്ചു. അങ്ങനെയാണ് ഞാന്‍ ആദ്യമായി കുതിരവട്ടത്ത് ചെല്ലുന്നത്. ചില അന്തേവാസികള്‍ ഒന്നും സംസാരിക്കാന്‍ കൂട്ടാക്കിയില്ല. ചിലര്‍ ദേഷ്യപ്പെട്ടു. പരസ്പരബന്ധമില്ലാതെ സംസാരിച്ചു. അങ്ങനെ പലതരം മനുഷ്യരെ അവിടെ കണ്ടുമുട്ടി. ''

മുര്‍ഷിദാബാദ് ടു കേരള
'' ആദ്യമായി എന്റെ മുന്നിലെത്തിയ കേസ് പതിനാറുകാരന്റേത് ആയിരുന്നു. ആശുപത്രിയിലെ മൂന്നാം വാര്‍ഡിലെത്തി അവനെ നേരിട്ട് കണ്ടു. അറിയാത്ത നാട്ടിലെത്തിയതിന്റെ പരിഭവം ആ മുഖത്ത് കാണാം. ഹിന്ദി, മറാഠി അങ്ങനെ ഓരോ ഭാഷകളില്‍ ഞാന്‍ സംസാരിക്കാന്‍ നോക്കിയെങ്കിലും അതെല്ലാം പാഴായി. അവസാനം ബംഗാളി സംസാരിച്ചപ്പോള്‍ കുട്ടി പ്രതികരിച്ചു. ബംഗാളിലെ മൂര്‍ഷിദാബാദാണ് സ്വദേശം എന്ന് മനസ്സിലായി. മാതാപിതാക്കളുടെ പേരടക്കം കുറേ കാര്യങ്ങള്‍ കുട്ടി പറഞ്ഞുതന്നു. അങ്ങനെ പശ്ചിമബംഗാള്‍ പോലീസില്‍ ബന്ധപ്പെട്ടു. മൂര്‍ഷിദാബാദ് വിങ്ങിലേക്ക് അവര്‍ ഫോണ്‍ കൈമാറി. കുട്ടി തന്ന വിവരങ്ങള്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയതോടെ അതിവേഗം അന്വേഷണം ആരംഭിച്ചു. പിറ്റേ ദിവസം പ്രഭാതനടത്തത്തിനിടെ എന്റെ ഫോണിലേക്ക് മൂര്‍ഷിദാബാദില്‍ നിന്ന് ഫോണെത്തി ' 'ശിവന്‍ സാബ്, ആപ് ഭഗവാന്‍ ഹേ, മേരാ ബേഠാ ആപ് കേ പാസ് ഹേ.'' അങ്ങനെ ആ കുട്ടിയുടെ പിതാവ് ഫ്‌ളാഷ് ബാക്ക് കഥ പറഞ്ഞു...
പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ഒരു വൈകുന്നേരം സുഹൃത്തിനൊപ്പം ദൂരെ ഗ്രാമത്തില്‍ ഉത്സവം കാണാന്‍ പോയതാണ്. ഉത്സവത്തിരക്കിനിടയില്‍ രണ്ടുപേരും വേര്‍പിരിഞ്ഞുപോയി. സുഹൃത്ത് തിരിച്ചെത്തി പിതാവിനോട് കാര്യം പറഞ്ഞു. ഒരുപാട് സ്ഥലത്ത് പിതാവ് അന്വേഷിച്ചു. എന്നാല്‍ കുട്ടി വഴിതെറ്റി കള്ളവണ്ടി കയറി അവസാനം കേരളത്തിലാണ് എത്തപ്പെട്ടത്.
എനിക്ക് ഫോണ്‍ വന്നതിന്റെ പിറ്റേദിവസം തന്നെ അവര്‍ മൂര്‍ഷിദാബാദില്‍ നിന്ന് പുറപ്പെട്ടു. കോഴിക്കോടെത്തി ആഘോഷമായി മകനെ തിരിച്ച് നാട്ടിലേക്ക് കൊണ്ടുപോയി. ആ സംഭവം വിശ്രമജീവിതം നയിക്കുന്ന എനിക്കും പുതിയൊരു ഊര്‍ജം നല്‍കി. ആശുപത്രി സൂപ്രണ്ട് രാജേന്ദ്രന്‍ ഈ സംഭവത്തോടെ പറ്റുന്ന സമയത്തെല്ലാം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് വരണമെന്നും ആകുന്ന വിധം അവരെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ''
ദി ആര്‍മി ആന്‍ഡ് ദി മദര്‍..
കുതിരവട്ടത്ത് ശിവന്‍ നടത്തിയ ഇടപെടലുകള്‍ അറിഞ്ഞ മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് തവനൂര്‍ അഭയകേന്ദ്രത്തിലെ ഒരുകേസ് ഏല്‍പ്പിക്കുന്നത്. മന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം ശിവന്‍ തവനൂരെത്തി. '' കാണേണ്ടത് ബേബിലത എന്ന അന്തേവാസിയെ ആയിരുന്നു. അവരുമായി സംസാരിച്ചപ്പോള്‍ കുറച്ച് സൂചനകള്‍ ലഭിച്ചു. അതുപ്രകാരം മഹാരാഷ്ട്രയിലെ ഗോണ്ഡിയ ജില്ലയിലെ തിരോഡ് പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. അവിടത്തെ പോലീസുകാരാണ് ബേബിലതയുടെ മകനെ കണ്ടെത്തിയത്. ബേബിലതയെ കാണാനില്ലെന്ന് മക്കളും ബന്ധുക്കളും മാസങ്ങള്‍ക്ക് മുമ്പ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മകന്‍ സുമിത് പട്ടാളത്തിലാണ്. സുമിത് കുമാര്‍ 2014 ല്‍ ജോലിതേടി ചെന്നൈയിലേക്ക് പോയിരുന്നു. മകന്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നൈയിലേക്ക് പുറപ്പെട്ടതായിരുന്നു ബേബിലത. വഴിതെറ്റി അലഞ്ഞ അവര്‍ 2016 ലാണ് കേരളത്തിലെത്തിയത്. നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ അവരെ പൊലീസ് തവനൂരിലെ റെസ്‌ക്യൂഹോമിലെത്തിച്ചു. ജോലിതേടിപ്പോയ സുമിത് 2017 ല്‍ സൈന്യത്തില്‍ ചേര്‍ന്നു. ഞങ്ങള്‍ ബന്ധപ്പെടുമ്പോള്‍ ഒഡീഷയിലെ ക്യാമ്പിലായിരുന്നു സുമിത്. പട്ടാളത്തില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അമ്മയെ കാണാനില്ലെന്ന വിവരം സുമിത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞതോടെ ഞങ്ങളുമായി ബന്ധപ്പെടുകയും വീഡിയോകോള്‍ വഴി സംസാരിക്കുകയും ചെയ്തു. കൊല്ലം സ്വദേശിയായ സഹപ്രവര്‍ത്തകനൊപ്പമാണ് സുമിത് തവനൂരിലെത്തി അമ്മയെ കൂട്ടികൊണ്ടുപോയത്. ''

യാദവ് നഹീ.. ജാദവ് ഹേ...
അന്യസംസ്ഥാനക്കാര്‍ ഉള്‍പ്പെട്ട കേസുകളില്‍ കോടതികളെ സഹായിക്കാനും ശിവന്‍ എത്താറുണ്ട്. ചിലരുടെ മേല്‍വിലാസം അറിയാന്‍ ചിലപ്പോള്‍ ഏറെക്കാലത്ത് അധ്വാനം വേണ്ടിവരുമെന്ന് ശിവന്‍ പറയുന്നു. യാദവ് എന്ന അന്തേവാസിയുടെ കഥ അത്തരത്തിലൊന്നാണ്. '' പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും യാദവിനെ കൊണ്ട് സംസാരിപ്പിക്കാന്‍ പറ്റിയില്ല. മൂന്ന് വര്‍ഷമായി കുതിരവട്ടത്തെ അന്തേവാസിയാണ് അദ്ദേഹം. അതിനിടെ വെസ്റ്റ് ഹില്ലിലെ പട്ടാളക്യാമ്പിലെ ജീവനക്കാരുടെ സഹായത്തോടെ ഒരുക്യാമ്പ് കുതിരവട്ടത്ത് നടന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനത്തെ യും പട്ടാളക്കാരെ കൊണ്ടുവന്നു. തീരെ സഹകരിക്കാത്ത അന്യസംസ്ഥാനക്കാരായ അന്തേവാസികളുമായി സംസാരിക്കാനായിരുന്നു ശ്രമം. യാദവിനോടും അവര്‍ സംസാരിച്ചു. എന്നാല്‍ യാദവ് എന്ന പേരല്ലാതെ അവരോടും അയാള്‍ മറ്റൊന്നും വിട്ടുപറഞ്ഞില്ല. ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് പൊതുവേ യാദവ് എന്ന പേരിലുള്ള ആള്‍ക്കാരെ കാണുന്നത്. അതിനാല്‍ ആ സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും ആയിരിക്കും ഇയാളുടെ സ്വദേശം എന്ന് ഞാന്‍ സംശയിച്ചു. പിന്നെയും നാലുമാസം പിന്നിട്ടു.
പുനരധിവാസത്തെ പറ്റി ഞാന്‍ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ എടുക്കാറുണ്ട്. അത്തരമൊരു ക്ലാസിനിടയില്‍ ഒരുരോഗിയില്‍ നിന്ന് എങ്ങനെ അയാളുടെ ദേശമടക്കമുള്ള കാര്യങ്ങള്‍ തിരിച്ചറിയാം എന്ന് കാണിച്ചുകൊടുക്കേണ്ടിവന്നു. യാദവിനെ ക്ലാസിലേക്ക് കൊണ്ടുവന്നു. ക്ലാസിനിടെ യാദൃശ്ചികമായി ഞാന്‍ യാദവിനോട് ചോദിച്ചു ' ആപ് കാ ഘര്‍ കിധര്‍ ഹേ' 'ജല്‍ന' ഉടന്‍ ഉത്തരമെത്തി. ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ മഹാരാഷ്ട്രയിലെ ഗ്രാമമാണ് ജല്‍ന എന്ന് മനസ്സിലായി. മഹാരാഷ്ട്രയില്‍ ജാദവ് എന്ന വിഭാഗമുണ്ടെന്നതും എന്റെ ഓര്‍മയിലേക്ക് വന്നു. അയാളുടെ പേര് യാദവ് അല്ല ജാദവ് എന്നാണെന്ന് അങ്ങനെ ഉറപ്പിച്ചു.
കിട്ടിയ വിവരങ്ങള്‍ വച്ച് ഞാന്‍ ജല്‍നയിലെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. അവര്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ക്കായി ഒരുനാട് മുഴുവന്‍ 18 വര്‍ഷമായി കാത്തിരിക്കുകയാണ്. ഉടന്‍ അവര്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. ഒരുപാട് നന്ദി പറഞ്ഞശേഷം ജാദവിനെയും കൂട്ടി ഗ്രാമത്തിലേക്ക് പോയി. തിരിച്ചെത്തിയ ജാദവിന് ഗ്രാമം നല്‍കിയ സ്വീകരണത്തിന്റെ ചിത്രങ്ങളും വീഡിയോകളും എന്റെ കൈയില്‍ ഇപ്പോഴുമുണ്ട്. ''
ചെമ്മാട് ടു തല്‍വാര...
രാജസ്ഥാനില്‍ നിന്ന് മലപ്പുറം ചെമ്മാടേക്ക് മാര്‍ബിള്‍ ജോലിക്കായി മൂന്ന് സുഹൃത്തുക്കള്‍ വണ്ടി കയറി. അതിലൊരാളായിരുന്നു അബ്ദുള്ള. വളരെ പാവപ്പെട്ട കുടുംബം... അഞ്ചുമക്കളുണ്ട്. നാട്ടില്‍ കൂലിപ്പണിയായിരുന്നു എന്നാല്‍ തുച്ഛ ശമ്പളം. കേരളത്തില്‍ വന്ന് ജോലി ചെയ്ത് കുറച്ച് കാശ് സമ്പാദിക്കണം എന്നായിരുന്നു ആഗ്രഹം. കേരളത്തിലെത്തിയ മൂന്നാം ദിനം രാവിലെ അബ്ദുള്ള അപ്രത്യക്ഷനായി. സുഹൃത്തുക്കള്‍ കുറേ സ്ഥലത്ത് തെരഞ്ഞെങ്കിലും ഒരുവിവരവും കിട്ടിയില്ല. അവര്‍ അബ്ദുള്ളയുടെ വീട്ടില്‍ വിവരമറിയിച്ചു. പരപ്പനങ്ങാടിയില്‍ സമനിലതെറ്റി അലഞ്ഞുനടക്കുന്ന മധ്യവയസ്‌കനെ കണ്ട പൊലീസ് അയാളെ ഒപ്പം കൂട്ടി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പൊലീസ് അദ്ദേഹത്തെ എത്തിച്ചു.
'' ഞാന്‍ ചെല്ലുമ്പോള്‍ അയാള്‍ നിശബ്ദനാണ്. കാര്യങ്ങള്‍ ചോദിച്ചതും കരയാന്‍ തുടങ്ങി. രാജസ്ഥാന്‍കാരനാണെന്നും വീട്ടില്‍ ഭാര്യയും മക്കളും അമ്മയുമടക്കമുള്ളവര്‍ കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞു. ഞാന്‍ ഓരോ കാര്യവും ചോദിച്ചു മനസ്സിലാക്കി. ബസ്വാര ജില്ലയിലെ തല്‍വാര താലൂക്കുകാരനാണ് അബ്ദുള്ള. അവിടത്തെ പോലീസുമായി ബന്ധപ്പെട്ടു. ഞാന്‍ വിളിക്കുമ്പോള്‍ ജേ്യഷ്ഠനെ കാണാനില്ലെന്ന പരാതിയുടെ വിവരങ്ങളറിയാന്‍ അനിയന്‍ എസ്.ഐയുടെ മുന്നിലിരിക്കുന്നുണ്ട്. അതോടെ എളുപ്പത്തില്‍ അബ്ദുള്ളയെ തിരിച്ച് നാട്ടിലെത്തിക്കാനായി. ''
ഓര്‍മപ്പാളത്തില്‍ ഇടറിപ്പോയ പലര്‍ക്കും അങ്ങനെ ശിവന്‍ വഴികാട്ടിയായി. ആ ഉദ്യമത്തില്‍ ശിവന്‍ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. കോഴിക്കോട് കോട്ടുളിയിലാണ് ശിവന്‍ താമസിക്കുന്നത്. ഭാര്യ കോമളവല്ലി. രണ്ട് മക്കളാണ്. മകന്‍ ദിലീപ് കുമാര്‍ മര്‍ച്ചന്റ് നേവി ക്യാപ്റ്റനാണ്. മരുമകള്‍ അമൃത ന്യൂസിലന്‍ഡില്‍ ഡോക്ടറും. മകള്‍ ദീപ ഹൈദരാബാദില്‍ ജോലി ചെയ്യുകയാണ്. ഭര്‍ത്താവ് ആര്‍മിയിലാണ്. മരുമകന്‍ സൈനികന്‍.
Content Highlights: the life story of sivan the man who helped mentally challenged people to locate their homes
Published: 22 May 2023, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented